
ചില കുഞ്ഞു രഹസ്യങ്ങള്‍..
മാഞ്ഞുപോവാത്ത ബാല്യകാലസ്മരണകളില്‍ ഇടക്കെപ്പഴോ
ഒരുള്‍നോവുണര്‍ത്തി പൊടുന്നനെ മിന്നിമറയുന്ന അവളുടെ ദൃശ്യങ്ങള്‍..
എന്തുകൊണ്ടെന്നറിയാതെ പോയ ആകസ്മികമായ അനുഭവങ്ങള്‍..
തനിച്ചാവുന്ന സന്ധ്യകളില്‍ ഒരു കൂട്ടായി പലപ്പോഴും അവളെനിക്കൊപ്പമുണ്ട്..
മനസ്സിനെ ഓര്‍മ്മകളുടെ മേച്ചില്പ്പുറങ്ങളില്‍ മേയാന്‍ വിട്ടിരിക്കുമ്പോള്‍
കാലത്തിന്റെ പൊടിതട്ടിയെടുക്കുന്ന പുസ്തകത്തില്‍
മെല്ലെ മറിയുന്ന താളുകളള്‍ക്കൊപ്പം അറിയാതെ
ഞാനെന്റെ ഒളിപ്പിച്ചുവെച്ച മയില്‍പീലിത്തുണ്ട് തിരയുകയാണ്..
പഴയ ആ പത്തു വയസ്സുകാരന്റെ ആകാംക്ഷയോടെ....
-----------------------------------------------------------------------------------------------
പണ്ടു ഞങ്ങളുടെ ഗ്രാമത്തിലെ കാടു കടന്നു വേണമായിരുന്നു ഞങ്ങള്‍ കുട്ടികള്‍ക്ക് സ്കൂളിലേക്കെത്താന്‍.
കാറ്റിലുലഞ്ഞു നില്‍കുന്ന വന്മരങ്ങള്‍ക്കിടയില്‍ കളകളമിളകിപ്പായുന്ന കാട്ടാറും
കാട്ടിലെ കൂത്താട്ടക്കാരായ കുറുനരികളും ഊര്‍ന്നുനില്‍ക്കുന്ന വള്ളികളില്‍ ഊഞ്ഞാലാടി കലപില കൂട്ടുന്ന കുരങ്ങന്മാരും കുറുകെ പായുന്ന കാട്ടുകോഴികളും ഇടക്ക് ഒറ്റപ്പെട്ടു പാഞ്ഞു പോകുന്ന പന്നികളും ശ്രദ്ധിച്ചില്ലെങ്കില്‍ കാലിനടിയിലൂടെ ഇഴഞ്ഞു അലസം നീങ്ങുന്ന പാമ്പുകളും നിറഞ്ഞതായിരുന്നു ആ വനപ്രദേശം..
----------------------------------------------------------------------------------------------
ഇരുവശവും ഇല്ലിക്കാടുകള്‍ പരസ്പരം കെട്ടുപിണഞ്ഞ് നില്‍ക്കുന്ന പഞ്ചാര മണല്‍ പാകിയ നടവഴിയിലൂടെ ഇത്തിരിദൂരം നടന്നാല്‍ കാട്ടു ചോലക്കരികിലെത്തും.നല്ല തെളിനീരോടെ പതിഞ്ഞൊഴുകുന്ന ആ കുളിര്‍ വെള്ളത്തില്‍ മുഖം കഴുകാതെ..വെള്ളമൊന്നു തട്ടിത്തെറിപ്പിക്കാതെ ഒരിക്കലും ഞങ്ങള്‍ ആ വഴി പോകാറില്ല..ചോലക്കരികില്‍ പീച്ചിക്കയും പാറോത്തുമരവും ഞാവലും പൂവ്വത്തിയും അരിനെല്ലിക്കാമരവും കാട്ടുചെടികളും നിറഞ്ഞ് നില്‍ക്കുന്ന മനോഹരമായ ഒരു കാഴ്ചയായിരുന്നു അവിടെ.
അന്ന് ആ ഭാഗത്തിലൂടെ കുട്ടികള്‍ തനിച്ച് സ്കൂളില്‍ പോവാറില്ലായിരുന്നു.
അഞ്ചാം ക്ലാസ്സിലേക്കായതോടെ ചുറ്റുവട്ടത്തുള്ള പച്ചത്തട്ടവും നീണ്ട കണ്മഷിയുമിട്ട ഹൂറിമാരൊക്കെ ഞങ്ങള്‍ ആണ്‍കുട്ടികളുടെ ഒപ്പമായിരുന്ന് സ്കൂളിലേക്ക് വന്നും പോയുമിരുന്നിരുന്നത്.
ധീരരായ സീ കണ്ണനും ബാപ്പുട്ടിയും അസിയും ഉണ്ണിയുമൊക്കെ നേതൃത്ത്വം കൊടുക്കുന്ന
ആ ഗാങ്ങില്‍ ഞാനുമുണ്ടായിരുന്നു.
----------------------------------------------------------------------------------------------
അങ്ങനെ ഒരു കൂട്ടം സുന്ദരിമാര്‍ക്കൊപ്പം സ്കൂളിലേക്ക് സൊറപറഞ്ഞ് പോകുമ്പോള്‍ അവരുടെ സ്നേഹവും ആദരവും പിടിച്ചു പറ്റാനായി പലരും പല വിക്രിയകളും കാണിക്കുമായിരുന്നു..
മരത്തില്‍ കണ്ണുമിഴിച്ചിരിക്കുന്ന കുരങ്ങനെ കല്ലെറിയുക, നീര്‍ച്ചോലയില്‍ നിന്നും ചേമ്പില്‍ ഇലയില്‍ പരല്‍ മീന്‍ ശേഖരിക്കുക,കാട്ടുമരങ്ങളില്‍ ഊഞ്ഞാലാടി അടുത്ത മരത്തിലേക്ക് ചാടിപ്പിടിക്കുക,ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ കാട്ടുചോല മുറിച്ച് കടക്കുമ്പോള്‍ പെണ്‍കുട്ടികളുടെ പുസ്തകം ചുമക്കുക, കടം കഥകള്‍ക്കുത്തരം പറയുക തുടങ്ങി ഒരു പാടുകാര്യങ്ങളില്‍ ഞങ്ങള്‍ അവരുടെ സ്നേഹാദരവ് നേടാന്‍ മല്‍സരിച്ചിരുന്നു.
----------------------------------------------------------------------------------------------
പക്ഷേ മിടുക്കരായ കൂട്ടുകാര്‍ക്കൊപ്പം എനിക്ക് പിടിച്ച് നിക്കാന്‍ കഴിയാതെ പോയത് മറ്റൊരു കാര്യത്തിലായിരുന്നു.
പെണ്‍കുട്ടികളുടെ മുന്നില്‍ ഹീറോ ആകാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമായിരുന്നു കാടുനിറയെ പൂത്തും കായ്ച്ചും നില്‍ക്കുന്ന ഞൊട്ടങ്ങയും പൂവ്വത്തിയും ഞാവല്‍പ്പഴവും അരിനെല്ലിക്കയും ഒക്കെ ശേഖരിച്ച് അവര്‍ക്ക് സമ്മാനിക്കുക എന്നത്. അതിനാല്‍ അവര്‍ ആ മരങ്ങളിലൊക്കെ വലിഞ്ഞു കയറും. അവരെപ്പോലെ മരത്തിനു മുകളില്‍ കയറാനുള്ള ധൈര്യമില്ലാത്തതിനാല്‍ ഞാനവരുടെ പുസ്തകവും പിടിച്ച് താഴേ വീഴുന്നത് പെറുക്കിയെടുക്കാന്‍ നില്‍ക്കും..
നല്ല പഴുത്ത പഴങ്ങള്‍ അവര്‍ വള്ളിനിക്കറിന്റെ കീശയിലാക്കി താഴേ ഇറങ്ങിവന്ന് ഹൂറികള്‍ക്ക് വിതരണം ചെയ്യും. പലപ്പോഴും എനിക്ക് അവഗണനയാവും കിട്ടുക..അതിന്റെ കെറുവുമായിട്ടായിരിക്കും കുറേ നേരം ഞാന്‍ നടക്കുകയെങ്കിലും സ്കൂളിലെത്തിയാലുള്ള കളികളില്‍ പിന്നെ അതൊക്കെ മറക്കുകയും ചെയ്യും.
----------------------------------------------------------------------------------------------
ആയിടെയാണു ഞങ്ങളുടെ വീടിനടുത്ത് കുന്നിന്‍ ചെരിവിനപ്പുറം ഒരു പുതിയ കുടുംബം താമസത്തിനു വന്നത്..
അവിടെയുള്ള ഫൗസിയ എന്ന സുന്ദരി പെട്ടന്ന് തന്നെ ഞങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റി..അതിനുകാരണം അവളുടെ നല്ല വെളുത്ത് മൊഞ്ചെഴുന്ന രൂപവും പല നിറങ്ങളിലുള്ള തിളങ്ങുന്ന ഫോറിന്‍ കുപ്പായവും എപ്പോഴുമുള്ള അത്തറിന്റെ മണവുമായിരുന്നു.അവളുടെ കയ്യിലാകട്ടെ അക്കം കാണിക്കുന്ന പുത്തന്‍ കറുത്ത വാച്ചുമുണ്ടായിരുന്നു.
അവളുടെ ബാപ്പ ദുബായിലാണു. അതിന്റെ പവറും പത്രാസും അവള്‍ക്കെപ്പോഴുമുണ്ടായിരുന്നു.
അവള്‍ ഞങ്ങളുടെ കൂട്ടത്തിലായിരുന്നു സ്കൂളില്‍ വന്നിരുന്നത്.അതോടെ പഴയ ഹൂറിമാരെ ഞങ്ങള്‍
ശ്രദ്ധിക്കാതെയായി എന്നു മാത്രമല്ല ഫൗസിയയുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ എന്തു സാഹസവും ചെയ്യാന്‍ ഞങ്ങള്‍ മല്‍സരിക്കുകയും ചെയ്തു.
----------------------------------------------------------------------------------------------
പാട്ടു പാടിയും ഓടിക്കളിച്ചുമൊക്കെ അവര്‍ കഴിവ് കാട്ടി അവളുടെ മുന്നില്‍ ആളായപ്പോള്‍ പലപ്പോഴും ഞാന്‍ ഒറ്റപ്പെട്ട് നടന്നു.
എനിക്ക് പാടാനറിയില്ല..മരം കേറി പഴം പറിക്കാനുള്ള ധൈര്യവുമില്ല..
അടിപിടി കൂടാനും വാക്പയറ്റ് നടത്താനും മോശവും..
