RSS

Followers

"ആദ്യം കമന്റ് തരൂ.. പോസ്റ്റ് ഞാന്‍ പിന്നെയിടാം !!"


"കമന്റും ഫോള്ളോവേഴ്സും വാരിക്കോരി തന്ന് എന്നെ ബ്ലോഗ്ഗിലെ ഒരു പുലിയാക്കൂ..!
പോസ്റ്റുകളോ?..ങാ.. അതൊക്കെ ഞാന്‍ വഴിയേ ഇട്ടോളാം!"
ഈയ്യൊരു നിലപാടാണെന്നു തോന്നുന്നു നമ്മുടെ പല പുതിയ ബ്ലോഗ്ഗേഴ്സിനും.
സമീപകാലത്ത് ബൂലോകത്തില്‍ പ്രത്യക്ഷപ്പെട്ട പല (നവ) ബ്ലോഗ്ഗര്‍മാരുടെയും പോസ്റ്റുകളില്‍ "കമന്റാര്‍ത്തിയ ഫോല്ലോവേഴ്സ് മാനിയ " അസുഖം വല്ലാതെ പടര്‍ന്നു പിടിച്ചിരിക്കുന്നതായി കാണുന്നു. പലവട്ടം ചര്‍ച്ച ചെയ്ത വിഷയമാണങ്കില്‍ കൂടി ചിന്ന ബ്ലോഗ്ഗേഴ്സ് തൊട്ട് മിക്കവരിലും ഇത് ഉയര്‍ന്നതോതില്‍ കാണുന്നതിനാല്‍ ഈ അസുഖം ബാധിച്ച മുന്‍ രോഗി എന്ന നിലയില്‍ ഈ അസുഖത്തെക്കുറിച്ച് രണ്ടുവാക്ക് ഞാന്‍ ഇവിടെ പറയട്ടെ..
(ഫ!..മിണ്ടിപ്പോകരുത്!)
മലയാളം ബൂലോകത്ത് സര്‍ഗ്ഗധനരരായ ബ്ലോഗ്ഗേഴിസിന്റെ കൊഴിഞ്ഞ് പോക്കുണ്ടാകുകയും മലയാളം ബ്ലോഗ്ഗിംഗ് തന്നെ വിനയന്റെ യക്ഷിയെ പ്പോലെ തിയേറ്ററു കിട്ടാതലയുകയും ചെയ്ത ഒരു കാലഘട്ടമാണല്ലോ കഴിഞ്ഞു പോയത്..
(ങേ? അങ്ങനൊരു സംഭവം നടന്നോ..ഞങ്ങളറിഞ്ഞില്ലല്ലോ !)
കൃത്യമായി പറഞ്ഞാല്‍ ആറേഴുമാസം മുന്‍പ് "എന്റെ വര"യുടെ വരവോടെയാണു ഈ രംഗം വീണ്ടും സജീവമായത് എന്ന് പറഞ്ഞാല്‍ വിശ്വസിക്കേണ്ടി വരും..
കാരണം അന്തവും കുന്തവും ഇല്ലാത്ത വിവരദോഷിയായ് ഈയുള്ളവനു വരേ ഒരു ബ്ലോഗ്ഗ് തുടങ്ങാമെങ്കില്‍ പിന്നെ എന്തുകൊണ്ട് നമുക്ക് തുടങ്ങിക്കൂടാ എന്ന് ചിന്തിച്ചു കൊണ്ടാണു (തങ്ങളുടെ കയ്യില്‍ എന്താണു ആയുധമുള്ളത് എന്നു പോലും നോക്കാതെ) പല നവ ബ്ലോഗ്ഗേഴ്സും ഈ കൂലം കുത്തിയൊഴുകുന്ന ബൂലോകനദിയിലേക്ക് എടുത്ത് ചാടിയത്...
ഒടുവില്‍ ഒരു കച്ചിത്തുരുമ്പായി പോലും ഒരു കമന്റു കിട്ടാതെ പലരും ബൂലോകനദിയില്‍ മുങ്ങിപ്പോയി..
മലയാളം നേരേചൊവ്വേ എഴുതാനറിയാത്ത എന്നെപ്പോലുള്ളവര്‍ (ഓക്സ് ഫോര്‍ഡില്‍ പഠിച്ചതിന്റെ ദോഷം!) ബ്ലോഗ്ഗിംഗ് തുടങ്ങിയതിന്റെ പരിണിത
ഫലമോ..ശ്രീ.ഞാന്‍ തന്നെ പണ്ട് തെണ്ടി നടന്ന അനുഭവം പലര്‍ക്കുമുണ്ടായി...
അന്നങ്ങനെ തെണ്ടിയതിന്റെ സീനിയോറിറ്റി എനിക്കവകാശപ്പെട്ടതിനാലാണു ഈ കമന്റാര്‍ത്തിയ രോഗത്തെക്കുറിച്ച് എനിക്ക് ഒരിക്കല്‍ കൂടി പറയേണ്ടി വരുന്നത്..
(പുതുമുഖ ബ്ലോഗ്ഗേഴ്സ് ശ്രദ്ധിച്ചു കേട്ടോണം ..ങാഹ )
എന്താണു കമന്റ് ?
അല്ല എന്താണുകമന്റ്?
അതു ഇവിടെ ചിലര്‍ പറഞ്ഞ പോലെ നീ എനിക്കു ചൊറിഞ്ഞു താ ഞാന്‍ നിനക്കും ചൊറിഞ്ഞു തരാം എന്ന നിലപാടാണോ..?
അതോ നീയെന്നെ പുകഴ്ത്തൂ ഞാന്‍ നിന്നേയും പുകഴ്ത്താം എന്ന പരസ്പരമുള്ള സുഖിപ്പിക്കലാണോ..?
പെണ്ണുങ്ങളുടെ പ്രൊഫൈല്‍ ചിത്രമുള്ള ബ്ലോഗ്ഗില്‍ പോയി ഹോ! കിടിലന്‍! സൂപ്പര്‍! എന്നൊക്കെ പറഞ്ഞ് വായീ നോക്കി നില്‍ക്കലാണോ..?
അതോ യുക്തിവാദത്തിന്റെ,മതപരമായ സമകാലിക ചര്‍ച്ചകളില്‍ സംസ്ക്കാര ശൂന്യമായ് ഭാഷ ഉപയോഗിക്കലോ..?
അജ്ഞാതയായി വന്ന് വിഷലിപ്ത വാക്കുകള്‍ വിസര്‍ജ്ജിക്കലോ..?
അതു കൂതറ ഹാഷിമിനു മുഖം നോക്കാതെ മനസ്സിലുള്ളത് പറയാനുള്ള ഒന്നാണെങ്കില്‍
യോജിച്ചാലും ഇല്ലെങ്കിലും ചിത്രകാരനു അതു വാളിനേക്കാള്‍ മൂര്‍ച്ചയുള്ള ഒരായുധമാണു.
എന്നാല്‍ പള്ളിക്കരക്കത് കാവ്യാത്മകമായി പ്രതികരണമറിയിക്കാനുള്ള ഒരുപാധിയാണ്.
സുരേഷ് മാഷിനോ വസ്തുനിഷ്ഠമായ സാഹിത്യ നിരൂപണത്തിനുള്ള ഒരു കാപ്സ്യൂള്‍ പ്രതിവിധിയും.
ഉമേഷിനത് തന്റെ കുഞ്ഞി കവിതകള്‍ പോലെ ശാന്തനായി ഒരു സ്മൈലി ഇട്ട് പോവാനുള്ള ഇടവും.
മുഖ്താറിനു അഭിപ്രായത്തോടൊപ്പം പുഴക്കരയിലെ പഴയ ഹായ് പൂയ് കൂയ് തോണിക്കു വിളി സ്മരണകള്‍ ഉണര്‍ത്താനുള്ള അസുലഭ മുഹൂര്‍ത്തമാണു...
പട്ടേപ്പാടം റാംജിക്കത് വലുപ്പച്ചെറുപ്പമില്ലാതെ പ്രോല്‍സാഹനം നല്‍കാനുള്ള മാര്‍ഗ്ഗവും.
സിബു നൂറനാടും നൗഷുവും എപ്പോഴും സ്നേഹപൂര്‍ണ്ണമായി മിതമായ വാക്കുകളിലൂടെ ബ്ലോഗ്ഗര്‍ക്ക് പ്രോല്‍സാഹനം നല്‍കുമ്പോള്‍ പ്രണയഗീതം സ്പെഷ്യലിസ്റ്റ് ക്രോണിക്ക് ജിഷാദും (ഈയ്യിടെ ഒരു പെണ്ണുവേണം എന്ന് കവിതയെഴുതിയതിനു ഭാര്യ നിയ യുടെ കയ്യില്‍ നിന്നും പള്ളക്കിടി കിട്ടി പുള്ളി കിടപ്പിലാണു..നിയ കരാട്ടേ പഠിച്ചിരുന്നത് ജിഷാദിനോട് പറയാന്‍ മറന്നിരുന്നുവത്രേ..) ഏറക്കാടനും കവി മനാഫ് സാഹിബും സോപ്പ് ചീപ്പ് കണ്ണാടി വില്പ്പനക്കാരന്‍ ഒ.ഐ.ബി യും വഷളനല്ലാത്ത വഷളന്‍ ചേട്ടനും (പുതിയ പേരു വഷളന്‍ ജേക്കെ)ബൂലോകത്തെ നിരാശകാമുകയൂണീയന്‍ പ്രസിഡന്റ്(പയ്യന്‍സ്) നിരാശ കാമുകനുമൊക്കെ സജീവമായി രംഗത്തുണ്ട് കമന്റുകളുമായി.
ഒപ്പം ഉമ്മു അമ്മാര്‍,വായാടി,സിനു,ഗീത,ആഥില,കൊലുസ് തുടങ്ങി ബ്ലോഗ്ഗിണികളുടെ ഒരു നീണ്ട നിര തന്നെ
വസ്തുനിഷ്ഠമായ കമന്റുകളും അപഗ്രഥനവുമായി ചുറ്റുവട്ടത്തൊക്കെയുണ്ട്..
(ആഥിലയും ഉമ്മു അമ്മാറും വായാടിയുമൊക്കെ വ്യക്തവും ദീര്‍ഘവുമായി തന്നെ രചനയുടെ ഉള്‍ക്കാമ്പറിഞ്ഞു കൊണ്ടുള്ള നിരൂപണമാണു പലപ്പോഴും നടത്തുന്നത് എന്ന കാര്യം ശ്രദ്ധേയമാണു..പോസ്റ്റിനേക്കാള്‍ കൂടുതല്‍ വരികളില്‍ അവര്‍ കുത്തിയിരുന്ന് മലയാളം കമ്പോസ് ചെയ്ത് കമന്റ് ഇടുമ്പോള്‍ അത് പരസ്പരമുള്ള ചൊറിയല്‍ /സുഖിപ്പിക്കല്‍ ആണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ തല്ലണം!)
ഒപ്പം മുഹമ്മദ് കുട്ടി സാഹിബിനും ബിലാത്തിപ്പട്ടണം ചേട്ടനും സാദിഖ് ഭായിക്കും തെച്ചിക്കോടനും പ്രസിദ്ധിയുടെ തണലിലിരിക്കും ഇസ്മയിലിനുമൊക്കെ ക്രിയേറ്റീവായ പ്രവര്‍ത്തനം തന്നെയാണു കമന്റ് എഴുതല്‍..അതൊരിക്കലും ഓ..എന്നാ പിന്നെ അവനെയങ്ങ് സുഖിപ്പിച്ച് കളയാം എന്നരീതിയില്‍ എഴുതിയതാണെന്ന് എനിക്കിതുവരേ തോന്നിയിട്ടില്ല..
കമന്റുകള്‍ പലപ്പോഴും പുതിയ എഴുത്തുകാര്‍ക്ക് വളരെയധികം പ്രോല്‍സാഹനം നല്‍കുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതിനു പരസ്പരം സുഖിപ്പിക്കലിന്റെയോ പുറം ചൊറിയലിന്റേയോ പരിഹാസ ലേബല്‍ ചാര്‍ത്തിക്കൊടുക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല.
ഈ വിഷയത്തെക്കുറിച്ച് ഈ പൊസ്റ്റെഴുതുവാന്‍ വേണ്ടി മലയാളത്തിലെ പല ബ്ലോഗ്ഗുകളും കയറിയിറങ്ങിയപ്പോള്‍ പല നല്ല രചനകള്‍ ഉള്ള ബ്ലോഗ്ഗുകളും ആള്‍താമസമില്ലാതെ.. ഒച്ചയും അനക്കവുമില്ലാതെ ഒഴിഞ്ഞ് കിടക്കുന്നതാണു കണ്ടത്.
നര്‍മ്മത്തിനും സിനിമാവിശേഷങ്ങള്‍ക്കും നിരൂപണത്തിനും പ്രതികരണത്തിനുമൊക്കെ അത്യാവശ്യം ചലനമുണ്ടാക്കാന്‍ കഴിയുമ്പോള്‍ രാഷ്ട്രീയം മതം,യുക്തിവാദം തുടങ്ങിയ മേഘലകളിലാണു സജീവമായ ചര്‍ച്ചകള്‍ നടക്കുന്നത്.
ഈയ്യിടെ ബെര്‍ലിയുടെ ബ്ലോഗ്ഗില്‍ ഐ.ടി.ബുജികളുടെ കൊല്ലും കൊലവിളിയും കൊണ്ട് ഭയങ്കര ഒച്ചയും ബളഹവുമായിരുന്നു..പോക്കിരി രാജയെ തിരിച്ചു വിളിച്ചതും മമ്മൂട്ടിയെ പൊക്കിവെക്കാന്‍ നോക്കിയതും( അങ്ങേരെ ഇനി ഓസ്ക്കാറിലേക്കെല്ലാതെ എങ്ങോട്ടു പൊക്കാന്‍!)
ഐ.ടി -പോളിടെക്നിക്ക് - ഇന്ത്യന്‍ രൂപ പോസ്റ്റിട്ടതു മൂലമൊക്കെ അച്ചായന്‍ കുറച്ചധികം വെള്ളം കുടിച്ചുവെന്നത് സത്യം.
ബെര്‍ലിയുടെ പുതിയ പോസ്റ്റുകള്‍ക്ക് പഴയ പോലെ വായനക്കാരെ ആകര്‍ഷിക്കുവാന്‍ കഴിയുന്നില്ല എന്ന പരാതി വേറേയും!.പിന്നെ ദിവസവും പൊസ്റ്റിടണം എന്നു നേര്‍ച്ചയുള്ള പോലെ പുള്ളി വഴിയേ പോകുന്ന ഏതു വിഷയവും ഒന്നു ബ്ലോഗ്ഗിയിട്ടു വിടുന്നത് കൊണ്ടാണോ
എന്തോ എഴുതിയത് അച്ചായനു രണ്ടാമത് ഒന്നു വായിക്കാന്‍ ഉള്ള സമയം പോലും കിട്ടുന്നില്ല എന്ന് തോന്നും പല പോസ്റ്റും കണ്ടാല്‍.
(പുള്ളിയുടെ രചനാ പാടവത്തിനു മുന്‍പില്‍ ഈ യുള്ളവന്റെ ഒരു നൂറു സലാം..അതു വേറെ കാര്യം !)
ബൂലോകത്ത് കാര്യമായ ചര്‍ച്ച നടക്കുന്ന സ്ഥലങ്ങളില്‍ ഒന്ന് ബഷീര്‍ക്കാന്റെ വള്ളിക്കുന്നിലാണെന്ന് തോന്നുന്നു.
വാദവും പ്രതിവാദവുമായി അവിടം ഓരോ പോസ്റ്റിനും സജീവ ചര്‍ച്ചാവേദികളാണു ഒരുക്കുന്നത്...ഒപ്പം
പ്രവാസഭൂമിയില്‍ തിരിച്ചെത്തിയ അലി ഈയ്യിടെ ബ്ലോഗ്ഗിലെ കോപ്പിയടി കള്ളന്മാരെ പിടിക്കാന്‍ ലാത്തിയുമായി ഇറങ്ങി..
ഇപ്പോള്‍ അവിടെ ഭയങ്കര ലാത്തിച്ചാര്‍ജ് നടക്കുന്നു.(കള്ളന്മാര്‍ ഇനി അലിയെ സൂക്ഷിക്കുക!)
ഞാന്‍ പറഞ്ഞു വന്ന വിഷയത്തിലേക്ക് വരട്ടെ..
ബൂലോകത്തെ രണ്ടായിരത്തിപത്തിലെ സൂപ്പര്‍ സ്റ്റാര്‍ (സത്യമായിട്ടും സുഖിപ്പിച്ചതല്ല കെട്ടോ)
കൂട്ടുകാരന്‍ ഹംസയുടെ ബ്ലോഗ്ഗില്‍ ഒരു കമന്റ് കണ്ടു..ഒരു നവ ബ്ലോഗ്ഗര്‍ ഉപദേശം ചോദിച്ചിരിക്കുന്നു..
ഹംസ അതിനു നല്ല പക്വതയാര്‍ന്ന മറുപടി നല്‍കുകയും ചെയ്തു..(ഇതാണു സത്യത്തില്‍ എന്നെ കിടത്തി ചിന്തിപ്പിച്ചത്!)
കമന്റിനു വേണ്ടി മുറവിളികൂട്ടുന്നവര്‍ നല്ല രചനകളുമായി ആദ്യം ബ്ലോഗ്ഗില്‍ സജീവമാകുകയാണു വേണ്‍ടത് .
(ബെര്‍ളിയും വിശാലമസ്കന്‍ ചേട്ടനും ഒക്കെ തിരക്കിലായതിനാല്‍ ഈ രഹസ്യം വെളിപ്പെടുത്താന്‍ അവര്‍ എന്നെയാണു ഏല്പ്പിച്ചത്!.)
അതിനുള്ള ഒരു മികച്ച ഉദാഹരനമാണു കണ്ണൂരാന്‍.
ഈയ്യിടെ മാത്രം ബ്ലോഗ്ഗില്‍ പ്രത്യക്ഷപ്പെട്ട കണ്ണൂരാന്‍ എന്ന ബ്ലോഗ്ഗര്‍ വളരെ പെട്ടന്ന് തന്നെ പേരെടുത്തതിനു പിന്നില്‍ ആ ബ്ലോഗ്ഗര്‍ ബുദ്ധിപൂര്‍‌വ്വം നടത്തിയ തയ്യാറെടുപ്പ് തന്നെയാണു..ബ്ലോഗ്ഗിന്റെ അറ്റമില്ലാ ലോകത്തിലൂടെ നല്ലൊരു യാത്ര നടത്തി കാര്യങ്ങളുടെ കിടപ്പ് വശം മനസ്സിലാക്കി എഴുതിയ രചന നല്ലവണ്ണം കാച്ചിക്കുറുക്കി പതം വരുത്തി സകല ബ്ലോഗ്ഗിലും കേറി വരവറിയിച്ചിട്ടാണു പുള്ളി ആദ്യത്തെ പോസ്റ്റിട്ടതു തന്നെ.
ആദ്യ പോസ്റ്റിന് കിട്ടിയ വമ്പിച്ച സ്വീകാര്യത പക്ഷേ അടുത്ത പോസ്റ്റ് പെട്ടന്ന് തട്ടിക്കൂട്ടാനുള്ള വ്യഗ്രതയിലേക്ക് കണ്ണൂരാനെ എത്തിച്ചില്ല എന്നതും ശ്രദ്ധേയമാണു.
തുടര്‍ന്നു സമയമെടുത്ത് തന്നെ തയ്യാറാക്കിയ അടുത്ത പോസ്റ്റും മികച്ച നിലവാരം പുലര്‍ത്തി..
ഇപ്പോള്‍ ചുരുങ്ങിയ കാലത്തിനകത്ത് പോസ്റ്റ് ചെയ്ത നാലോളം പോസ്റ്റുകള്‍ക്ക് മാത്രം
കൊട്ടക്കണക്കിനു കമന്റും ഒരു പെട്ടി ഫോല്ലോവേഴ്സിനേയും കണ്ണൂരാന്‍ നേടിയെങ്കില്‍ അത് ആ ബ്ലോഗ്ഗറുടെ മിടുക്ക് തന്നെയെന്ന് നാം സമ്മതിച്ചേ തീരൂ.
പുതിയ ബ്ലോഗ്ഗേഴ്സ് പരമാവധി തങ്ങളുടെ രചനകള്‍ മികച്ചതാക്കുവാന്‍ ശ്രദ്ധിക്കുക.രചനകളുടെ എണ്ണത്തിലല്ല കാര്യം മറിച്ച് ഗുണത്തിലാനെന്നത് പലരും മറക്കുന്ന പോലെ തോന്നുന്നു.ബ്ലോഗ് അഗ്രിഗേറ്ററില്‍ രജിസ്റ്റര്‍ ചെയ്യുക, മറ്റുബ്ലോഗ്ഗേഴിന്റെ പോസ്റ്റുകളില്‍ കമന്റ് എഴുതുക,മാന്യതയും സഭ്യതയും പാലിക്കുക,എല്ലാ വിഷയത്തിലും കേറി മേയാതെ (ഞാന്‍ ചെയ്യുന്ന പോലെ)അവനവന്റെ കയ്യില്‍ ഒതുങ്ങും എന്ന് തോന്നുന്നതു മാത്രം കൈകാര്യം ചെയ്യുക, ഭാഷ സരസവും ആകര്‍ഷണീയവുമാക്കുക ,അക്ഷരതെറ്റുകള്‍ സൂക്ഷിക്കുക, മറുപടി കമന്റ് കൊടുക്കുക,
കമന്റ് എഴുതുക എന്നതും ഒരു കല തന്നെയാണു എന്നത് മനസ്സിലാക്കി കമന്റില്‍ പോലും ഭാഷാ വശ്യതയും സാഹിത്യ ഭംഗിയും വരുത്തുവാന്‍ ശ്രദ്ധിക്കുക തുടങ്ങി ഒരു പാടുകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമ്മുടെ ബ്ലോഗ്ഗിലും ആളനക്കം ഉണ്ടാവും..രചന നല്ലതെങ്കില്‍ കമന്റും ഫോല്ലോവേഴ്സുമൊക്കെ പതിയെ പതിയെ
വന്നുകൊള്ളും.
"ദ ബ്ലോഗ്ഗ്" എന്ന പോസ്റ്റില്‍ പുതിയ ബ്ലോഗ്ഗേസ്ഴ്സിനുവേണ്ടി നമ്മുടെ മെഗാസ്റ്റാര്‍ ഒരു കമന്റ് ഇട്ടിട്ടുണ്ട്..
എന്റെ ഓര്‍മ്മ ശരിയാണങ്കില്‍ അതിങ്ങനെയാണു..
"കീബോര്‍ഡില്‍ നാലക്ഷരം റ്റൈപ്പ് ചെയ്ത്
ബ്ലോഗ്ഗറിലോ വേഡ് പ്രസ്സിലോ ഒരു ടെമ്പ്ലേറ്റിന്റെ സഹായത്തോടെ തട്ടിക്കൂട്ടിയുണ്ടാക്കുന്നതല്ല ബ്ലോഗ്ഗ്..
എണ്ണിയാലൊടുങ്ങാത്ത കമന്റ്സും ഫോല്ലോവേഴ്സും വേണമെങ്കില്‍
ആദ്യം ബ്ലോഗ്ഗെന്തന്നറിയണം..ബ്ലോഗ്ഗിങ്ങെന്തെന്നറിയണം..
ആയിരവും രണ്ടായിരവും ഫോല്ലോവേഴുള്ള ബെര്‍ളിമാരുടെയും വിശാലമനസ്ക്കന്മാരുടേയും ബ്ലോഗ്ഗല്ല..
മറിച്ച് ഊണും ഉറക്കവുമൊഴിച്ച് എന്തെങ്കിലും എഴുതി ബ്ലോഗ്ഗില്‍ പോസ്റ്റിയിട്ട്
കമന്റ് വരുന്നതും കാത്ത് എല്‍ സീ ഡി സ്ക്രീനില്‍ കണ്ണും നട്ടിരിക്കുന്ന പാവപ്പെട്ടവന്റെ ബ്ലോഗ്ഗ്..
ഒരു പോസ്റ്റുമിടാതെ എനിക്ക് കമന്റ് തരൂ ..എനിക്ക് കമന്റ് തരൂ
എന്ന് നിലവിളിക്കുന്ന വിവരദോഷിയുടെ ബ്ലോഗ്ഗ്.. .
നേരേ ചൊവ്വേ മലയാളമെഴുതാനറിയാത്തവന്റെ ഭാഷാപാണ്ഡിത്യം വിളമ്പുന്ന ബ്ലോഗ്ഗ്..
നീയിപ്പോ കമന്റ് ചെയ്യാതെ പോകാന്‍ തുനിഞ്ഞില്ലേ പാവം ഈ ലേഖകന്റെ ബ്ലോഗ്ഗ്..
ഇതൊക്കെ മനസ്സിലാക്കി ബ്ലോഗ്ഗില്‍ ഒരു പുലിയാവനമെന്നുണ്ടങ്കില്‍
അതിനുള്ള കോപ്പുണ്‍ടാവണം നിന്റെ കയ്യില്‍..
കോമണ്‍സെന്‍സുണ്ടാവണം നിന്റെ തലയില്‍..
നൗ..യൂ ഗെറ്റ് ലോസ്റ്റ്!
((പോയി നല്ലൊരു പോസ്റ്റ് തട്ടിക്കൂട്ടാന്‍ നോക്കട ചെക്കാ!))
ഒപ്പം പ്രിയ വായനക്കാരോടും ഒരു വാക്ക്..
പ്രിയ വായനക്കാരേ..
നിങ്ങള്‍ ചെറുതായി കോറിയിട്ടു പോവുന്ന ഒരു ചെറിയ കമന്റിനു ഒരു ബ്ലോഗ്ഗറുടെ സര്‍ഗ്ഗചേതനക്ക് നിങ്ങള്‍ക്കു നഷ്ടമില്ലാത്ത വലിയ ഉപകാരം തന്നെ ചെയ്യാന്‍ കഴിയുമെന്നോര്‍ക്കുക..
വായിക്കാന്‍ കൊള്ളാവുന്നതെങ്കില്‍ ..
തീരെ മോശമല്ലാത്തതെങ്കില്‍
ഒരു സ്മൈലി എങ്കിലും ഇട്ടേച്ച് പോവുക..
കാരണം നിങ്ങള്‍ കൈപിടിച്ച് കരക്കുകയറ്റുന്ന ബ്ലോഗ്ഗര്‍ ഒരു പക്ഷേ നാളെ ഒരു എം.ടിയോ വിജയനോ പത്മനാഭനോ
സേതുവോ സക്കറിയയോ പുനത്തില്‍ കുഞ്ഞബ്ദുള്ളയോ അറ്റ്ലീസ്റ്റ് ഒരു നൗഷാദ് അകമ്പാടമോ എങ്കിലും ആയിത്തീരില്ലെന്നാരു കണ്ടു?!
((പ്രസിദ്ധരും ശ്രദ്ധേയരുമായ ഒട്ടനവധി ബ്ലോഗ്ഗര്‍ സുഹൃത്തുക്കളെ പരാമര്‍ശിക്കാതെ പോയിട്ടുണ്‍ട്.
പരിമിതികള്‍ മനസ്സിലാക്കി മാന്യ സുഹൃത്തുക്കളും വായനക്കാരും ക്ഷമിക്കുക.))
--------------------------------------------------------------------------------------------------------------------------


54 Responses to ""ആദ്യം കമന്റ് തരൂ.. പോസ്റ്റ് ഞാന്‍ പിന്നെയിടാം !!""
Faisal Alimuth said...

നൌഷാദിന്റെ നിരീക്ഷണത്തിനു നൂറുമാര്‍ക്ക്..!


Wednesday, August 4, 2010 at 11:30:00 AM GMT+3
Faisal Alimuth said...

സത്യമായിട്ടും സുഖിപ്പിച്ചതല്ല.. !
നൌഷാദ്‌ പോസ്റ്റില്‍ പറഞ്ഞ പേരുകരുടെയൊക്കെ കമന്റുകള്‍ ഒരു വരി വിടാതെ വായിക്കുന്ന ഒരാളാണ് ഞാന്‍.


Wednesday, August 4, 2010 at 11:43:00 AM GMT+3
അലി said...

ഞാൻ പോസ്റ്റാക്കാനിരുന്ന സ്കോപ്പ് കവർന്നെടുത്ത കശ്മലാ...

ഇനി ഏതായാലും പറയാനുള്ളത് ഇനി ഇവിടെ പറയാം.
ഈ പോസ്റ്റിന്റെ തലെക്കെട്ട് കണ്ടപ്പോ‍ൾ ഓർത്തത് കഴിഞ്ഞ ദിവസം ഒരാളുടെ പോസ്റ്റ് ഇത്രമാത്രം. “എനിക്കാരും കമന്റാത്തതെന്താ?” ആ ബ്ലോഗിൽ കമന്റാനുള്ള പോസ്റ്റുകളൊന്നുമില്ലതാനും. മറ്റൊരാളുടെ പ്രൊഫൈലിൽ തന്നെ കമന്റ് കിട്ടാത്തതിന്റെ നിരാശ. എന്നിട്ട് കമന്റ് അപ്രൂവലും. ആരെങ്കിലും മുമ്പേ കമന്റിയതു കണ്ടാലല്ലെ എന്തെങ്കിലും എഴുതാൻ തോന്നൂ. മിക്കവാറും നല്ല്ല പോസ്റ്റുകൾക്കൊക്കെ സമയം പോലെ ഞാനും കമന്റാറുണ്ട്. എഴുത്തോ ചിത്രങ്ങളോ ഏതായാലും. പുറം ചൊറിച്ചിൽ സത്യമാണെങ്കിലും എല്ലാവരെയും സുഖിപ്പിക്കാറില്ല. അതുകൊണ്ട് ലാത്തികൊണ്ട് തടയാനാവാത്ത ചീത്തവിളി വയറുനിറയെ കിട്ടുന്നുമുണ്ട്. കമന്റെഴുതിക്കഴിയുമ്പോൾ വേർഡ് വെരിഫിക്കേഷൻ കടമ്പ കണ്ടാൽ വരമൊഴി ഇംഗ്ലീഷിലേക്ക് മാറ്റാനൊന്നും നിൽക്കാതെ തിരിച്ച് പോരും. ചീത്തവിളി കിട്ടാത്ത പോസ്റ്റുകളാണെങ്കിലും ചില മുതിർന്ന ബ്ലോഗർമാരു പോലും അതു മാറ്റാത്തതാണൽഭുതം. ആരുടെയും കമന്റിനു മറുപടിയെഴുതാത്ത, മറ്റൊരുടെ ബ്ലോഗിലും കമന്റാത്ത വളരെ നന്നായി എഴുതുന്ന ചില ബ്ലോഗർമാർ സ്വന്തം വക ആദ്യകമന്റുമായിരിക്കുന്നതും കാണാം. പിന്നെ കമന്റ് തീരെ വേണ്ടാത്ത AKCPBA
ക്കാരുമുണ്ട്!

നൗഷാദ് ഭായ്... നല്ല നിരീക്ഷണങ്ങൾ.
അഭിനന്ദനങ്ങൾ!


Wednesday, August 4, 2010 at 12:24:00 PM GMT+3
വരയും വരിയും : സിബു നൂറനാട് said...

അപ്പൊ ചുരുക്കി പറഞ്ഞാല്‍..."ആദ്യം മലയാള അക്ഷരം പഠിക്കണം, വല്ലതും എഴുതാനറിയണം, എഴുതിയത് അക്ഷരത്തെറ്റ് കൂടാതെ പോസ്ടാന്‍ അറിയണം "
അങ്ങനാണേല്‍ ബാക്കി ഒക്കെ പുറകെ പോരുമെന്ന്....തന്നെ..??!!


Wednesday, August 4, 2010 at 1:03:00 PM GMT+3
Anonymous said...

ഹ..ഹ..ഹ..ഹ..ഹ..ഹി..ഹി..ഹി..ഹോ..ഹോ..ഹോ...!
ഇത്രേം കാലം പെരുത്ത സംശയാരുന്നു ആരാ ഈ ബ്ലോഗന്മാരുടേം ബ്ലോഗിമാരുടേം കേരളാവിലെ അതോരിറ്റീന്ന്..ഇപ്പം പുടി കിട്ടീ..ഇവിടെ പേരില്ലാത്ത പീറ ബ്ലോഗന്മാരെ ഈ പരിപാടീം നിര്‍ത്തി വീട്ടിപ്പൊക്കോ..നമ്മുടെ സായ്‌വ് എല്ലാര്‍ക്കും മാര്‍ക്കിട്ടിരീക്ക്ണ്. ഇനി ബ്ലോഗിയേ മതിയാവൂങ്കി സായ്‌വിനോട് ഉപ്ദേശം ചോദിക്കടെ...
ഇന്നലെ ഞാനും മൂര്‍ഖന്‍ ചേട്ടനും കൂടി ഒരോന്തിനെ പിടിച്ചൂ‍..!


Wednesday, August 4, 2010 at 1:27:00 PM GMT+3
മൻസൂർ അബ്ദു ചെറുവാടി said...

:)


Wednesday, August 4, 2010 at 1:30:00 PM GMT+3
Noushad Vadakkel said...

>>>>((പ്രസിദ്ധരും ശ്രദ്ധേയരുമായ ഒട്ടനവധി ബ്ലോഗ്ഗര്‍ സുഹൃത്തുക്കളെ പരാമര്‍ശിക്കാതെ പോയിട്ടുണ്‍ട്.
പരിമിതികള്‍ മനസ്സിലാക്കി മാന്യ സുഹൃത്തുക്കളും വായനക്കാരും ക്ഷമിക്കുക.))<<<

ഈ സോപ്പും കൂടി പതയ്ക്കണോ ...പോസ്റ്റില്‍ തന്നെ ഉണ്ടല്ലോ അത്യാവശ്യം സോറി,ആവശ്യത്തിന് ... വായിച്ചു ചിന്തിച്ചു .തലചോറിലെവിടെയൊക്കെയോ ബള്‍ബ്‌ മിന്നുന്നുണ്ട് . നോക്കട്ടെ ...നല്ലൊരു പോസ്റ്റ്‌ എഴുതാമോ എന്ന് :)


Wednesday, August 4, 2010 at 1:32:00 PM GMT+3
Akbar said...

നൌഷാദ്
കമെന്ട്ടിനു വേണ്ടി വിലപിക്കുന്ന ഒരു പുത്തന്‍ ബ്ലോഗറാണ് ഞാന്‍. ബ്ലോഗിങ്ങില്‍ ഒരു ശിശുവാണ്. "അല്‍പന് അര്‍ഥം" കിട്ടിയ പോലെ ബ്ലോഗിങ്ങിന്റെ തന്ത്രങ്ങള്‍ ഒന്നും അറിയാതെ എന്തൊക്കെയോ കുറെ എഴുതിക്കൂട്ടി. എഴുത്തിനെയും വായനയും പ്രോത്സാഹിപ്പിക്കുക എന്ന അര്‍ത്ഥത്തില്‍ താങ്കളുടെ അതി മനോഹരമായ മിക്ക പോസ്റ്റ്കളിലും ഞാന്‍ വന്നു കമെന്റ് ഇട്ടെങ്കിലും താങ്കളെപ്പോലെ ഒരു നല്ല എഴുത്തുകാരന് ഒന്നെത്തിനോക്കാന്‍ പോലും യോഗ്യതയുള്ള ഒരു കുറിപ്പുപോലും എനിക്ക് എഴുതാന്‍ കഴിഞ്ഞില്ല എന്നത് എന്റെ പരാജയമായി തുറന്നു സമ്മതിക്കട്ടെ.

"ഒരു പ്രവാസിയുടെ തുറക്കാത്ത കത്ത്" എന്ന എളിയ പോസ്റ്റില്‍ അങ്ങിട്ട ഒരേ ഒരു കമെന്റ് ഞാന്‍ ഇപ്പോഴും നന്ദിയോടെ ഓര്‍ക്കുന്നു.

താങ്കളുടെ ഈ പോസ്റ്റും അതി മനോഹരമായി എന്ന് ഞാന്‍ ഉള്ളില്‍ തട്ടി പറയുന്നു.


Wednesday, August 4, 2010 at 1:44:00 PM GMT+3
Basheer Vallikkunnu said...

നൗഷാദ്, രസകരമായിരിക്കുന്നു!!. ആ കാര്‍ടൂണ്‍ വല്ലാതെ ഇഷ്ടപ്പെട്ടു.. അത് മാത്രമായി ഒരു പോസ്റ്റ്‌ ആക്കിയിരുന്നെങ്കില്‍ ഇതിനേക്കാള്‍ ശക്തമാകുമായിരുന്നു..


Wednesday, August 4, 2010 at 2:35:00 PM GMT+3
asrus irumbuzhi said...

...രചന നല്ലതെങ്കില്‍ കമന്റും ഫോല്ലോവേഴ്സുമൊക്കെ പതിയെ പതിയെ
വന്നുകൊള്ളും...!!!




http://asrusworld.blogspot.com/


Wednesday, August 4, 2010 at 4:44:00 PM GMT+3
പട്ടേപ്പാടം റാംജി said...

ഇത്തരം പ്രശ്നങ്ങള്‍ വല്ലപ്പോഴും ഓരോ ബ്ലോഗുകളും പോസ്റ്റുന്നത് നല്ലതായിരിക്കും എന്ന് തോന്നുന്നു.
ഓരോരുത്തര്‍ക്കും അറിയുന്ന കാര്യങ്ങള്‍ ആണെങ്കിലും ഇടയ്ക്കു ഓര്‍മ്മിപ്പിക്കേണ്ട വിവരങ്ങള്‍.
നല്ലത് തന്നെ.


Wednesday, August 4, 2010 at 5:30:00 PM GMT+3
സുരേഷ് ബാബു വവ്വാക്കാവ് said...

ഇതുമൊരു സുഖിപ്പിക്കലല്ലേ


Wednesday, August 4, 2010 at 5:33:00 PM GMT+3
റശീദ് പുന്നശ്ശേരി said...

എന്നാലും നഷാദിക്ക എന്നെ കുറിച്ച് ഇങ്ങനെ പറയരുതായിരുന്നു.
ഞാനും ''കടിഞ്ഞൂല്‍ പോസ്റ്റ്'' പേസ്റ്റ് ചെയ്തതേ ഉള്ളൂ. നാലാള്‍ വായിക്കണമെന്ന് ഏതു ബ്ലോഗിലെ തവളയും കൊതിക്കും.പക്ഷെ എനിക്കിഷ്ടം പണ്ട് ചിത്ര കഥകളില്‍ കണ്ട അകമ്പാടത്തെയാണേ........


Wednesday, August 4, 2010 at 5:40:00 PM GMT+3
sm sadique said...

പ്രിയ വായനക്കാരേ..
നിങ്ങള്‍ ചെറുതായി കോറിയിട്ടു പോവുന്ന ഒരു ചെറിയ കമന്റിനു ഒരു ബ്ലോഗ്ഗറുടെ സര്‍ഗ്ഗചേതനക്ക് നിങ്ങള്‍ക്കു നഷ്ടമില്ലാത്ത വലിയ ഉപകാരം തന്നെ ചെയ്യാന്‍ കഴിയുമെന്നോര്‍ക്കുക..
വായിക്കാന്‍ കൊള്ളാവുന്നതെങ്കില്‍ ..
തീരെ മോശമല്ലാത്തതെങ്കില്‍
ഒരു സ്മൈലി എങ്കിലും ഇട്ടേച്ച് പോവുക..


Wednesday, August 4, 2010 at 8:45:00 PM GMT+3
Wash'Allan JK | വഷളന്‍ ജേക്കെ said...

നൌഷൂ, എന്റെ പേരൊക്കെ ബ്ലോഗില്‍ എഴുതി വിട്ടത് എനിക്കങ്ങു സുഖിച്ചു. അതോണ്ട് നിങ്ങള്‍ സുന്ദരനാണ്, സുമുഖനാണ്‌, സുഭദ്രനാണ്, സുഭഗനാണ് (?!), സര്‍‌വോപരി സകല കലാ ല്ലഭാനാണ്. ആയുഷ്മാന്‍ ഭവ...

പിന്നെ എനിക്കീ കമന്റാര്‍ത്തിയ ഫോല്ലോവേഴ്സ് മാനിയ അസുഖമൊന്നും ഇല്ല. പിന്നെ നിങ്ങള്‍ സന്തോഷപൂര്‍വം എന്ത് വാരിക്കോരി തന്നാലും വാങ്ങിക്കും.
പിന്നെ ഇടയ്ക്ക് ആ വഴിയെ പോകുമ്പോള്‍ അവിടെ പെട്ടി വച്ചിട്ടുണ്ട്. എന്തെകിലും സംഭാവന...


Wednesday, August 4, 2010 at 11:41:00 PM GMT+3
ഹംസ said...

ഉഗ്രന്‍ ..അത്യുഗ്രന്‍ ...!! ഹോ.. സൂപ്പര്‍ ..! കിടിലന്‍ ..പോസ്റ്റ് ..! ( മതിയോ പുറം ചൊറിഞ്ഞത് മതിയെങ്കില്‍ ഇനി എന്‍റെ ബ്ലോഗില്‍ വന്ന് എന്‍റെ മുതുകും ചൊറിഞ്ഞു താ )

ഹ ഹ ഹ... പഹയാ ..... സത്യം തന്നയാ പറഞ്ഞത് നീ...
ഒരു പോസ്റ്റിട്ട് അതില്‍ മൂന്ന് നാല് കമന്‍റ് കാണുമ്പോള്‍ ഒരു സുഖം തന്നയാ.... ആരെങ്കിലുമൊക്കെ വായിച്ചു എന്നെങ്കിലും മനസ്സിലാവുമല്ലോ...
-----------------------------------------------------------------------------------------
ബൂലോകത്തെ രണ്ടായിരത്തിപത്തിലെ സൂപ്പര്‍ സ്റ്റാര്‍ (സത്യമായിട്ടും സുഖിപ്പിച്ചതല്ല കെട്ടോ)
കൂട്ടുകാരന്‍ ഹംസയുടെ ബ്ലോഗ്ഗില്‍ ഒരു കമന്റ് കണ്ടു..

ഇത് നീ സുഖിപ്പിക്കാന്‍ പറഞ്ഞതല്ലാ എങ്കിലും എനിക്ക് വല്ലാതങ്ങ് സുഖിച്ചു... ഇതു കണ്ടതുമുതല്‍ ഉറക്കവും കിട്ടുന്നില്ല സന്തോഷം കൊണ്ട്....
ഇനി എന്‍റെ ബ്ലോഗില്‍ നൌഷാദ് അകമ്പാടം രണ്ടായിരത്തിപത്തിലെ മെഗാസ്റ്റാറാ എന്നും പറഞ്ഞ് ഞാനും ഒരു പോസ്റ്റ് ഇടാം ട്ടോ... അപ്പോള്‍ നിനക്ക് സന്തോഷം ആവില്ലെ...
-------------------
സുഖിപ്പിക്കാനല്ലാതെ ഇനി കാര്യം പറയാം .. പോസ്റ്റ് നന്നായി..


Wednesday, August 4, 2010 at 11:42:00 PM GMT+3
Anonymous said...

നന്ദി നൌഷാദ് .ബ്ലോഗ്‌ കുകള്‍ അടച്ചു പൂട്ടി പോവട്ടെ എന്ന് കാര്യമായി ചിന്തിക്കുന്ന സമയത്താണ് ഈ പോസ്റ്റ്‌ കണ്ടത് ..അതിന്റെ ആദ്യ പടിയായി എന്‍റെ കമന്റു ബോക്സ്‌ ഞാന്‍ അടച്ചു പൂട്ടി ...പിന്നെ പണ്ട് ആരും കാണാതെ ഡയറിയില്‍ കുറിച്ച് ഇട്ട എന്‍റെ വികൃതികള്‍ ആരെയും പേടിക്കാതെ മനോഹരമായി എഴുതൂ;വായനക്കാര്‍ക്ക് മുന്നില്‍ തുറന്നു കൊടുക്കൂ .. എന്ന് പറഞ്ഞു എന്‍റെ ബന്ധുവും ബ്ലോഗ്ഗറും ആയ ഏറനാടന്‍ ആണ് ആദ്യം ഈ ബ്ലോഗ്ഗ് എന്ന ചിന്ത എന്നില്‍ ആദ്യമായി ചൊരിഞ്ഞു തന്നത് ..അതിലീക്ക് ഏറ്റവും ശക്തമായി പ്രചോദനവും പിന്തുണയും എന്നിലെ എഴുത്തിന്റെ പ്രണയത്തിനെ പുറം ലോകത്തെ ഫേസ് ചെയ്യാനും സഹായിച്ചത് എന്‍റെ ഭര്‍ത്താവും ...പക്ഷെ ഇന്ന് വരുന്ന കമന്റുകള്‍കളുടെ ഭാഷയും മറ്റും ,അതില്‍ നിന്നും കിട്ടുന്ന കുറെ വേദനകളും കു‌ടി കു‌ടി വന്നപ്പോള്‍ ഞാന്‍ പറഞ്ഞു ഈ ബ്ലോഗ്ഗും മറ്റും ഞാന്‍ ഡിലീറ്റ് ചെയ്യകുയാണ് എന്ന് .. അപ്പോള്‍ അദ്ദേഹം തന്നെ പറഞ്ഞു "വേണ്ട ,നീ ആ കമന്റു ബോക്സ്‌ അങ്ങ് ക്ലോസ് ചെയിതോ .., "..ഞാന്‍ ബ്ലോഗ്‌ ലോകത്ത് 2008 ഇല്‍ വന്നപ്പോള്‍ തന്നെ എന്നെ വല്ലാതെ പ്രോത്സാഹിപ്പിച്ച ഒരു ബ്ലോഗ്ഗര്‍ സുഹൃത്താണ് ജിഷാദ് ...ഈ വര്‍ഷം ആണ് ജാലകംത്തില്‍ രജിസ്റ്റര്‍ ചെയിതെ അതിലുടെ ഒരുപാട് നല്ല സുഹൃത്തുക്കള്‍ എഴുതാന്‍ പ്രോത്സാഹനവും ആയി വന്നു ...പക്ഷെ അതിനോടപ്പം തളര്‍താനും പലവക ശ്രമിച്ചു ..പല രീതിയില്‍ ...അതില്‍ മനം നൊന്താണ് ഞാന്‍ ഈ വിമര്‍ശങ്ങള്‍ വിറളികള്‍ ആകാതിരികട്ടെ എന്ന് എഴുതി പോസ്റ്റ്‌ ചെയിതെ ...മടുത്തു തുടങ്ങിയ ബ്ലോഗ്‌ ജീവിതം ...ഇനി എത്ര നാള്‍ ഉണ്ടാകുമോ എന്നറിയില്ല ഈ ഭുലോകത്തു ...എന്നിരുന്നാലും ഉള്ള കാലം നല്ല സുഹൃത്തായി ഇതില്‍ ഉണ്ടാവണം എന്ന് അതിയായി ആഗ്രഹിക്കുന്നു ...അല്ലാതെ ഒരിക്കലും കാണാത്ത കേള്‍ക്കാത്ത കുറെ ശത്രുക്കളെ തേടി ആരും ഒരിക്കലും ഈ ലോകത്ത് വരില്ലല്ലോ ... എന്‍റെ പോസ്റ്റിലെ വരികള്‍ എടുത്തു പറഞ്ഞു തന്നെ ഞാന്‍ ഈ കമന്റു ഇവിടെ നിര്‍ത്തട്ടെ .." ഭാവിയിലേക്ക്; നന്മകള്‍കളിലെക്കുള്ള കാലടികള്‍ വിട്ടിട്ടു പോകുക,നന്മയുടെ വിത്തുപാകി പാത വെട്ടി തെളിച്ചു നടന്നു നീങ്ങുക.ശത്രുതയോ,കലാപമോ,വിവാദങ്ങളോ അല്ല നമ്മളുടെ വളര്‍ച്ചക്ക് വേണ്ടത്; സ്നേഹമുള്ള ഒരു നല്ല കുട്ടായിമ,സ്നേഹത്തില്‍ പൊതിഞ്ഞ സൌഹൃദ തിരുത്തലുകള്‍,നന്മകളുടെ അറിവുകള്‍...അതാണ് വേണ്ടത് നമ്മള്‍ക്ക്...അതാവട്ടെ ഈ ബുലോകത്ത് നമ്മള്‍ കറങ്ങി നടക്കുമ്പോള്‍ നമ്മളിലുള്ള ചിന്ത."


Thursday, August 5, 2010 at 12:05:00 AM GMT+3
വഴിപോക്കന്‍ | YK said...

ശരിയായ നിരൂപണം... ഇതുമായി കൂട്ടിക്കെട്ടാവുന്ന ഒരു പോസ്റ്റ്‌ ഞാന്‍ ഇന്നലെ ഒരു പോസ്റ്റ്‌ ഇട്ടിരുന്നു
ചിലര്‍അയക്കുന്ന (കൂടുതലും ബ്ലോഗര്‍മാര്‍) ബള്‍ക്ക് ഇമെയിലുകള്‍ ഈയിടെ മഹാ ശല്യമായിരിക്കുന്നു.
അവരുടെ അഡ്രസ്സ് ബുക്കിലുള്ള എല്ലാവരുടേയും പേരുകള്‍ "To"/"Cc" ഫീല്‍ഡില്‍ കുത്തി നിറച്ചു അതിലുള്ള എല്ലാവര്‍ക്കും പരസ്പരം മെയില്‍ ഐഡികള്‍ ഷെയര്‍ ചെയ്യാന്‍ തക്ക വണ്ണം അയക്കുന്നു. അതൊരു മഹാ ശല്യമായപ്പോള്‍ അറിയാതെ ഒരു പോസ്റ്റ്‌ ഇട്ടു പോയി http://kyasar.blogspot.com/2010/08/blog-post.html പക്ഷെ നമ്മുടെ നാട് മാത്രമല്ല ഇന്റര്‍നെറ്റ്‌ ലോകവും നന്നാവില്ല എന്ന്നിക്ക് ഒറ്റ ദിവസം കൊണ്ട് മനസ്സിലായി ...


Thursday, August 5, 2010 at 12:49:00 AM GMT+3
Vayady said...

നൌഷാദ്, ഞാനെഴുതുന്ന കമന്റുകളെ കുറിച്ച് പറഞ്ഞ നല്ല അഭിപ്രായത്തിന്‌ വളരെ നന്ദി. രസകരമായ പോസ്റ്റ്. ചിത്രവും ഗംഭീരമായി. ആശംസകള്‍.

മലയാളം ബ്ലോഗിന്റെ അനുഗ്രഹവും ശാപവുമാണ്‌ കമന്റുകള്‍ എന്നു തോന്നുന്നു. ആത്മാര്‍‌ത്ഥതയും പ്രോല്‍‌സാഹനജനകമായ കമന്റുകള്‍ മെച്ചപ്പെട്ട എഴുത്തുകാരാകാന്‍ പലര്‍ക്കും പ്രചോദനമാകാറുണ്ട്. അതേ സമയം വ്യക്തിഹത്യ വരെ എത്തുന്ന ക്രൂരമായ കമന്റുകള്‍ വഴി പലരുടെയും പ്രതിഭയെ തല്ലിക്കൊഴിക്കുന്നവരും ഉണ്ട്‌. അതു കാണുമ്പോള്‍ ഇതൊരു ശാപമല്ലേ എന്നും തോന്നിപ്പോകാറുണ്ട്.


Thursday, August 5, 2010 at 2:47:00 AM GMT+3
ശ്രീനാഥന്‍ said...

നല്ല പോസ്റ്റ്! നൗഷാദ്, ഞാന്‍ ബ്ലോഗില്‍ സജീവമാകാന്‍ തുടങ്ങിയത് അടുത്തിടക്കാണ്, എനിക്കൊക്കെ ഇത് നിത്യജീവിതത്തിന്റെ വിരസതയില്‍ നിന്ന് രക്ഷപെടാനുള്ള ഒരുപായമാണ്, അതുകൊണ്ട്, കമെന്റുകള്‍ സന്തോഷപൂര്‍വ്വം സ്വീകരിക്കുകയും കൊടുക്കുകയുമൊക്കെ ചെയ്യുന്നു, ഇങ്ങ്നെ മിണ്ടീം പറഞ്ഞുമിരിക്കാനുള്ള രസത്തിനായി. വേറെ എന്താണ്ഉള്ളത് നൗഷാദ്? നന്ദി


Thursday, August 5, 2010 at 3:39:00 AM GMT+3
ഗീത രാജന്‍ said...

നൗഷാദ് രസകരമായ ഈ പോസ്റ്റ്‌ നന്നായീ കേട്ടോ
വായാടിയുടെ അഭിപ്രായത്തിന് താഴെ എന്റെയും ഒരു ഒപ്പ്...


Thursday, August 5, 2010 at 4:10:00 AM GMT+3
Anonymous said...

സുഹൃത്തേ നിങ്ങളുടെ ഈ പോസ്റ്റ് തികച്ചും അമാന്യമാണ്. നിങ്ങള്‍ക്ക് ന്യായമായ നല്ല ഉപദേശങ്ങള്‍ നല്‍കാം. അതിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ചിലരെ സ്റ്റാറും സൂപ്പര്‍ സ്റ്റാറുമൊക്കെയായി നിങ്ങള്‍ കണ്ടെത്തിയതിന്റെ മാനദണ്ഡം എന്താണ്? മലയാളത്തിലെ എല്ലാ ബ്ലോഗുകളും വായിച്ച് വിലയിരുത്തിയിട്ടാണോ ഈ കണ്ടെത്തല്‍? ആര്‍ക്കു വേണമെങ്കിലും ഇങ്ങനെ ആരെയെങ്കിലുമൊക്കെ സ്റ്റാറാക്കി പോസ്റ്റിടാവുന്നതേയുള്ളു.
കമന്റിന്റെ എണ്ണമാണുപോലും പോസ്റ്റിന്റെ നിലവാരമളക്കുന്നത്!!! അറുനൂറിനു മുകളില്‍ കമന്റുള്ള പോസ്റ്റുകള്‍ മലയാളത്തിലുണ്ട്. ആ ബ്ലോഗറെ ഈ ലിസ്റ്റിലൊന്നും കണ്ടില്ലല്ലോ?
ചില സിനിമാഫാന്‍സുകാരുടെ നിലവാരമുള്ള ഈ പോസ്റ്റിന് എത്ര കമന്റുണ്ടായാലും തറനിലവാരമേ ഞാന്‍ കൊടുക്കുകയുള്ളൂ..
ഏതായാലും ഈ ചൊറിഞ്ഞുകൊടുക്കലിന് തിരിച്ച് ചൊറിച്ചില്‍ കിട്ടുന്നുണ്ടല്ലോ..അപ്പോള്‍ അധ്വാനം നഷ്ടമായില്ല എന്നാശ്വസിയ്ക്കാം..


Thursday, August 5, 2010 at 6:29:00 AM GMT+3
Jishad Cronic said...

ഹലോ...പള്ളക്കിടികിട്ടി കിടപ്പിലാണ് ഒന്നുരണ്ടു ആഴ്ച റസ്റ്റ്‌ വേണ്ടി വരും, ഹാ നിര്‍ത്തീ ഇതോടെ നിര്‍ത്തീ.... ഒടുക്കത്തെ ഇടിയാരുന്നു... എന്തുടെങ്കിലും അതെല്ലാം മനസിലെ പാടുള്ളൂ കല്യണം കഴിഞ്ഞവര്‍ എന്ന് ആ‍ പോസ്റ്റ്‌ കൊണ്ട് മനസിലായി. ഒന്നുല്ലേല്‍ കല്യണം കഴികരുത് അല്ലേല്‍ ബ്ലോഗ്‌ എഴുതരുത് എന്ന് ആ‍ പോസ്റ്റ്‌ കൊണ്ട് മനസ്സിലായി... ഹും നിങ്ങള് പുലി തന്നെ ഇക്കാ...

--


Thursday, August 5, 2010 at 7:40:00 AM GMT+3
എറക്കാടൻ / Erakkadan said...

നല്ല പോസ്ടാനെന്കില്‍ കമന്റ് തന്നെ വരും എന്നത് സത്യം തന്നെയാണ് ..പക്ഷെ ഒരു തുടക്കക്കാരനെ സംബന്ധിച്ചിടത്തോളം ഒരു കമന്റ് കിട്ടിയാല്‍ അത് ഒരു ജീവന്‍ ടോണ്‍ തന്നെയാണ് .... തുടക്കത്തില്‍ ആരുടെ പോസ്റ്റും നല്ലതൊന്നും ആവില്ല..അപൂര്‍വമായി മാത്രം ചിലര്‍ ആദ്യപോസ്ടിലൂടെ തന്നെ തിളങ്ങുന്നു ....ഞാന്‍ ആദ്യ വിഭാഗത്തില്‍ പെട്ട ആളായിരുന്നു ...കമന്റ് ആവശ്യമില്ല എന്ന് പറയുന്ന ആളുകളോട് എനിക്ക് ഒന്നേ പറയാനുള്ളൂ ..നല്ല ഒരു ഡയറി വാങ്ങി അതില്‍ എഴുതി വക്കുക ..എന്തിനു ബ്ലോഗ്‌ ..നമ്മുടെ കമന്റ് പ്രോല്‍സാഹനം ആകുന്നെന്കില്‍ ആവട്ടെ എന്നെ ...ആശംസകള്‍


Thursday, August 5, 2010 at 8:38:00 AM GMT+3
Naseef U Areacode said...

ഹ ഹാ..

ഉഗ്രന്‍ നൗഷാദ് ഭായ്...


കമന്റുകള്‍ ഒരു പ്രോല്‍സാഹനം ആണെന്നതില്‍ സംശയമൊന്നുമില്ല..

പക്ഷെ പോസ്റ്റുകള്‍ വായിക്കാതെ കമന്റിടുന്നത് പലപ്പോഴും പോസ്റ്റിനെ കളിയാക്കലാകും...

ആശംസകള്‍


Thursday, August 5, 2010 at 9:28:00 AM GMT+3
Muralee Mukundan , ബിലാത്തിപട്ടണം said...

അമ്പട അകമ്പടിക്കാര...സ്വന്തം രചനകളൂടെ അകമ്പടിയോടെ,നല്ലൊരു ഹോംവർക്ക് നടത്തി നല്ലൊരു വരയും ,ചേലൊത്ത വരിയുമായി ,ബൂലോഗത്തിപ്പോൾ വിലസുന്ന കുറച്ച് ഗെഡികളേയും,ഗെഡിച്ചികളേയും കൂട്ടി
‘ കമന്റടിക്കാൻ പോരണോ പോരണമ്പടിരാവിലെ....
ആരവളെ കൊണ്ടരാൻ കൊണ്ടരമ്പടിരാവിലെ....
നൌഷ്യുവളെ കൊണ്ടരാൻ കൊണ്ടരമ്പടിരാവിലെ...
................................. ....’
ഒരു പൂപറിയ്ക്കൽ കളിപ്പാട് കാണുമ്പോലെ നല്ലയൊരു അനുഭൂതി കിട്ടി കേട്ടോ ,ഈ കമ്മന്റുകുന്ത്രാണ്ടയന്ത്രം വയിച്ചപ്പോൾ...
അല്ലാണ്ട് ഈ മണ്ടനെതിൽ പിടിച്ചു കയറ്റ്യോണ്ടൊന്നുമല്ലാട്ടാ‍ാ..
പിന്നെ...
“വായിക്കാന്‍ കൊള്ളാവുന്നതെങ്കില്‍ ..
തീരെ മോശമല്ലാത്തതെങ്കില്‍
ഒരു സ്മൈലി എങ്കിലും ഇട്ടേച്ച് പോവുക.“

ഈയ്യുള്ളത് എഴുതിയ ആൾക്കും ബാധകമാണ് ...കേട്ടൊ നൌഷാദേ


Thursday, August 5, 2010 at 10:16:00 AM GMT+3
ദീപുപ്രദീപ്‌ said...

നൌഷാദിക്ക.....വളരെ വിലപ്പെട്ട ഈ പോസ്റ്റിനു നന്ദി .
പക്ഷെ വേര്‍ഡ്‌ പ്രസ്സില്‍ ബ്ലോഗ്‌ ചെയ്യന്ന എന്നെ പോലുള്ളവര്‍ നേരിടുന്ന ചില പ്രശ്നങ്ങള്‍ ഉണ്ട്.പ്രധാനമായും ഫോളോവേര്‍സിന്റെ തന്നെയാണ് . ഗൂഗിള്‍ ഫ്രണ്ട് കണക്ട് ആണല്ലോ എല്ലാവരും ഇതിനു ഉപയോഗിക്കുന്നത് , ഇത് വേര്‍ഡ്പ്രെസ്സില്‍ നടക്കില്ല .അതിനാല്‍ ഫോളോവേര്സും ഞങ്ങള്‍ക്കില്ല, കമെന്റ്സും വളരെ കുറവാണ് . ബൂലോകത്തിലെ ബഹു ഭൂരിപക്ഷം പേരും ബ്ലോഗ്സ്പോട്ടില്‍ ബ്ലോഗുന്നവര്‍ ആയതിനാല്‍ , ഇഷ്ടപെട്ട ബ്ലോഗുകള്‍ ഫോളോ ചെയ്യുന്നതും എളുപ്പമല്ല .പക്ഷെ ബ്ലോഗ്‌ എന്ന പ്ലാറ്റ്ഫോര്മിന്റെ കാര്യത്തില്‍ ബ്ലോഗ്‌സ്പോടിനെക്കാള്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന വേര്‍ഡ്പ്രെസ്സ് വിട്ടു വരാന്‍ തോന്നുന്നില്ല. നമ്മളെ ആകര്‍ഷിക്കുന്ന ഒരുപാടു ഘടകങ്ങള്‍ ഉണ്ട് അവിടെ .


അവസാനം ഇന്നലെ ഒരു കാര്യം ചെയ്തു, എന്റെ പഴയ ബ്ലോഗ്സ്പോട്ട് ബ്ലോഗില്‍ എല്ലാ കഥകളും പോസ്റ്റ്‌ ചെയ്തു, തുടര്‍ന്നു വായിക്കാന്‍ വേണ്ടി വേര്‍ഡ്പ്രേസ്സിലെക്ക് ലിങ്കും കൊടുത്തു.ഇനി വേര്‍ഡ് പ്രസ്സില്‍ ബ്ലോഗുന്നതിന്റെ കൂടെ ഇവിടെയും ബ്ലോഗ്ഗണം. ഇനിയെങ്കിലും ഈ പാവത്തിന് ഫോളോവേര്സിനെ കിട്ടും എന്ന് വിചാരിക്കുന്നു .

NB:ഇന്ന് രാവിലെ വായാടി എന്റെ ബ്ലോഗിന്റെ ആദ്യ ഫോളോ വേര്‍ ആയി എത്തിയിട്ടുണ്ട്


Thursday, August 5, 2010 at 11:10:00 AM GMT+3
Umesh Pilicode said...

എന്താ ചെയ്യാ ഇപ്രാവശ്യവും സ്മൈലി തന്നെ
:-))


Thursday, August 5, 2010 at 11:27:00 AM GMT+3
OAB/ഒഎബി said...

ഉപകാരപ്പെടുത്തുന്ന സത്യങ്ങള്‍,
കൈകാര്യം ചെയ്ത രീതിക്ക് ആദ്യമേ അഭിനന്ദനം.

നല്ല രചനകള്‍ സൃഷ്ടിക്കപ്പെടുത്തുന്നതിനുമപ്പുറം ബ്ലോഗില്‍ സജീവമാവുക എന്നത് തന്നെയാണ് കമന്റ്സ് നേടാനുള്ള ആദ്യത്തെ വഴി .നല്ല നല്ല കഥകള്‍ക്കും മറ്റും രണ്ടൂ മൂന്നോ കമന്റുകള്‍ ബ്ലോഗെഴുത്തില്‍ കുറെയധികം കാണാം. അതിന്റെ ഒന്നാമത്തെ കാരണം ‘ഇതാ ഇങ്ങനെ ഒരു ബ്ലോഗര്‍ ഇവിടെ ഉണ്ടേ എന്നതിന്റെ ഭാഷ ആയ പുറം ചൊറിയല്‍ എന്ന പ്രയോഗത്തിന്റെ കമ്മി തന്നെ.


മറ്റു പോസ്റ്റുകളില്‍ കമന്റിടുക പതിവാക്കിയിരുന്ന എലികള്‍, പുലികളായി മാറിയപ്പോള്‍ അത് നിര്‍ത്തി. ശേഷം ഒന്ന് നോക്കൂ കമന്റ്സുകള്‍ കുറഞ്ഞതായി കാണാം.

ഞാന്‍ കമന്റ്സ് ഇഷ്ടപ്പെടുന്നെങ്കിലും ഉള്ളത് മതിയെന്നത് കൊണ്ട് ‘ഒരഭിപ്രായം പറയൂ “എന്ന് ഇതു വരെ ആവശ്യപ്പെട്ടിട്ടില്ല. അതിനൊട്ട് ഒരുക്കവുമല്ല. നേരവുമില്ല.

സമയമുള്ളപ്പോള്‍ പോസ്റ്റ് വായിച്ച് നല്ലതെങ്കില്‍ നന്നെന്ന് പറഞ്ഞ് ആളും തരവും നോക്കാതെ കമന്റിടാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്.

ഇതൊരു നേരം പോക്കിനപ്പുറം ഒരു എംടിയൊ, നൌഷാദൊ, വൈക്കം മുഹമ്മദ് ബഷീറൊ ആവാതെ വെറും ഒ,അബ്ദുല്‍ ബഷീറായി (ഒഎബി)തുടങ്ങിയ പോലെ ഒടുങ്ങുമെന്നും അറിഞ്ഞ് കൊണ്ട് തന്നെയാ ഓരോ എഴുത്തും.
പിന്നെന്തിന് കമന്റിനോടിപ്പായണ് ?

അപ്പൊ പിന്നെ...


Thursday, August 5, 2010 at 4:13:00 PM GMT+3
ആചാര്യന്‍ said...

നൌഷാദിക്കാ എന്നെപ്പോലെയുള്ള നവ ബ്ലോഗര്‍മാര്‍ നല്ല എഴുതുന്നവരല്ല ,ചില വാര്‍ത്തകളുടെ മാനങ്ങള്‍ ഞങ്ങളുടെ ഭാവനയില്‍ ബ്ലോഗ്‌ ആക്കുകയും ,എല്ലാരും വായിക്കണം എന്ന് തോന്നുന്ന ചില വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുകയും ചെയ്യുന്നവര്‍.പക്ഷെ ഭാവിയില്‍ അറ്റ്ലീസ്റ്റ് ഒരു നൌഷാദ് അകമ്പടം എങ്കിലും ആയിക്കുടെന്നും ഇല്ല (അത്യാഗ്രഹം അല്ലെ എന്ന് തോന്നിയാലും)അത് കൊണ്ട് ഒരു നൌഷാദോ,ഒരു കണ്ണൂരാന്‍ ,,ഒരു ബെര്‍ലി ,ബഷീര്‍ക്ക ,ടോംസ് ,ഹംസ,ആരും അല്ലെങ്ങില്‍ അലിയാര്‍ എങ്കിലും ഒരു നല്ല കമ്മെന്റ് തന്നാല്‍ അത് ഞങ്ങള്‍ക്ക് പ്രോത്സാഹനം ആകും അല്ലെ?ഈ ബ്ലോഗിലെ എല്ലാരും തോടങ്ങിയത് പരസ്പരം കട്ടും കേട്ടും കൊണ്ടും കൊടുത്തും തന്നെ അല്ലെ?ഇപ്പോള്‍ എല്ലാരും പ്രിയദര്‍ശന്‍ ചമയുന്നു എങ്കിലും....


Thursday, August 5, 2010 at 5:39:00 PM GMT+3
അക്ഷരം said...

കമന്റുകള്‍ !!!
കഴിഞ്ഞവര്‍ഷം മുതല്‍ ഈ ബ്ലോഗുലകത്തില്‍ പങ്കെടുക്കുവാന്‍ സാധിച്ചിട്ടുള്ള ഒരാളാണ് ഞാന്‍ ,
എഴുതുന്നതിനെക്കാള്‍ കൂടുതല്‍ , വായിക്കാനും കമെന്റ് ഇടാനും , താല്പര്യം ഉള്ള ഒരു വ്യക്തി ....
തീര്‍ച്ചയായും തുടക്കകാരന്‍ ആയാലും , തഴക്കവും പഴക്കവും വന്ന ബ്ലോഗ്ഗര്‍ ആയാലും , കമന്റുകള്‍ ഒരു പ്രചോദനം തന്നെ ,
പക്ഷെ ഏറ്റവും കൂടുതല്‍ കമന്റുകള്‍ ഉള്ള ബ്ലോഗാണ് ഏറ്റവും നല്ല ബ്ലോഗ്‌ എന്ന് വിലയിരുത്താന്‍ പറ്റില്ല ...
നന്നായി എഴുതുന്ന എന്നാല്‍ ഫോളോവിംഗ് option പോലും ഇല്ലാത്ത ബ്ലോഗുണ്ട് ....
(നന്നായി എഴുതുന്നു എന്നത് എന്റെ മാത്രം അഭിപ്രായം യോകിയ്ക്കണം എന്നില്ല കേട്ടോ )
http://kathayillaaththaval.blogspot.com/
വ്യത്യസ്തമായി എഴുതി കൊണ്ടിരുന്ന എന്നാല്‍ ഇപ്പോള്‍ അപ്രത്യക്ഷനായ ഒരു ബ്ലോഗ്ഗര്‍ ഉണ്ട് ..
http://tharakanms.blogspot.com/
പിന്നെ എഴുതുന്നു എന്ന് പറയാന്‍ പറ്റുന്ന നമുടെ സുരേഷ് മാഷ്‌, റാംജി , റോസാപൂക്കള്‍ , സുനില്‍ ( ഉപാസന), എച്മു ......
മെച്ചപ്പെടാന്‍ സാധ്യതയുള്ളവര്‍ ...കുഞ്ഞൂസ് , അനില്‍കുമാര്‍ , the man to walk with , കളര്സ്, ....പെട്ടെന്ന് ഓര്മ വന്ന ഞാന്‍ വായിച്ചിട്ടുള്ളത് മാത്രമാണ് കേട്ടോ ....വേറെയില്ല എന്നല്ല ...
എന്റെ പരിമിതമായ വായനയില്‍ നിന്നും വന്ന അഭിപ്രായം ആണ് കേട്ടോ , ചിലപ്പോള്‍ ചിലരുടെ പഴയ പോസ്റ്റ്‌ ഒക്കെ നല്ലത് ഉണ്ടാകാം ,അല്ലെങ്കില്‍ ഞാന്‍ കാണാത്ത ബ്ലോഗ്ഗുകളും ഉണ്ടാകാം
ഞാന്‍ പറഞ്ഞു വന്നത് ഇവരെ എടുത്തു നോക്കിയാല്‍ , ഭൂരിഭാഗം ആളുകളും ഫോളോവേര്‍ ഉകളും കമന്റുകളും ഇവടത്തെ പല പുലികളെ കാല്‍ കുറവായിരിക്കും
പുലികളെ ബഹുമാനിച്ചു കൊണ്ടുതന്നെയാണ് പറയുന്നത് ....
ഒരു ബ്ലോഗ്‌ ലൈവ് ആക്കി നിര്‍ത്താനും നല്ല കഴിവ് വേണം ...ഒരു മാര്‍ക്കറ്റിംഗ് തന്ത്രം എന്ന് പറയാം , സര്‍ഗ്ഗ പ്രതിഭയെക്കാള്‍ കൂടുതല്‍ മാര്‍ക്കറ്റിംഗ് തന്ത്രം ഉണ്ടെങ്കിലും അത് നടക്കും ...
പിന്നെ തന്ത്രങ്ങളെക്കാള്‍ ഉപരി അവിടെയും കുറച്ചു കഴിവ് വേണം കേട്ടോ ...മലയാളത്തില്‍ ബ്ലോഗുമായി ഞാന്‍ പുതിയതാനെങ്കിലും ....
പലരുടെയും ബ്ലോഗ്‌ വായിക്കാറുണ്ട് , സജീവമായി മലയാളം ബ്ലോഗ്‌ വായന തുടങ്ങിയട്ടു കുറച്ചേ ആയിട്ടുള്ളൂ , അത് കൊണ്ടാണ് ഇവിടെ പരാമര്‍ശിച്ച പേരുകളില്‍ മാത്രം എന്റെ അഭിപ്രായത്തിലെ പ്രതിഭകള്‍ ഒതുങ്ങിയത് ...
അപ്പോള്‍ പറഞ്ഞു വന്നത് ...പുസ്തക വായന കുറയുന്ന ഈ കാലത്ത് ബ്ലോഗുകള്‍ക്ക്‌ നല്ല ഒരു പങ്കു വഹിക്കുവാന്‍ ഉണ്ട് എന്ന് ഒരു വായനക്കാരനായ ഞാന്‍ വിശ്വസിയ്ക്കുന്നു
അതിനു നമ്മള്‍ ചെയ്യേണ്ടത് , നല്ല പോസ്റ്റുകള്‍ വായിച്ചാല്‍ , നല്ലത് കണ്ടാല്‍ അതിനെ പ്രോത്സാഹിപ്പിയ്ക്കുക , എങ്ങിനെ കമന്റ്‌ വഴി , അല്ലെങ്കില്‍ സുരേഷ് മാഷ്‌ ഇടയ്ക്ക് ചെയ്യുന്നത് പോലെ എല്ലാവര്ക്കും മെയില്‍ അയക്കുക , കുറച്ചു നാള്‍ മുന്‍പ് ഒരു പോസ്റ്റ്‌ വായിച്ചിട്ട് ഞാന്‍ മെയില്‍ അയച്ചു , എന്നിട്ടും മെയില്‍ അയച്ച അറുപതോളം പേരില്‍ അഞ്ചാറു പേര്‍ മാത്രമേ അത് വായിച്ചുള്ളൂ എന്ന് തോന്നുന്നു.....ഇപ്പോള്‍ വേറൊരാളുടെ ശുപാര്‍ശയില്‍ കുറച്ചു വായനക്കാര്‍ അവിടെ കൂടിയട്ടുണ്ട് ...സന്തോഷം ...നന്നായി എഴുതുന്നവരെ നന്നായി പ്രോത്സാഹിപ്പിച്ചാല്‍ വായനക്കാരായ നമുക്ക് തന്നെയാണ് നല്ലത് ....അല്ലെ ? നമ്മളില്‍ പലരും ഞാനടക്കം പ്രതിഭയുള്ള എഴുതുകാരോന്നും അല്ല ....പക്ഷെ ഈ ബ്ലോഗുലകത്തില്‍ അത്തരം ആളുകളെ കണ്ടെത്തി , അവരെ പ്രോത്സാഹിപ്പിയ്കാനുള്ള വഴിയെന്ത് എന്ന് നമുക്കാലോചിയ്കാം, അതല്ല എങ്കില്‍ ആ പ്രതിഭകള്‍ അച്ചടിയുടെ ലോകത്തും , ഈ ബ്ലോഗുലകിലും രണ്ടിടത്തും കാണാന്‍ കിട്ടില്ല ..നഷ്ടം നമുക്ക് തന്നെ ....
ഈ പോസ്റ്റു വായിച്ചപ്പോള്‍ മനസ്സില്‍ തോന്നിയത് ഇപ്പോള്‍ എഴുതി .....
ഒന്ന് കൂടി ആലോചിച്ചാല്‍ ചിലപ്പോള്‍ ചില മാടങ്ങള്‍ ചിലപ്പോള്‍ ഈ അഭിപ്രായങ്ങള്‍ക്ക് വരാം ....അത് പിന്നെയാകാം അല്ലെ , യേത് ?


കട്ടിയുള്ള കവിതകള്‍ എഴുതുന്ന ബ്ലോഗ്ഗെര്മാര്‍ ക്ഷമിയ്ക്കുക , അതില്‍ ഒരു അഭിപ്രായം പറയാനുള്ള വിവരം എനിയ്കില്ല ....


Thursday, August 5, 2010 at 5:42:00 PM GMT+3
എന്‍.ബി.സുരേഷ് said...

നൌഷാദിന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ നന്നായി. ഇതിൽ എടുത്തു പറയേണ്ട ഒരു കാര്യം, നൌഷാദ് പോയ ബ്ലോഗുകളെ കുറിച്ച് വളരെ ശ്രദ്ധാപൂർവ്വം പഠിക്കുകയും അതിനെ കൃത്യമായി നിരീക്ഷിക്കുകയും ചെയ്തു എന്നതാണ്. അതിനെക്കാൾ കമന്റുകളുടെ ഒരു സൌന്ദര്യശാസ്ത്രവും മന:ശാസ്ത്രവും നന്നായി തിരിച്ചറിഞ്ഞു എന്നതാണ്. അപ്രിയസത്യങ്ങൾ തുറന്നു പറഞ്ഞാൽ പണികിട്ടും എന്നതിനാൾ മിക്കവരും മൂടി വയ്ക്കുന്ന കാര്യങ്ങൾ വെട്ടിത്തുറന്നു പറഞ്ഞു എന്നത് എന്നെ ആകർഷിച്ച ഒന്നാണ്.
മലയാളം ബ്ലോഗ്ഗിംഗ് നേരിടുന്ന ഒട്ടേറെ പ്രശ്നങ്ങൾ തമാശ എന്ന രൂപത്തിൽ ഇവിടെ കൈകാര്യം ചെയ്തു. അച്ചടി മാധ്യമം കോക്കസ്സിന്റെയും സ്ഥാപിത താല്പര്യങ്ങളുടെയും മേച്ചിൽ‌പ്പുറം ആയപ്പോഴാണല്ലോ ഈ ഒരു സാധ്യത വരുന്നത്. നാളെ ഒരു കാലത്ത് മലയാളം നിലനിൽക്കുന്നത് ബ്ലോഗിലൂടെയാവാം. പക്ഷേ എത്രമാത്രം നിലനിൽക്കും എന്ന് ഇപ്പോൾ തന്നെ ആലോചിക്കണം. സാഹിത്യത്തിലുള്ളത് പോലെ നേരമ്പോക്ക് സാഹിത്യവും ഗൌരവമായ സാഹിത്യവും ഇവിടെയുമുണ്ട്. നമ്മുടെ കാലത്തിന്റെ ഒരു പ്രത്യേകത ഗൌ‍ൗരവങ്ങളെ അത് തീർത്തും നിരാകരിക്കുന്നു എന്നതാണ്. റിലാക്സേഷൻ ആണ് ഇന്നിന്റെ ഫിലോസഫി. പിന്നെ വായനക്കാരുടെ ടേസ്റ്റ് അനുസരിച്ച് എഴുതുക എന്ന എക്കാ‍ലത്തെയും വലിയ തന്ത്രം ഇവിടെയും പയറ്റൂന്നുണ്ട്. ചിലർ ചൂണ്ടിക്കാട്ടിയ പോലെ ഒരുപാട് കമന്റുകൾ ഉള്ള ബ്ലോഗുകൾ ഗംഭീരമാണ് എന്നു പറയാൻ വയ്യ.
എക്കാലത്തും നമ്മുടെ എഴുത്തുകാർ പ്രകടിപ്പിക്കുന്ന ഒരു സങ്കുചിതമനോഭാവം മറ്റുള്ളവനെ അവഗണിക്കുക എന്നതാണ്. അതുകൊണ്ടാണ് മറ്റുള്ള ബ്ലോഗുകളിൽ പോകാത്തതും കമന്റിടാത്തതും. സച്ചിദാനന്ദനും ചുള്ളിക്കാടുമടക്കം പല ജീനിയസ്സുകളും പലരുടെയും ബ്ലോഗിൽ പോകുകയും കമന്റിടുകയും ചെയ്യുമ്പോൾ നവയുഗമഹാപ്രതിഭകൾ മൌനം പാലിക്കുന്നു. പക്ഷേ അതിനൊരു മറുവശം ഉണ്ട്. നമ്മുടെ മണിക്കൂറുകൾ ചിലവിട്ടു വായിക്കുന്നവ ഒരു ആന്തരികഗുണവും സമ്മാനിക്കുന്നില്ലങ്കിൽ അവരെ കുറ്റം പറന്ന്ഞിട്ടും കാര്യമില്ല. വിശാലമനസ്കൻ പോലും ചില നേരങ്ങളിൽ തറ പോസ്റ്റ് ഇട്ടിട്ടുണ്ട്. അടുത്തിടെ ബ്ലോഗനയിൽ പ്രസിദ്ധീകരിച്ച രചന നോക്കൂ. ഒരു കർഷകന്റെ അറ്റിവസ്ത്രം ഊരിപ്പോകുന്നതിന്റെയും മറ്റും തമാശകൾ പങ്കുവയ്ക്കുന്ന നാലാം തരം രചനകൾ എഴുതുന്നുണ്ട്. നൌഷാദ് പറഞ്ഞപോലെ ബ്ലോഗിംഗ് ഗൌരവപൂർണ്ണമായ ഒരു പ്രക്രിയ ആക്കി മാറ്റുകയാണ് വേണ്ടത്. അല്ലങ്കിൽ വായനക്കാർ തിരികെ പ്രിന്റ് മീഡിയയിലേക്ക് മടങ്ങുന്ന കാലം വിദൂരമല്ല.
എഴുതുക എന്നാൽ അവനവനെയും അതിനുള്ളിലുള്ള ലോകത്തെയും നിർവചിക്കുക എന്നതാണ്.
എന്തായാലും എനിക്ക് എഴുത്ത് ഗൌരവപൂർണ്ണമായ ഒരു കാര്യമാണ്. ജീവിതമ്പോലെ തന്നെ.
മറ്റുള്ളവർ വായിച്ച് അവനവന്റെ കുറ്റങ്ങൾ കണ്ടെത്താനുള്ള ഒരു കണ്ണാടിയായി ഈ പോസ്റ്റിനെ ഞാൻ കാണുന്നു.

തീർച്ചയായും ഒരു ഹസ്തദാനവും ഒരു സല്യൂട്ടും ഇത് അർഹിക്കുന്നു.


Friday, August 6, 2010 at 8:20:00 PM GMT+3
K@nn(())raan*خلي ولي said...

@@@

(നൌശു ഭായീ, കണ്ണൂരാന്റെ പവര്‍ ഇത്തിരികൂടി വര്‍ദ്ധിച്ചു. ഇത് കാണിച്ചു ഞാന്‍ ശ്രീമതിക്ക് മുന്‍പില്‍ ഉലാത്തുകയാണ്)

തീരെ ചെറിയ കമന്റുകള്‍ക്ക് പോലും വലിയ വില കല്പ്പിക്കുന്നവനാണ് ഈ കണ്ണൂരാന്‍. ആദ്യ പോസ്റ്റിനു അമ്പതില്‍ താഴെ മാത്രം കമന്റു പ്രതീക്ഷിച്ച എനിക്ക് നൂറിലധികം കിട്ടിയത് വല്ലാത്തൊരു ഉത്തരവാദിത്തമാണ് ബൂലോകം എനിക്ക് നല്‍കിയത്. സ്വയം മാര്‍ക്കറ്റ്‌ ചെയ്താണ് പിടിച്ചു നില്‍ക്കുന്നത്. നല്ലതിനെ പ്രോത്സാഹിപ്പിക്കാനും നിലവാരമില്ലാതവയെ അങ്ങനെ തന്നെ തുറന്നു പറയാനും മടിയില്ല. അതിന്റെ പേരില്‍ രണ്ടു കമന്റു നഷ്ട്ടപ്പെട്ടാലും പ്രശ്നമില്ല. ചില തറ പോസ്റ്റുകള്‍ക്ക്‌ കീഴെ "നന്നായി, ഭയങ്കരം, കിടിലന്‍" എന്നൊക്കെ കാണുമ്പോള്‍ സങ്കടം തോന്നാറുണ്ട്.

കമന്റുകള്‍ വഴി പുതുമുഖത്തെ പ്രോത്സാഹിപ്പിക്കണം. ആയതിനാല്‍ കണ്ണൂരാന്‍ അടക്കമുള്ള പുതുമുഖങ്ങളുടെ പോസ്റ്റുകളില്‍ കമന്ടുകളിടൂ സ്നേഹിതരെ..


Monday, August 9, 2010 at 5:52:00 PM GMT+3
ആളവന്‍താന്‍ said...

എനിക്ക് കമന്റ് വേണ്ട... എന്ന് അഭിപ്രായമുള്ള ‘മാന്യന്മാര്‍’ എറക്കാടന്‍ പറഞ്ഞ പോലെ ഒരു ഡയറി വാങ്ങി അതില്‍ തന്നെ അവരുടെ ‘സര്ഗ്ഗ ശേഷി’ തെളിയിക്കുന്നതാവും നല്ലത്. ഒരു ബ്ലോഗിന്റെ ജീവന്‍ തീര്ച്ചയായും കമന്റുകള്‍ തന്നെയാണ്. വായിക്കുന്ന എല്ലാ പോസ്റ്റുകളിലും കമന്റ് ചെയ്യുന്ന ഒരാളാണ്‌ ഞാന്‍. എന്റെ് അഭിപ്രായം തുറന്നു പറയുകയും ചെയ്യും. ഇവിടെ ആദ്യമാണ്....

ഇനി ഇവിടെ അനോണി കളിച്ച പ്രിയ സുഹൃത്തുക്കളോട് രണ്ടു വാക്ക്. ഏതു കൊമ്പത്തെ ബ്ലോഗര്‍മാര്‍ ആണ് നിങ്ങളെങ്കിലും ഇവിടെ സ്വന്തം പേര് വ്യക്തമാക്കാതെ കമന്റിയിട്ട് പോകാന്‍ കാരണം, പേര് അറിഞ്ഞാല്‍ നിങ്ങള്ക്ക് കിട്ടേണ്ട ചില കമന്റുകള്‍ എങ്കിലും നഷ്ട്ടമാകും എന്ന തോന്നലില്‍ അല്ലെ? അതാണ്‌ ബ്ലോഗില്‍ കമന്റിന്റെ വില.


Monday, August 9, 2010 at 10:05:00 PM GMT+3
CKLatheef said...

((പ്രസിദ്ധരും ശ്രദ്ധേയരുമായ ഒട്ടനവധി ബ്ലോഗ്ഗര്‍ സുഹൃത്തുക്കളെ പരാമര്‍ശിക്കാതെ പോയിട്ടുണ്‍ട്.
പരിമിതികള്‍ മനസ്സിലാക്കി മാന്യ സുഹൃത്തുക്കളും വായനക്കാരും ക്ഷമിക്കുക.))

ക്ഷമിച്ചിരിക്കുന്നു. :):):)


Friday, August 13, 2010 at 9:42:00 PM GMT+3
Mohamedkutty മുഹമ്മദുകുട്ടി said...

ബൂലോകത്ത് അത്ര പഴക്കമില്ലെങ്കിലും കുറഞ്ഞ കാലം കൊണ്ട് കുറെ സുഹൃത്തുക്കളെ കിട്ടാന്‍ സഹായിച്ചു. പിന്നെ അനോണി കമന്റിനോടും സ്മൈലിയോടും തീരെ താല്പര്യമില്ല.പറയാനുള്ളത് വിമര്‍ശനമായാലും പുകഴ്ത്തലായാലും നേരെ ചൊവ്വെ പറയുന്നതല്ലെ ശരി.ഇനി ചൊറിയെപ്പറ്റി അല്പം.ഈ പുറം ചൊറിയല്‍(യധാര്‍ത്ഥത്തിലുള്ള ചൊറി)ഒരു വല്ലാത്ത സംഗതിയാണ്. അവനവനു കയ്യെത്താത്ത സ്ഥലത്താവുമ്പം ചൊറിയാന്‍ വേറൊരാളുള്ളത് നല്ലതാ..!!!!ഒരു പോസ്റ്റിറ്റാനുള്ള ത്രെഡ് ഈ ചൊറിയിലുമുണ്ട്!.


Saturday, August 14, 2010 at 7:55:00 PM GMT+3
Anonymous said...

olipeeru


Sunday, August 15, 2010 at 10:02:00 PM GMT+3
റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഇക്കാ..
എനിക്കൊന്നും പറയാന്‍ കിട്ടുന്നില്ല..അല്ല അറിയില്ല എന്നതാണു സത്യം..
നിങ്ങളെ പോലുള്ള ബ്ലോഗ് പുലികള്‍ക്കു (സുഖിപ്പിച്ചതല്ല) മുന്നില്‍ അന്തിച്ച്
പണ്ടാറടങ്ങി നില്‍ക്കുന്ന ഒരു കൊച്ചു കുട്ടിയാണു ഞാന്‍..
എല്ലാ വിധ ആശംസകളും നേരുന്നു..


Monday, August 23, 2010 at 8:04:00 PM GMT+3
Sulfikar Manalvayal said...

നൌഷാദ് ബായി. കുറച്ചു ദിവസം തിരക്കിലായ കാരണം ഇങ്ങിനെ ഒരു പോസ്റ്റ്‌ കണ്ടതെ ഇല്ല. ഇപ്പോഴാ കണ്ടത്.
പുതു മുഖങ്ങളെ എന്നും അഭിപ്രായ പ്രകടനം നല്ല നിലയിലെക്കുയര്തുമെന്നതില്‍ യാതൊരു സംശയവും ഇല്ല.
പക്ഷെ എന്തിനോ വേണ്ടി എന്തോ എഴുതി കൂട്ടുന്നവര്‍ക്കിട്ടു കൊട്ട് കൊടുത്തില്ലെങ്കില്‍ എനിക്കൊന്നും അന്നേ ദിവസം ഉറക്കം വരികയും ഇല്ല.
ചിലരുടെ എഴുത്ത് കാണുമ്പോള്‍ വായിച്ചിട്ട് പോയി തൂങ്ങി ചത്ത്‌ കളയാന്‍ തോന്നാറുണ്ട്. അവരോടു ആ കാര്യം അങ്ങിനെ തന്നെ തുറന്നു പറയണം.
നല്ല എഴുതുകളോട് അതിന്റെ നിലക്ക് തന്നെ പ്രതികരണം അറിയിക്കണം.
എന്നാലെ ഇനിയും നമുക്കൊക്കെ വായിക്കാന്‍ ഒരുപാട് നല്ല എഴുത്തുകള്‍ വരൂ.
ചിലരുണ്ട് ദിവസം മൂന്നു എന്നാ നിലയില്‍ പോസ്ടിടും, മറ്റുള്ളവരുടെത് വായിക്കുകയുമില്ല, എന്നിട്ട് തന്റെ ബ്ലോഗ്‌ വായിക്കാന്‍ തെണ്ടി നടന്നു പറയുകയും ചെയ്യും.
ഒരു നല്ല ബ്ലോഗര്‍ ആവാന്‍ ആദ്യം ഒരു നല്ല വായനക്കാരന്‍ ആവണം എന്നാണെന്റെ അഭിപ്രായം.
അല്ലെങ്കിലും ബ്ലോഗിങ്ങിലെ ഒരു ശാപം എന്നത് എഡിറ്റിംഗ് ഇല്ലാതെ ആര്‍ക്കും എന്തും എഴുതാം എന്നാണു. പതിനായിരക്കണക്കിനു ബ്ലോഗുകകള്‍ക്കിടയില്‍ നിന്നും
നല്ലത് തിരഞ്ഞെടുത്തു വായിക്കാന്‍ എവിടെ നേരം. അതിലും നല്ലത് "പൊട്ട എഴുത്തുകാരെ" തെറി വിളിച്ചു ഓടിക്കുക. പിന്നെ അവരെ സഹിക്കേണ്ടല്ലോ.
ഏതായാലും നന്നായി എന്നെ പോലെയുള്ള തുടക്കാര്‍ക്കുള്ള ഈ ഉപദേശം.


Wednesday, August 25, 2010 at 1:10:00 AM GMT+3
K.P.Sukumaran said...

പോസ്റ്റിന് പതിവ് പോലെ അനന്യമായ നൌഷാദ് സ്പര്‍ശം :)


Wednesday, June 29, 2011 at 10:34:00 AM GMT+3
niyas said...

എന്താ തീരുമാനം,,? അല്ല നമ്മള് കമന്റ്‌ എഴുതണോ വേണ്ടയോ ..?


Wednesday, June 29, 2011 at 11:21:00 AM GMT+3
Noushad Koodaranhi said...

ഇപ്പോഴാ ഈ പോസ്റ്റു ശ്രദ്ധയില്‍ പെട്ടത്..
ആരെന്തു പറഞ്ഞാലും,
ഈ പോസ്റ്റിനു വേണ്ടിയുള്ള മുന്നൊരുക്കം
അഭിനന്ദിക്കപ്പെടെണ്ടത് തന്നെ.
പുതിയ എഴുത്തുകാര്‍ക്ക് ആവശ്യം വേണ്ട
വിവരങ്ങള്‍ ലഭിക്കുകയും ചെയ്യുന്നു.
ശ്രദ്ധിക്കേണ്ട എഴുത്തുകാരെ കുറിച്ചുള്ള
നേരിട്ടുള്ള വിവരണം ലഭിക്കുന്നതും
ഉപകാരപ്രദമാണ്.

നന്നായി ഭായ്....


Wednesday, June 29, 2011 at 11:38:00 AM GMT+3
Fousia R said...

ഇതുഷാറായി.
ഇത്രേമൊക്കെ പറഞ്ഞ സ്ഥിതിക്ക് പറയട്ടെ
പൊട്ടയെന്ന് തോന്നിയ പല കവിതകള്‍ക്കും/കഥകള്‍ക്കും താഴെ മനോഹരം ഇതിനും മേലെ ഒന്നുമില്ല എന്ന കമന്റുകള്‍കണ്ട്
ദേഷ്യം തോന്നിയിട്ടുണ്ട്. വല്ലതും പറഞ്ഞാല്‍ മുന്നേവന്ന് ഇഷ്ടെപ്പെട്ട് പോന്നവര്‍ക്ക് സങ്കടമായാലോ എന്നു കരുതി ഒരാശംസ എഴുതി
വച്ചിട്ട് പോരും. ബ്ലോഗര്‍ ഒരു ബ്ലോഗിനെ നിരൂപണം ചെയ്യുന്നത് കാണാന്‍ കഴിഞ്ഞിട്ടില്ല. കമന്റെന്ന് ഉപാധി ഉള്ളതുകൊണ്ടാകും.


Wednesday, June 29, 2011 at 12:06:00 PM GMT+3
K@nn(())raan*خلي ولي said...

നൌശുഭായ്‌ പട്ടേല്‍ ,
പത്തുമാസങ്ങള്‍ക്ക് മുന്‍പ് നിങ്ങളീ പോസ്റ്റ്‌ പബ്ലിഷ് ചെയ്യുമ്പോള്‍ കണ്ണൂരാന്‍ ബൂലോകത്തെ പുതുമുഖ സന്തതിയാണ്. ഇന്നിപ്പോള്‍ വീണ്ടും ഇത് വായിക്കുകയും ഇതിലെ സൂചനകള്‍ വിലയിരുത്തുകയും ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്.
കൂടുതലായി ഫൌസിയ പറഞ്ഞല്ലോ. അതുതന്നെ സത്യം.

(നൌശുഭായ്, ചുമക്കുള്ള മരുന്ന് വെച്ചോളൂ. ആവശ്യംവരുമ്പോള്‍ എടുത്ത്തുകൊടുക്കാലോ)

**


Wednesday, June 29, 2011 at 2:05:00 PM GMT+3
ബെഞ്ചാലി said...

കമന്റ് കിട്ടാനാണോ ബ്ലോഗെഴുത്ത്, അതോ നമ്മുടെ ആശയങ്ങളും രചനകളും വായിപ്പിക്കാനോ? ബ്ലോഗറ്മാർക്ക് കമന്റ് മാനിയ കൂടിയിട്ടുണ്ട്… :(


Thursday, June 30, 2011 at 12:23:00 PM GMT+3
സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു said...

ഇത് കലക്കി നൌഷാദ്! ഒരു കാര്യം വിട്ടുപോയി. ഒരു പയങ്കര സംഭാണ് ന്നു പറയിപ്പിക്കുകയും അതുവഴി മറ്റുള്ളവരെ തന്റെ ബ്ലോഗിലേയ്ക്ക് ആകര്‍ഷിക്കാനുമായി മറ്റുള്ളവരുടെ പോസ്റ്റിന് കീഴെ സാഹിത്യപ്രഭാഷണം ഘോഷിക്കുന്ന ചില ബ്ലോഗറുമാരുമുണ്ട്. വായിച്ചാല്‍ എം. കൃഷ്ണന്‍ നായര്‍ നാണിച്ചുമാറി നില്‍ക്കും. :-)


Saturday, July 23, 2011 at 11:06:00 AM GMT+3
Sandeep.A.K said...

:) രസിച്ചു..


Saturday, July 23, 2011 at 11:13:00 AM GMT+3
ashraf meleveetil said...

ബ്ലോഗ്ഗെര്‍ക്ക് കിട്ടുന്ന (കൊട്ടുന്ന) "റോയാല്‍റ്റി"യാണല്ലോ ലൈക്കുകളും കമന്റുകളും.....അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ (സമയ ദൌര്‍ലഭ്യമുണ്ടെങ്കിലും,ബ്ലോഗറല്ലെങ്കിലും) ഞാന്‍ ഉദാരനാണ്........


Wednesday, December 14, 2011 at 12:40:00 AM GMT+3
Unknown said...

പോയി നല്ലൊരു പോസ്റ്റ് തട്ടിക്കൂട്ടാന്‍ നോക്കട ചെക്കാ! ഇത് ശരിക്കും ചങ്കില്‍ കൊണ്ടു... ഇനി എല്ലാം ശ്രദ്ധിച്ചു കൊണ്ടു എഴുതാമെന്ന് ഞാന്‍ വാക്ക് തരുന്നില്ല എന്ന് മാത്രമല്ല..ഇങ്ങനെയൊക്കെ ആണെങ്കില്‍ ഞാന്‍ ബ്ലോഗിങ്ങ് നിര്‍ത്തി... നാ പിടിച്ചോ സ്മൈലി ;-(


Saturday, December 24, 2011 at 8:29:00 AM GMT+3
പ്രവീണ്‍ ശേഖര്‍ said...

നൌഷാദ് ഭായ്..വായിച്ചു..ഇന്നും ഇത് തന്നെയാണ് സംഭവിക്കുന്നത്‌. ബൂലോകത്ത് വന്ന കാലം മുതല്‍ ഇന്നും ഞാന്‍ ഇതിനു എതിരാണ്. എനിക്ക് എന്‍റെ മനസ്സില്‍ തോന്നുന്ന അഭിപ്രയാങ്ങള്‍ രേഖപ്പെടുത്താന്‍ കഴിയാതെ ആയിട്ടില്ല ഒരിക്കലും. കമെന്റും ഫോല്ലവേര്ഴ്സും ഉണ്ടാകാന്‍ വേണ്ടി സുഖിപ്പിക്കാന്‍ ഞാന്‍ പോകാറില്ല.

ആശംസകളോടെ..


Sunday, July 15, 2012 at 10:38:00 AM GMT+3
റാണിപ്രിയ said...

:)


Sunday, July 15, 2012 at 3:55:00 PM GMT+3
Mohiyudheen MP said...

വായിച്ചു പോസ്റ്റും കമെന്റും...


Sunday, July 15, 2012 at 4:05:00 PM GMT+3
musthupamburuthi said...

വായിച്ചു,....ഉഗ്രനായിട്ടുണ്ട് ഈ തുറന്നെഴുത്ത്......ആശംസകള്‍,...:)


Wednesday, October 17, 2012 at 1:58:00 PM GMT+3
Rainy Dreamz ( said...

രചന നല്ലതെങ്കില്‍ കമന്റും ഫോല്ലോവേഴ്സുമൊക്കെ പതിയെ പതിയെ
വന്നുകൊള്ളും...!!!

ഇതാണ് ഇച്ചിരി ബുദ്ധിമുട്ടുള്ള കാര്യവും :)


Tuesday, November 6, 2012 at 3:29:00 PM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors