RSS

Followers

"പ്രയാസ കാര്യവകുപ്പ് മന്ത്രിക്ക് ഒരു തുറന്ന കത്ത്!"






ബഹുമാനപ്പെട്ട പ്രയാസ കാര്യ വകുപ്പ് മന്ത്രിക്ക്,

രണ്ടു നാള്‍കൊണ്ട് വീണ്ടും അങ്ങേക്കെതിരെ ഫേസ്ബുക്കില്‍ ഒരുപാട് അതിരൂക്ഷ വിമര്‍ശന പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നത് കണ്ട് അതീവ വേദനയോടെയാണ് ഇത് കുറിക്കുന്നത്.
എയര്‍ ഇന്ത്യാ തൊട്ട് പ്രവാസികളുടെ കാലാകാലങ്ങളായുള്ള തീരാ പ്രശ്നങ്ങളില്‍ അങ്ങയെപ്പോലെയുള്ള ധീര ജനപ്രിയ നേതാക്കള്‍ കൈക്കൊണ്ടിട്ടുള്ള ജനസേവനങ്ങള്‍ ഇവര്‍ ഇത്ര പെട്ടന്ന് മറന്ന് പോയോ എന്ന് ഞാനിപ്പോള്‍ ആശങ്കപ്പെടുകയാണ് സര്‍ .

കേന്ദ്രത്തില്‍ ഞാനടക്കമുള്ള പ്രവാസികളുടെ അതിഗുരുതരപ്രശ്നങ്ങള്‍ക്കായി നിരന്തരം വാദിച്ച്
അധികാര ദുര്‍മ്മേദസ്സ് വന്ന് കൊഴുത്ത് തടിച്ച, മലയാളികള്‍ക്ക് നേരെ പുച്ഛവും അവഗണനയും വാരി വിതറുന്ന ഉത്തരേന്ത്യന്‍ ലോബികള്‍ക്കെതിരെ അങ്ങ് ശക്തമായി നിലപാടെടു ക്കുമ്പോള്‍ "കേരളക്കാര്‍ക്കായി മാത്രം വാദിക്കുന്ന അവരുടെ സ്വന്തം മന്ത്രി " എന്ന് അങ്ങയെ അവര്‍ കളിയാക്കുക പോലും ചെയ്യുന്നു എന്ന് അങ്ങ് കുണ്ഠിതപ്പെടുന്നത് വായിച്ച് സത്യത്തില്‍ ഞങ്ങളുടെ കണ്ണ് നിറഞ്ഞ് പോയ് സാര്‍ .

പിന്നെ ബൈ ദ ബൈ സാര്‍ ..ശമ്പളമൊക്കെ കൃത്യമായി കിട്ടുന്നുണ്ടല്ലോ അല്ലേ സര്‍ ? യാത്രാ ബത്ത , അലവന്‍സ്, ടെലഫോണ്‍ , സൗജന്യ യാത്രാ, വൈദ്യുതി, വിദേശയാത്ര...
മന്ത്രിമന്ദിരത്തിന്റെ അറ്റകുറ്റപ്പണി എന്നൊക്കെ പറഞ്ഞ് പറ്റാവുന്നിടത്തോളം എഴുതിവാങ്ങിക്കണം..
ഒപ്പം കക്കൂസും കുളിമുറിയും ഒക്കെ ലക്ഷങ്ങള്‍ കൊണ്ട് തന്നെ മോടി പിടിപ്പിക്കണം..
സര്‍ദാര്‍ജിമാര്‍ക്കാവാമെങ്കില്‍ നമ്മള്‍ മലയാളികള്‍ വിട്ട് കൊടുക്കരുതല്ലോ സര്‍ .
എല്ലാം നല്ല പടിയായ് കൃത്യമായി തന്നെ കൈപ്പറ്റണം. എഴുതിയെടുക്കാന്‍ എന്തൊക്കെ സൗജന്യങ്ങളാണെന്ന് നിങ്ങള്‍ക്കെന്ന് പാവം ഈ ഞങ്ങള്‍ക്കറിയില്ലല്ലോ സാര്‍ .
അത് വ്യക്ത്മായി അറിയുന്നത് കൊണ്ടാണല്ലോ അങ്ങയെപ്പോലുള്ളവര്‍ (അങ്ങ് അല്ല സത്യായിട്ടും!) കാലു വാരിയും ഗ്രൂപ്പ് മാറിയും പാര വെച്ചും സ്വന്തം ആദര്‍ശങ്ങളെ വ്യഭിചരിച്ചും ദല്ലാള്‍പണി ചെയ്തും ലക്ഷങ്ങളും കോടികളും മറിച്ചും ഒക്കെ ഇത്തരം സ്ഥാനമാനങ്ങള്‍ നേടുന്നത്.
പിന്നേ എം.പി, മന്ത്രിമാരുടെ ശമ്പളവും കൂട്ടിത്തരാന്‍ പുതിയ പ്രമേയം പാസ്സാക്കണം അതിങ്ങനെ കൊല്ലം കൊല്ലം കൂടുന്നത് പേപ്പറീ വായിക്കുമ്പോള്‍ ഞങ്ങള്‍ അഭിമാനം കൊണ്ട്
വിജ്രംഭിതരാവുകയാണ് പതിവ്.
സാറും ഇടക്കിടക്കിടക്ക് ഇങ്ങനെ വിജ്രംഭിതനാവും എന്ന് കരുതുന്നു.

എയര്‍ ഇന്ത്യ തിരുവനന്തപുരത്ത് നടത്തിയ പ്രവാസി റാഞ്ചല്‍ നാടകവുമായി ബന്ധപ്പെട്ട് അങ്ങ് ഞങ്ങള്‍ക്കായി ഊണിലും ഉണര്‍‌വ്വിലും ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയായിരിന്നു എന്ന് ഞങ്ങള്‍ ഊഹിക്കുന്നു. അങ്ങ് ഇനിയും ഒരുപാട് കാലം ഞങ്ങളെ സേവിക്കാന്‍ ആ കസേരയില്‍ തന്നെ കാണണം എന്നാണ് ഞങ്ങളിപ്പോള്‍ സദാ പ്രാര്‍ത്ഥിക്കുന്നത്.
ഞങ്ങള്‍ പ്രവാസികള്‍ക്ക് അങ്ങേക്കായി മറക്കാനാകാത്ത ഒരു സമ്മാനവും തരണം എന്ന് അതിയായ് ആഗ്രഹമുണ്ട്.ഏതായാലും ഒരു നാള്‍ ഇങ്ങ് വരുമല്ലോ..
അപ്പോ ഞങ്ങള്‍ കാര്യമായി സ്വീകരിക്കുന്നുണ്ട്. ഞങ്ങളുടെ പ്രതികരണത്തിന്റെ ചെറിയ സാമ്പിള്‍ ഖാദര്‍ക്കായും കൂട്ടരും കാണിച്ചത് ടീവീയിലൂടെ അങ്ങ് കണ്ടിരിക്കുമല്ലോ.

പിന്നെ എട്ട് മാസമായി ശമ്പളം കിട്ടാത്ത ഒരു കണസ്റ്റ്രെക്ഷന്‍ കമ്പനിയിലാ ജോലി സാര്‍ . അറുപത് ഡിഗ്രി ചൂടില്‍ ഒരു ഏസീയോ കൂളറോ ഇല്ലാതെ തട്ടിന്മേല്‍ പൊക്കിയ ഒരു കണ്ടയിനറില്‍ ആണു സാര്‍ ഞങ്ങള്‍ പത്തിരുപത് പേര്‍ ചുരുണ്ട് കൂടുന്നത്. കയ്യില്‍ കാശില്ലാത്തതിനാല്‍ പഴക്കം വന്ന കുബ്ബൂസ് ഞങ്ങള്‍ക്കായി കരുതും അടുത്തുള്ള ഗ്രോസറി കടക്കാരന്‍ .
പിന്നെ ഇവിടത്തെ സാമൂഹ്യപ്രവര്‍ത്തകര്‍ ...കേട്ടിട്ടുണ്ടോ സാര്‍ അവരെക്കുറിച്ച്???
ആക്സിഡന്റില്‍ മരിച്ചവരുടേയും രോഗം വന്ന് ഹതാശയവരായവരുടേയും ജയില്‍ ലക്ഷങ്ങള്‍ ഫൈന്‍ അടക്കാന്‍ കഴിയാതെ നരകിക്കുന്നവരേയും സഹായിക്കാന്‍ രാപ്പകല്‍ ഭേദമില്ലാതെ സ്വന്തം കീശയിലെ കാശും ചെലവാക്കി ഓടി നടക്കുന്ന ചിലരുണ്ട് സര്‍ ഇവിടെ..
"പിരിവെടുത്ത് സമൂഹ്യപ്രവര്‍ത്തകര്‍ മൃതദേഹം നാട്ടിലെത്തിച്ചു" എന്ന ഒറ്റവരിയില്‍ ഇവര്‍ ഒതുങ്ങിപ്പോവും. സ്വീകരണച്ചടങ്ങിലും അങ്ങയെപ്പോലെയുള്ളവരെ മാലയിട്ട് ചിരിച്ച് തിക്കിത്തിരക്കി നില്‍ക്കുന്നവരുടെ കൂട്ടത്തില്‍ ഇവര്‍ കാണില്ല സര്‍ .
ആശുപത്രിയിലും പോലീസ് സ്റ്റേഷനുകളിലും ഒരു സഹജീവിയോടുള്ള കരുണ മൂലം കാശും കളഞ്ഞ് ജോലി ലീവ് ആക്കി ഉറക്കമൊഴിച്ച് ഇരിക്കുന്ന ഇവരെ സാറിനു പരിചയം കാണില്ലാ..ഒബ്റോയിലും റീജെന്‍സിയിലും ഷെറാട്ടോണിലും ഫൈവ് സ്റ്റാര്‍ സ്യൂട്ടിന്റെ തിളക്കത്തില്‍ അങ്ങേക്കൊപ്പം നിന്നു പടമെടുത്ത് ടീവീ വാര്‍ത്തകളില്‍ നിറയുന്ന കറുത്ത കോട്ടിട്ട വി.ഐ.പി. ബിസ്നസ്സ് പ്രവാസികള്‍ക്കിടയില്‍ ഇവരുണ്ടാകില്ല സര്‍
ഇത്രയും പറഞ്ഞത് ഈ സാമൂഹ്യപ്രവര്‍ത്തകര്‍ പിരിവെടുത്ത് അവരെത്തിക്കുന്ന ഇത്തിരി ഭക്ഷണത്തിലാണ് സര്‍ ഞങ്ങള്‍ ജീവന്‍ കൈവെടിയാതെ പിടിച്ച് നില്‍ക്കുന്നത് എന്നറിയിക്കാനാണ്.

എന്നാലും സാറിനെപ്പോലെയുള്ളവര്‍ എഴുന്നള്ളി വരുമ്പോള്‍ ഞങ്ങള്‍ കടം വാങ്ങിയെങ്കിലും നോട്ട് മാല അണിയിക്കും സര്‍ . സാംസംഗിനെ മൊബൈലും ഐപാഡുമടക്കം നാലുപെട്ടി ഗിഫ്റ്റ് ഞങ്ങള്‍ അങ്ങേക്ക് സമ്മാനിക്കും സര്‍ .

സാര്‍ ഇനിയും കത്ത് നീട്ടി അങ്ങനെ ബുദ്ധിമുട്ടിക്കുന്നില്ല.
സാര്‍ ഇനിയും അങ്ങ് ഈ പദവിയില്‍ നൂറു വര്‍ഷം വാഴട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട്

വോട്ടില്ലാത്ത ഒരു പാവം പ്രവാസി.

NB : സാര്‍ സദാ സമയവും ഞങ്ങളുടെ പ്രശ്നങ്ങളില്‍ വ്യാകുലചിത്തനായി ഭക്ഷണവും മരുന്നുമൊക്കെ കൃത്യമായി കഴിക്കാന്‍ മറക്കരുതേ. പ്രഷര്‍ ,ഷുഗര്‍ , ഹാര്‍ട്ട് അറ്റാക്ക് ...ഹോ!
വല്ലതുമൊക്കെ സംഭവിച്ചാല്‍ ഞങ്ങക്കു പിന്നെ ആരുണ്ട്??

ഒരു NB കൂടെ : എന്റെ സാര്‍ വിളി അല്പം കൂടിപ്പോയോ എന്നൊരു സംശയം അങ്ങേക്കുണ്ടോ സര്‍ ?
സത്യാമായിട്ടും അങ്ങയോടുള്ള വര്‍ദ്ധിച്ച ബ .. ഹു .. മാ .. നം കൊണ്ടു വിളി കൂടിപ്പോയതാ സാ .. റേ ...!


11 Responses to ""പ്രയാസ കാര്യവകുപ്പ് മന്ത്രിക്ക് ഒരു തുറന്ന കത്ത്!""
ajith said...

ഹഹഹ...ഇത് കത്തല്ല കുത്ത്
മന്ത്രി ഒന്ന് വായിച്ചിരുന്നെങ്കില്‍ കൊള്ളാമായിരുന്നു


Sunday, October 21, 2012 at 11:15:00 PM GMT+3
നിസാരന്‍ .. said...

ഇതിന്റെ കോപ്പി എടുത്തു അങ്ങേര്‍ക്കു അയച്ചു കൊടുക്കണം. എന്തായാലും മനസ്സാക്ഷി എന്ന ഒന്നുണ്ടെങ്കില്‍ ഒന്ന് തല താഴ്ത്തുകയെങ്കിലും ചെയ്യാതിരിക്കില്ല


Monday, October 22, 2012 at 5:19:00 AM GMT+3
സിയാഫ് അബ്ദുള്‍ഖാദര്‍ said...

എവിടെ ?അബലയും തബലയുമായ പാവപ്പെട്ട ഒരു പൈലറ്റ്പെണ്ണിനെ റാഞ്ചിയ ടീമല്ലേനിങ്ങള്‍ ?മന്ത്രിസാറന്മാരുടെ വേദനകള്‍ എങ്ങനെ അറിയാന്‍ ?കോട്ടിട്ട കൊടീശ്വരന്മാര്‍ക്കും കാണില്ലേ വേദനകള്‍ ?അവരുടെ കണ്ണീര്‍ അല്ലെ ആദ്യം തുടക്കേണ്ടത് ?സ്വന്തക്കാരെ നന്നക്കിയിട്ടല്ലേ മറ്റുള്ളവരെ ?അത് കൊണ്ട് നൗഷാദ്‌ജീ നാട്ടില്‍ വരുമ്പോള്‍ അടുത്തതവണയും വോട്ട് നമ്മുടെ ചിഹ്നത്തില്‍ തന്നെ ..ഹിഹി ഹി ,


Monday, October 22, 2012 at 7:46:00 AM GMT+3
ചന്തു നായർ said...

നൗഷാദ്‌...ഒരു വലിയ സലാം..നിസ്സാരൻ പറഞ്ഞത് പോലെ ഇതിന്റെ ഒരു കോപ്പി അങ്ങോർക്ക് അയച്ച് കൊടുക്കുക...കോപ്പിലെ മന്ത്രി അത് കാണട്ടെ...സാർ എന്ന് വിളി കൂടിപ്പോയില്ലാന്ന് മാത്രമല്ലാ അതിന്റെ അക്ഷരം മാറ്റി വിളിക്കുകയാ വേണ്ടത്...ഞാൻ പ്രാവാസിയല്ലാ എങ്കിലും എന്റെ സഹോദരൻ പ്രാവാസിയാ...പ്രവാസികളുടെ പണം കൊണ്ടാ നമ്മൾ മലയാളികൾ ജീവിക്കുന്നത്..അത് ആരും മറക്കരുത്.... ഇത്തരം കാര്യങ്ങളെക്കുറിച്ച് പലരും പ്രതികരിക്കുന്നില്ലാ എന്നൊരു വിഷമം എനിക്കുണ്ട്....


Monday, October 22, 2012 at 11:05:00 AM GMT+3
Jhonmelvin said...

Naushad Bhai, Super!


Monday, October 22, 2012 at 11:27:00 AM GMT+3
Arun Kumar Pillai said...

ha ha post kidu..superb. പുള്ളി വായിക്കുന്നെണ്ടെങ്കിൽ, നാണമെന്ന സാധനത്തിന്റെ ഇച്ചിരിയെങ്കിലും അംശമുണ്ടെങ്കിൽ കുറഞ്ഞത് ഒരു ദിവസമെങ്കിലും അയാൾക്ക് ആഹാരം കഴിക്കാൻ തോന്നില്ല.. കുറിക്ക് കൊള്ളുന്നത്..


Monday, October 22, 2012 at 5:58:00 PM GMT+3
Rathish said...

മൂന്ന് വര്ഷം മുന്പ് നിങ്ങള്‍ ചെയ്ത ഒരു കമന്റ്‌ വായിച്ചിട്ട് ആണ് ഈ ബ്ലോഗില്‍ എത്തിയത്... കൊള്ളാം ...
http://berlytharangal.com/?p=3840&utm_source=feedburner&utm_medium=feed&utm_campaign=Feed%3A+berlytharangal%2FUhGl+%28BerlyTharangal%29
ടിവി തള്ളിപോളിച്ചോ ?


Tuesday, October 23, 2012 at 7:48:00 AM GMT+3
ഉദയപ്രഭന്‍ said...

ഇത് മന്ത്രിയുടെ ശ്രദ്ധയില്‍ വന്നിരുന്നെങ്കില്‍ എത്ര നന്നായേനെ.


Tuesday, October 23, 2012 at 10:47:00 AM GMT+3
Sadique M Koya said...

വല്ല നിവര്‍ത്തിയും ഉണ്ടെങ്കില്‍ ഇവന്‍റെ വിമാനത്തില്‍ കയറില്ല എന്ന ഒരു തീരുമാനം എല്ലാരും എടുത്താല്‍ കട പൂട്ടില്ലേ? വിദേശത്തുള്ള മലയാളികളുടെ വേണ്ടപ്പെട്ടവര്‍ ഒക്കെ വോട്ട് ചെയ്തു കുറേ മൈഗുണാന്‍ജന്‍ മാരെ എം പി ആയിട്ട് അയച്ചിട്ടുണ്ടല്ലോ അവന്മാര്‍ക്കൊന്നും ഈ ഗോസായി മാരുടെ ആസനം താങ്ങുന്ന പണിയല്ലാതെ വേറെ ഒന്നും ചെയ്യാന്‍ പറ്റില്ലേ ?


Wednesday, October 24, 2012 at 8:18:00 AM GMT+3
ലംബൻ said...

എന്റെ സാര്‍ വിളി അല്പം കൂടിപ്പോയോ എന്നൊരു സംശയം അങ്ങേക്കുണ്ടോ സര്‍ ?
സത്യാമായിട്ടും അങ്ങയോടുള്ള വര്‍ദ്ധിച്ച ബ .. ഹു .. മാ .. നം കൊണ്ടു വിളി കൂടിപ്പോയതാ സാ .. റേ ...!

ഞാനും നിങ്ങളുടെ കൂടെ അദ്ദേഹത്തെ സാ.... റേ ... എന്ന് വിളിച്ചോട്ടെ. സത്യമായും ബഹുമാനം കൊണ്ടാണ്.


Thursday, October 25, 2012 at 12:41:00 AM GMT+3
Muralee Mukundan , ബിലാത്തിപട്ടണം said...

എന്നാലും സാറിനെപ്പോലെയുള്ളവര്‍ എഴുന്നള്ളി വരുമ്പോള്‍ ഞങ്ങള്‍ കടം വാങ്ങിയെങ്കിലും നോട്ട് മാല അണിയിക്കും സര്‍ . സാംസംഗിനെ മൊബൈലും ഐപാഡുമടക്കം നാലുപെട്ടി ഗിഫ്റ്റ് ഞങ്ങള്‍ അങ്ങേക്ക് സമ്മാനിക്കും സര്‍ .

സാര്‍ ഇനിയും കത്ത് നീട്ടി അങ്ങനെ ബുദ്ധിമുട്ടിക്കുന്നില്ല.
സാര്‍ ഇനിയും അങ്ങ് ഈ പദവിയില്‍ നൂറു വര്‍ഷം വാഴട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട്

വോട്ടില്ലാത്ത ഒരു പാവം പ്രവാസി.


Tuesday, January 15, 2013 at 2:33:00 PM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors