RSS

Followers

വൈക്കം മുഹമ്മദ് ബഷീറിന്റെ അനുഗ്രഹം!


-----------
-------------
മലയാളം ടെലിവിഷന്‍ സീരിയല്‍ പോലെ അല്ലെങ്കില്‍ റിയാലിറ്റി ഷോ പോലെ നീണ്ടു നീണ്ടു പോവുന്ന.. ഗാണ്ഡം ഗാണ്ഡമായി കിടക്കുന്ന എന്റെ വീരശൂര പരാക്രമ മഹത്ചരിത മാലയില്‍ ഞാന്‍ ഇതു വരെ പറയാത്ത ഒരേടാണു മഹാനായ വൈക്കം മുഹമ്മദ് ബഷീറുമായി ബന്ധപ്പെട്ടുകിടക്കുന്നത്.
-----------
ജോലി തേടി കോഴിക്കോട് നഗരത്തിലൂടെ അലഞ്ഞ് തിരിഞ്ഞ ഒരു കാലഘട്ടത്തെക്കുറിച്ച് ഞാന്‍
മുന്‍പ് എഴുതി നിങ്ങളെ ബോറടിപ്പിച്ചത് നിങ്ങള്‍ മറന്നിട്ടുണ്ടാവില്ലല്ലോ..
(ഹും! എങ്ങനെ മറക്കാനാ അല്ലേ!)
-----------
പൊടിമീശ കിളിര്‍ത്തുവരുന്ന ആ സമയത്ത് വരയും വായനയും ഒരിത്തിരി കൂടുതലായതിന്റെ ഏനക്കേടുപോലെ കോഴിക്കോട് എത്തിയത് മുതല്‍ക്കുള്ള എന്റെ വലിയ ഒരാഗ്രഹമായിരുന്നു വൈക്കം മുഹമ്മദ് ബഷീറിനേയും എം.ടി വാസുദേവന്‍ നായരേയും ഒന്നു നേരില്‍ കാണുക എന്നത്..
ഇരുവരേയും കുറിച്ച് കുറച്ചൊക്കെ വായിച്ചതില്‍ നിന്നും അവരുടെയൊക്കെ പൊതുവേയുള്ള ശീലങ്ങളെക്കുറിച്ചും പെരുമാറ്റത്തെ ക്കുറിച്ചും നല്ല ധാരണയുള്ളതിനാല്‍ ബഷീര്‍ക്കാനെ എങ്ങിനെയെങ്കിലും കാണാനും പരിചയപ്പെടാനും കഴിഞ്ഞാലും എം.ടി.സാറിനെ അങ്ങിനെ പരിചയപ്പെടാന്‍ തരപ്പെടില്ലെന്നും തരപ്പെട്ടാല്‍ തന്നെ ആ മഹാനുഭാവന്റെ പരുക്കന്‍ പെരുമാറ്റം മൂലം എന്റെ ഉള്ളിലെ ആരാധനാ വിഗ്രഹത്തെ ചിലപ്പോള്‍ തച്ചുടക്കേണ്ടി വരുമെന്നും ഞാന്‍ ഭയപ്പെട്ടിരുന്നു.
-----------
പുസ്തകവായനയിലൂടെ നാം ഇഷ്ടപ്പെടുകയും കാണാനാഗ്രഹിക്കുകയും ചെയ്യുന്ന പല പ്രഗല്‍ഭ വ്യക്തികളേയും നാം നേരില്‍ പരിചയപ്പെടുമ്പോള്‍ "ഛെ! ഇങ്ങേരെ പരിചയപ്പെടേണ്ടായിരുന്നു എന്ന് തോന്നാറില്ലേ..
അവരുടെ എഴുത്തിലുള്ള മഹത്വം അവരുടെ വ്യക്തിപ്രഭാവത്തില്‍ പ്രതിഫലിക്കാത്തതുകൊണ്ടാവാം അത്.(അതൊരു ന്യൂനതയോ കുറവോ ആണെന്ന് ഞാന്‍ കരുതുന്നുമില്ല)
-----------
അങ്ങിനെ സംഭവബഹുലമായ ജീവിതത്തിനു കോഴിക്കോട് വേദിയാവുന്ന കാലം.
വൈകുന്നേരങ്ങളില്‍ ടൗണ്‍ഹാളില്‍ അരങ്ങേറുന്ന മിക്ക സാഹിത്യ സാംസ്ക്കാരിക പരിപാടികളിലും
പങ്കെടുത്ത് വായനയിലൂടെ പരിചയമുള്ള എഴുത്തുകാരേയും സാംസ്കാരിക നായകന്മാരേയും ജീവനോടെ കണ്ടു കണ്‍കുളിര്‍ത്തു.
തിക്കൊടിയന്‍ അന്ന് മിക്ക പരിപാടികളിലേയും ഒഴിച്ചുകൂടാനാകാത്ത വ്യക്തിത്ത്വമായിരുന്നു.
എന്‍.പി.മുഹമ്മദ്,സുകുമാര്‍ അഴീക്കോട്,അക്ബര്‍ കക്കട്ടില്‍,എന്‍.വി.കൃഷ്നവാര്യര്‍,ഓ.എന്‍.വി.കുറുപ്പ്,ടി.പത്മനാഭന്‍ തുടങ്ങി ഒട്ടേറെ പേരെ അന്നു
ദൂരെ മാറി നിന്നു അവരുടെ സംസാരവും അംഗവിക്ഷേപങ്ങളും കണ്ട് ആരാധനയോടെ വായി നോക്കി നിന്നിട്ടുണ്ട്. അതില്‍ ചില പ്രമുഖരെ ഇടിച്ചു കേറി പരിചയപ്പെടുകയും ചെയ്തിരുന്നു.
എന്നാല്‍ നിര്‍ഭാഗ്യമെന്നു പറയട്ടെ അപ്പോഴൊന്നും മേല്‍ പറഞ്ഞ എന്റെ പ്രിയപ്പെട്ട രണ്ടു എഴുത്തുകാരെ ഒന്നു കാണാന്‍ അവസരം ഒത്തു വന്നിരുന്നില്ല.
ആയ്യിടെയാണു പി.സുരേന്ദ്രന്റെ ഒരു പുസ്തകം നളന്ദ ഓഡിറ്റോറിയത്തില്‍ (പേരു അതു തന്നെയാണെന്നോര്‍മ്മ..പാളയം റോഡില്‍ ഡേവിസണ്‍ തിയേറ്ററിന്റെ അടുത്തായിട്ട് വരും )
വെച്ച് പ്രകാശനം നടക്കുന്നു.പ്രകാശനചടങ്ങില്‍ സുരേന്ദ്രന്‍ നേരിട്ട് ക്ഷണിക്കുന്നു.സുരേന്ദ്രനെ ഷെല്‍‌വിയുടെ മള്‍ബറി ബുക്സില്‍ വെച്ചാണു പരിചയപ്പെടുന്നത്. രാധാ തിയേറ്ററിനടുത്ത ഒരു കോമ്പൗണ്ടിലായിരുന്നു മള്‍ബെറിയുടെ ഓഫീസ്.ഖലീല്‍ ജിബ്രാന്റെ പുസ്തകങ്ങളോടുള്ള പ്രണയമാണു മല്‍ബെറിയില്‍ എത്തിച്ചത്. അത് മറ്റൊരു കഥ)
-----------
ബഷീറിനെ നേരില്‍ കാണാനുള്ള അടങ്ങാത്ത മോഹം സഫലമാവാന്‍ പോവുന്നു.
പിന്നെ നാലഞ്ചു ദിവസം ഒന്നു പോയിക്കിട്ടാന്‍ പെട്ട പാട്..
ഒടുവില്‍ ആ സുദിനം വന്നെത്തി..
ക്ഷണിക്കപ്പെട്ട ചുരുങ്ങിയ സദസ്സ്..
പത്തു നാല്പ്പതു പേര്‍കാണും..
ഞാന്‍ ഒരു പീക്കിരി പയ്യന്‍ മാത്രം ബാക്കിലെ സീറ്റില്‍ ഉമിനീരിറക്കി ഇരുന്നു.
ആ ചുറ്റുപാടുകള്‍ അപരിചിതമായതിനാലും അത്തരമൊരു സദസ്സില്‍ ആദ്യമായതിനാലും
വല്ലാത്ത ഒരു ഒറ്റപ്പെടല്‍ അനുഭവപ്പെട്ടു..എന്നാലും ബഷീര്‍ എന്ന മഹാനെ കാണാനുള്ള ആവേശത്തില്‍ മറ്റെല്ലാം മറന്നു ഞാനിരുന്നു..
കുറച്ച് കഴിഞ്ഞപ്പോള്‍ നാലഞ്ചു പേര്‍ക്കൊപ്പം ബഷീര്‍ വേദിയിലേക്കെത്തി..
വെള്ള ജുബ്ബയും മുണ്ടും ..ചിത്രങ്ങളില്‍ കാണുന്ന അതേപോലെ..വല്ലാത്ത
അവശത ആ മുഖത്തുണ്ട്..കൂടെയുള്ള ആളുടെ കൈപിടിച്ചാണു വരുന്നത്..
-----------
ചടങ്ങുകള്‍ ആരംഭിക്കുകയും ബഷീര്‍ അല്പ്പനേരം സംസാരിക്കുകയും ചെയ്തു.
അദ്ദേഹം പ്രസംഗിക്കുകയായിരുന്നില്ല. ബഷീറിയന്‍ ശൈലിയിലുള്ള "ചുമ്മാ ഒരു വെടിപറച്ചില്‍.."
ഇടക്ക് മുറിഞ്ഞാണെങ്കിലും ക്ഷീണിച്ച ശബ്ദത്തിലുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ സദസ്സില്‍ പൊട്ടിച്ചിരി ഉയര്‍ത്തി.
-----------
ഞാനാകട്ടെ അദ്ദേഹത്തെ കണ്ണുനിറയുവോളം കാണുകയായിരുന്നു..
അദ്ദേഹത്തിന്റെ ഓരോ ഭാവങ്ങളും കൈകളുടെ ചലനങ്ങളും ചുണ്ടനക്കവും ഇടയിലെ നിശബ്ദതയും സംസാരത്തിനിടയിലെ പ്രായാധിക്യത്തിന്റെ ബുദ്ധിമുട്ടുകളും എല്ലാം ഞാനെന്റെ കാഴ്ചയില്‍ വാരി നിറച്ചു....
എന്റെ മനസ്സിലൂടെ മജീദും സുഹ്‌റയും സാറാമ്മയും കേശവന്‍ നായരും പാത്തുമ്മയും ആടും പൊന്‍‌കുരിശ് തോമയും തുടങ്ങി ബഷീര്‍ ജീവന്‍ കൊടുത്ത ഒട്ടനവധി കഥാപാത്രങ്ങളും ബഷീര്‍ ജീവിതത്തില്‍ കെട്ടിയാടിയ വേഷങ്ങളും യാത്രകളും കഠിനാനുഭവങ്ങളും ഉന്മാദത്തിന്റെ നാളുകളുമൊക്കെ അങ്ങനെ വന്നും പോയുമിരുന്നു..
-----------
ബഷീര്‍ തന്റെ സൗഹൃദവലയത്തെ നര്‍മ്മത്താല്‍ ഊഷ്മളമാക്കുകയാണു.
മുഖത്തും കഴുത്തിലും കൈകളിലുമൊക്കെ കാലം കലാചാരുതിയോടെ വരുത്തിയ മനോഹരമായ
ചുളിവുകളും പാടുകളും ഒക്കെ ആ രൂപത്തിനു ഒരു ക്ലാസ്സിക് പരിവേഷം നല്‍കുന്നു എന്നെനിക്ക് തോന്നി..
നിമിഷനേരം കൊണ്ടൊരു രേഖാചിത്രം എന്റെ മനസ്സില്‍ രൂപം കൊണ്ട് അത് കടലാസിലേക്ക് പകര്‍ത്താന്‍ കൈ തുടിച്ചെങ്കിലും എന്റെ കയ്യില്‍ കടലാസൊന്നുമുണ്ടായിരുന്നില്ല..
എങ്കിലും കാലം അതിന്റെ ഇടനെഞ്ചില്‍ കാത്തുവെക്കുമെന്നുറപ്പുള്ള ആ മഹാനായ എഴുത്തുകാരനെ ഞാനങ്ങനെ നോക്കിയിരുന്നു പോയി.
-----------
ഒടുവില്‍ പരിപാടി കഴിഞ്ഞ് എല്ലാവരും പിരിയാന്‍ തയ്യാറെടുത്തു.
ചില ആളുകള്‍ ബഷീറിനോട് കുശലം പറയാന്‍ അരികെയെത്തി..
അവരൊന്നു അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞ് ബഷീര്‍ ഒരുനിമിഷം തനിച്ചായപ്പോള്‍ ഞാന്‍ മുന്‍ കൂട്ടി ആലോചിച്ചത് പോലുമല്ലാത്ത സംഭവം അരങ്ങേറി.
-----------
ഞാന്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നു..
അദ്ദേഹത്തിന്റെ ചുളിവു വീണ കൈകളില്‍ മെല്ല പിടിച്ചു വിറയാര്‍ന്ന സ്വരത്തില്‍ പറഞ്ഞു..
"ഞാന്‍ എഴുതിത്തുടങ്ങുന്ന ഒരാളാണു..അങ്ങു എന്നെ അനുഗ്രഹിക്കണം..!"
ഞാനദ്ദേഹത്തിന്റെ കാല്‍ തൊട്ടു വന്ദിച്ചു..
അദ്ദേഹം സന്തോഷത്തോടെ എന്റെ തലയില്‍ കൈ വെച്ചു പറഞ്ഞു..
"നന്നായി വരട്ടെ!"
-----------
അങ്ങനെ ഒരനുഗ്രഹം വാങ്ങണമെന്ന ചിന്ത എനിക്കന്നേ നിമിഷം വരേ ഉണ്ടായിരുന്നില്ല..
എന്റെ ഉമ്മാന്റെയല്ലാതെ ഞാനാരുടേയും കാലു തൊട്ടു വന്ദിച്ചിട്ടുമില്ല ..
പക്ഷേ എന്തു കൊണ്ടോ അപ്പോള്‍ അങ്ങനെ സംഭവിച്ചു..
ഒരു പക്ഷേ ആ മഹാനായ എഴുത്തുകാരന്‍ എന്റെ മനസ്സില്‍ നേടിയെടുത്ത സ്ഥാനമെന്നത് നിര്‍വ്വചനങ്ങള്‍ക്കപ്പുറത്തുള്ള ഒന്നായിരിക്കണം.
-----------
കാലത്തിന്റെ കുത്തൊഴുക്കില്‍ പ്രവാസത്തിന്റെ കൊടും ചൂടേറ്റ് സാഹിത്യാഭിരുചി വരണ്ടുണങ്ങിപ്പോയപ്പോഴും പിന്നീട് പലപ്പോഴും ആ അനുഗ്രഹം എന്റെ മനസ്സില്‍ ഒരു കുളിര്‍ മഴ പോലെ പെയ്തിറങ്ങിയിരുന്നു..
-----------
ഇന്ന് ഒരുപാടു വര്‍ഷങ്ങള്‍ക്കിപ്പുറവും ഒരിക്കലും തോരാത്ത സ്നേഹത്തിന്റെ അനുഗ്രഹമഴയായി അതെന്റെ ഓര്‍മ്മകളെ പുളകമണിയിക്കുന്നതും തൂലികക്കുള്ളില്‍ മഷി നിറക്കുന്നതും ഞാനറിയുന്നു.....!
-----------
-----------
-----------
(പിന്നീട് ഒരു പത്ര സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോള്‍ ബഷീറിനെക്കുറിച്ച് തയ്യാറാകുന്ന ഒരു പുസ്തകത്തിനു വേണ്ടി പ്രശസ്ത ഫോട്ടോഗ്രാഫര്‍ ശ്രീ.കൃഷ്ണന്‍ ബത്തേരിയോടൊപ്പം അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് കൂടുതല്‍ പരിചയപ്പെടാനും സംസാരിക്കുവാനും ഭാഗ്യം ലഭിച്ചു.
അത് അന്നൊരു മാഗസിനില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.)
-----------
ബഷീറിനെ അറിയാത്തവരുണ്ടാവില്ല നമുക്കിടയില്‍
ഒരു പക്ഷേ കൂടുതലറിയാന്‍ ഈ വെബ്‌സൈറ്റ് സഹായിച്ചേക്കും.
http://vaikommuhammadbasheer.com/


49 Responses to "വൈക്കം മുഹമ്മദ് ബഷീറിന്റെ അനുഗ്രഹം!"
മൻസൂർ അബ്ദു ചെറുവാടി said...

മികച്ച അവതരണം.
ബഷീറിനെ കാണാനും അനുഗ്രഹം വാങ്ങാനും സാധിച്ചത് ഭാഗ്യം തന്നെയാണ്.
ബെര്‍ളി തോമസ്‌ പറഞ്ഞപോലെ ഈശ്വര ചൈതന്യമുള്ള തൂലികയില്‍ ഇനിയും മികച്ചത് വരയായും വരിയായും പുറത്തു വരട്ടെ.
ആശംസകള്‍


Sunday, October 3, 2010 at 12:23:00 PM GMT+3
Muralee Mukundan , ബിലാത്തിപട്ടണം said...

ഒരു പക്ഷേ ആ മഹാനായ എഴുത്തുകാരന്‍ എന്റെ മനസ്സില്‍ നേടിയെടുത്ത സ്ഥാനമെന്നത് നിര്‍വ്വചനങ്ങള്‍ക്കപ്പുറത്തുള്ള ഒന്നായിരിക്കണം.....
കാലത്തിന്റെ കുത്തൊഴുക്കില്‍ പ്രവാസത്തിന്റെ കൊടും ചൂടേറ്റ് സാഹിത്യാഭിരുചി വരണ്ടുണങ്ങിപ്പോയപ്പോഴും പിന്നീട് പലപ്പോഴും ആ അനുഗ്രഹം എന്റെ മനസ്സില്‍ ഒരു കുളിര്‍ മഴ പോലെ പെയ്തിറങ്ങിയിരുന്നു......


പോരട്ടെയിങ്ങനെ മലയാള സാഹിത്യ്യത്തിലെ തലതൊട്ടപ്പന്മാ‍രൊക്കെയുമായുള്ള കൂടിക്കാഴച്ചകളും,ഇടപെടലുകളും ഇതുപോലെനർമ്മങ്ങളും,വരയുടെ കാരികേച്ചറുകളുമൊക്കെയായി ബുലോകം മുഴുവൻ പുളകം കൊള്ളിക്കട്ടേ.....!


Sunday, October 3, 2010 at 12:28:00 PM GMT+3
Unknown said...

ബഷീറിന്റെ ബന്ധുവായ ഒരു സഹപാഠി വഴി കോഴിക്കോട്ടെ അദ്ദേഹത്തിന്റെ വീട്ടില്‍ പോകാനും (മരണശേഷം), പത്മശ്രീ ഉള്‍പ്പടെയുള്ള പുരസ്കാരങ്ങള്‍ നേരില്‍ കാണാനും ഉള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. അതിലേറെ മഹാഭാഗ്യം പത്മശ്രീയെക്കാള്‍ ശ്രീ ഉള്ള ആ തൂലികയില്‍ ഒന്നു തൊടാന്‍ സാധിച്ചതും, ഫാബി ബഷീര്‍ പറഞ്ഞ് തന്ന 'റ്റാറ്റാ' കഥകള്‍ കേട്ടിരിക്കാനായതുമാണ്.
വര അസ്സലായി വിവരണവും നന്നായി.(ഇമ്മിണി ബല്യ ഒരു അസ്സൂയ മനസിലുണ്ടെങ്കില്‍‍ പോലും!!)