----------------------------------------------------------------------------------------------
ദിവസങ്ങള്‍ കൊണ്ട് തന്നെ ഫൗസിയ എല്ലാവര്‍ക്കും പ്രിയങ്കരിയായി.
ഹൂറിമാരൊക്കെ അവളുടെ സില്‍ബന്ധികളായി അവള്‍ക്കു ചുറ്റും ഒപ്പമുണ്ടാവും..
പിന്നെ എന്റെ കൂട്ടുകാരും. അവരോടൊക്കെ പ്രിയത്തിലും നയത്തിലും പെരുമാറിയിരുന്ന അവള്‍ പക്ഷേ എന്നെ ശ്രദ്ധിച്ചതേയില്ല.
അങ്ങിനെ എന്നെ ഒറ്റപ്പെടുത്തി നാളുകള്‍ മെല്ലെ കടന്നു പോയിക്കൊണ്ടിരുന്നു.
----------------------------------------------------------------------------------------------
ഞങ്ങളുടെ കൂട്ടത്തില്‍ ബാപ്പുട്ടിയുമായിട്ടായിരുന്നു അവള്‍ക്ക് കൂടുതല്‍ കൂട്ട്.
അവനാകട്ടെ അവളെപ്പോലെ നല്ല വെളുത്തനിറവും എപ്പോഴും കുപ്പായമൊക്കെ ഇസ്തിരിയിട്ട് മോടിയില്‍ നടക്കുന്നവനുമായിരുന്നു.
അതില്‍ പിന്നെ ഞങ്ങള്‍ക്കവനോട് വല്ലാത്ത അസൂയയായി.
അവളവനു സമ്മാനമായി കളര്‍ പെന്‍സിലും തീരാറായ സ്പ്രേയുടെ ഭംഗിയുള്ള കുപ്പിയും
ഒക്കെ കൊടുത്തു. ഒപ്പം ഒരു ദിവസം മക്കയും മദീനയും കാണുന്ന ഒരു ചെറിയ യന്ത്രവും കൂടി കൊണ്ടു വന്നതോടെ അവളുമായി ലോഹ്യം കൂടാന്‍ എല്ലാവര്‍ക്കും തിടുക്കമായി.
----------------------------------------------------------------------------------------------
ഒന്നുരണ്ടു തവണ അവന്റെ കണ്ണുവെട്ടിച്ച് ചില തമാശകളുമായി ഞാന്‍ അവളെ സമീപിച്ചെങ്കിലും
അതൊന്നും അവളുടെ ശ്രദ്ധ തിരിക്കാന്‍ മാത്രം ശക്തമല്ലായിരുന്നു.
അതോടെ അവളുമായി ലോഹ്യം കൂടുക എന്ന ശ്രമകരമായ ദൗത്യത്തില്‍ നിന്നും
ഞാന്‍ പിന്തിരിഞ്ഞു..
----------------------------------------------------------------------------------------------
അങ്ങിനെ ഒരു ദിവസം സ്കൂളില്‍ യുവജനോല്‍സവത്തിനു പേരുകൊടുക്കേണ്‍ട അറിയിപ്പുമായി മാഷ് ക്ലാസ്സില്‍ വന്ന് നോട്ടീസു വായിച്ചു..
ചിത്രരചനക്ക് എല്ലാവര്‍ഷവും സമ്മാനം വാങ്ങുന്നത് ഞാനായിരുന്നു..
സ്റ്റേജിനമല്ലാത്തതിനാല്‍ പക്ഷേ അതിനു പെരുമ കുറവായിരുന്നു.
"ഓ..ഓന്റെയൊരു കുത്തിവര.." എന്നതല്ലാതെ മൊഞ്ചത്തി ഹൂറിമാരൊന്നും മാപ്പിളപാട്ടുകാരെപ്പോലെയോ ഒപ്പനകളിക്കാരെ പോലെയോ ചിത്രകാരനു വലിയ നിലയും വിലയുമൊന്നും നല്‍കിയതുമില്ല.
അങ്ങിനെ കൂട്ടുകാരോടു മൊത്തം ഉള്ളില്‍ കെറുവ് കേറി നില്‍ക്കുമ്പോഴാണു ഞാന്‍ ഞെട്ടിക്കുന്ന മറ്റൊരു വിവരം അറിയുന്നത്..
മൊഞ്ചത്തി ഫൗസിയയും ചിത്ര രചനക്ക് പേര്‍ കൊടുത്തിരിക്കുന്നു..!
അങ്ങനെ എനിക്കൊരു എതിരാളി കൂടിയായി.
----------------------------------------------------------------------------------------------
ചിത്രരചനക്ക് ഞങ്ങള്‍ എട്ടൊന്‍പത് പേര്‍.
അതിലൊരു തരുണീ മണി മൊഞ്ചത്തി ഫൗസിയ മാത്രം.
എന്റെ കയ്യില്‍ ജലച്ചായത്തിനുള്ള പഴയ ഒരു കളര്‍ ബോക്സാണുണ്ടായിരുന്നത്..
അതിലാകട്ടെ അമ്പതു പൈസ വലുപ്പത്തില്‍ ഉണങ്ങിപ്പിടിച്ച് അലങ്കോലമായ ഇത്തിരി കളര്‍കട്ടകളും ഒപ്പം കുറ്റി ചൂലു പോലെ നാരു പോയ ഒരു ബ്രഷും.
തൊട്ടരുകില്‍ ഫൗസിയ അവളുടെ നീല നിറമുള്ള പ്ലാസ്റ്റിക് വയറു കൊണ്ടു നെയ്ത പുസ്തകപ്പെട്ടിയില്‍ നിന്നും മനോഹരമായ കളര്‍ബോക്സ് പുറത്തെടുത്തു.
അതിന്റെ ചന്തം കണ്ട് എന്റെ കണ്ണ് മഞ്ഞളിച്ചു പോയി..!
ചെറിയ മഷിക്കുപ്പിയോളം വരുന്ന കുപ്പികളില്‍ അതിമനോഹരമായ ഒരോ നിറങ്ങളും നിറച്ച് വെച്ചിരിക്കുന്നു.
ഞാനാദ്യമായാണു അത്തരത്തിലുള്ള ഒന്ന് കാണുന്നത്..
അതവളുടെ ബാപ്പ ദുബായില്‍ നിന്നും കൊണ്ട് വന്നതായിരുന്നു.
അവയെല്ലാം അവള്‍ ഇളകിയാടുന്ന ഡെസ്ക്കില്‍ ശ്രദ്ധയോടെ വെച്ചു..
ഒപ്പം നാലഞ്ചു ചെറുതും വലുതുമായ അറ്റം കൂര്‍ത്ത ബ്രഷുകളും..
----------------------------------------------------------------------------------------------
ചുറ്റുമുള്ള കുട്ടികളേയൊക്കെ അവളൊന്നു കണ്ണോടിച്ചു..
ഞാന്‍ എന്റെ പഴകിയ കളര്‍ ബോക്സ് അവള്‍ കാണാതിരിക്കാന്‍ വരക്കാന്‍ തന്ന പേപ്പറിന്റെ അടിയിലേക്ക് ഒളിപ്പിക്കാന്‍ ശ്രമിച്ചു. അത് വെറുതേയായെന്ന് അവളുടെ പുച്ഛം കലര്‍ന്ന നോട്ടം കണ്‍ടപ്പോള്‍ മനസ്സിലായി..
----------------------------------------------------------------------------------------------
എന്നാല്‍ ചിത്രരചന ആരംഭിച്ചതും പതിവു പോലെ എനിക്കു ചുറ്റുമായിരുന്നു മാഷുമാരുടെ നിരന്തര സാമീപ്യം.അതവള്‍ക്കും മനസ്സിലായി. ക്രമേണ ഞാന്‍ വരക്കുന്നതിലായി അവളുടെ ശ്രദ്ധ. മുഴുവന്‍ വരച്ച് കഴിഞ്ഞപ്പോള്‍ അവളടുത്ത് വന്ന് ആകാംക്ഷയോടെ ചിത്രം നോക്കി..
അതു കഴിഞ്ഞ് വല്ലാത്ത ഒരു ഭാവത്തോടെ അവളെന്നേയും നോക്കി.
ആ കണ്ണുകളില്‍ ആദ്യമായി ഒരിഷ്ടത്തിന്റെ മധുരം ഞാന്‍ തിരിച്ചറിഞ്ഞു.
----------------------------------------------------------------------------------------------
തിരികെ വീട്ടിലേക്ക് നടക്കുമ്പോള്‍ അന്ന് അവളുടെ കൂട്ട് ഞാനായിരുന്നു..
മറ്റുള്ളവരെയൊന്നും അവള്‍ ഗൗനിച്ചതേയില്ല..
അവളുടെ ഇഷ്ടക്കാരന്‍ ബാപ്പുട്ടിയെ പോലും.
അവന്റെ ഈര്‍ഷ്യം കലര്‍ന്ന നോട്ടത്തെ ഞാന്‍ ബോധപൂര്‍വ്വം അവഗണിച്ചു..
അങ്ങിനെ മെലിഞ്ഞുണങ്ങി തലമുടി പാറിച്ചു നടന്ന ഈ പയ്യന്‍ അവളുടെ തോഴനായി..
----------------------------------------------------------------------------------------------
എനിക്ക് അന്ന് വല്ലാത്ത സന്തോഷം തോന്നി..
എല്ലാവരേയും ജയിച്ച ഒരു പ്രതീതി.
----------------------------------------------------------------------------------------------
വീടിനടുത്തെത്താറായപ്പോള്‍ അവള്‍ തിരിഞ്ഞു നിന്നു ചോദിച്ചു.
----------------------------------------------------------------------------------------------
"ഇയ്യ് വരച്ച പടങ്ങളൊക്കെ ഇക്ക് തരണം..
എന്നാ അനക്ക് ഞാനൊരു സമ്മാനം തരാം.."
----------------------------------------------------------------------------------------------
എന്താണു സമ്മാനമെന്ന് ചോദിക്കേണ്ടി വന്നില്ല..
----------------------------------------------------------------------------------------------
"എന്റെ ഉപ്പ ദുബായീന്ന് കൊണ്ടു വന്ന ഒരു കളര്‍പ്പെട്ടി കൂടിയുണ്ട്..
ഞാന്‍ ഉമ്മാനോടു ചോദിച്ച് അത് അനക്ക് തരാം..
അനക്കാന്നു പറഞ്ഞാ ഉമ്മ അത് തരേം ചെയ്യും.."
----------------------------------------------------------------------------------------------
ഹൗ! ഒരു കളര്‍പ്പെട്ടി!! അതും ദുബായീന്ന് കൊണ്ടുവന്നത് !!
എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല..
ഒരിക്കലും അതു പോലെയൊന്നു സ്വപ്നം കാണാന്‍ കൂടി എനിക്ക് കഴിയുമായിരുന്നില്ല..
മുമ്പ് വരച്ചു ചിത്രങ്ങളെല്ലാം എടുത്ത് വെച്ച് സന്തോഷത്തോടെയാണു അന്നു രാത്രി ഞാന്‍ കിടന്നുറങ്ങിയത്..
----------------------------------------------------------------------------------------------
പിറ്റേന്ന് പതിവു പോലെ ഞങ്ങള്‍ കുന്നിന്‍ ചെരിവില്‍ അവളുടെ വരവും കാത്ത് നിന്നു..
അവള്‍ ചങ്ങാത്തം കൂടിയതിന്റെ മാത്രമല്ല..അവളുടെ വക ഇന്നൊരു സമ്മാനവുമുണ്ടല്ലോ
എന്ന പത്രാസില്‍ ഞാനും മറ്റുള്ളവര്‍ക്കൊപ്പം കാത്തുനിന്നു..
അവരുടെ മുന്നില്‍ അവളുടെ സമ്മാനത്തിന്റെ ബലത്തില്‍ വിലസുന്നത് മനക്കണ്ണില്‍ കണ്ട് ഞാന്‍ സായൂജ്യമടഞ്ഞു...
----------------------------------------------------------------------------------------------
എന്നാല്‍ പതിവില്‍ കവിഞ്ഞ സമയമായിട്ടും അവള്‍ വന്നില്ല..
അന്വേഷിച്ചു ചെല്ലാനുള്ള നേരവുമില്ല..
അന്ന് അവളില്ലാതെ തന്നെ ഞങ്ങള്‍ സ്കൂളിലേക്ക് പോയി..
----------------------------------------------------------------------------------------------
മറ്റുള്ളവര്‍ക്ക് ആദ്യമൊരു സംസാര വിഷയമായെങ്കിലും പിന്നീടവരത് മറന്നു..
ഞാനാകട്ടെ അവളെന്തുകൊണ്ട് വന്നില്ലെന്ന ചോദ്യത്തിനുത്തരം കാണാതെ വിഷമിക്കുകയും ചെയ്തു..അവളു വന്നില്ലെങ്കിലും ആ സമ്മാനം എങ്ങിനെയെങ്കിലും കിട്ടിയിരുന്നെങ്കില്‍ എന്നാലോചിച്ച് ഞാന്‍ സങ്കടപ്പെട്ടു.
----------------------------------------------------------------------------------------------
ഒന്നു രണ്ടു പിരീയഡ് കഴിഞ്ഞപ്പോള്‍ സ്കൂളില്‍ ആകെ എന്തോ അരുതാത്ത വാര്‍ത്ത പടര്‍ന്നത് പോലെ ഞങ്ങള്‍ക്ക് തോന്നി..
മാഷുമാര്‍ പരസ്പരം കുശുകുശുക്കുകയും എന്തിനോ തയ്യാറെടുക്കുകയും ചെയ്യുന്നു.
എന്താണെന്ന് കുട്ടികള്‍ ഞങ്ങള്‍ക്ക് മനസ്സിലായില്ല..
മാഷുമാരോട് ചോദിക്കാനും പേടി..
ഒടുവില്‍ കുട്ടികളെ എല്ലാം സ്കൂള്‍ മുറ്റത്ത് വരിവരിയായി നിര്‍ത്തി
നിശബ്ദരായി മുന്നോട്ട് നീങ്ങാന്‍ അവര്‍ കല്പ്പിക്കുകയും ചെയ്തു.
----------------------------------------------------------------------------------------------
പുസ്തകങ്ങള്‍ കൂടെയെടുത്തതിനാല്‍ ഇന്ന് അവധിയാണല്ലോ എന്ന സന്തോഷം ഉള്ളിലൊതുക്കി ഞങ്ങളും മെല്ലെ ആ ജാഥയില്‍ മുന്നോട്ട് നീങ്ങി.
ജാഥ നീങ്ങുന്നത് ഞങ്ങളുടെ ഗ്രാമത്തിലേക്കായിരുന്നു..
വനാന്തര ഭാഗവും കാട്ടാറും പൂഴിമണല്‍ ഇടവഴിയും കടന്ന് ഞങ്ങളുടെ വീടിന്റെ പരിസരത്തേക്കാണു ജാഥ നീങ്ങുന്നത്..
----------------------------------------------------------------------------------------------
ആടുമേയ്ക്കുന്ന കുട്ടനും അലവിയും കയ്യില്‍ മേച്ചില്‍ വടിയുമായി ഇടവഴിക്കരികില്‍ നോക്കി നില്‍ക്കുന്നു. അവരെ കണ്ടപ്പോള്‍ വെളുക്കെ ഒന്നു ചിരിച്ചു കൊടുത്തെങ്കിലും അവര്‍ അത് ഗൗനിക്കാതെ മൗനം പൂണ്ട് നില്പ്പ് തുടര്‍ന്നു.
കിണറ്റിന്‍ കരയില്‍ പാത്രം കഴുകുന്ന ഉമ്മമാരും താത്തമാരും ഞങ്ങളുടെ വരവ് കണ്ട് വേലിച്ചെടിക്കരികില്‍ ഏന്തി നോക്കി നിന്നു..
ഒപ്പം പണ്ടാരി അബൂക്കാന്റെ മക്കാനിയില്‍ പേപ്പറു വായിക്കുന്ന കാക്കമാരും വല്ലാത്ത മൗനത്തോടെ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു.
----------------------------------------------------------------------------------------------
എനിക്കെന്തോ പന്തികേടു മണക്കാന്‍ തുടങ്ങി..
ജാഥ മെല്ലെ ഇടവഴിയിലൂടേ കുന്നിന്‍ ചേരിവിലേക്ക് പ്രവേശിക്കുകയാണു..
റബ്ബേ..അവിടെയാണല്ലോ ഫൗസിയായുടെ വീട്..
പുതിയ താമസക്കാരായതിനാല്‍ ഒന്നു രണ്ടു തവണയേ അവിടെ പോയിട്ടുള്ളൂ...
----------------------------------------------------------------------------------------------
കുന്നിന്‍ ചെരിവിലെ പാടയിറമ്പ് ഇറങ്ങിക്കടന്ന് കൈതച്ചെടികള്‍ക്കിടയിലൂടെ രണ്ടടി കൂടെ നടന്നാല്‍ അവളുടെ വീടെത്തി...
ഞാന്‍ ഭയപ്പെട്ട പോലെ ജാഥ അങ്ങോട്ട് തന്നെ..
വീടിനോടടുക്കുന്തോറും അകത്തുനിന്നും തേങ്ങിക്കരച്ചിലുയര്‍ന്നു കേള്‍ക്കുന്നു.
ചിലപ്പോഴത് ദീനരോദനമായി ഉച്ചത്തിലാവുന്നുണ്ട്..
തേങ്ങലുകള്‍ക്കിടയില്‍ വിറങ്ങലിച്ച സ്വരത്തിലുള്ള ഖുര്‍-ആന്‍ പാരായണവും കേള്‍ക്കുന്നുണ്ട്..
----------------------------------------------------------------------------------------------
ഞങ്ങള്‍ വരിയായി അവളുടെ വീടിന്റെ മുറ്റത്തേക്ക് കയറി..
സാരി ചുറ്റി മറച്ച ആ പന്തലിനകത്ത് നിറയെ ആളുകള്‍ മൗനമായിരിക്കുന്നു..
ഒത്ത നടുക്ക് ഒരു മയ്യിത്ത് കട്ടില്‍..
അതിനകത്ത് വെള്ളതുണിയില്‍ പൊതിഞ്ഞ് ഒരു രൂപം..
കുട്ടികള്‍ വരി വരിയായി അതിനടുത്തേക്ക് നീങ്ങി..
ചിലരൊക്കെ അവിടെയെത്തുമ്പോള്‍ തേങ്ങിക്കരയുന്നുണ്ട്...
നിരനിരയായി നീങ്ങി ഞാനും അതിനടുത്തെത്തി..
മുഖം മാത്രം തുറന്നു വെച്ച ആ രൂപം ഒന്നേ നോക്കാന്‍ കഴിഞ്ഞുള്ളൂ...
----------------------------------------------------------------------------------------------
കണ്ണുകളില്‍ അറിയാതെ ഇരുട്ട് കയറിയ പോലെ..
ഉള്ളിലെവിടേയോ ഒരാകാശം ഇടിഞ്ഞ് വീണിരിക്കുന്നു...!
----------------------------------------------------------------------------------------------
"റബ്ബേ..ഇത് ഫൗസിയയാണല്ലോ..!!"
----------------------------------------------------------------------------------------------
-----------------------------------------------------------------------------------------------
----------------------------------------------------------------------------------------------
വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു പ്രവാസത്തിന്റെ ഇടവേളകളിലൊന്നില്‍ ഞാന്‍ പ്രിയ ചങ്ങാതി ബാപ്പുട്ടിയോട് ചോദിച്ചു
"നിനക്കോര്‍മ്മയുണ്ടോ നമ്മുടെ പൗറുകാരി ഫൗസിയയെ..?"
ശൂന്യമായ അവന്റെ നോട്ടത്തില്‍ നിന്നും അങ്ങനെ ഒരാളെ അവന്റെ ഓര്‍മ്മകളിലേക്ക് വലിച്ചിഴച്ച് കൊണ്ടു വരാന്‍ പിന്നെ ഞാനും മെനക്കെട്ടില്ല..
----------------------------------------------------------------------------------------------
വര്‍ണ്ണങ്ങള്‍ ജീവിതത്തിന്റെ ഭാഗവും ഭാഗ്യവും ഭാഗഥേയവും തീര്‍ത്തപ്പോഴും
ചാലിച്ചെടുക്കാന്‍ കഴിയാതെ പോയ നിറക്കൂട്ട് പോലെ എന്റെ പഴയ കൂട്ടുകാരിയുടെ രൂപം..
അവളെനിക്ക് നല്‍കാന്‍ കൊതിച്ച സമ്മാനം..
----------------------------------------------------------------------------------------------
ഓരോ ചിത്രങ്ങള്‍ വര്‍ണ്ണശാലയില്‍ രൂപം കൊള്ളുമ്പോഴും
ഇപ്പോഴും വല്ലാത്ത ഇഷ്ടം കണ്ണിലൊളിപ്പിച്ച ആ നോട്ടം എനിക്ക് പ്രചോദനമാവുന്നുണ്ട്..
ഒപ്പം അവളുടെ കിട്ടാതെ പോയ ആ സമ്മാനവും.
അവളെങ്ങനെ മരിച്ചു പോയി എന്നുള്ളത് കൃത്യമായി ഇന്നുമെനിക്കറിയില്ല..
പിന്നീടറിയാന്‍ ശ്രമിച്ചതുമില്ല..
കാരണം
ചില ഓര്‍മ്മകള്‍ മനസ്സിന്റെ മണിച്ചെപ്പില്‍ നൊമ്പരപൂര്‍വ്വം സൂക്ഷിക്കാനുള്ളതാണു..
എന്നാല്‍ ചിലത് വല്ലപ്പോഴും ഓര്‍ത്തെടുത്ത് നെടുവീര്‍പ്പിടാനും..
ചില രഹസ്യങ്ങള്‍ സ്വപ്നങ്ങളേപ്പോലെയാണു..
വിശദീകരണങ്ങളുടെ വാക്കുകളില്‍ അവയെ കീഴടക്കാനാവില്ല..
ഓര്‍മ്മകളുടെ പുസ്തകത്താളില്‍ നിന്ന് പകര്‍പ്പെടുത്ത് വെക്കാനുമാവില്ല..
കാരണം അവ സത്യത്തില്‍ രഹസ്യങ്ങളല്ല..
മറിച്ച് പങ്കുവെക്കപ്പെടാനാവാത്ത നമ്മുടെ തന്നെ
സ്വപ്നങ്ങളുടെ പാഴ്‌ചാരങ്ങളില്‍
വിരിയുകയും കൊഴിയുകയും പിന്നേയും വിരിയുകയും
ചെയ്യുന്ന അപൂര്‍വ്വ പുഷ്പങ്ങളാണവ..
------------------------------------------------ O -----------------------------------------------
©നൗഷാദ് അകമ്പാടം
ഒരിറ്റ് കണ്ണീര്‍ പൊഴിഞ്ഞുപോയ് ഇത് വായിച്ചു തീര്‍ന്നപ്പോള്‍ .
നൊമ്പരം ഓരോ വരികളിലും
Tuesday, September 21, 2010 at 10:34:00 PM GMT+3
ഇക്കാ...
തേങ്ങ ഉടക്കാന്‍ ഓടി വന്നതാ..
അപ്പോഴേക്കും ചെറുവാടി കയറി ഉടച്ചു..
സാരമില്ല..എന്തായാലും കൊണ്ടു വന്നതല്ലേ..
ഉടച്ചേക്കാം...
മനസ്സിനു വല്ലാത്ത നീറ്റല്‍..
ഫൌസിയ മനസ്സില്‍ തങ്ങി നില്‍ക്കുന്നു..
ഇതുപോലെ എനിക്കും ഉണ്ടായിരുന്നു ഒരു കൂട്ടുകാരന്‍
അവന് ദാ ഇവിടെയുണ്ട്...
Tuesday, September 21, 2010 at 10:59:00 PM GMT+3
ചില രഹസ്യങ്ങള്‍ സ്വപ്നങ്ങളേപ്പോലെയാണു..
വിശദീകരണങ്ങളുടെ വാക്കുകളില്‍ അവയെ കീഴടക്കാനാവില്ല..
ഓര്‍മ്മകളുടെ പുസ്തകത്താളില്‍ നിന്ന് പകര്‍പ്പെടുത്ത് വെക്കാനുമാവില്ല..
കാരണം അവ സത്യത്തില്‍ രഹസ്യങ്ങളല്ല..
മറിച്ച് പങ്കുവെക്കപ്പെടാനാവാത്ത നമ്മുടെ തന്നെ
സ്വപ്നങ്ങളുടെ പാഴ്‌ചാരങ്ങളില്‍
വിരിയുകയും കൊഴിയുകയും പിന്നേയും വിരിയുകയും
ചെയ്യുന്ന അപൂര്‍വ്വ പുഷ്പങ്ങളാണവ
വളരെ നന്നായിട്ടുണ്ട് ...വായിച്ചു വായിച്ചു പഴയ ഓര്‍മകളിലേക്ക് പോയി ..ഒരുപാട് വേദനിക്കുകയും ചെയ്തു .
Tuesday, September 21, 2010 at 11:39:00 PM GMT+3
മാനം കാണാന്‍ കൊതിച്ചിരുന്ന മറോലമൂടിയ ഒരു കൊച്ചു മയില്‍പ്പീലീ തുണ്ട് മനസ്സില്‍ നിന്നും പൊടിത്തട്ടിയെടുത്ത് ഞങ്ങള്‍ക്കു നേരെ നീട്ടിയപ്പോള്‍ പകരം തരാന്‍ ഒരു നെടുവീര്‍പ്പുമാത്രം.
ബാല്യകാല സ്മരണങ്ങള്‍ വായിക്കാന്‍ നല്ല രസമുണ്ട്. പെട്ടെന്ന് ഞാനൊരു കുട്ടിയായ പോലെ തോന്നി. പക്ഷേ മൊഞ്ചത്തി ഫൗസിയ മനസ്സില്‍ നൊമ്പരമുണ്ടാക്കി. എങ്ങിനെയാണ് മരിച്ചത് എന്ന് പറഞ്ഞില്ലല്ലോ? തലേദിവസം വരെ ഒരു കുഴപ്പവുമില്ലായിരുന്നല്ലോ? വായിച്ചു തീര്‍ന്നപ്പോള്‍ സ്വന്തം കളികൂട്ടുകാരിയെ നഷ്ടപ്പെട്ട പോലെയുള്ള ഒരു വിഷമമാണ് തോന്നുന്നത്.
ചിത്രം നന്നായിട്ടുണ്ട്. ചിത്രകാരന് അഭിനന്ദങ്ങള്‍.
Wednesday, September 22, 2010 at 12:06:00 AM GMT+3
ഹൃദയത്തിന്റെ ഭാഷയില്‍ താങ്കള്‍ എഴുതുമ്പോള്‍ എന്താണ് കമന്റ് പറയുക! ഇത് വായിച്ച് കഴിയുമ്പോള്‍ അറിയാതെവന്ന ഒരു നിശ്വാസവും, ഒരിറ്റ് നൊമ്പരവും.
Wednesday, September 22, 2010 at 12:13:00 AM GMT+3
എന്നെന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഓർമ്മകൾ പുറം ലോകത്തേക്ക് കടക്കുന്നത് ഈ ബ്ലോഗ് വഴിയാണല്ലൊ, ഒരിറ്റ് കണ്ണുനീർ.
Wednesday, September 22, 2010 at 4:41:00 AM GMT+3
പോസ്റ്റ് നന്നായി
Wednesday, September 22, 2010 at 5:02:00 AM GMT+3
kannil neriya nanavu padarnnu..
best wishes
Wednesday, September 22, 2010 at 7:27:00 AM GMT+3
സ്നേഹം നൽകുന്ന കണ്ണീർ, കണ്ണീർ പൊഴിക്കുന്ന സ്നേഹം. അല്ല മനസ്സ് ഒരു ഖനിയാണെങ്കിൽ അതിന്റെ ആഴത്തിൽ സ്നേഹവും കണ്ണീരും ഏതുരൂപത്തിലാവും കലർന്നിരിക്കുക. ഹൃദയം കൊണ്ടു വായിച്ചു.
Wednesday, September 22, 2010 at 8:19:00 AM GMT+3
ആ കൊച്ചു ഹൃദയത്തിന്റെ നോവ് ഞങ്ങള്‍ക്കും അനുഭവപ്പെട്ടു..
Wednesday, September 22, 2010 at 9:18:00 AM GMT+3
അകാലത്തില്‍ ജീവിതത്തില്‍ നിന്ന് വിടവാങ്ങിയ ഫൌസിയ വായനക്കാരുടെ മനസ്സിലും നൊമ്പരമാകുന്നത് നൌഷാദിന്റെ അവതരണത്തിലെ മികവു കൊണ്ടാണ്. ഹൃദയസ്പര്‍ശിയായ ഈ എഴുത്തിലെ അവസാന വരികളില്‍ ഒരു തുള്ളി കണ്ണുനീര്‍ ഞാനും ഫൌസിയയുടെ ഓര്‍മകള്‍ക്ക് മുമ്പില്‍ അറിയാതെ സമര്‍പ്പിച്ചു പോയി, അവള്‍ എന്റെ ആരും അല്ലാതിരുന്നിട്ടുകൂടി. മികച്ച രചനാവൈഭവത്തെ അഭിനന്ദിക്കുന്നു.
Wednesday, September 22, 2010 at 9:22:00 AM GMT+3
parayan vakkukal illa ariyathe kannu niranjupoyi..
Wednesday, September 22, 2010 at 10:21:00 AM GMT+3
parayan vakkukal illa ariyathe kannu niranjupoyi..
Wednesday, September 22, 2010 at 10:23:00 AM GMT+3
നൌഷാദീന്‍റെ പോസ്റ്റുകള് ചിരിക്ക് വകയുള്ളത് കൂടുതല്‍ ഉള്ളത് കൊണ്ട് “മൊഞ്ചത്തി” ഈന്നൊക്കെ കണ്ടപ്പോള്‍ ഒരു തമാശയാവും എന്നു കരുതിയാണ് വായന തുടങ്ങിയത്.. പക്ഷെ മൊഞ്ചത്തി ഫൌസിയ മനസ്സില്‍ വല്ലാത്ത ഒരു നൊമ്പരമുണര്‍ത്തി.
Wednesday, September 22, 2010 at 10:24:00 AM GMT+3
ഒരു നൊമ്പരമായി കഥ , അല്ല ജീവിതം ..........
Wednesday, September 22, 2010 at 10:24:00 AM GMT+3
parayan vakkukal illa ariyathe kannu niranjupoyi..
Wednesday, September 22, 2010 at 10:25:00 AM GMT+3
സ്വപ്നതുല്യ മായ ഒരനുഭവത്തിന്റെ തീക്ഷ്ണതയില്‍ ഹൃദയത്തില്‍ നിന്നും ഉതിര്‍ന്നുവീണ വരികള്‍, ഹൃദയം കൊണ്ട് തന്നെ വായിച്ചു......സസ്നേഹം
Wednesday, September 22, 2010 at 11:00:00 AM GMT+3
വല്ലാത്തൊരു നോവ്.!
Wednesday, September 22, 2010 at 11:09:00 AM GMT+3
നൊമ്പരപൂക്കള്‍
Wednesday, September 22, 2010 at 11:17:00 AM GMT+3
"എനിക്ക് പാടാനറിയില്ല..മരം കേറി പഴം പറിക്കാനുള്ള ധൈര്യവുമില്ല..
അടിപിടി കൂടാനും വാക്പയറ്റ് നടത്താനും മോശവും.."ഈ വാചകം ഒരു നുണയല്ലേ,താങ്കളെ സംബന്ധിച്ച് ..ഇപ്പോള്‍ ഇതിലെല്ലാം അഗ്രഗണ്യന്‍ ആകും മല്ലോ ..പ്രത്യേകിച്ച് വാക്പയറ്റ് നടത്താന്‍ ..:)
"തിരികെ വീട്ടിലേക്ക് നടക്കുമ്പോള്‍ അന്ന് അവളുടെ കൂട്ട് ഞാനായിരുന്നു..
മറ്റുള്ളവരെയൊന്നും അവള്‍ ഗൗനിച്ചതേയില്ല..
അവളുടെ ഇഷ്ടക്കാരന്‍ ബാപ്പുട്ടിയെ പോലും."-ഇതാണ് പെണ്‍കുട്ടികള്‍ ...:)
"അവളു വന്നില്ലെങ്കിലും ആ സമ്മാനം എങ്ങിനെയെങ്കിലും കിട്ടിയിരുന്നെങ്കില്‍ എന്നാലോചിച്ച് ഞാന്‍ സങ്കടപ്പെട്ടു."-ഇതാണ് ആണ്‍കുട്ടികള്‍ ...:D
"ചാലിച്ചെടുക്കാന്‍ കഴിയാതെ പോയ നിറക്കൂട്ട് പോലെ എന്റെ പഴയ കൂട്ടുകാരിയുടെ രൂപം..
അവളെനിക്ക് നല്‍കാന്‍ കൊതിച്ച സമ്മാനം..
ഓരോ ചിത്രങ്ങള്‍ വര്‍ണ്ണശാലയില്‍ രൂപം കൊള്ളുമ്പോഴും
ഇപ്പോഴും വല്ലാത്ത ഇഷ്ടം കണ്ണിലൊളിപ്പിച്ച ആ നോട്ടം എനിക്ക് പ്രചോദനമാവുന്നുണ്ട്..
ഒപ്പം അവളുടെ കിട്ടാതെ പോയ ആ സമ്മാനവും."
സത്യം പറഞ്ഞാ ഹംസ പറഞ്ഞ പോലെ ഞാനും കരുതി ഇതില്‍ വല്ലാത്തൊരു നര്‍മം ഉണ്ട് എന്ന് ...പണ്ട് നടന്ന വല്ല അമളിയോ മറ്റോ ..അങ്ങിനെയാ ഞാന്‍ വായിക്കുമ്പോള്‍ തന്നെ ഇടയ്ക്കു മുകളിലെ സെന്റെന്‍സില്‍ അങ്ങിനെ ഓരോ കമന്റു ചേര്‍ത്തു തയ്യാറാക്കി കൊണ്ട് വന്നത് ..ഇത് ഇപ്പോള്‍ അവസാനം ഫൌസിയ ...അതും കാരണം പോലും അറിയാതെ ...
ഒന്നറിയാം ആ കുട്ടി സ്വര്‍ഗത്തില്‍ തന്നെ കാണും ,ഇന്ഷ അല്ലഹ്...പ്രാര്‍ഥിക്കാം ആ കുട്ടിക്കായി ...കാരണങ്ങള്‍ പറയാതെ ഒരു നൊമ്പരം മാത്രം ബാക്കി വെച്ച് പൊടുന്നനെ മരണത്തെ വരിച്ച ആ മൊഞ്ചത്തി ഫൌസിയക്ക് വേണ്ടി നമ്മള്‍ക്ക് പ്രാര്‍ഥിക്കാം ...
ഓര്‍മ്മകള്‍
മരിച്ചിരുന്നെങ്കില്‍
വിതുംബാമായിരുന്നു.
മറന്നിരുന്നെങ്കില്‍
ഓര്‍മ്മകളില്‍ നിന്നെ
തിരയാമായിരുന്നു.
മരിക്കാത്ത ഓര്‍മ്മകളെ പേറി
ഞാനെന്തു ചെയ്യും ?
അവയേറ്റു വാങ്ങിയ എന്നെ
ഞാന്‍ എവിടെ കൊണ്ട് -
ദഹിപ്പിക്കും?
മരിച്ചിട്ടും ജീവിക്കുന്ന
സത്യങ്ങളെ ഞാന്‍
എവിടെ കൊണ്ട്
അടക്കം ചെയ്യും ??
ഏതു പുണ്യ തീരത്തു
കൊണ്ടൊഴുക്കും
എന്നിലെ ഒരു പിടി
ചാരങ്ങളെ -
നിന്നില്‍ നിന്ന്
മോക്ഷം നേടാന്‍ ?
Wednesday, September 22, 2010 at 11:22:00 AM GMT+3
ചില വേര്‍പാടുകള്‍ അങ്ങിനെയാണ് കാലത്തിനു പോലും ഉണക്കാന്‍ കഴിയാത്ത മുറിപ്പാടുകള്‍ അവശേഷിപ്പിച്ചു കൊണ്ട് അവ നമ്മുടെ ഓര്‍മ്മകളില്‍ എന്നും ഒരു നീറ്റലായി അവശേഷിക്കും.
ഫൗസിയയുടെ കഥ വേദനയോടെ വായിച്ചു. നൌഷാദിന്റെ എഴുത്ത് ആ വേദന അനുവാചകരില്‍ എത്തിക്കുന്നതില്‍ വിജയിച്ചു.
Wednesday, September 22, 2010 at 11:24:00 AM GMT+3
നോവിക്കുന്ന കഥ
Wednesday, September 22, 2010 at 11:28:00 AM GMT+3
ഇക്കാടെ പോസ്റ്റ് ആയതുകൊണ്ട് മനസ്സ് തുറന്നു ചിരിക്കാം എന്ന് കരുതി വന്നതാ...പക്ഷെ ഒരു ചെറു നൊമ്പരം മാത്രം ബാക്കിവെച്ച ഈ പോസ്റ്റ് ചെറുതായി വേദനിപ്പിച്ചു.
Wednesday, September 22, 2010 at 6:12:00 PM GMT+3
നല്ല മൊഞ്ചോടെ തന്നെ ,നാടൻ ഭാഷയുടെ പഞ്ചിൽക്കൂടി ഈ മൊഞ്ചത്തിയെ അവതരിപ്പിച്ചിരിക്കുന്നൂ...കേട്ടൊ ഭായ്
അടുത്തുതന്നെ ‘ബിലാത്തി മലയാളി’ പത്രികയിൽ ഈ കഥ പ്രസിദ്ധീകരിക്കാനുള്ള അനുമതി ആയതിന്റെ പത്രാധിപർ അലക്സ്ഭായ് താങ്കളെ ബന്ധപ്പെടുമ്പോൾ കൊടുക്കുമല്ലോ
Wednesday, September 22, 2010 at 6:19:00 PM GMT+3
now no time.
i will come after...
Wednesday, September 22, 2010 at 7:10:00 PM GMT+3
രചയിതാവിന്റെ ആത്മനൊമ്പരങ്ങളെ അനുവാചകന്റെ നൊമ്പരമാക്കി മാറ്റുമ്പോള്‍ സൃഷ്ടി മനോഹരമാകുന്നു . സൃഷ്ടാവ് സായൂജ്യതയുടെ മടിത്തട്ടിലിരുന്നു മന്ദഹസിക്കുന്നു .ഈ സൃഷ്ടിയില്‍ അത് സംഭവിച്ചിരിക്കുന്നു . ആ മന്ദഹാസം ഞാന്‍ കാണുന്നു . അഭിനന്ദനങ്ങള്‍
Wednesday, September 22, 2010 at 7:43:00 PM GMT+3
ഒരു നോവ് പടര്‍ത്തി നൌഷാദേ..
Wednesday, September 22, 2010 at 7:50:00 PM GMT+3
എന്തരു അവതരണാ ഇത്! ശരിക്കും കരയിച്ചല്ലോ മാഷേ. മോഞ്ചെത്തി ഫൌസിയ എന്നൊക്കെ മെയിലില്‍ കണ്ടപ്പോ വായിക്കാന്‍ പറ്റാത്തതാകുമോ എന്ന് സംശയിച്ചാ വന്നെ. ഇവിടെയെത്തിയപ്പോള്‍ വായിച്ചു സന്കടായി. നന്നായി കേട്ടോ.
Wednesday, September 22, 2010 at 10:23:00 PM GMT+3
വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സിനുണ്ടായ വിതുമ്പല്‍, ഹൃദയ സ്പര്‍ശിയായ അവതരണത്തിലൂടെ നൊമ്പരങ്ങളെ വായനക്കാരില്‍ എത്തിക്കുന്നതില്‍ വിജയിച്ച പ്രിയ നൌഷാദിന് അഭിനന്ദനം, ഒപ്പം ഒരിറ്റു കണ്ണീരും,
Wednesday, September 22, 2010 at 10:26:00 PM GMT+3
നൌഷാദ് ഇക്കാ...
വല്ലാണ്ട് ഫീല്‍ ചെയ്തു...
എവിടെയോ ഒരു നീട്ടല്‍...
ഹൃദയത്തില്‍ തട്ടി എഴുതിയത് കൊണ്ടാകും...
Wednesday, September 22, 2010 at 10:34:00 PM GMT+3
ഫൌസിയയുടെ കഥ ഇന്നലെ വായിച്ചിരുന്നു...
ആദ്യ കമന്‍റും എഴുതാമായിരുന്നു.
പക്ഷെ മനസ്സില്‍ വല്ലാത്തൊരു വിങ്ങല്‍. മൂടിക്കെട്ടി നിന്ന ഓര്‍മ്മകള്‍ തിമിര്‍ത്തു പെയ്തപ്പോള്‍ ഓത്തുപള്ളിയില്‍ പഠിക്കുന്ന കാലത്തെ ചിത്രങ്ങളും തെളിഞ്ഞുവന്നു. എന്‍റെ പ്രിയ സുഹൃത്തായ അബ്ദുവിന്‍റെ കുഞ്ഞുപെങ്ങളെ അവന്‍ ഞങ്ങളെക്കൊണ്ട് കളിയാക്കി അവളുടെ ഇരട്ടപ്പേര് വിളിപ്പിക്കുമായിരുന്നു... ഉരുളയ്ക്കുപ്പേരി പോലെ മറുപടി കിട്ടിയിട്ടും ബാല്യത്തിന്‍റെ വകതിരിവില്ലായ്മ കൊണ്ട് അതു തുടര്‍ന്നു. ഇടയ്ക്കെപ്പോഴോ അവളെ മദ്രസയില്‍ കാണാതായി. പിന്നെ അബ്ദു വരാത്ത ഒരു ദിവസം ഉസ്താദിന്‍റെ പിന്നാലെ വരിവരിയായി പോയത് അവളുടെ വെള്ളത്തുണിയില്‍ പൊതിഞ്ഞ അവളുടെ കുഞ്ഞുശരീരം കാണാനായിരുന്നു.
ഒരിക്കലും മായാതെ നിന്ന എന്‍റെ പ്രിയ സ്നേഹിതന്റെ ഓര്‍മ്മകള്‍ ഇവിടെ ഒരിക്കല്‍ എഴുതിവെച്ചു.
Wednesday, September 22, 2010 at 11:26:00 PM GMT+3
manassil thattiya vakkukal.......
Thursday, September 23, 2010 at 5:33:00 AM GMT+3
മനസ്സിനു വല്ലാത്ത നീറ്റല്‍..
Thursday, September 23, 2010 at 11:58:00 AM GMT+3
മൊഞ്ചത്തിക്ക് ഒരു തുള്ളി കണ്ണീർ.......
Sunday, September 26, 2010 at 10:49:00 AM GMT+3
അതി സൂക്ഷമമായ അവതരണം. അതി മനോഹരം .....
Wednesday, September 29, 2010 at 12:30:00 PM GMT+3
touching............
Wednesday, September 29, 2010 at 1:31:00 PM GMT+3
നൊമ്പരങ്ങള്‍
Wednesday, October 13, 2010 at 11:59:00 AM GMT+3
പ്രിയ സുഹ്രത്തെ നന്നായിരിക്കുന്നു
കണ്ണ്നനയിച്ചു
നന്ദി
Saturday, October 16, 2010 at 10:38:00 AM GMT+3
നെഞ്ചകത്ത് ഒരു വിങ്ങൽ...ഒരു പിടച്ചിൽ.... താങ്കൾക്ക് കിട്ടാതെപോയ സമ്മാനം മറക്കാത്ത ഒരോർമ്മയായി, മരിക്കാത്ത ഒരു സ്വപ്നമായി, നിലയ്ക്കാത്ത പ്രചോദനമായി ഭവിച്ചുവല്ലോ... നന്നായെഴുതി. ആത്മാവിനെ അർപ്പിച്ചെഴുതുന്നത് നന്നാവാതിരിക്കുന്നതെങ്ങനെ..!
Monday, October 18, 2010 at 6:09:00 PM GMT+3
സത്യമായും കരഞ്ഞുപോയിട്ടോ
അതിനു മറ്റൊരു കാരണം കൂടി ഉണ്ട്
ഇതിലെ പല കാര്യങ്ങള്‍ക്കും
ജീവിതത്തില്‍ ഞാന്‍ സാക്ഷി ആയിട്ടുണ്ട്
എന്തായാലും വളരെ നന്നായി ................
Thursday, October 21, 2010 at 11:02:00 AM GMT+3
നെഞ്ചു പൊടിഞ്ഞു പോയി വായിച്ചിട്ട്..
കാട്ടിലൂടെ നടന്നു പഠിക്കാന്‍ പോയ പോലത്തെ ഓര്‍മ്മകള്‍ ഒക്കെ എനിക്കും ഉണ്ട്.. കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ അതേ ഇടവഴിയിലൂടെ ഒന്ന് നടന്നും നോക്കി..
നല്ല എഴുത്തും വരയും.. ഇനി സ്ഥിരമായി ഞാന്‍ ഇവിടൊക്കെ തന്നെ ഉണ്ടാവും..
Sunday, October 24, 2010 at 5:10:00 PM GMT+3
എന്നാലും ഫൌസിയക്ക് എന്ത് പറ്റിയത് ആയിരുന്നു എന്ന് ഒന്ന്
തിരക്കമായിരുന്നില്ലേ?കുറെ കഴിഞ്ഞെങ്കിലും....തോന്നിയില്ല എന്ന് പറഞ്ഞു.
എന്നിട്ടും മനസ്സിനെ, നൌഷാദിന്റെ നൊമ്പരം പോലെ തന്നെ ആ ചോദ്യം
വിമ്മിഷ്ടപപെടുത്തുന്നു.
Tuesday, October 26, 2010 at 8:30:00 AM GMT+3
ശരിക്കും ഹൃദയ സ്പര്‍ശിയായ അനുഭവവും, മികച്ച അവതരണവും .
അഭിനന്ദനങ്ങള്‍
Monday, November 1, 2010 at 11:41:00 AM GMT+3
വല്ലാത്ത കുത്തിവര, ഈ വരയിലെ കുത്ത് ഞാനും പങ്കു ചേരുന്നു
സ്നേഹാശംസകള്‍
Sunday, March 20, 2011 at 10:40:00 AM GMT+3
ചെറുപ്പത്തില്‍ എനിക്ക് നഷ്ടപ്പെട്ട എന്റെ ഒരു സഹോദരനെ ഓര്മ വന്നു .ഒന്നും അറിയാത്ത പ്രായത്തില്‍ അവട്നെ മയ്യിത്ത് വീട്ടില്‍ കൊണ്ട് വന്നപ്പോള്‍ ഞാനനുഭവിച്ച നൊമ്പരം.. വീണ്ടും കണ്ണുകളെ നനയിച്ചു ഈ നോട്ടു. ഇക്ക ഹൃദയം നിറഞ്ഞ ആശംസകള്‍ ഈ വരികള്‍ക്ക്..
Sunday, March 20, 2011 at 11:19:00 AM GMT+3
നന്നായി അവതരിപ്പിച്ചു എന്ന് എഴുതുമ്പോള്‍ മനസ്സിനുള്ളില്‍ ഒരു തേങ്ങല്‍ ബാക്കിയാകുന്നു..
ആ മൊഞ്ചത്തിക്ക് ഒരിറ്റു കണ്ണുനീര്‍ ...മികച്ച എഴുത്ത് ...
ആശംസകള്‍ ....
Sunday, March 20, 2011 at 12:41:00 PM GMT+3
ഞാന്‍ വായിച്ച ഒരു പോസ്റ്റിന് ആദ്യമായി കമന്റ് ഇടാന്‍ കഴിയാത്തത് ഇവിടെയാണ്. വല്ലാതെ നൊമ്പരപ്പെടുത്തി ആ മരണം.
ആശംസകള്‍...
Sunday, March 20, 2011 at 3:56:00 PM GMT+3
"എന്റെ കയ്യില്‍ ജലച്ചായത്തിനുള്ള പഴയ ഒരു കളര്‍ ബോക്സാണുണ്ടായിരുന്നത്..
അതിലാകട്ടെ അമ്പതു പൈസ വലുപ്പത്തില്‍ ഉണങ്ങിപ്പിടിച്ച് അലങ്കോലമായ ഇത്തിരി കളര്‍കട്ടകളും ഒപ്പം കുറ്റി ചൂലു പോലെ നാരു പോയ ഒരു ബ്രഷും"
എനിക്കും ഉണ്ടായിരുന്നു ഇത് പോലെ ഒരു കളര്‍ പെട്ടിയും... ഇതേ പോലെ ഒരനുഭവവും... ഇടയ്ക്കു എപ്പോഴോ ഈ അനുഭവം ഞാന്‍ ഭാര്യ യോട് പറഞ്ഞിരുന്നു..
അത് ഓര്‍ത്ത് ആണെന്ന് തോന്നുന്നു ... അവള്‍ ഈ കഥ വായിച്ചിട്ട് എനിക്ക് ലിങ്ക് അയച്ചു തന്നത്..
വളരെ നന്നായിട്ടുണ്ട്.. മനസിലുള്ള കുറെ മുഹൂര്‍ത്തങ്ങള്‍... നിങ്ങളുടെ കഥയിലൂടെ വായിക്കാന്‍ കഴിഞ്ഞതില്‍... സന്തോഷം പറഞ്ഞറിയിക്കാന്‍ ആവുന്നില്ല...
Monday, May 9, 2011 at 6:50:00 AM GMT+3
Noushad you are really great, and i feel proud that you are my old student. i know you are very good in writing but after reading this i can tell that you can write like anything, pl write more and more , do well, with best wishes-- hakkim
Saturday, June 4, 2011 at 6:24:00 PM GMT+3
ആ മൊഞ്ചത്തി ഫൌസിയയെ കുറിച്ചോര്‍ക്കുമ്പോള്‍ വായനക്കാരുടെ മനസ്സിലും വല്ലാത്തൊരു വിങ്ങല്‍ ഉണ്ടാകുന്നു.. ഇത് ഒരനുഭവക്കുറിപ്പ് എന്ന നന്നായി അവതരിപ്പിച്ചു. ഇതുപോലെ വേദനിപ്പിച്ച ഒരനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് എന്റെ സ്കൂള്‍ ജീവിതത്തില്‍.. :(
Monday, June 6, 2011 at 9:20:00 AM GMT+3
nalla ezhuththu. congrajs.
Monday, June 6, 2011 at 9:40:00 AM GMT+3
മനസ്സിനെ ഇത്രയധികം സ്പർശിച്ച ഒരു അനുഭവകഥ ഞാൻ വായിച്ചിട്ടില്ല.. വളരെ വളരെ നന്നായിരിക്കുന്നു. വീണ്ടും ഇതി്ന്റെ ലിങ്ക് ഫെയ്സ്ബുക്കിൽ പോസ്റ്റാൻ താങ്കളെ കൊണ്ട് തോന്നിപ്പിച്ച താങ്കളുടെ പ്രിയപ്പെട്ട സാറിനും നന്ദി അറിയിക്കുന്നു.
Monday, June 6, 2011 at 9:42:00 AM GMT+3
നല്ല ഒരു വായനാനുഭവം.... ഭാവുഗങ്ങള്‍
Monday, June 6, 2011 at 9:59:00 AM GMT+3
എനിക്കൊന്നും പറയുവാന്‍ വാക്കുകള്‍ കിട്ടുന്നില്ല ഭായ്...ശരിക്കും ഒരു വല്ലാത്ത ഫീലിലാണു ഞാന്‍....നൊമ്പരമുണര്‍ത്തുന്ന ഓര്‍മ്മക്കൂട്ട്
Monday, June 6, 2011 at 10:02:00 AM GMT+3
"സ്വപ്നങ്ങളുടെ പാഴ്‌ചാരങ്ങളില്‍ വിരിയുകയും കൊഴിയുകയും പിന്നേയും വിരിയുകയും ചെയ്യുന്ന അപൂര്‍വ്വ പുഷ്പങ്ങളാണ് ഓര്‍മ്മകള്‍..."
മനസ്സിന്റെ ഉള്ളില്‍ തട്ടിച്ചൊരു കഥ.. ഒരുപാടിഷ്ടമായി...
Monday, June 6, 2011 at 10:19:00 AM GMT+3
അവസാനം വളരെ വേധനയോടെയാണ് വായിച്ച് തിര്‍ത്തത്........
ഇത്തരം അനുഭവങ്ങള്‍ വായിക്കുമ്പോള്‍ വല്ലാത്തൊരു പ്രയാസമാണ്... താങ്കളുടെ എഴുത്ത് വളരെ ന്നന്നായി എന്ന് പറയാത്തിരിക്കാന്‍ വയ്യ
Monday, June 6, 2011 at 10:32:00 AM GMT+3
nannaayi feel cheythu ..nalla ezhuthu .
Monday, June 6, 2011 at 10:44:00 AM GMT+3
ഇന്നാണ് വായിച്ചത്.
വയനാ സുഖത്തോടൊപ്പം ഒരു കൂട്ട് നൊമ്പരം...!!!
Monday, June 6, 2011 at 12:19:00 PM GMT+3
ചില ഓര്‍മ്മകള്‍ മനസ്സിന്റെ മണിച്ചെപ്പില്‍ നൊമ്പരപൂര്‍വ്വം സൂക്ഷിക്കാനുള്ളതാണു..
എന്നാല്‍ ചിലത് വല്ലപ്പോഴും ഓര്‍ത്തെടുത്ത് നെടുവീര്‍പ്പിടാനും..
Monday, June 6, 2011 at 12:24:00 PM GMT+3
"മാഷുമാര്‍ പരസ്പരം കുശുകുശുക്കുകയും എന്തിനോ തയ്യാറെടുക്കുകയും ചെയ്യുന്നു.
എന്താണെന്ന് കുട്ടികള്‍ ഞങ്ങള്‍ക്ക് മനസ്സിലായില്ല..
മാഷുമാരോട് ചോദിക്കാനും പേടി..
ഒടുവില്‍ കുട്ടികളെ എല്ലാം സ്കൂള്‍ മുറ്റത്ത് വരിവരിയായി നിര്‍ത്തി
നിശബ്ദരായി മുന്നോട്ട് നീങ്ങാന്‍ അവര്‍ കല്പ്പിക്കുകയും ചെയ്തു."
സ്കൂള്‍ അസംബ്ലി കൂടി വിവരങ്ങള്‍ അറിയിച്ചതിനു ശേഷം ഒരു കറുത്ത ഷീലയുടെ കഷ്ണം കീശയുടെ മുകളില്‍ കുത്തിയയിരിക്കണം നിശബ്ദരായി മുന്നോട്ട് നീങ്ങാന്‍ കല്‍പ്പിച്ചത് .
എന്നാലും ഹ്രദയവേദന നന്നായി അവതരിപ്പിച്ചു.
Monday, June 6, 2011 at 2:05:00 PM GMT+3
മുന്‍പെന്നോ വായിച്ചിരുന്നു...
ഇപ്പൊ ഒന്നുകൂടി വായിച്ചു
മൊഞ്ചത്തി ഫൌസിയ നൊമ്പരമാകുമ്പോള്‍
thaankalude avatharanam മനോഹരമാകുന്നു
Monday, June 6, 2011 at 9:20:00 PM GMT+3
ഇക്കഴിഞ്ഞ ദിവസവും ഇത് വായിക്കാന്‍ ശ്രമിച്ചിരുന്നു. എന്തോ, പൂര്‍ത്തിയാക്കാന്‍ കഴിയാതെ തിരിച്ചു പോകും.
Monday, June 6, 2011 at 10:23:00 PM GMT+3
നൌഷാദിക്ക കുത്തി വരച്ചത് എന്റെ ഹൃദയത്തിലാണ്.
ഇനി ഒരു തവണ കൂടി ഇത് വായിക്കാന്‍ എനിക്കാവില്ല..
Tuesday, June 7, 2011 at 7:05:00 AM GMT+3
നൗഷാദ് ഭായ്,,,, നല്ല അവതരണം,,, വായിച്ചു കഴിഞ്ഞപ്പോള്‍,,, എന്തോ,,, വേര്‍പ്പാടിന്‍റെ ഒരു നോവ്,, വല്ലാതെയനുഭവപെട്ടു,,,,
Tuesday, June 7, 2011 at 8:33:00 AM GMT+3
വല്ലാതെ ഫീല്‍ ആയിപ്പോയി...
ഹൃദയത്തില്‍ തട്ടിയ അവതരണം !!!
Tuesday, June 7, 2011 at 10:01:00 AM GMT+3
സുഹറ എന്തായൈരുന്നു പറയാന്‍ വന്നത്?
ഓര്‍ക്കുമ്പോള്‍ ഇപ്പോഴും വിഷമിപ്പികുന്ന ഒരു ചോദ്യമാണ്.
അതുപോലെ ഇപ്പോ ഫൗസിയയും.
ചില ഓര്‍മ്മകള്‍ അങ്ങനൊക്കെയാണ്.
Tuesday, June 7, 2011 at 7:11:00 PM GMT+3
നന്നായി എഴുതി. ദൃശ്യമനോഹാരിത വരികളില്‍ ആവാഹിച്ചത് അതിമനോഹരം..
Friday, June 10, 2011 at 9:58:00 AM GMT+3
ഇക്ക മോഞ്ഞതി മനസ്സില്‍ നിന്നും പോണില്ല....വളരെ ഇഷ്ടമായി...എനിക്കുമുണ്ടാരോ കഥ....ഒരു മോഞ്ഞതീടെ കഥ....പക്ഷെ എഴുതാന്‍ വയ്യ...
Sunday, October 30, 2011 at 8:04:00 PM GMT+3
കണ്ണിമവെട്ടാതെ കമ്പ്യൂട്ടറില്‍ കണ്ണ് നട്ടിരുന്നു കണ്ണ് നീര്‍ വറ്റിയ എന്റെ കണ്ണിലേക്കു ഒരു കണ്ണ് നീര്‍ തുള്ളിയുടെ നീരുറവ !!!
ഒരു optalmologist നു കഴിയാത്തതു പ്രിയ സ്നേഹിതന്‍ ചെയ്തു തന്നു !!!
Sunday, November 27, 2011 at 10:16:00 AM GMT+3
Noushadkka.........
valare nanaayirikkunnu..
Monday, November 28, 2011 at 6:05:00 PM GMT+3
ഒരു കഥാകാരന് കഴിയേണ്‌ട പ്രഥമ കഴിവ് എഴുത്തിലൂടെയുള്ള വിഷ്വലൈസേഷനാണ്, അത് വായിക്കുമ്പോല്‍ ആ സംഭവങ്ങള്‍ നമ്മുടെ മനസ്സിലൂടെ ഒാടിയെത്തണം. ഒരു സിനിമ കാണുന്നത് പോലെ. താങ്കളുടെ വരികള്‍ വായിച്ചപ്പോള്‍ അത്തരത്തിലുള്ള ഒരു ഉള്‍ക്കാഴ്ച മനസ്സില്‍ നിറഞ്ഞ് നിന്നു. ഞാന്‍ കരഞ്ഞില്ലെങ്കിലും എന്‌റെ മനസ്സിന്‌റെ കോണില്‍ ഒരു നീറ്റല്‍, ആ നീറ്റലുണ്‌ടാക്കാന്‍ കഴിഞ്ഞത് എ...ഴുത്തുകാരന്‌റെ കഴിവാണ്. ഇത് ഭാവനയെന്നതിലുപരി താങ്കളുടെ ജീവിത ചക്രത്തില്‍ നിന്ന് തന്നെ സ്മരിച്ചെടുത്ത അനുഭവ കഥയാണെന്നത് ഈ കൃതിക്ക് പുതു ജീവന്‍ നല്‍കുന്നു.
ഗ്രാമവും, കാട്ടു വഴികളുടേയും, ചെടികളുടേയും ചിത്രം പകര്‍ത്തിയത് നന്നായിട്ടുണ്‌ട്, അത്തരത്തിലുള്ള ബാല്യങ്ങളിലൂടെ കടന്ന് പോയ നിരവധി പേര്‍ വായനക്കരിലുണ്‌ട്, അവരുടെ മനസ്സില്‍ ഉറങ്ങി കിടക്കുന്ന കാട്ടു വഴികളും നാട്ടു വഴികളും വീണ്‌ടും സ്മരണയിലേക്ക് കൊണ്‌ട് വരാനും കഴിഞ്ഞിട്ടുണ്‌ടാകും...
അവള്‍ മരിക്കാനുള്ള കാരണം അറിയില്ല എന്നുണ്‌ടെങ്കിലും അതെങ്ങിനെയായിരുന്നെന്ന് വിവരിച്ചാല്‍ വായനക്കാരന്‌റെ ചിന്താ ഭാരം കുറക്കാന്‍ കഴിയുമായിരുന്നു. മീശ മുളക്കാത്തവന്‌റെ മാനസിക പിരി മുറുക്കങ്ങള്‍ക്കുള്ള വര്‍ണ്ണന കുറച്ച് കൂടി ആവാമായിരുന്നെങ്കിലും അവന്‌റെ ബലഹീനത വായനക്കാരിലേക്കെത്തിക്കാന്‍ കഴിഞ്ഞു,. ചില വര്‍ണ്ണനകള്‍ക്ക് അല്‍പ സ്വല്‍പം അഭംഗിയുണ്‌ടായിരുന്നെങ്കിലും മൊത്തത്തില്‍ "ഫൌസിയ" എന്ന അനുഭവ കഥ ഡിസ്റ്റിങ്ങ്ഷന്‍ അര്‍ഹിക്കുന്നു,
Tuesday, November 29, 2011 at 1:36:00 PM GMT+3
ഹൃദയത്തില്‍ തൊട്ടു കളഞ്ഞല്ലോ മാഷേ..
Tuesday, November 29, 2011 at 5:25:00 PM GMT+3
നൌഷാദ്
ആദ്യ ഭാഗങ്ങള്‍ എന്റെ പഴയ കാല ജീവിതത്തിലേക്ക് കൊണ്ട് പോയി, ഇത്തരം ഒരു ട്രാജഡിയിലീക് കഥ പോകുമെന്ന് കരുതിയില്ല, കലാകാരന്‍ എന്നും കലാ കാരനാണന്ന് അന്നും ഇന്നും നൌഷാദ് തെളിയിച്ചിരിക്കുന്നു
സത്യം പറയാലോ കഥയുടെ പകുതി ഭാഗം കഴിഞ്ഞപ്പോള്‍ ശരിക്കും എന്തോ ഒരാകാംക്ഷ യായിരുന്നു, അവസാന ഭാഗം എത്തുന്നതോടെ എന്റെ മുമ്പിലുണ്ടായിരുന്ന പേപ്പറിലെ മഷി പരന്നിരിക്കുന്നു.
ശരിക്കും മനസ്സിനെ തട്ടിയ കഥ അവതരണത്തിലും, ഭവനയിലും, ശൈലിയിലും മികച്ച കഥ
അഭിനന്ദിക്കാതിരിക്കാന്‍ പറ്റുകയില്ല.
ഒരു കലാ കാരന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത നോവു ...
Friday, December 16, 2011 at 9:00:00 AM GMT+3
എഴുതാന്‍ അനുഭവം കുട്ടിനുണ്ടാവുംപോള്‍ വായനക്ക് നിര്‍വൃതി കൂടും ..സ്നേഹം കൂടെയുന്ടെന്കില്‍
വേദനയും കൂടെ കാണും ..ഇഷ്ട്ടമായി ഏറെ ..നിനക്ക് വര മാത്രമല്ല എഴ്ത്തും വഴങ്ങും ..നന്നായി ഒരുപാട ഇഷ്ടായി ..അഭിനന്ദനങ്ങള്‍ ...
Tuesday, December 27, 2011 at 2:56:00 AM GMT+3
എന്താണെന്ന് പറയാന്‍ വയ്യാത്ത ഒരു വികാരമാണ് ഈ കഥ വായിച്ചപ്പോള്‍ തോന്നിയത് ..എവിടെയെക്കയോ ഒരു നോവ്
"മറക്കില്ല ഞാനാ സ്നേഹം മനസിന്‍റെ തീരാ ദാഹം
മരണമെന്നെ മായ്ക്കുന്ന നാള്‍ വരെ "
Sunday, January 1, 2012 at 10:38:00 AM GMT+3
ഇതു ഞാൻ വായിക്കാൻ എങ്ങനെയോ വിട്ടു പോയ പോസ്റ്റാണ്. നെഞ്ചു പിടഞ്ഞു എന്നു മാത്രം പറയട്ടെ..
Sunday, January 1, 2012 at 11:09:00 AM GMT+3
ഞാനീ പോസ്റ്റിന്റെ ലിങ്ക് ഇന്ദുമേനോന് അയച്ചു കൊടുക്കാന്‍ പോവുകയാണ്... വായിക്കട്ടെ., വായിച്ച് അസൂയപ്പെടട്ടെ... തങ്ങള്‍ക്കു ഖവിയാത്തത് മറ്റുള്ളവര്‍ ചെയ്യുന്നതിന്റെ അസഹിഷ്ണുതയില്‍ ഇനിയും ബ്ലോഗെഴുത്തിനെതിരെ ആക്രോശിക്കട്ടെ....
അനുഭവക്കുറിപ്പ് എന്നു കരുതട്ടെ.... ഒരു വൈകാരികാവസ്ഥയെ അതിന്റെ തീവ്രത ഒട്ടു കുറഞ്ഞുപോവാതെ അവതരിപ്പിച്ചിരിക്കുന്നു ...പക്വതയുള്ള ശൈലി... അഭിനന്ദനങ്ങള്‍....
Sunday, January 1, 2012 at 11:11:00 AM GMT+3
മൊഞ്ചത്തി ഫാത്തിമ ഒരു മധുര നൊമ്പരമായി ശേഷിക്കുന്നു, എന്റെ മനസ്സിലും...
ഇത് പോലെ, ഉണങ്ങിപ്പിടിച്ച ചായക്കട്ടകള്‍ നിറഞ്ഞ ചായപ്പെട്ടിയും ചൂല് പോലത്തെ ബ്രഷും പേറി അഭിമാനത്തോടെ നടന്ന ബാല്യമെനിക്കുമുണ്ടായിരുന്നു..ഉറക്കം കെടുത്തിയ ബാല്യ കാല സഖികളും..പ്രണയത്തെ നിര്‍വചിക്കാനാവാത്ത കാലത്ത് ഇഷ്ടം തോന്നിയ പെണ്‍കുട്ടിയുടെ അകാല മരണവും എന്റെ ജീവിതത്തിലുണ്ട്. ഒരു തേങ്ങലും ഒരുപാട് അനുഭൂതികളും തന്നു താങ്കളുടെ മൊഞ്ചത്തി...
അഭിനന്ദനങ്ങള്‍...
Sunday, January 1, 2012 at 12:35:00 PM GMT+3
വേദനയും സന്തോഷവും പകരുന്ന അനുഭവങ്ങള്‍ മിക്കവര്‍ക്കും ഉണ്ടാവും. എന്നാല്‍ അത് വാക്കുകളില്‍ പകര്‍ത്തുമ്പോള്‍ ഏറ്റവും വലിയ വെല്ലുവിളി ഒരിക്കലും അത് അനുഭവിക്കപ്പെട്ടതിന്റെ അത്രയുമാവില്ലെങ്കിലും നല്ലൊരു പങ്ക് എങ്കിലും വായിക്കുന്നവരിലേയ്ക്ക് പകര്‍ത്താന്‍ കഴിയുക എന്നതാണ്, പലര്‍ക്കും കഴിയാത്തതും. അക്കാര്യത്തില്‍ കഥാകാരന്‍ ഇവിടെ വിജയിച്ചിരിക്കുന്നു.
തൊണ്ടയില്‍ എന്തോ കുരുങ്ങിയതായി തോന്നി, വായിച്ചുതീരുമ്പോള്‍.
അച്ചടിമാധ്യമങ്ങളില്‍ കാണുന്ന പലതിനും ഇന്നും അവകാശപ്പെടാനാവാത്ത കയ്യൊതുക്കം.
ഗ്രാമവര്‍ണ്ണനയില്‍ നല്ല വിഷ്വലൈസേഷന്‍.
"ചില രഹസ്യങ്ങള്‍ സ്വപ്നങ്ങളേപ്പോലെയാണു..
വിശദീകരണങ്ങളുടെ വാക്കുകളില്‍ അവയെ കീഴടക്കാനാവില്ല.."
വളരെ ശരിയാണ്. ചിലതൊക്കെ ചുഴിഞ്ഞുനോക്കുന്നതിനേക്കാള്‍ അവ അങ്ങനെ തന്നെ ആയിരിക്കാന്‍ നാമിഷ്ടപ്പെടും.
Sunday, January 1, 2012 at 1:53:00 PM GMT+3
എഴുത്ത് വല്ലാതെ നൊമ്പരപെടുത്തി. അഭിനന്ദനം
Sunday, January 1, 2012 at 2:19:00 PM GMT+3
വേദനിപ്പിച്ചു ല്ലോ... ഇത് പോലൊന്ന് വട്ട പോയിളിലാനെന്നു തോന്നുന്നു... വായിച്ചതോര്‍ക്കുന്നു...
http://vattapoyilvalillapuzha.blogspot.com/2011/08/blog-post.html
Monday, January 2, 2012 at 7:57:00 PM GMT+3
നൌഷാദ്...നീ എന്റെ കണ്ണ് നനയിച്ചു......
Tuesday, January 3, 2012 at 1:49:00 PM GMT+3
ചില ഓര്‍മ്മകള്‍ മനസ്സിന്റെ മണിച്ചെപ്പില്‍ നൊമ്പരപൂര്‍വ്വം സൂക്ഷിക്കാനുള്ളതാണു..
എന്നാല്‍ ചിലത് വല്ലപ്പോഴും ഓര്‍ത്തെടുത്ത് നെടുവീര്‍പ്പിടാനും..
കഥയുടെ ആദ്യ ഭാഗങ്ങള്‍ നന്നായി ആസ്വദിച്ചു വായിച്ചു ....!
അതുപോലെ ഉള്ള സ്ഥലങ്ങള്‍ ന്റെ ഇഷ്ടങ്ങള്‍ ആണ്..
അത് ന്റെ സ്വപ്നങ്ങളില്‍ മാത്രം ...!
ഇതിപ്പോ എന്ത് പറയാന്‍ ഒന്നും പറയാനില്ല ഒരു നൊമ്പരമായി കഥ...!!
Friday, February 3, 2012 at 5:01:00 PM GMT+3
fantastic post.
True Love survive the passage of time.
Monday, February 20, 2012 at 4:11:00 PM GMT+3
എന്ത് പറയാന്‍ .........അന്യം നിന്ന് പോയ ഒരു കാലഘട്ടത്തിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയായി. വളരെ ഹൃദയ സ്പര്‍ശിയായ ഒരു പോസ്റ്റ് ..............
Thursday, April 12, 2012 at 3:11:00 PM GMT+3
ഒലിച്ചിറങ്ങിയ ഈ കണ്ണുനീര്‍ ഞാന്‍ തുടക്കുന്നില്ല
അത് കാണാന്‍ ഇവിടെ ആരുമില്ലല്ലോ
ഒന്നാമത് എന്റെ സ്നേഹ നിധിയുടെ പേരും അതു തന്നെയാ
Friday, April 20, 2012 at 11:18:00 AM GMT+3
ഓര്‍മ്മകളിലെ മറക്കാത്ത നൊമ്പരങ്ങള്‍
Sunday, May 27, 2012 at 9:29:00 AM GMT+3
കഥകള്‍ സാധാരണ അവഗണിക്കുകയാണ് പതിവ്. പക്ഷെ രചയിതാവിന്റെ പേര് കണ്ടപ്പോള്‍ നോക്കിയതാണ്...ഹോ വല്ലാത്ത ഒരു നൊമ്പരം.
Wednesday, June 6, 2012 at 2:05:00 PM GMT+3
അല്പം തിരക്കിലായപ്പോള്‍ പിന്നീട് വായിക്കാമെന്ന് കരുതി... പക്ഷെ വായിച്ചു തുടങ്ങിയപ്പോള്‍ ..... കഥയുടെ ഒഴുക്കില്‍ ഞാന്‍ അറിയാതെ ഞാനും ഒഴുകി പോയി ..... ഒടുവില്‍ മനസ്സില്‍ വല്ലാത്ത നൊമ്പരവും തന്ന് ആ മൊഞ്ചത്തി കുട്ടി ........
Wednesday, September 5, 2012 at 12:15:00 PM GMT+3
No words...!!! excellent..
Sunday, June 2, 2013 at 5:21:00 PM GMT+3
വൈകിയാണങ്കിലും,വായിക്കാൻ കഴിഞ്ഞ തിൽ ധന്യത.ഒട്ടും അത്യുക്തിയില്ലാതെ പറയട്ടെ,അടുത്ത കാലത്ത് വായിക്കാൻ കഴിഞ്ഞ നല്ല കഥകളിലൊന്ന്.അനുഗ്രഹി
ക്കപ്പെട്ട വ്യക്തി എന്നതിന്നപ്പുറം കഥാകൃത്തിനെക്കുറിച്ച് ഒന്നും പറയാനില്ല.
Wednesday, June 1, 2016 at 8:08:00 PM GMT+3
no words... only tears..
Thursday, June 2, 2016 at 2:46:00 PM GMT+3
Post a Comment