Sunday, October 3, 2010 at 1:13:00 PM GMT+3
mayflowers said...

ഭാഗ്യവാന്‍.......


Sunday, October 3, 2010 at 2:13:00 PM GMT+3
Junaiths said...

ശ്രീ ബഷീറിനെ കാണാന്‍ പറ്റിയെന്നത്‌ തന്നെ വളരെ അനുഗ്രഹമല്ലേ നൌഷാദിക്കാ,അപ്പോള്‍ ശരിക്കും അദ്ദേഹത്തിന്റെ അനുഗ്രഹം കിട്ടിയ നിങ്ങളൊക്കെ ഭാഗ്യവാന്‍ തന്നെ,യാതൊരു സംശയവുമില്ല..
മനോഹരമായ് അവതരിപ്പിച്ചു...
ഇഷ്ടത്തോടെ
ജുനൈദ്.


Sunday, October 3, 2010 at 2:39:00 PM GMT+3
ആചാര്യന്‍ said...

അപ്പൊ ഇയ്യാള് പുലിയായിരുന്നല്ലേ?....സത്യമായിട്ടും അസൂയ വരുന്നു..."നൌഷാദിക്കയുടെ ചര്‍മം കണ്ടാല്‍ പ്രായം തോന്നുകയേ ഇല്ല".!!!! ഹ ഹ ഹ


Sunday, October 3, 2010 at 4:17:00 PM GMT+3
muhammadhaneefa said...

നല്ല രസകരമായ ശൈലി ..വളരെ നന്നായി


Sunday, October 3, 2010 at 10:19:00 PM GMT+3
വരയും വരിയും : സിബു നൂറനാട് said...

ഇതൊരു ഭാഗ്യമാണ്. ബഷീറും എം.ടി യും ഒക്കെ ജീവിച്ചിരുന്ന(ജീവിക്കുന്ന) കാലത്താണ് നമ്മളും ജീവിക്കുന്നത് എന്ന് പറയുന്നത് തന്നെ ഒരു വലിയ ഭാഗ്യമല്ലേ ഇക്ക.
ആ അനുഗ്രഹം ഇക്കയുടെ തൂലിക നിറക്കട്ടെ..എന്നും.


Sunday, October 3, 2010 at 11:46:00 PM GMT+3
Vayady said...

ഭാഗ്യവാന്‍! ഇതില്‍ കൂടുതല്‍ ഒന്നും പറയാനില്ല.


Monday, October 4, 2010 at 12:54:00 AM GMT+3
Unknown said...

ഭാഗ്യവാന്‍, എന്റെ ഒരു സഹപാഠി ബഷീര്‍ അവനെഴുതിയ മറുപടി ഒരു നിധിപോലെ എനിക്ക് കാണിച്ചുതന്നത് ഇപ്പോള്‍ ഓര്‍ക്കുന്നു.


Monday, October 4, 2010 at 10:35:00 AM GMT+3
Unknown said...

ബഷീറിനെ കാണുക എന്നത് തന്നെ മഹാ ഭാഗ്യം അല്ലെ ........
ഒരു നന്ദി കൂടി പറയാം ആഗ്രഹിക്കുന്നു ..ബഷീറിന്റെ സൈറ്റ് ലിങ്ക് ചേര്‍ത്തതില്‍


Monday, October 4, 2010 at 10:36:00 AM GMT+3
Umesh Pilicode said...

ആശംസകള്‍....


Monday, October 4, 2010 at 11:17:00 AM GMT+3
ഒരു യാത്രികന്‍ said...

അപ്പൊ സുല്‍ത്താന്റെ അനുഗ്രഹം വാങ്ങിചിട്ടാ ഈ അലക്കൊക്കെ.വളരെ നന്നായി....സസ്നേഹം


Monday, October 4, 2010 at 11:19:00 AM GMT+3
the man to walk with said...

nalla anubhavam

Best Wishes


Monday, October 4, 2010 at 11:22:00 AM GMT+3
ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഞാനും കണ്ടിട്ടുണ്ട് -ഒരു സമ്മേളനത്തില്‍ .
അന്ന് അദ്ദേഹം പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു. 'സാഹിത്യ സൃഷ്ടിക്ക് ഒരിക്കലും ദാരിദ്ര്യം ഉണ്ടാവില്ല. നാം നിന്ന നില്പില്‍ ഒന്ന് തിരിഞ്ഞു നോക്കുകയേ വേണ്ടൂ' എന്ന്.


Monday, October 4, 2010 at 12:37:00 PM GMT+3
Jishad Cronic said...

നൌഷാദ്ക്ക, അന്ന് പോയി കണ്ടിടുന്നുലെ? ഞാന്‍ പറഞ്ഞിട്ടുണ്ടായിരുന്നു നിങ്ങള്‍ വരും ഒന്ന് അനുഗ്രഹിച്ചു വിടണം എന്ന്.


Monday, October 4, 2010 at 1:38:00 PM GMT+3
ആളവന്‍താന്‍ said...

എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടത്‌ ആ പടമാ. perfect!!!


Monday, October 4, 2010 at 3:02:00 PM GMT+3
Anees Hassan said...

നൌഷാദ്ക്ക..................കഥയുടെ കാരണവരെ കണ്ട കാഴ്ച മറക്കുമോ ..........


Monday, October 4, 2010 at 5:50:00 PM GMT+3
ഹംസ said...

നൌഷാദെ നല്ല ഓര്‍മകള്‍ . നന്നായി എഴിതിട്ടോ.. ആ ചിത്രം ശരിക്കും ഇഷ്ടായി.


Monday, October 4, 2010 at 8:12:00 PM GMT+3
റശീദ് പുന്നശ്ശേരി said...

അനര്‍ഗ നിമിഷം
മംഗളം
ശുഭം

ഭാഗ്യവാന്‍


Monday, October 4, 2010 at 9:35:00 PM GMT+3
Echmukutty said...

അത് ശരി.
അപ്പോ ആ അനുഗ്രഹമാണ് ഇങ്ങനെ തെളങ്ങണത്!
കൊള്ളാം.

എഴുത്ത് ഇഷ്ടമായി.അഭിനന്ദനങ്ങൾ


Tuesday, October 5, 2010 at 7:31:00 AM GMT+3
ഉസ്മാന്‍ പള്ളിക്കരയില്‍ said...

ആചാര്യനിൽനിന്നുള്ള
അനുഗ്രഹലബ്ധിയുടെ
അനർഘനിമിഷം...
ആത്മഹർഷത്തിന്റെ
അസുലഭനിമിഷം....
അകതാരിൽ
അടച്ചുസൂക്ഷിക്കേണ്ട
അപൂർവ്വ നിമിഷം....

ആർജ്ജവത്തൊടെയെഴുതിയ
ആത്മാർത്ഥത തുളുമ്പുന്ന കുറിപ്പ്
അതീവ ഹ്ര്‌ദ്യം.

അഞ്ജലീബദ്ധനായി
ആശംസകളേകുന്നു.


Tuesday, October 5, 2010 at 10:00:00 AM GMT+3
mukthaRionism said...

ഞാനും ഒത്തിരി ആഗ്രഹിച്ചതാണ്
ഇത്തരമൊരു കൂടിക്കാഴ്ച.
നടന്നില്ല.

നല്ല അവതരണം.
അസൂയയോടെ,


Tuesday, October 5, 2010 at 10:20:00 AM GMT+3
അലി said...

മഹാന്മാരായ കലാകാരന്മാരുടെയും സാഹിത്യകാരന്മാരുടെയും കാലഘട്ടത്തില്‍ ജീവിക്കാന്‍ കഴിഞ്ഞു എന്നത് നമ്മുടെയെല്ലാം മഹാഭാഗ്യം. ചിത്രവും ഓര്‍മ്മക്കുറിപ്പും വളരെ നന്നായി.


Tuesday, October 5, 2010 at 7:11:00 PM GMT+3
perooran said...
This comment has been removed by the author.
perooran said...

ജീവിതം യവ്വന തീഷ്ണവും ഹൃദയം പ്രേമ സുരഭിലവും ആയിരുന്ന അദ്ദേഹത്തിന്റെ ആ കാലഘട്ടത്തില്‍ അദ്ദേഹത്തെ കണ്ട താങ്കള്‍ മഹാ ഭാഗ്യവാന്‍ തന്നെ ഇക്കാ.....


Tuesday, October 5, 2010 at 7:46:00 PM GMT+3
K@nn(())raan*خلي ولي said...

@@
ബഷീര്‍ക്കാന്റെ അനുഗ്രഹം നൗഷാദ്‌ ഭായിന്റെ തലവര മാറ്റുകയും "എന്‍റെ വര" ബ്ലോഗ്‌ തുടങ്ങാന്‍ കാരണമാവുകയും ചെയ്തു. ഇനി വേണ്ടത് കണ്ണൂരാന്റെ അനുഗ്രഹം. അങ്ങനെയെങ്കില്‍ "അടിവര" എന്ന പേരില്‍ മറ്റൊരു ബ്ലോഗു തുടങ്ങാന്‍ കഴിയും! അതിനാല്‍ ഇനിയും വൈകേണ്ട. വരൂ, എനിക്ക് അനുഗ്രഹിക്കാന്‍ മുട്ടുന്നു!
***

(ബഷീര്‍ക്കഥകള്‍ വായിച്ചാണ് വളര്‍ന്നത്‌. ഇപ്പോഴും വായിക്കുന്നു. മധിരിക്കും ഓര്‍മ്മയ്ക്ക് നന്ദി)


Wednesday, October 6, 2010 at 8:25:00 AM GMT+3
മഹേഷ്‌ വിജയന്‍ said...

നന്നായിരിക്കുന്നു...
ആ പഴയ ഓര്‍മ്മകള്‍ നേരില്‍ കണ്ട ഒരു പ്രതീതി..


Friday, October 8, 2010 at 9:49:00 PM GMT+3
ManzoorAluvila said...

മഹാനായ ബഷീർ സാഹിബിനെ കാണാനും പരിജയപ്പെടാനും കഴിഞ്ഞല്ലോ..? ആ സന്തോഷം ഞങ്ങളോട്‌ പങ്കുവെച്ചതിനു നന്ദി..വരയും എഴുത്തും നന്നയി ആശംസകൾ


Tuesday, October 12, 2010 at 4:02:00 PM GMT+3
ജാബിര്‍ മലബാരി said...

നിങ്ങളുടെ എഴുത്തുകളെല്ലാം സുന്ദരവും..... അനുഭവനീയവുമാണ്

എന്റെ ബ്ലോഗ് വായിച്ച് അഭിപ്രായം അറിയിക്കുമല്ലോ?


Wednesday, October 13, 2010 at 11:28:00 AM GMT+3
ഐക്കരപ്പടിയന്‍ said...

ബേപ്പൂര്‍ സുല്‍ത്താനെ നേരിട്ട് കണ്ടു അനുഗ്രഹം കിട്ടിയെല്ലേ.....
എനിക്ക്, ബഷീര്‍ ഗന്തിജിയെ തൊട്ടു നാടാകെ പാറി നടന്നു പറഞ്ഞ "ഞാന്‍ ഗാന്ധിജീനെ തൊട്ടു' ആണ് ഓര്മ വരുന്നത്. ബേപ്പൂര്‍ അടുത്തയിട്ടും ആ മഹാനെ കാണാന്‍ ഭാഗ്യം ഉണ്ടായിട്ടില്ല.. നന്നായി അവതരിപ്പിച്ചു.


Wednesday, October 13, 2010 at 12:29:00 PM GMT+3
Naseef U Areacode said...

ഹോ.. ബഷീറിന്റെ അനുഗ്രഹവും വാങ്ങിയിട്ടുണ്ടല്ലെ!!!!!! ബഷീറിനെ നേരിട്ടു കാണാന്‍ പോലും ഭാഗ്യമുണ്ട്ട്റ്റില്ല...
ഏതായാലും അനുഗ്രഹം കിട്ടിയിട്ടാണെങ്കിലും അല്ലെങ്കിലും വരയും എഴുത്തും സൂപ്പറായി തന്നെ തുടരുന്നുണ്ടല്ലോ.... ആശംസകള്‍


Friday, October 15, 2010 at 1:21:00 AM GMT+3
ബഷീർ said...

എഴുത്തുകാരന്റെ എഴുത്തിലെ മഹത്വം നേരിൽ കാണുമ്പോൾ കാണാതെ പോകുന്ന അനുഭവം സുൽത്താനെ കണ്ടപ്പോൾ ഉണ്ടായില്ല എന്ന് മനസിലാക്കുന്നു. അതാണ് മഹത്വം..

ആശംസകൾ


Saturday, October 16, 2010 at 10:11:00 AM GMT+3
Noushad Kuniyil said...

നന്നായി നൌഷാദ് ഭായി. ബഷീറിനോടുള്ള സ്നേഹവും, ഒരു സ്വപ്നം പൂവണിഞ്ഞപ്പോഴുള്ള അതിരറ്റ ആഹ്ലാദവും വികാര തീക്ഷണമായി അവതരിപ്പിച്ചു. ശുഭം!


Saturday, October 16, 2010 at 3:38:00 PM GMT+3
Anonymous said...

എല്ലാര്‍ക്കും കിട്ടാത്ത ഭാഗ്യം ...താങ്കള്‍ അനുഗ്രഹീതന്‍ തന്നെ ..വരയും വരികളും കേമം !!!യാത്ര തുടരുക ...ആശംസകള്‍ !!!


Monday, October 18, 2010 at 1:48:00 PM GMT+3
K.P.Sukumaran said...

നന്നായിട്ടുണ്ട് , ആശംസകള്‍ !


Wednesday, October 20, 2010 at 12:19:00 PM GMT+3
Akbar said...

നല്ല വിവരണം. ഒരു സംഭവമാണ് നൌഷാദ് പറഞ്ഞതെങ്കിലും ഒരു കഥ പോലെയാണ് വായിച്ചു തീര്‍ത്തത്. അനുഗ്രഹീതനായ ആ എഴുത്തുകാരനെ ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ചതിനു, കണ്മുമ്പില്‍ കാണുന്ന പോലെ വിവരിച്ചതിനു നന്ദി.


Friday, October 22, 2010 at 9:05:00 PM GMT+3
അന്വേഷകന്‍ said...

ആദ്യമായാണ് ഇവിടെ..
വൈകിപ്പോയി.. ബിലാത്തി മലയാളി വഴിയാണ് വന്നത്..

വളരെ നല്ല എഴുത്ത്.. മനസ്സിനെ പിടിച്ചിരുത്തുന്നു..

പ്രവാസത്തില്‍ പേനയിലെ മഷി ഉണങ്ങിയിട്ടില്ല.. നന്നായി തന്നെ ചാലിക്കുന്നുണ്ടല്ലോ അത്...
ബഷീര്‍ സാഹിബിന്റെ അനുഗ്രഹം കിട്ടിയതല്ലേ.. മോശം വരില്ല...

ഇവിടെ വരാന്‍ സാധിച്ചതില്‍ വളരെ സന്തോഷം തോന്നുന്നു.. മുഴുവന്‍ പോസ്റ്റുകളും ഞാന്‍ വായിക്കുന്നുണ്ട്...


Sunday, October 24, 2010 at 4:55:00 PM GMT+3
ente lokam said...

ബിലാത്തി കണ്ടു വന്ന വഴി ബെര്‍ളിയെ കണ്ടു.പിന്നെ ഇവിടെ
എത്തി. വരയും എഴുത്തും.നല്ല ചന്തം.എല്ലാം ബേപ്പൂര്‍ സുല്‍ത്താന്റെ
അനുഗ്രഹം ആവും. ഞാന്‍ "പാത്തുമ്മയുടെ ആടിനെ"
പറ്റി ഒരു സംശയം എഴുതി.സമയം കിട്ടിയാല്‍ നോക്കു.
അന്വേഷകന് onv ഉടെ ഒപ്പ് കിട്ടിയ ആന്നു ഞാന്‍ അവിടെ
എത്തിയിരുന്നു.


Monday, October 25, 2010 at 11:37:00 AM GMT+3
Sneha said...

താങ്കള്‍ ഒരു അനുഗ്രഹിതന്‍ തന്നെ ...നല്ല വരയും ..
അനുഭവം വായനക്കാരിലേക്കും അതേപോലെ പകര്‍ത്താന്‍ കഴിയുന്ന എഴുത്ത് ..ആ സ്നേഹത്തിന്റെ അനുഗ്രഹമഴ ഒരിക്കലും തോരാതിരിക്കട്ടെ ..മഷി വറ്റാതിരിക്കെട്ടെ ..!ഭാവുകങ്ങള്‍ ..!


Friday, October 29, 2010 at 11:05:00 AM GMT+3
Mohamed Rafeeque parackoden said...

ആശംസകള്‍..........


Thursday, April 28, 2011 at 11:54:00 AM GMT+3
Fousia R said...

മുന്നില്‍ ദാ ബഷീര്‍ സമ്പൂര്‍ണ കൃതികള്‍ ഇരിക്കുന്നു.


Tuesday, July 5, 2011 at 11:46:00 AM GMT+3
Rakesh KN / Vandipranthan said...

ഭാഗ്യവാന്‍!


Tuesday, July 5, 2011 at 12:05:00 PM GMT+3
Jefu Jailaf said...

ഫോട്ടോയും അതി മനോഹരം.


Tuesday, July 5, 2011 at 1:39:00 PM GMT+3
Malayali Peringode said...

എന്റെ പോസ്റ്റിനടിയിൽ കുഴിച്ചിട്ട ലിങ്ക് വഴിയാണിവിടെ വന്നത്!

‘അസൂയ’യോടെ വായിച്ചു...
അനുഭവം ഹൃദ്യമായി... :-)


Monday, December 5, 2011 at 1:44:00 PM GMT+3
evuraan said...

ഭാഗ്യവാന്‍! :)


Thursday, December 8, 2011 at 9:41:00 PM GMT+3
salihkaliyath said...

ഇത് പോലെ ഒരനുഭവം ബഷീറും എഴുതിരിന്നു വായിച്ചപ്പോള്‍ അതാണ് മനസ്സില്‍ ഓര്മ വന്നത് ....


Tuesday, May 1, 2012 at 12:13:00 PM GMT+3
Unknown said...

ഭാഗ്യവാന്‍.....ചുമ്മാതല്ല നന്നായിപ്പോയത്....... നല്ല വര......


Tuesday, May 1, 2012 at 3:53:00 PM GMT+3
Joselet Joseph said...

മഹാന്മ്മാരുടെ അനുഗ്രഹം കൊണ്ട് എന്റെ വരക്കാരനും ഈ മേഖലയില്‍ അത്യുന്നതിയില്‍ എത്തട്ടെ എന്ന് ആശംസിക്കുന്നു.


Thursday, July 5, 2012 at 4:15:00 PM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors