((ചിത്രത്തില്‍ ക്ലിക്കിയാല്‍ വലുതായും വ്യക്തമായും കാണാം!))
------------
പ്രിയപ്പെട്ട വായനക്കാരെ,
എന്റെ കഴിഞ്ഞ രണ്ടു പോസ്റ്റുകളിലായി "കലാകൗമുദി,കേരളാ കൗമുദി, മംഗളം പത്ര മാധ്യമങ്ങളുടെ നിലപാടിനെതിരെ ഞാന്‍ എഴുതിയ പോസ്റ്റും അതിലെ ആശയവും തികച്ചും വ്യത്യസ്ഥമായ ഒരു കാഴ്ചപ്പാടിലൂടെ വിശകലനം ചെയ്ത പത്രപ്രവര്‍ത്തകനും ബ്ലോഗ്ഗറുമായ ശ്രീ.നജിം കൊച്ചുകലുങ്കിന്റെ ഒരു കമന്റ് ആണ് ഈ കുറിപ്പിന്നാധാരം.
------------
തുറന്ന് പറയട്ടെ..
ഇങ്ങനെ ഒരു പോസ്റ്റ് എഴുതാതിരിക്കാന്‍ പരമാവധി ശ്രമിച്ചതാണ്..
എന്നാല്‍ "കരച്ചിലും പിഴിച്ചിലും"എന്ന പ്രയോഗം തന്നെ പെട്ടന്നൊരു മറുപടിക്ക് എന്റെ മനസ്സിനെ തുടിപ്പിച്ചതാണ്..എന്നാല്‍ ആ ആവേശത്തിനു കേറി വല്ലാതെ എഴുതിപ്പോകുമെന്നതിനാല്‍ പരമാവധി എന്റെ മറുപടി ഒഴിവാക്കാന്‍ ശ്രമിച്ചു..
എന്നാലിപ്പോള്‍ മനസ്സ് ശാന്തമായും വീണ്ടും ഇത് വായിക്കുമ്പോള്‍ എന്റെ "കരച്ചിലിന്റെ"
അര്‍ത്ഥ തലങ്ങളെ ഞാന്‍ വ്യാഖ്യാനിക്കേണ്ടതുണ്ട് അല്ലെങ്കിലവ പിന്‍വായനയെ തെറ്റായ രീതിയില്‍ വിലയിരുത്തപ്പെടും എന്ന തിരിച്ചറിവിലാണ് ഈ എഴുത്ത്.
------------
ശ്രീ.നജിം കൊച്ചുകലുങ്ക് "ഓ..മംഗളം പത്രമേ..നീയും??" എന്ന പോസ്റ്റിനു കമന്റ് ആയി ഇങ്ങനെ എഴുതി :
------------
"നൌഷാദ്, താങ്കളുടെ നിരന്തരമായ കരച്ചില്‍ കണ്ടപ്പോഴുണ്ടായ സങ്കടത്തോടെയാണ് ഇതെഴുതുന്നത്. പകര്‍പ്പവകാശ നിബന്ധനകളൊന്നുമില്ലാതെ സോഷ്യല്‍ മീഡിയയില്‍ താങ്കള്‍ പ്രസിദ്ധീകരിക്കുന്നവ മോഷ്ടിക്കുകയല്ല, താങ്കളുടെ ക്രെഡിറ്റ് നിലനിറുത്തിക്കൊണ്ടുതന്നെ പകര്‍ത്തുകയാണ് ഈ പറഞ്ഞ പ്രസിദ്ധീകരണങ്ങള്‍ ചെയ്തിരിക്കുന്നത്. സോഷ്യല്‍
മീഡയയിലല്ലാതെ മറ്റൊരു രൂപത്തില്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്ന് താങ്കളുടെ രചനകളോടൊപ്പം നിബന്ധനയായി ചേര്‍ത്തിരുന്നതായി കണ്ട ഓര്‍മയില്ല. (എന്റെ ഓര്‍മപിശകാണെങ്കില്‍ ക്ഷമിക്കുക). അതുകൊണ്ടുതന്നെ അവര്‍ അങ്ങിനെയെടുത്തു പ്രസിദ്ധീകരിക്കുന്നതില്‍ നിയമപരമായി എന്തെങ്കിലും പിശകുണ്ടെന്നും തോന്നുന്നില്ല. പിന്നെ, ധാര്‍മികപരമായി നോക്കുമ്പോള്‍ കടപ്പാട് എന്നൊരു ടിപ്പണിയില്‍ ആ അസ്ക്യത പ്രസിദ്ധീകരണങ്ങള്‍ മാറ്റേണ്ടതായിരുന്നു. ഇവിടെ മംഗളം പ്ലസ് ആകട്ടെ, ഫേസ്ബുക്കില്‍ പ്രചരിക്കുന്ന തമാശകളിലൊന്ന് എന്ന ബ്ലര്‍ബോടെ താങ്കളുടെ ക്രെഡിറ്റ് സഹിതമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കലാകൌമുദിയും അങ്ങിനെ തന്നെയാണ് ചെയ്തിരിക്കുന്നത്. പിന്നെയെന്താണ് ഇത്രമാത്രം കണ്ണീരൊഴുക്കാനും മൂക്ക് പിഴിയാനും കാരണമെന്നാണ് മനസിലാകാത്തത്? (ഓണ്‍ലുക്കേഴ്സ് മീഡിയ പോലുള്ള സൈബര്‍ സ്പേസിലെ ക്ഷണപ്രഭാ ചഞ്ചലങ്ങളെ കുറിച്ചല്ല ഞാന്‍ പറയുന്നത്, അതിനെയൊക്കെ ആര് മൈന്റ് ചെയ്യാന്‍?). യഥാര്‍ഥത്തില്‍ താങ്കള്‍ അഭിമാനിക്കുകയാണ് വേണ്ടത്, താങ്കളുടെ സൃഷ്ടികള്‍ ഇങ്ങിനെ പരക്കെ സ്വീകാര്യക്കപ്പെടുന്നതില്‍. ഇത് താങ്കളിലെ കഴിവിന്റെ അംഗീകാരമാണ്. ഇവ്വിഷയകമായി എന്തെല്ലാം കുറിപ്പുകളും കാര്‍ട്ടൂണുകളും മറ്റ് രൂപങ്ങളും സോഷ്യല്‍ മീഡിയയില്‍ അനുദിനം പിറവിയെടുക്കുന്നുണ്ട്. എന്നിട്ടും ഇത്രയേറെ പ്രസിദ്ധീകരണങ്ങള്‍ താങ്കളുടെ സൃഷ്ടികള്‍ മാത്രമാണല്ലോ തപ്പിയെടുക്കുന്നത്. സൃഷ്ടികള്‍ മേലില്‍ ഇങ്ങിനെ ഓഹരിവക്കപ്പെടുന്നത് ആഗ്രഹിക്കുന്നില്ലെങ്കില്‍ അക്കാര്യത്തില്‍ ലഭ്യമായ സുരക്ഷിതമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതല്ലേ ഉചിതം. പകര്‍പ്പവകാശ നിബന്ധന ചേര്‍ക്കുക. മറ്റ് രൂപങ്ങളില്‍ പ്രസിദ്ധീകരിക്കുന്നത് ഇഷ്ടപ്പെടുന്നില്ലെന്ന സൂചന നല്‍കുക. പണ്ട് നാടകകൃതികള്‍ പബ്ലിഷ് ചെയ്യുമ്പോള്‍ പുസ്തകത്തില്‍ പ്രത്യേകം ചേര്‍ക്കുന്ന ഒരു വാചകം ഓര്‍മ വരുന്നു, ഈ നാടകം വേദിയില്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ നാടകകൃത്തില്‍നിന്ന് മുന്‍കൂട്ടി അനുവാദം വാങ്ങണമെന്ന്. അങ്ങിനെയൊന്ന് ചേര്‍ത്തുനോക്കു. ചിലപ്പോള്‍ പരിഹാരമുണ്ടായേക്കും. അല്ലാതെ വരയില്‍ മിടുക്കനായ താങ്കള്‍ വരിയില്‍ നിന്ന് ഇങ്ങിനെ കരയരുത്."
------------
------------
പ്രിയ നജീം ഭായ്,
താങ്കളുടെ വിശദമായ ഈ കമന്റിനു നന്ദി.
പത്രപ്രവര്‍ത്തന രംഗത്ത് വര്‍ഷങ്ങളായി സജീവമായി പ്രവര്‍ത്തിക്കുന്ന
താങ്കളെപ്പോലെപ്പോലെയുള്ള കൃതഹസ്തരായ എഴുത്തുകാരുടെ അഭിപ്രായങ്ങളും നിലപാടുകളും
ഈ വിഷയത്തില്‍ കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്നു എന്ന കാര്യത്തില്‍ സംശയമില്ല.
അതുകൊണ്ട് തന്നെ താങ്കളുടെ അഭിപ്രായത്തെ അതര്‍ഹിക്കുന്ന ഗൗരവത്തോടേയും സ്വീകാര്യതയോടേയും ഉള്‍ക്കൊള്ളുന്നതോടൊപ്പം ചില കാര്യങ്ങള്‍ കൂടി സൂചിപ്പിക്കുകയോ വ്യക്തമാക്കുകയോ ചെയ്യേണ്ടതുണ്ട് എന്നതിനാലാണ് ഈ കുറിപ്പ്.
------------
താങ്കളുടെ കമന്റിന്റെ തുടക്കം തന്നെ കാണുന്നു:---
------------
"നൌഷാദ്, താങ്കളുടെ നിരന്തരമായ കരച്ചില്‍ കണ്ടപ്പോഴുണ്ടായ സങ്കടത്തോടെയാണ് ഇതെഴുതുന്നത്."
------------
താങ്കള്‍ക്ക് തെറ്റി.
ആറാം വയസ്സില്‍ "ലാലുലീല"യിലും
എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ "ജനനി"യിലും
പത്താം ക്ലാസില്‍ "ദേശാഭിമാനി വാരിക" കഥാമല്‍സര വിജയിയായും
പ്രസിദ്ധീകരിച്ചു തുടങ്ങിയ എന്റെ എഴുത്തിനും വരക്കും
പതിനെട്ടാം വയസ്സില്‍ ബാലകൗതുകത്തിന്റെ ആര്‍ട്ട് എഡിറ്ററായ് കയറും വരേക്കുമോ അതിനു ശേഷമോ ഇന്നേ വരേ അച്ചടിച്ചു വരിക എന്നത് ഒരു "മോഹ വല്ലിയായ്" എന്നെ പിടികൂടിയിട്ടില്ല.
ഒരു കലാകുടുംബത്തില്‍ പിറന്ന എനിക്ക് കല എന്റെ ജീവ രക്തം തന്നെയാണ്.
സമകാലിക ചിത്രകാരന്മാരില്‍ എന്റെ വരക്ക് എവിടെ സ്ഥാനം എന്നുള്ളതും എനിക്കറിയാം.
നിലവിലുള്ള ചിത്രകാരന്മാരുടെ ഒരു വര കണ്ട് കൊണ്ട് കലയിലെ ആഴവും പരപ്പും ഊഹിക്കാനുമാകും.
------------
എനിക്ക് പത്രക്കാരോട് പ്രത്യേകിച്ച് താല്പര്യമോ സൃഷ്ടികള്‍ പ്രസിദ്ധീകരിച്ച് വരണമെന്നോ യാതൊരു വിധ മോഹങ്ങളുമില്ല..അതെന്നെ അത്ര കണ്ട് സന്തോഷിപ്പിക്കുന്നുമില്ല.
പത്രത്തിന്റെ മേല്‍വിലാസം ചൂടാനുള്ള അവസരം ഈ ഗള്‍ഫില്‍ വെച്ചുണ്ടായിട്ടും രണ്ടിലധികം പത്രക്കാര്‍ എന്നെ സമീപിച്ചിട്ടും ഞാന്‍ അവഗണിച്ചതും ഞാന്‍ അതിന്റെ പിന്നാലെ പോകാതിരുന്നതും
വരക്കുക എന്ന എന്റെ ക്രിയക്കപ്പുറം മറ്റൊന്നും എന്നെ പ്രലോഭിപ്പിക്കുന്നില്ല എന്നുള്ളതിനാലാണ്.
------------
ഒരു സുഹൃത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ആ വിഷയം പോസ്റ്റ് ആക്കി എഴുതിയത് തന്നെ..
പിന്നെ എനിക്കറിയാവുന്ന എന്റെ കലയില്‍ ആരുടേയും പിന്നിലാവരുത് എന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. ബ്ലോഗ്ഗിലും എന്റെ എഴുത്തിനും വരക്കും ഫോട്ടോസിനും മികച്ച അഭിപ്രായം സ്വരൂപിക്കാന്‍ കഴിഞ്ഞതും എന്റെ ബ്ലോഗ്ഗ് മുമ്പന്തിയിലേക്കെത്തിയതും അറിയുന്ന കലയില്‍ തോറ്റു പോവരുത് എന്ന വാശിയുള്ളതിനാല്‍ തന്നെയാണ്.
------------
പിന്നെന്തിനു ഈ രണ്‍ട് പോസ്റ്റുകളില്‍ ഞാന്‍ (കരയും മൂക്കു പിഴിയുകയും) ചെയ്തു എന്ന താങ്കളുടെ സന്ദേഹത്തിനുള്ള മറുപടി അത് ഞാന്‍ എന്റെ ബ്ലോഗ്ഗര്‍ സുഹൃത്തുക്കള്‍ക്ക് വേണ്ടി കൂടിയുള്ള ഒരു പോരാട്ടമാക്കി മാറ്റുന്നതിനാലാണ് എന്നാണ് എന്റെ ഉത്തരം.
------------
നിരവധി പത്ര സ്ഥാപനങ്ങളുമായി എളിയ രീതിയില്‍ ബന്ധമുണ്ടായിരുന്ന ഒരു പ്രൊഫഷന്‍ ഒഴിവാക്കിയാണ് ഞാനിവിടെ വന്നത് എന്ന് പറഞ്ഞുവല്ലോ. എന്നാല്‍ മിക്ക ബ്ലോഗ്ഗര്‍മാരും അങ്ങനെയൊരു സാഹചര്യത്തെ പരിചയമുള്ളവരോ എഴുത്തിന്റെ മേഖല തൊട്ടനുഭവമുള്ളവരോ ആയിരിക്കില്ല.
പ്രത്യേകിച്ചും പ്രവാസി ബ്ലോഗ്ഗര്‍മാര്‍ക്കിത് ഒട്ടേറെ കുറവുകളും ന്യൂനതകളും ചൂണ്ടിക്കാണിക്കാനുണ്ടെ ങ്കില്‍ കൂടിയും പണ്ട് ഒരു സ്നേഹിതനോ അല്ലെങ്കില്‍ ഭാര്യക്കോ മാത്രം വീര്‍പ്പുമുട്ടലുകളും ആകുലതകളും എഴുതി നെടുവീര്‍പ്പിട്ട അവന്‍ ഇന്ന് ഈ ടെക്നോളജിയില്‍ പരിചയ സമ്പന്നനാവുന്നു എന്ന് മാത്രമല്ല അവന്റെയുള്ളിലെ നിസ്സഹായതയും നര്‍മ്മവും രോഷവും പ്രകടിപ്പിക്കാനും പ്രതിഷേധം ഉറക്കെ വിളിച്ച് പറയാനും ഉള്ള ഒരു അമൂല്യ വേദി കൂടെ ഇവിടെ സംജാതമാകുന്നു..സമാന മനസ്കരായ ഒട്ടനേകം പേരെ സുഹൃത്തുക്കളായി കിട്ടുന്നു..
അക്ഷരത്തിന്റെ രുചി അവനറിയുന്നു..
അതിന്റെ ശക്തിയും പ്രാധാന്യവും അവന്‍ മുമ്പത്തേക്കാളേറെ അവനു ബോധ്യം വരുന്നു....
ജോലി കഴിഞ്ഞെത്തുന്ന ഇത്തിരി ഒഴിവ് നേരങ്ങളില്‍ അവന്റെ മനോമുകുരം വിരിയിക്കുന്ന സ്വപ്നങ്ങ ളാണവന്റെ വിരല്‍ത്തുമ്പിലൂടെ ഊര്‍ന്നിറങ്ങുന്ന പോസ്റ്റുകള്‍....
ആ പോസ്റ്റുകള്‍ അച്ചടി മഷി പുരളുക എന്നത് അവന് ആഹ്ലാദം നല്‍കുന്ന കാര്യം തന്നെയാണ്.
അത് ബ്ലോഗ്ഗില്‍ പ്രസിദ്ധീകരിക്കുമ്പോള്‍ അവനതിന്റെ കോപ്പി റൈറ്റ് നിയമങ്ങളെ ക്കുറിച്ച് പലപ്പോഴും ബോധവാനാകാറില്ല. അതു കൊണ്ട് തന്നെ സ്വന്തം വീട്ടിലെ കോഴിക്കൂട്ടിനോ പശുത്തൊഴുത്തിനോ ആരും സ്വന്തം വീട്ടുപേര്‍ ചാര്‍ത്തി "ഇത് എന്റേതാണ്..ഇവറ്റകളെ ആരും അനുവാദമില്ലാതെ കൊണ്ട് പോവരുത് "എന്ന് എഴുതിവെക്കാറില്ലാത്തതു പോലെ
സ്വന്തം ബ്ലോഗ്ഗില്‍ കോപ്പിറൈറ്റ് അടയാളം അവരില്‍ മിക്കവരും വെക്കാത്തത്.
------------
എന്നാല്‍ രചനകള്‍ക്കും വായനക്കാര്‍ക്കും മേല്‍ അദൃശ്യ അധികാരം കയ്യാളുന്ന പ്രിന്റഡ് മീഡിയ
കോപ്പി റൈറ്റ് നിയമങ്ങള്‍ അത് ഏത് മീഡിയയെ ഉപജീവിച്ചായാലും അണുകിട പാലിക്കേണ്ടതുണ്ട്.
കാരണം അവരുടെ ശക്തി വലുതാണ്.ഒപ്പം ബാധ്യതയും ഉത്തരവാദിത്വവും വലുതാണ്.
------------
പ്രിയപ്പെട്ട നജീം ഭായ്,
താങ്കള്‍ക്ക് എന്റെ രണ്ടു പോസ്റ്റുകളിലേയും എന്റെ പരാമര്‍ശനങ്ങളും കാഴ്ച്ചപ്പാടുകളും എന്റെ കരിച്ചിലോ കണ്ണീരൊഴുക്കലോ മൂക്കു പിഴിയലോ ഒക്കെയായുള്ള പരിഹാസ്യത ജനിപ്പിച്ചെങ്കില്‍
കലാകൗമുദിയിലെ ഉത്തരവാദിത്വപ്പെട്ടവര്‍ക്ക് തങ്ങളുടെ വീഴ്ച ബോധ്യമായത് തീര്‍ത്തും ആശ്വാസജനകമാണ്..പ്രത്യാശപരവുമാണ്.
------------
അവര്‍ ഇതിനെ നിസ്സാര വല്‍ക്കരിച്ചില്ല എന്നിടത്ത് എന്റെ "കരച്ചിലിനു" ഫലമുണ്ടായി എന്ന് ഞാന്‍ വിശ്വസിക്കുന്നു. ആ ഫലം ബൂലോകത്തെ ഒരോ ബ്ലോഗ്ഗര്‍ക്കും തങ്ങളുടെ സൃഷ്ടിയെക്കുറിച്ചുള്ള അവകാശ ബോധം വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ടാവും എന്നും ഞാന്‍ വിശ്വസിക്കുന്നു.
------------
സ്വന്തം സൃഷ്ടികള്‍ക്ക് മേല്‍ കയ്യൊപ്പ് ചാര്‍ത്തുക എന്നത് " ഇതെന്റേതാണ്" ഉറക്കെ പ്രഖ്യാപിക്കല്‍ തന്നെയാണ്. അഥവാ ഇതാര്‍ക്ക് വേണമെങ്കിലും ഉപയോഗിക്കാം എന്നിടത്ത് മാത്രമേ " ഈ രചനയുടെ കോപ്പി പുന:പ്രസിദ്ധീകരിക്കുന്നതിനോ പകര്‍പ്പെടുക്കുന്നതിനോ വിതരണം ചെയ്യുന്നതിനോ യാതൊരു വിലക്കുമില്ല"
എന്ന് എഴുതിവെക്കേണ്ട കാര്യമുള്ളൂ. കാലം മാറിയില്ലേ.നിയമങ്ങളും പുതിയ സൈബര്‍ വ്യവസ്ഥകളും നടപ്പുശീലങ്ങളും പുതിയ രൂപങ്ങളിലേക്ക് നിവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
------------
സി.രാധാകൃഷ്ണന്‍ ആണെന്ന് തോന്നുന്നു കമ്പ്യൂട്ടര്‍ ഉപയോഗിച്ച് നോവല്‍ രചനക്കു തുനിഞ്ഞ മലയാളത്തിലെ ആദ്യ എഴുത്ത്കാരന്‍. ഒപ്പം ടൈപ്പ് ചെയ്യുന്ന എഴുത്തിന്റെ സമീപ ഭാവി അന്ന് അദ്ദേഹം എടുത്ത് പറയുകയും ചെയ്തു.
അപ്പോഴും ഉണ്ടായി വിമര്‍ശനങ്ങള്‍. ..കമ്പ്യൂട്ടര്‍ പരിജ്ഞാനമില്ലാത്ത സവര്‍ണ്ണ എഴുത്ത്കാരുടെ പരിഹാസം വായിക്കപ്പെടാതെ അലമാരികളില്‍ പൊടിതട്ടിയ പുസ്തകങ്ങളുടെ നെടുവീര്‍പ്പുകളായി പരിണാമപ്രക്രിയക്ക് വിധേയമാവുമ്പോള്‍ ഇവിടെ ബൂലോകം എഴുത്ത് ആഘോഷിക്കുകയാണ്..
നിന്ദിതനും പീഡിതനും വായ്മൂടപ്പെട്ടവനും ബൂലോകത്തെ സജീവമാകുമ്പോള്‍ പോരായ്മകള്‍ക്കപ്പുറം
അവനുറക്കെ വിളിച്ചുപറയാനുള്ള സ്വാതന്ത്ര്യം..വായനയിലേക്ക് ..അക്ഷരങ്ങളിലേക്ക് ഉള്ള തിരിച്ചു പോക്കിന്റെ പുതിയ വസന്തം എല്ലാം അവന്‍ അറിഞ്ഞ് ആസ്വദിക്കുന്നുണ്ട്.
വേദനയുടെ അക്ഷരങ്ങളെ നവ രൂപമാക്കി മാറ്റുമ്പോള്‍ സവര്‍ണ്ണ മീഡിയ അവന്റെ ബ്ലോഗ്ഗ് കുടിലിലേക്ക് ഒളിഞ്ഞും മറഞ്ഞും നോക്കേണ്ടതില്ല..
അവന്റെ കൈമുതല്‍ അറിയാതെ കൈവശപ്പെടുത്തേണ്ട കാര്യവും ഇല്ല.. ലേഖനങ്ങള്‍ക്കിടയിലും നിരൂപണങ്ങള്‍ക്കിടയിലും ഒരു ഉദ്ധരണിക്ക് പോലും എഴുത്ത്കാരന്റെ നാമം തുന്നിച്ചേര്‍ക്കുന്ന മുഖ്യധാരക്ക് ബൂലോക സൃഷ്ടികളെ രണ്ടാം പന്തിക്കാരന്റെ ബാക്കി വിഭവങ്ങളാക്കേണ്ട ആവശ്യമുണ്ടോ.
അവയും യഥാവിധി പരിചരണവും പരിഗണനയും അര്‍ഹിക്കുന്നു.
------------
താങ്കള്‍ക്കുള്ള മറുപടി തയ്യാറാക്കാന്‍ താങ്കളുടെ ബ്ലോഗ്ഗിലെത്തിയ ഞാന്‍ സുപ്രധാനമെന്ന് തോന്നിയ രണ്ടു വാര്‍ത്തകളെ ലിങ്ക് സഹിതം മലയാളം ബ്ലോഗ്ഗേഴ്സ് ഗ്രൂപ്പില്‍"" " അവതരിപ്പിച്ചു. ഈ എഴുത്തില്‍ അത് സൂചിപ്പിക്കാനോ മറ്റോ അന്നേരം അങ്ങനെയൊരുദ്ദേശം പോലുമുണ്ടായിരുന്നില്ല.
ഇത് എഴുത്തുകാര്‍ തമ്മിലുള്ള പരസ്പര സഹകരണമാണ്..വായനക്കാരിലേക്ക് ആ എഴുത്ത് എത്തിച്ചേരട്ടെ എന്നുള്ള സദുദ്ദേശ്യമാണ്..
വലിയ വലിയ എഴുത്തുകാരെന്ന് നടിക്കുന്നവര്‍ക്ക് പലപ്പോഴും രോഗ ശയ്യയിലേ തിരിച്ചറിവും പരസ്പര സൗഹൃദവും പുനര്‍വിചിന്തനം നടത്തൂ എന്നുള്ളിടത്ത് ബൂലോകത്ത് മാത്രം കാണപ്പെടുന്ന തെളിനീരുപോലെ ശുദ്ധമായ സൗഹൃദത്തിനു ഒരെളിയ നിര്‍വചനമാണ്.
------------
ഒരിക്കല്‍ കൂടി ഞാന്‍ തെര്യപ്പെടുത്തട്ടെ..
എന്റെ "കരച്ചില്‍""" "താങ്കളെ സങ്കടപ്പെടുത്തിയതില്‍ ഖേദിക്കുന്നു.
പക്ഷേ തിരിച്ചറിയുക.
ആ നിലവിളി ഈ ബൂലോകത്തുള്ള ഓരോ ബ്ലോഗ്ഗര്‍മാര്‍ക്കു വേണ്ടിയും ഞാന്‍ നടത്തിയ പോരാട്ടമായിരുന്നു എന്ന്..ബൂലോകം മൊത്തം ഐക്യവും ജാഗ്രതയും കാണിച്ച സമരവുമായിരുന്നു അതെന്ന്..
ഒരു ക്ഷമാപണത്തിലും ഉടമസ്ഥാവകാശ കുറിപ്പ് പ്രസിദ്ധീകരണത്തിലും അത് ഒത്തു തീര്‍ന്നുവെങ്കില്‍ ആ സമരം വിജയിച്ചു എന്ന് തന്നെ കരുതാമല്ലോ..
തീര്‍ച്ചയായും അത് ഓരോ ബ്ലോഗ്ഗറുടേയും വിജയമാണ്..
അത്മവിശ്വാസത്തിന്റെ ആളലാണ്!.
------------
ഒരു പത്രവും ഒരു പ്രസിദ്ധീകരണവും എന്നെ ഇന്ന് പ്രലോഭിപ്പിക്കുന്നില്ല..
ഒരു അച്ചടി മാധ്യമത്തിന്റെ തണലും തണുപ്പും ഞാന്‍ കൊതിക്കുന്നുമില്ല..
ബ്ലോഗ്ഗിലേക്ക് വരും മുമ്പും ഞാന്‍ ഇങ്ങനെയായിരുന്നു..
ഇനി ബ്ലോഗ്ഗില്ലെങ്കിലും ഞാന്‍ ഇങ്ങനെയൊക്കെതന്നെയായിരിക്കും..
ആര് പ്രസിദ്ധീകരിച്ചാലും ഇല്ലെങ്കിലും അഭിനന്ദിച്ചാലും കമന്റിട്ടാലും ഇല്ലെങ്കിലുമൊക്കെ ഞാന്‍ വരച്ചു കൊണ്ടിരിക്കും.
------------
കാരണം ഓര്‍മ്മവെച്ച നാള്‍മുതല്‍
ഞാന്‍ വരക്കാതെ പോയ ഒരു ദിനവുമെനിക്കുണ്ടായിട്ടില്ലല്ലോ....
------------
നല്ല വാക്കുകള്‍ക്ക് നന്ദി..
നമസ്കാരം!.
------------
അനുവാദമില്ലാത്ത കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ച പത്രങ്ങള്‍ക്കെതിരെയുള്ള പ്രതികരണത്തെ വെറുമൊരു നിലവിളിയായി ചിത്രീകരിക്കുന്നത് ശരിയല്ല. താങ്കള്‍ നയം വ്യക്തമാക്കിയിരിക്കുന്നു.
Monday, January 9, 2012 at 12:02:00 AM GMT+3
“ഒരു പത്രവും ഒരു പ്രസിദ്ധീകരണവും എന്നെ ഇന്ന് പ്രലോഭിപ്പിക്കുന്നില്ല..
ഒരു അച്ചടി മാധ്യമത്തിന്റെ തണലും തണുപ്പും ഞാന്‍ കൊതിക്കുന്നുമില്ല..
ബ്ലോഗ്ഗിലേക്ക് വരും മുമ്പും ഞാന്‍ ഇങ്ങനെയായിരുന്നു..
ഇനി ബ്ലോഗ്ഗില്ലെങ്കിലും ഞാന്‍ ഇങ്ങനെയൊക്കെതന്നെയായിരിക്കും..
ആര് പ്രസിദ്ധീകരിച്ചാലും ഇല്ലെങ്കിലും അഭിനന്ദിച്ചാലും കമന്റിട്ടാലും ഇല്ലെങ്കിലുമൊക്കെ ഞാന്‍ വരച്ചു കൊണ്ടിരിക്കും.
കാരണം ഓര്‍മ്മവെച്ച നാള്‍മുതല്‍
ഞാന്‍ വരക്കാതെ പോയ ഒരു ദിനവുമെനിക്കുണ്ടായിട്ടില്ലല്ലോ....“
ഒരു നല്ല കലാകാരന്റെ നല്ല പ്രതികരണം...!
Monday, January 9, 2012 at 12:14:00 AM GMT+3
ഹഹഹഹ...അത് കലക്കി. എന്നാപ്പിന്നെ കഥകളും കവിതകളുമൊക്കെ ഇങ്ങനെ 'കടപ്പാട്' വച്ച് അടിച്ചുമാറ്റിയാലോ?
Monday, January 9, 2012 at 12:18:00 AM GMT+3
നിയമങ്ങളിലൂടെ പരിരക്ഷിക്കപ്പെടേണ്ടതാണ് അവകാശങ്ങള്‍ എന്ന് വരുമ്പോള്‍ ഭാസ്കരപാട്ടേല്‍മാര്‍ ദുര്‍ബലന്‍റെ നിസ്സഹായവസ്ഥയുടെ കിടപ്പുമുറികളില്‍ ഞരങ്ങാന്‍ തുടങ്ങും...... സ്വന്തം സൃഷ്ടിക്ക് DNA ടെസ്റ്റ് റിസല്‍ട്ടിന്‍റെ കോപ്പിയൊട്ടിച്ചു വെക്കേണ്ട ഗതികേടൊന്നും സോഷ്യല്‍ മാധ്യമ രംഗത്തുള്ളവര്‍ക്ക് തല്‍കാലമില്ല.....നിയമപുസ്തകത്തിനപ്പുറത്തെ വിശാല നീതിബോധം പലപ്പോഴും പ്രകടിപ്പിച്ചിട്ടുള്ള നമ്മുടെ ബഹുമാനപ്പെട്ട കോടതികള്‍ കോപ്പിറൈറ്റിന്‍റെ പേരും പറഞ്ഞുള്ള ഇത്തരം മുട്ടുന്യായങ്ങളെ അംഗീകരിക്കുമെന്ന് തോന്നുന്നില്ല......ഒരു നോബിള്‍ കോസി'നു വേണ്ടിയുള്ള,പാതിവിജയത്തിലെത്തിനില്‍ക്കുന്ന ഈ 'സര്‍ഗ്ഗസമരം' തുടരുക തന്നെ വേണം..........( എന്‍റെ വിസ്മൃതിയുടെ അഗാധ കയങ്ങളില്‍ നിന്നും ലാലുലീല'യെന്ന ബാല്യകാല കൌതുകം മുങ്ങിയെടുത്തു തന്നതില്‍ നൌഷാദ് ഭായ്..., നന്ദി...
Monday, January 9, 2012 at 1:13:00 AM GMT+3
നൌഷാദ് ധൈര്യമായി മുന്നേറൂ. മറ്റുള്ളവരുടെ കുഞ്ഞുങ്ങളെ തന്റേതാക്കി നാലാളുടെ മുമ്പില്‍ ഞെളിഞ്ഞു നടക്കുന്ന ഷണ്ഠന്മാര്‍ ലജ്ജിക്കട്ടെ!. ഇക്കാര്യത്തില്‍ എല്ലാ ബ്ലോഗര്‍മാരും ഒന്നിച്ചു നില്‍ക്കണം. പത്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാന്യ ബ്ലോഗര്‍മാര്‍ (പേര്‍ ഞാന്‍ പറയുന്നില്ല,എല്ലാവര്‍ക്കുമറിയാമല്ലോ?) എന്താ ഒരു കമന്റു പോലും പാസാക്കുന്നില്ല!.താങ്കള്‍ നിരന്തരം വരക്കൂ.ഇപ്പോള്‍ ദിവസവും വരക്കാന്‍ ഇതു തന്നെ വിഷയവുമായല്ലോ!.
Monday, January 9, 2012 at 3:21:00 AM GMT+3
പറയാനുള്ളത് ശക്തവായും വ്യക്തമായും പറഞ്ഞു. കടപ്പാട് വെക്കാതെ എന്തും അടിച്ചുമാറ്റാനുള്ള അധികാരമാണോ പേര് വെച്ചിട്ടില്ലാ എന്നത്?
Monday, January 9, 2012 at 5:51:00 AM GMT+3
നിലവിളിക്കേണ്ടിടത്ത് നിലവിളിച്ചേ പറ്റൂ..
നൌഷാദിന്റെ പോരാട്ടത്തില്‍ ബൂലോകം കൂടെയുണ്ടാകും.
ഇതേപ്പറ്റി വരച്ച കാര്‍ട്ടൂണ്‍ അനുയോജ്യമായി.
Monday, January 9, 2012 at 6:18:00 AM GMT+3
പറയാനുള്ളതെല്ലാം ഞങ്ങളെല്ലാവര്‍ക്കും കൂടി വേണ്ടി നൗഷാദ് കൃത്യമായി പറഞ്ഞു....
Monday, January 9, 2012 at 6:33:00 AM GMT+3
ഇത് നിലവിളിയല്ല , ശക്തമായ മുന്നറിയിപ്പാണ് . ഹാസ്യം തുളുമ്പുന്ന മനസ്സുകളില്‍ നിന്നും വരുന്ന 'നിലവിളികളെ ' പുശ്ചിക്കുന്നവര്‍ക്കുള്ള കനത്ത മുന്നറിയിപ്പ് .
Monday, January 9, 2012 at 7:51:00 AM GMT+3
അനീതിക്കെതിരെ വരയിലൂടെയും വരിയിലൂടെയും ശക്തമായ പ്രതിഷേധം. പരിഹാസവും.
Monday, January 9, 2012 at 8:11:00 AM GMT+3
പറയാനുള്ളത് തുറന്നു പറഞ്ഞതിന് ഒരു സല്യൂട്ട്
Monday, January 9, 2012 at 8:25:00 AM GMT+3
ഒരു കലാകാരന്റെ അധ്വാനത്തെ ചുളുവില്‍ അടിച്ചു മാറ്റി ഞെളിയുന്നത് എന്ത് മാധ്യമ സംസ്കാരമാണ് ?
അതിനെതിരെ തികച്ചും അച്ചടക്കത്തോടു കൂടി സ്വന്തം ബ്ലോഗ്ഗിലൂടെയും, മെമ്പര്‍ ആയുള്ള ഗ്രൂപ്പുകളിലൂടെയും
പ്രതികരിച്ചത് കരച്ചില്‍ ആക്കി വിശേഷിപ്പിക്കുന്നത് എങ്ങിനെ ഉള്‍കൊളളും....?
പത്രങ്ങള്‍ക്കു തങ്ങളുടെ ആര്‍ട്ടിക്കിളുകള്‍ രുചിയോടെ വിളമ്പാന്‍ വേണ്ട ചേരുവകള്‍ സ്വന്തം വരക്കാരെ കാശ് കൊടുത്തു
വെച്ച് വരപ്പിക്കണം . അല്ലാതെ വല്ലവനും രാപകല്‍ ഇല്ലാതെ കഷ്ടപ്പെട്ട് വരച്ചത് മോഷ്ടിക്കാന്‍ കൊട്ടയുമായി ഇറങ്ങരുത് .
എന്നിട്ട് അതിനു കോപ്പി റൈറ്റ് , സംരക്ഷണം ഇതൊന്നും ഇല്ലാഞ്ഞിട്ടാണെന്ന് പറയാന്‍ നാണമില്ലേ ?
ഒരു വശത്ത് ബ്ലോഗ്ഗേര്‍സിനെ ഇകഴ്ത്താന്‍ കച്ചകെട്ടിയിറങ്ങുന്ന മുഖ്യധാര മാധ്യമങ്ങള്‍ ബ്ലോഗിന്റെ പുറം വാതിലിലൂടെ
തലയില്‍ മുണ്ടുമിട്ട് ഇങ്ങിനെ തപ്പി കൊണ്ട് പോകുന്ന പണി ഭൂഷണമാണോ സുഹൃത്തേ ?
ഏതായാലും ബ്ലോഗ് എഴുത്തുകാര്‍ക്ക് മൊത്തമായി പറയാന്‍ ഉള്ളത് ശ്രീ നൌഷാദ് പറഞ്ഞു കഴിഞ്ഞു ...
ആശംസകള്‍ ശ്രീ നൌഷാദ്
Monday, January 9, 2012 at 8:38:00 AM GMT+3
താങ്കള്‍ പറഞ്ഞു!
Monday, January 9, 2012 at 8:55:00 AM GMT+3
ഒരു പത്രവും ഒരു പ്രസിദ്ധീകരണവും എന്നെ ഇന്ന് പ്രലോഭിപ്പിക്കുന്നില്ല..
ഒരു അച്ചടി മാധ്യമത്തിന്റെ തണലും തണുപ്പും ഞാന്‍ കൊതിക്കുന്നുമില്ല..
ബ്ലോഗ്ഗിലേക്ക് വരും മുമ്പും ഞാന്‍ ഇങ്ങനെയായിരുന്നു..
ഇനി ബ്ലോഗ്ഗില്ലെങ്കിലും ഞാന്‍ ഇങ്ങനെയൊക്കെതന്നെയായിരിക്കും..
ആര് പ്രസിദ്ധീകരിച്ചാലും ഇല്ലെങ്കിലും അഭിനന്ദിച്ചാലും കമന്റിട്ടാലും ഇല്ലെങ്കിലുമൊക്കെ ഞാന്‍ വരച്ചു കൊണ്ടിരിക്കും.
------------
കാരണം ഓര്‍മ്മവെച്ച നാള്‍മുതല്‍
ഞാന്‍ വരക്കാതെ പോയ ഒരു ദിനവുമെനിക്കുണ്ടായിട്ടില്ലല്ലോ...
you said it !!!
Monday, January 9, 2012 at 9:06:00 AM GMT+3
ബ്ലോഗിലും മറ്റു സോഷ്യൽ മീഡിയകളിലും സ്വന്തം രചന നടത്തുന്ന മുഴുവൻ പേർക്ക് കൂടിവേണ്ടിയാണ് ഈ പ്രതികരണം എന്ന് മനസ്സിലാക്കുന്നു.
വരച്ചും എഴുതിയും മുന്നേറുക.
Monday, January 9, 2012 at 9:36:00 AM GMT+3
തീര്‍ച്ചയായും നല്ല പ്രതികരണം,,,കേരള കൗമുദി,മംഗളം തുടങ്ങിയ പത്രങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തേണ്ടതായിരുന്നു,,,, അറ്റ്ലീസ്റ്റ്,,,, ഇമെയില്‍ വഴിയെങ്കിലും അനുവാദം വാങ്ങേണ്ടതായിരുന്നു,,, ,,, തെറ്റാരുചെയ്താലും തെറ്റു തന്നെയാണ്,,,ഏതായാലും മംഗളവും ,കൗമുദിയും തെറ്റു സമ്മതിച്ച സ്ഥിതിക്ക് അകമ്പാടത്തിന്‍റെ കയ്യിലാണ് ന്യായമെന്നു എല്ലാവര്‍ക്കും മനസ്സിലായിരിക്കുന്നു,,,മറ്റുള്ള അഭിപ്രായങ്ങള്‍ക്കു ചെവി കൊടുക്കേണ്ടതില്ല,,,ചിലപ്പോള്‍ അഭിപ്രായം പറഞ്ഞ സുഹ്രുത്തിനു തെറ്റിയതായിരിക്കാം,,,ഏതായാലും എല്ലവര്‍ക്കും വേണ്ടി ശബ്ദിച്ചതിനു നന്ദി,,,,,,
Monday, January 9, 2012 at 9:39:00 AM GMT+3
വ്യക്തമായി പറഞ്ഞു....
അഭിനന്ദനങ്ങള്‍ !
Monday, January 9, 2012 at 9:40:00 AM GMT+3
വമ്പന്മാർക്കൊരു ചുട്ട അടി
Monday, January 9, 2012 at 9:43:00 AM GMT+3
നൌഷാദ് ഭായി,
"ഒരു പത്രവും ഒരു പ്രസിദ്ധീകരണവും എന്നെ ഇന്ന് പ്രലോഭിപ്പിക്കുന്നില്ല..
ഒരു അച്ചടി മാധ്യമത്തിന്റെ തണലും തണുപ്പും ഞാന്‍ കൊതിക്കുന്നുമില്ല..
ബ്ലോഗ്ഗിലേക്ക് വരും മുമ്പും ഞാന്‍ ഇങ്ങനെയായിരുന്നു..
ഇനി ബ്ലോഗ്ഗില്ലെങ്കിലും ഞാന്‍ ഇങ്ങനെയൊക്കെതന്നെയായിരിക്കും..
ആര് പ്രസിദ്ധീകരിച്ചാലും ഇല്ലെങ്കിലും അഭിനന്ദിച്ചാലും കമന്റിട്ടാലും ഇല്ലെങ്കിലുമൊക്കെ ഞാന്‍ വരച്ചു കൊണ്ടിരിക്കും.
കാരണം ഓര്‍മ്മവെച്ച നാള്‍മുതല്‍
ഞാന്‍ വരക്കാതെ പോയ ഒരു ദിനവുമെനിക്കുണ്ടായിട്ടില്ലല്ലോ"
ഇതില്‍ കൂടുതല്‍ എന്ത് പറയാന്‍, ആശംസകളോടെ..
Monday, January 9, 2012 at 9:53:00 AM GMT+3
എനിക്ക് പത്രക്കാരോട് പ്രത്യേകിച്ച് താല്പര്യമോ സൃഷ്ടികള്‍ പ്രസിദ്ധീകരിച്ച് വരണമെന്നോ യാതൊരു വിധ മോഹങ്ങളുമില്ല..അതെന്നെ അത്ര കണ്ട് സന്തോഷിപ്പിക്കുന്നുമില്ല.
ഒരു പത്രവും ഒരു പ്രസിദ്ധീകരണവും എന്നെ ഇന്ന് പ്രലോഭിപ്പിക്കുന്നില്ല..
ഒരു അച്ചടി മാധ്യമത്തിന്റെ തണലും തണുപ്പും ഞാന്‍ കൊതിക്കുന്നുമില്ല..
ബ്ലോഗ്ഗിലേക്ക് വരും മുമ്പും ഞാന്‍ ഇങ്ങനെയായിരുന്നു..
ഇനി ബ്ലോഗ്ഗില്ലെങ്കിലും ഞാന്‍ ഇങ്ങനെയൊക്കെതന്നെയായിരിക്കും..
മനസ്സ് നിറഞ്ഞു പോയി നൌഷാദ് ഇക്കാ.....
Monday, January 9, 2012 at 10:01:00 AM GMT+3
ഇന്‍റെര്‍നെറ്റില്‍ നിന്നും കിട്ടുന്ന വിലയേറിയ സൃഷ്ടികള്‍ ഇന്‍റെര്‍നെറ്റില്‍ തന്നെ ഷെയര്‍ ചെയ്യുന്നവര്‍ പോലും കാത്തുസൂക്ഷിക്കേണ്ട ചില മര്യാദകള്‍ ഉണ്ട്. ഏറ്റവും കുറഞ്ഞത് ആ സൃഷ്ടികള്‍ക്ക് വേണ്ടി വിയര്‍പ്പൊഴുക്കിയ ആളിന്‍റെ പേര് കൂടെ ചേര്‍ക്കുക എന്നത് അതിലൊന്നാണ്.. അത്തരം ഒരു മര്യാദ സമൂഹത്തിലെ മുഖ്യധാരാ മാധ്യമങ്ങളുടെ ഭാഗത്ത് നിന്ന് പോലും ഉണ്ടായില്ല എന്ന് കേട്ടപ്പോള്‍ അതിശയപ്പെട്ടു പോയി. നജീം കൊച്ചു കലുങ്കല്‍ പറഞ്ഞത് പോലെ 'ഇതൊക്കെ മോഷണം പോകുന്ന സ്ഥലമാണ്, ഇവിടെ ഒന്നും കൊണ്ട് വന്നു വെക്കാതിരിക്കൂ' എന്ന സിദ്ധാന്തം ശരിയായിരിക്കാം. പക്ഷെ മോഷണം നടത്തിയ 'ധര്‍മ പരിപാലന സ്ഥാപനങ്ങള്‍' തെറ്റ് ചെയ്തതിനൊപ്പം അവരെ മറ്റുള്ളവര്‍ക്ക് പരിഹസിക്കാനുള്ള അവസരം കൂടെ ആണ് തുറന്നു കൊടുത്തത്. അത് തന്നെ ആണ് ഇപ്പോള്‍ നൌഷാദിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതും... ആ സൃഷ്ടികളുടെ ഉടമയായ നൌഷാദിന് അതിനുള്ള അവകാശവും ഉണ്ട്...അതില്‍ തെറ്റ് പറയാനാകില്ല ശ്രീ നജിം.
Monday, January 9, 2012 at 10:12:00 AM GMT+3
എല്ലാ പത്രങ്ങളും പ്രസിദ്ധീകരണങ്ങളും എന്നെ ഇന്നും പ്രലോഭിപ്പിക്കുന്നു.
ഓരോ അച്ചടി മാധ്യമത്തിന്റെ തണലും തണുപ്പും ഞാന്‍ കൊതിക്കുന്നു.
ബ്ലോഗ്ഗിലേക്ക് വരും മുമ്പും ഞാന്‍ ഇങ്ങനെയായിരുന്നു..
പക്ഷെ ഈ കൊതിയെയും ആഗ്രഹത്തെയും മുൻനിർത്തി
എന്റെ സൃഷ്ടികൾ എന്റെ അനുവാദമില്ലാതെ പ്രസിദ്ധീകരിക്കുന്നത് ശുദ്ധതെണ്ടിത്തരമാണെന്ന് ഞാൻ കരുതുന്നു.
താങ്കൾക്ക് എല്ലാ പിന്തുണകളും നൌഷാദ് ഭായ്
Monday, January 9, 2012 at 10:46:00 AM GMT+3
വര പോക്കിയവര്‍ക്ക് വരയിലൂടെ മറുപടി കൊടുക്കുക .. എന്നിട്ട് ആ വരയും അവര്‍ പോക്കുമെന്നു നോക്കാല്ലോ ..:)
ഈ പോസ്റ്റും അവര്‍ എത്രയും പെട്ടെന്ന് കാണട്ടെ ..:) ആശംസകള്‍
Monday, January 9, 2012 at 11:23:00 AM GMT+3
പറയാനുള്ളത് തുറന്നു പറഞ്ഞു ..
Monday, January 9, 2012 at 11:28:00 AM GMT+3
വളരെ നല്ല രീതിയില്‍ ഇങ്ങനെ പറയാന്‍ താങ്കള്‍ക്കു മാത്രമേ കഴിയൂ....അത് കൊള്ളേണ്ടത് കൊള്ളേണ്ടിടത്തു കൊണ്ടാല്‍ ഈ ഉദ്യമം വിജയിച്ചു എന്തേ അതിനു എല്ലാ ബ്ലോഗര്‍മാരും ഇടപെടുക....പൊട്ടക്കിണറ്റിലെ തവളകള്‍ അല്ല ഈ സൈബര്‍ ലോകത്തിലെ എഴുത്തുകാര്‍ എന്ന് എല്ലാവരും മനസ്സിലാക്കിയാല്‍ കൊള്ളാം...
Monday, January 9, 2012 at 11:35:00 AM GMT+3
അതെ ബ്രിട്ടാസ് കേള്‍ക്കുന്നുണ്ട്... കേള്‍ക്കുന്നുണ്ട്!! ചോദ്യം വ്യക്തമായില്ല ... ഒരു വട്ടം കൂടെ ..
ബ്രിട്ടാസ് : mr . അകംബാടം താങ്കളുടെ ശ്രിഷ്ട്ടികള്‍ മാത്രം അല്ല അനേകം ശ്രിഷ്ട്ടികള്‍ ഇപ്പോള്‍ മുഖ്യധാര മാധ്യമങ്ങള്‍ കട്ട് പ്രഷിദ്ധീകരിക്കുന്നുണ്ട് എന്താണ് താങ്കളുടെ ഇതിനെപ്പറ്റിയുള്ള അഭിപ്രായം"?
അകംബാടം: ശ്രീ ബ്രിട്ടാസ് , ഞാന്‍ ഊണും ഉറക്കവും ഒഴിച്ച് .....
ബ്രിട്ടാസ് : എന്ത് ... പുതിയ ബ്രാന്‍ഡ് ആണോ അത് ... വിസ്കിയും , റമ്മും ഒഴിച്ചല്ലേ സാധാരണ എല്ലാരും എഴുതാരും വരയ്കാരും ..
അകംബാടം: ശ്രീ ബ്രിട്ടാസ് , ഞാന്‍ മുഴുവന്‍ പറയട്ടെ , ബ്ലോഗിന്റെ ഉള്ളില്‍ കയറി ലൈക് വെക്കല്ലേ ..ഞാന്‍ ഊണും ഉറക്കവും ഒഴിച്ച് വരച്ചു വൃത്തികേടാക്കിയ പേപ്പര്‍ കളില്‍ എന്റെ കഴിവ് ഉപയോഗിച്ച് കളര്‍ വെച്ച് കുത്തി വരച്ച കോലങ്ങള്‍ ആണ് മുഖ്യധാര മാധ്യമങ്ങള്‍ കട്ട് എടുക്കുന്നത് ! ഇത് എനിക്ക് സഹിക്കാവുന്നതിലും അപ്പുറം ആണ് ..
ബ്രിട്ടാസ് : അകംബാടം, വികാരധീനന്‍ ആവരുത് .. ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ പ്രസസ്ഥ ചലച്ചിത്ര താരം ശ്രീ സന്തോഷ് പണ്ടിട്റ്റ് നമ്മളോടൊപ്പം ചേരുന്നു .. പണ്ടിട്റ്റ് എന്താണ് താങ്കളുടെ അഭിപ്രായം !
പണ്ടിട്റ്റ് : ബ്രിട്ടാസിന് വിവരമില്ലെന്ന് കരുതി അകംബാടംത്തിനു വിവരം ഇല്ലെന്നു കരുതരുത് ... എന്റെ അടുത്ത സിനിമയായ "ബ്ലോഗല്ലോ ജീവിതം " എന്നതില്‍ ബ്ലോഗ്ഗെര്‍മാര്‍ക്കു പര്ധന്യം ഉള്ളതായിരിക്കും ... കഥ , തിരകഥ , വര .. അങ്ങനെ എല്ലാം ബ്ലോഗ്ഗെര്മാര് മാത്രം ..
അകംബാടം: അള്ളോ ! പടച്ചോനെ .... ഞാന്‍ ഈ ചര്‍ച്ചയില്‍ പങ്കെടുത്തിട്ടില്ല , ഇവിടെ വന്നിട്ടുമില്ല .... ആചര്യോ, വിട്ടോടാ
Monday, January 9, 2012 at 12:19:00 PM GMT+3
നൗഷാദ് ഭായിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു..
Monday, January 9, 2012 at 12:43:00 PM GMT+3
well said.. :)
Monday, January 9, 2012 at 12:51:00 PM GMT+3
വരയിലെന്നപോലെ വരിയിലും വിരിയിച്ചു പ്റതിഷേധത്തിന്റെ പരിഹാസം..!
ആശംസകള്‍.
Monday, January 9, 2012 at 1:02:00 PM GMT+3
ഇതിലും വൃത്തിയായിട്ട് എങ്ങനെ പറയാന്‍ !
Monday, January 9, 2012 at 1:34:00 PM GMT+3
നൗഷാദ് പ്രതികരണം അസ്സലായി.
നജീം കൊച്ചു കലുങ്കായാലും ഇമ്മിണി വല്യ കലുങ്കായാലും ഒരു മോഷണം നടന്നിടത്ത് മോഷ്ടാക്കളെ ന്യായീകരിച്ച് കൊണ്ട് മോഷണത്തിനിരയായവനെ കളിയാക്കിയത് ശരിയായില്ല. വര്‍ഗ്ഗസ്നേഹം നല്ലതാണ് പക്ഷേ അത് നോക്കുകൂലി വാങ്ങുന്ന യൂണിയന്‍കാരുടെ തലത്തിലേക്ക് ഉയരരുത്. ഞാനും ഇടയ്ക്കൊക്കെ പത്രത്താളുകളില്‍ എന്റെ രചനകള്‍ കാണുന്നതില്‍ ആനന്ദം കൊള്ളുന്ന ഒരു സാദാ പ്രവാസിയാണ്, ആ അതിക്രമം കാണിക്കുവാന്‍ എനിക്കു ധൈര്യം നല്‍കിയത് ബ്ലോഗിലെ അഭ്യാസങ്ങള്‍ തന്നെയാണ്.
Monday, January 9, 2012 at 2:20:00 PM GMT+3
പറയാനുള്ളത് ഇരു വശങ്ങളും വിശകലനം നടത്തി പറയേണ്ട രീതിയില്‍ പറഞ്ഞു ,അങ്ങിനെ തന്നെ വേണം . താങ്കളുടെ ഈ കാര്‍ട്ടൂണ്‍ കണ്ടപ്പോള്‍ എനിക്കോര്‍മ വന്നത് , പണ്ട് നാട്ടില്‍ തമാശക്ക് പറയുമായിരുന്നു , ഓട്ടോ തട്ടി മരിക്കുനതിലും നല്ലത് വല്ല ബെന്‍സോ ലൈലന്ടുലോറിയോ തട്ടി മരിച്ചാല്‍ മതിയായിരുന്നു എന്ന് :) സത്യത്തില്‍ താങ്കള്‍ക്ക് അഭിമാനിക്കാന്‍ അങ്ങിനെയും ഒരു വകയുണ്ട് , തന്റെ സൃഷ്ടികള്‍ അത്രയ്ക്ക് കലാമുല്യം ഉള്ളത് കൊണ്ടാണ് മോഷ്ടിക്കാന്‍ ആളുണ്ടാകുന്നത് . അമൂല്യമായത് മോഷ്ടിക്കാന്‍ ആണ് ആളുണ്ടാവുക അല്ലാത്തവ ആര്‍കു വേണം ....
Monday, January 9, 2012 at 2:44:00 PM GMT+3
കൃത്യമായ മറുപടി.
Monday, January 9, 2012 at 5:37:00 PM GMT+3
എല്ലാവിധ ഭാവുകങ്ങളും.മാന്യതയാര്‍ന്നതും ഉചിതവുമായ മറുപടി!
ആശംസകളോടെ,
സി.വി.തങ്കപ്പന്‍
Monday, January 9, 2012 at 6:39:00 PM GMT+3
പ്രിയപ്പെട്ട സുഹൃത്ത് നജിം,
താങ്കളുടെ ബ്ലോഗിലെ കൊള്ളാവുന്ന കുറച്ചു സൃഷ്ടികൾ എടുത്ത് ഞാൻ എന്റെപേരിൽ പുസ്തകമാക്കിയാൽ താങ്കൾക്കെന്തു തോന്നും....?
Monday, January 9, 2012 at 8:43:00 PM GMT+3
ഷോക്ക്!!! സൂചികൊണ്ടുള്ള ഏറിന് തൂമ്പകൊണ്ട് തിരിച്ചേറ്!!
മലയാളി അങ്ങിനെയാണ്. കട്ടയ്ക്ക് കട്ട പിടിച്ചുനില്‍ക്കും. ഉരുളക്കുപ്പേരിയെന്ന് ഭക്ഷണത്തില്‍പോലും പോരാട്ട വീര്യം പ്രതീകവത്കരിച്ചവരാണ് മലയാളികള്‍. 'ചാവേറ'ല്ല 'ചേകവരാ'ണ് മലയാളിയുടെ വീരപുരുഷന്‍. ആത്മഹത്യയല്ല, വെട്ടി മരിക്കലാണ് വീരമൃത്യു. ഏതായാലും നൌഷാദിന്റെ പ്രതികരണം മനോഹരമായി. അതിന്റെ അനുപമ സൌന്ദര്യം ഞാനാസ്വദിച്ചു. ചൊടിപ്പിച്ചാല്‍ ചൊടിചുമപ്പിക്കുന്ന 'പെണ്‍മയാമഴക്' എത്രത്തോളം ആസ്വാദ്യകരമോ അതിലേറെ.
എന്റെ പരാമര്‍ശങ്ങള്‍ക്ക് പരിഹാസ ചുവയുണ്ടായിരുന്നോ? ഏതായാലും ഞാനങ്ങനെ ഉദേശിച്ചിരുന്നില്ല. ഇത്രയും പ്രതിഭാധനനായ ഒരു ചെറുപ്പക്കാരന്‍ ഇങ്ങിനെ നിന്നുകരയേണ്ടതുണ്ടോ, അങ്ങിനെയാണെങ്കില്‍ ലോകത്തെ എത്ര പ്രതിഭകള്‍ കരയേണ്ടിവരും എന്ന ചിന്തിച്ചപ്പോള്‍ അറിയാതെ വന്നുപോയ നര്‍മോക്തിയാണ് അത്. 'ഇ^മലയാളത്തിന്റെ' ഭാഷക്ക് ഒരു നര്‍മരസം കൂടിയുണ്ടാല്ലോ. അതാണല്ലോ അതിനെ ഇത്രവേഗം ജനകീയമാക്കുന്നതും. എല്ലാ മേഖലയിലേയും മിടുക്കര്‍ എന്നും കോപ്പിയടിക്കിരയായിട്ടുണ്ട്. ലോക ചലച്ചിത്രപ്രതിഭകളെ അപ്പടി കോപ്പിയടിച്ചവര്‍ മലയാളത്തില്‍ വരെ ഞെളിഞ്ഞുനില്‍ക്കുമ്പോള്‍, സാഹിത്യത്തിലെ ജീനിയസുകളെ മോഷ്ടിച്ചവര്‍ ലോകതലത്തില്‍ തന്നെ തിളങ്ങിനില്‍ക്കുമ്പോള്‍ ക്രൂരമായ മോഷണത്തിന് ഇരയായ പ്രതിഭകള്‍ അതൊന്നും കണ്ടതായി നടിച്ചിട്ടേയില്ല. മലയാളത്തിലെ ഒരു പ്രശസ്ത നോവല്‍ പ്രശസ്ത ഹിന്ദി എഴുത്തുകാരന്റെ കൃതി മോഷ്ടിച്ചതാണെന്ന് ആരോപിച്ചത് മൂല ഗ്രന്ഥകര്‍ത്താവായിരുന്നില്ല, രണ്ട് നോവലും വായിക്കാനിടയായ വായനക്കാരാണ്. പ്രതിഭകള്‍ പരാതിപ്പെടില്ല, അവര്‍ കരയില്ല. കാരണം അവരുടെ മൌലികതയില്‍ അവര്‍ അത്രമാത്രം വിശ്വാസമര്‍പ്പിച്ചവരായിരുന്നു. അതുകൊണ്ടാണ് വരയില്‍ മിടുക്കനായ നൌഷാദ് കരയാന്‍ വരി നില്‍ക്കരുത് എന്ന് ഞാന്‍ പറഞ്ഞുപോയത്. അതൊരിക്കലും പരിഹാസമായിരുന്നില്ല. നൌഷാദിന്റെ മൌലികതയെ ആരും ചോദ്യം ചെയ്തിട്ടില്ല. ആ പ്രസിദ്ധീകരണങ്ങള്‍ക്ക് പോലും അതിന് ധൈര്യമുണ്ടായില്ല.
ഇനി മോഷണം എന്ന ആരോപണത്തെ കുറിച്ച്.................
നൌഷാദിന്റെ രചനകള്‍ പ്രസിദ്ധീകരിച്ച പത്രങ്ങള്‍ നൌഷാദിന്റെ ക്രഡിറ്റ് നിഷേധിച്ചിട്ടില്ല. നൌഷാദ് അകമ്പാടം എന്ന കൈയ്യൊപ്പ് മായ്ച്ചുകളഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ അത് മോഷണമാകുന്നില്ലെന്ന് പറയാനാണ് ഞാന്‍ ശ്രമിച്ചത്. എന്റെ ശൈലിയുടെ സാമര്‍ഥ്യമില്ലായ്മ മൂലം അത് വ്യക്തമാവാതെ പോയതാവും. യഥാര്‍ഥത്തില്‍ ഇവിടെ സംഭവിച്ചത് ഇ^ലോകത്തെ പോലെ തന്നെ ഒരു ഷെയര്‍ ചെയ്യല്‍ പ്രക്രിയയാണ്. മീഡിയം മാറിയെന്ന് മാത്രം. ഇ^മീഡിയയില്‍നിന്ന് പ്രിന്റ് മീഡിയയിലേക്ക്. സൈബര്‍ ലോകത്തെ മികച്ച സൃഷ്ടികള്‍ കൂടുതല്‍ ആളുകളിലേക്കെത്തുകയെന്ന നേട്ടമാണ് യഥാര്‍ഥത്തില്‍ ഇവിടെ സംഭവിച്ചത്. ഒപ്പം നൌഷാദിന് ഇരട്ട അംഗീകാരവും. സോഷ്യല്‍ മീഡിയയുടെ കടന്നുവരവിന് ശേഷവും സാമ്പ്രദായിക മാധ്യമങ്ങള്‍ സമൂഹത്തിലെ സ്വാധീനം നിലനിറുത്തുന്നുണ്ട്. അച്ചടി മാധ്യമത്തില്‍ അടിച്ചുവരികയെന്നത് ഒരു അംഗീകാരമായി ഇപ്പോഴും ബഹുഭൂരിപക്ഷവും കരുതുന്നു. അതുകൊണ്ടാണ് തങ്ങളുടെ ബ്ലോഗ് രചനകള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബ്ലോഗന പംക്തിയില്‍ അച്ചടിച്ചുവരാന്‍ ഭൂരിപക്ഷം മലയാളി ബ്ലോഗര്‍മാരും ആഗ്രഹിക്കുന്നതും. അതുപോലുള്ള പംക്തികളിലേക്ക് ലിങ്കുകള്‍ അയക്കുന്നവരുടെ ആധിക്യം അത്രയേറെയാണെന്നാണ് അറിയാന്‍ കഴിഞ്ഞിട്ടുള്ളത്. നൌഷാദ് ഒരുപക്ഷെ അങ്ങിനെ ആഗ്രഹിക്കുന്നുണ്ടാവില്ല. അതാവാം ഒരു വാക്കെങ്കിലും ചോദിച്ചിട്ടുപോരായിരുന്നോ പ്രസിദ്ധീകരിക്കാനെന്ന് കലാകൌമുദിയോടും മറ്റും ചോദിക്കാന്‍ അദ്ദേഹത്തിന് ധൈര്യം കിട്ടിയത്.
Monday, January 9, 2012 at 10:24:00 PM GMT+3
എന്താണ് സര്‍ഗാത്മക മോഷണം?....................
മറ്റൊരാളുടെ ആശയമോ വരയോ വരികളോ ദൃശ്യങ്ങളോ കട്ടെടുത്ത് സ്വന്തമായി അവതരിപ്പിക്കലാണ് കലാരംഗത്തെ മോഷണം. അപരന്റെ പൂര്‍ണമായോ ഭാഗികമായോ വസ്തു അപഹരിച്ചെടുക്കലിന് തുല്യമാണത്. എന്നാല്‍ നൌഷാദിന്റെ കാര്യത്തില്‍ അങ്ങിനെ സംഭവിച്ചിട്ടില്ല എന്ന കാര്യത്തില്‍ ഞാന്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു. നൌഷാദിന്റേതാണ് എന്നു പറഞ്ഞുതന്നെയാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
പിന്നെ എന്താണ് പിഴവ്?.......................
വളരെ വ്യക്തം. ഒരു മര്യാദയില്ലായ്മ സംഭവിച്ചിട്ടുണ്ട്. മറ്റൊരാള്‍ പറഞ്ഞ് അറിയാതെ തന്നെ നൌഷാദിനെ അത് അറിയിക്കാനുള്ള മര്യാദ ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങള്‍ കാണിക്കണമായിരുന്നു. അതുകൊണ്ടാണ് നൌഷാദിന്റെ ആദ്യ പോസ്റ്റിനെ മനസുകൊണ്ട് ഞാനും പിന്തുണച്ചത്. രണ്ടാമതും നൌഷാദ് പോസ്റ്റിട്ടപ്പോഴാണ് ഇങ്ങിനെ കരയേണ്ടതില്ലല്ലൊ എന്ന് എനിക്ക് തോന്നിയത്. കരയുകയും മൂക്കു പിഴിയുകയും ചെയ്യുന്നത് അങ്ങിനെ തനെയല്ലേ പറയേണ്ടത്? അത് സാധാരണക്കാരന്റെ ഭാഷയല്ലേ? സങ്കടപ്പെടുക എന്നതില്‍ പോലും ഒരു സംസ്കൃത ചുവയുള്ളപ്പോള്‍ കരയുക എന്ന പച്ച മലയാളത്തിന് എന്താണ് തകരാര്‍? ഇ^മലയാളത്തിന്റെ സുഖമാണത്.
പങ്കുവെക്കലിനെ എന്തിന് എതിര്‍ക്കണം?........................
ഏതൊരു നല്ല സൃഷ്ടിയും പങ്കുവെക്കപ്പെടേണ്ടതാണ്. സൃഷ്ടിയുടെ ഉടമസ്ഥാവകാശമല്ല, വായനക്കുള്ള അവകാശം. അത് ഇ^വായനയുടെ സവിശേഷത കൂടിയാണ്. നല്ല സൃഷ്ടികളൊക്കെ പങ്കുവെക്കപ്പെടട്ടേ, ഉടമസ്ഥവകാശം വെളിപ്പെടുത്തിക്കൊണ്ടുതന്നെ. (അത്രയല്ലേ കലാകൌമുദി ചെയ്തുള്ളൂ എന്ന് വീണ്ടും ചോദിച്ചുപോകുന്നു, ക്ഷമിക്കുക... ചിന്തിക്കുന്നവര്‍ക്ക് മാര്‍ഗദര്‍ശനമുണ്ട്)
സാബു കൊണ്ടോട്ടി:.............................
അതെങ്ങിനെ ശരിയാകും? എന്റെ ബ്ലോഗിലെ രചനകള്‍ മറ്റൊരാളുടെ പേരില്‍ പ്രസിദ്ധീകരിക്കാന്‍ ഞാന്‍ എങ്ങിനെ സമ്മതിക്കും? അങ്ങിനെ ഒരു വാദം എന്റെ ഉപര്യുക്ത കമന്റില്‍ ഇല്ലല്ലോ! നൌഷാദിന്റെ കാര്‍ട്ടൂണുകളില്‍ നിന്ന് അദ്ദേഹത്തിന്റെ ക്രെഡിറ്റ് എടുത്തുമാറ്റിയല്ല കലാകൌമുദിയും മറ്റും പ്രസിദ്ധീകരിച്ചിട്ടുള്ളത് (മറ്റൊരാളുടെ പേരിലല്ലെന്ന് അര്‍ഥം). എന്റെ ബ്ലോഗില്‍നിന്ന് പല രചനകളും എടുത്തു പലരും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ അറിയിപ്പുകള്‍ കിട്ടിയിട്ടുണ്ട്. ഒരിക്കല്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തുനോക്കിയപ്പോള്‍ എന്റെ പല പോസ്റ്റുകളും ഭാഗികമായും പൂര്‍ണമായും അനേകം ബ്ലോഗുകളിലും ഇതര വെബ് സൈറ്റുകളിലുമൊക്കെ ഷെയര്‍ ചെയ്തിരിക്കുന്നതായി കണ്ടിട്ടുണ്ട്. അതില്‍ എനിക്ക് ദുഖമല്ല, സന്തോഷമാണ് തോന്നിയത്.
ബ്ലോഗന.................................
മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബ്ലോഗന പംക്തിയില്‍ എന്റെ ഒരു പോസ്റ്റ് അടിച്ചുവന്നപ്പോള്‍ ഞാന്‍ വളരെയധികം സന്തോഷിച്ചു.
http://fidhel.blogspot.com/2009/11/blog-post.html
ബ്ലോഗുകളില്‍ ഷെയര്‍ ചെയ്തുകാണുന്നതിനേക്കാള്‍ സന്തോഷം അത് അച്ചടി മഷി പുരണ്ടുകാണുമ്പോള്‍ തോന്നാറുണ്ടെന്നത് ഞാന്‍ മറച്ചുപിടിക്കുന്നില്ല.
പ്രിന്റ് മീഡിയ എന്നു കേള്‍ക്കുമ്പോള്‍ ഒരുതരം അസഹിഷ്ണുതയും 'കൊലവെറിയും' പല ബ്ലോഗര്‍മാര്‍ക്കുമുണ്ടാകുന്നതായി തോന്നിപ്പിക്കുന്നതാണ് പ്രതികരണങ്ങള്‍. അത്രമാത്രം ശത്രുത ബ്ലോഗ് ലോകത്തിന് എന്തിന് അച്ചടി മാധ്യമങ്ങളോട്??
അനില്‍ഫില്‍ എന്ന തോമാ സുഹൃത്തിനോട്:...........................
മോഷ്ടാക്കളെ ഞാന്‍ ന്യായീകരിച്ചിട്ടില്ലല്ലോ സുഹൃത്തേ, നൌഷാദ് വരച്ച കാര്‍ട്ടൂണ്‍ അങ്ങിനെ ദ്യോതിപ്പിക്കുന്നു എന്നത് മാറ്റിനിറുത്തിയാല്‍. നൌഷാദിന്റെ കാര്യത്തില്‍ മോഷണം സംഭവിച്ചിട്ടില്ലെന്നും നൌഷാദിനോട് ചോദിക്കാതെ അദ്ദേഹത്തിന്റെ കൃതികള്‍ പ്രസിദ്ധീകരിച്ചത് ശരിയായില്ലെന്നുമുള്ള എന്റെ നിലപാട് ഞാന്‍ വ്യക്തമാക്കി കഴിഞ്ഞതാണ്. കൊച്ചുകലുങ്കായാലും വല്യ കലുങ്കായാലും അതില്‍ താങ്കള്‍ക്ക് വിഷമം തോന്നേണ്ട കാര്യമില്ല സുഹൃത്തേ.
അവസാനമായി, ബ്ലോഗ് ലോകത്ത് നൌഷാദിന്റെ വരകളുടേയും വള്ളിക്കുന്നിന്റേയും ബെര്‍ളിയുടേയും വരികളുടേയും ശക്തിയും സൌന്ദര്യവും തിരിച്ചറിഞ്ഞ ഒരു അനുവാചകനാണ് ഞാന്‍. 'എന്റെ വര' ബ്ലോഗിന്റേയും അതിലെ വരകളുടേയും വൃത്തിയും നര്‍മോക്തികളുടെ മൂര്‍ച്ചയുമാണ് ആകര്‍ഷകമായി തോന്നിയിട്ടുള്ളത്. തീര്‍ച്ചയായും അവ സൈബറിന്റെ നാലാം ലോകത്തുനിന്നിറങ്ങി വ്യവസ്ഥാപിത മാധ്യമങ്ങളിലൂടെയും പടരട്ടെ. അവ അച്ചടി മഷി പുരളണം. ദൃശ്യവത്കരിക്കപ്പെടണം. സൈബര്‍ ഇടത്തില്‍ കയറാത്തവരും അതൊക്കെ വായിക്കട്ടെ, കണ്ടാസ്വദിക്കട്ടെ....
നൌഷാദിനോട്:
ചിത്രംവരക്കുള്ള കഴിവ് ജന്മനാ എനിക്കും കിട്ടിയിരുന്നു. ഡിജിറ്റല്‍ ഗ്രാഫിക്സില്‍ മൌസ് ചലിപ്പിച്ചുതുടങ്ങിയതോടെ ആ കഴിവ് എന്നില്‍നിന്ന് പിണങ്ങിയിറങ്ങിപ്പോയി.
Monday, January 9, 2012 at 10:27:00 PM GMT+3
നൌഷാദിന്റെ തൂമ്പപ്രയോഗം ശ്രദ്ധയില്‍പെടാന്‍ അല്‍പം വൈകിപ്പോയി. അതാണ് മറുപടി വൈകിയത്. നൌഷാദ് വരച്ചിട്ട എന്റെ കാര്‍ട്ടൂണ്‍ രൂപം വല്ലാതെ ഇഷ്ടമായി. അതെടുത്തുപയോഗിച്ചോട്ടെ എന്നൊരു അനുവാദം ചോദിക്കല്‍ കൂടി....
Monday, January 9, 2012 at 10:30:00 PM GMT+3
നജീമിനു നൽകിയത് ഉചിതമായ മറുപടി.
Monday, January 9, 2012 at 10:53:00 PM GMT+3
@നജിം കൊച്ചുകലുങ്ക് :
നന്ദി നജിം ഭായ് വിശദമായ ഈ മറുപടിക്ക് ...
എന്നോട് കലഹിച്ച് / ഞാന്‍ കലഹിച്ച് ബന്ധം തുടങ്ങിയവര്‍ പിന്നെ ഉറ്റ സുഹൃത്തുക്കളായി മാറ്റി യാണ് കാലമെന്നോട് പകരം വീട്ടാറ്...:-)
തീര്‍ച്ചയായും ഈ കാര്‍ട്ടൂണ്‍ താങ്കള്‍ക്കുപയോഗിക്കാം.
നന്ദി...
Monday, January 9, 2012 at 11:08:00 PM GMT+3
>>>>>>>>>>>>>>>>എന്നോട് കലഹിച്ച് / ഞാന്‍ കലഹിച്ച് ബന്ധം തുടങ്ങിയവര്‍ പിന്നെ ഉറ്റ സുഹൃത്തുക്കളായി മാറ്റി യാണ് കാലമെന്നോട് പകരം വീട്ടാറ്...:-)<<<<<<<<<<<<<<
☼♫♫♫♫♫
Tuesday, January 10, 2012 at 6:29:00 AM GMT+3
ശക്തമായ മറുപടി..എന്റെ ഈ കമന്റ് എന്റെ വര ബ്ലോഗില്‍ അല്ലാതെ വേറെ ഒരിടത്തും പ്രസിദ്ധീകരിക്കാന്‍ പാടില്ല....ഒപ്പ്
Tuesday, January 10, 2012 at 11:20:00 AM GMT+3
ഇന്റര്‍നെറ്റ് മോഷണങ്ങള്‍ മലയാള പത്ര പ്രവര്‍ത്തനത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിട്ടുണ്ട്. 4000 അമുസ്ലിം പെണ്‍കുട്ടികളെ ലൌ ജിഹാദിലൂടെ തട്ടിയെടുത്തിട്ടുണ്ട് എന്നും പൊന്നാനി, കോഴിക്കോട്, കോട്ടയം തുടങ്ങി ആറിടങ്ങളില്‍ മുസ്ലിംയുവാക്കള്‍ക്കു റോമിയോ ജിഹാദികളാവാന്‍ 'ലോലന്‍ മുസ്ലിയാര്‍' എന്ന ഒരു അന്താരാഷ്‌ട്ര ഭീകരന്‍ പരിശീലനം നല്‍കുന്നുണ്ട് എന്നൊക്കെയുള്ള വിഷം വമിപ്പിക്കുന്ന, യാതൊരു തെളിവും ഇല്ലാത്ത ഇന്റെര്‍നെറ്റിലെ ഹിന്ദുത്വ വാദികളുടെ വാദങ്ങള്‍ ആധികാരിക രേഖയാക്കി ഇന്ത്യാവിഷന്‍ എറണാകുളം റിപ്പോര്‍ട്ടര്‍ എസ് വിജയകുമാര്‍, കേരളകൌമുദി റിപോര്‍ട്ടര്‍ വടയാര്‍ സുനില്‍, കേരളശബ്ദം റിപോര്‍ട്ടര്‍ എം.ആര്‍. അജയന്‍, കലാകൌമുദി വീകലി റിപ്പോര്‍ട്ടര്‍ വിനോദ് ഇലകൊല്ലൂര്‍ എന്നിവര്‍ ചേര്‍ന്ന് കേരളത്തില്‍ ലവ് ജിഹാദ് എന്ന നുണ കഥ ഉണ്ടാക്കി ഒരു സമൂഹത്തെ പ്രതികൂട്ടില്‍ ആക്കി.
സാമൂഹ്യ ദ്രോഹികളായ ഇത്തരം പത്ര പ്രവര്‍ത്തകരുടെ മക്കളോ, ബന്ധുക്കളോ, ഭാര്യയോ, അമ്മയോ ഒക്കെ മാനഹാനിക്കു വിധേയരാകാതിരിക്കട്ടെ.
Tuesday, January 10, 2012 at 11:34:00 AM GMT+3
പ്രതികരണം അസ്സലായി.
നജീമിന്റെ മറുപടിയും
Tuesday, January 10, 2012 at 3:56:00 PM GMT+3
തെറ്റുകളും തെറ്റിദ്ധാരണകളും എല്ലാവരും മനസ്സിലാക്കി സഹകരണവും സഹവര്‍ത്തിത്വവും പാലിക്കാം ഇനി. നൌഷാദിനും നജിമിനും ആശംസകള്‍
Tuesday, January 10, 2012 at 7:11:00 PM GMT+3
കലാകൌമുദി ദേ ഖേദം പ്രകടിപ്പിച്ചിരിക്കുന്നു. ലക്കം 1896. ഈ കാര്‍ട്ടൂണ്‍ എന്റെ വാര്‍ത്ത ബ്ലൊഗ് സ്പോട്ടില്‍ പ്രസിദ്ധീകരിച്ചതാണു എന്നും നെരത്തെ കടപ്പാട് ചേര്‍ക്കാന്‍ വിട്ടു പോയീന്നും. ( അക്ഷരപിശാചാണോ അതോ വേണമെന്ന് വെച്ചിട്ടാണോ...“എന്റെ വാര്‍ത്ത ബ്ലോഗ് സ്പോട്ട് ഡോട്ട് കോം“)
Wednesday, January 11, 2012 at 7:19:00 PM GMT+3
സ്വന്തം രചനകൾ അനുവാദം വങ്ങാതെ പുന:പ്രസിദ്ധിക്കരിച്ചവരോട് കലഹിക്കാനുള്ള നൗഷാദിന്റെ അവകാശത്തെ മാനിക്കുന്നു. ഒപ്പം ഈ വിഷയത്തിൽ നജീം കൊച്ചുകലുങ്ക് പ്രകടിപ്പിച്ച ആശയങ്ങളോടും യോജിപ്പുണ്ട്. നിലപാടുകൾ വിശദീകരിക്കാനും അതിലെ ശെരികൾ വകവെച്ചുകൊടുക്കാനും ഇരുവരും പ്രകടമാക്കിയ സാംസ്കാരിക ഔന്നത്യത്തിനു സല്യൂട്ട്.
Thursday, January 12, 2012 at 5:14:00 AM GMT+3
നൌഷാദ് ഭായ്, താന്കള്‍ ഒരു പുലി തന്നെ...വരയിലും എഴുത്തിലും...ആശംസകള്‍..
Thursday, January 12, 2012 at 7:46:00 AM GMT+3
@ മുല്ല
എന്റെ മുല്ലേ, ഇത്രയും സങ്കുചിതത്വം പാടില്ല. ഒരു അക്ഷരത്തെറ്റില്‍ പിടിച്ച് ഇത്രയും 'കൊലവെറി' വേണോ, അച്ചടി മാധ്യമങ്ങളോട്? ബ്ലോഗര്‍മാര്‍ക്കും കുറച്ചു മാനസിക വിശാലതയൊക്കെ ആവാം.
Thursday, January 12, 2012 at 2:40:00 PM GMT+3
@ നജിം കൊച്ചുകലുങ്ക്
അല്ല..മുല്ലപറഞ്ഞതിലും കാര്യമുണ്ട്..
ഒരു തെറ്റ് / അശ്രദ്ധ പറ്റി എന്നറിയിക്കാന്‍ പുറത്തിറക്കുന്ന കുറിപ്പില്‍ വീണ്ടും ഒരശ്രദ്ധ !
അതും എന്റെ ബ്ലോഗ്ഗിലേക്കെത്തിച്ചേരാനുള്ള ഏക വഴി തന്നെ തെറ്റിക്കുന്ന രീതിയില്‍.
ഇപ്പോള്‍ ആ കുറിപ്പ് കൊണ്ട് ആര്‍ക്ക് എന്ത് നേട്ടമാണ് ഉണ്ടായത്?
അതിനര്‍ത്ഥം എന്താണ്?
ഇത്രയൊക്കെയേ അവര്‍ എഡിറ്റിംഗിലും പ്രൂഫ് റീഡിംഗിലും ശ്രദ്ധിക്കുന്നുള്ളൂ എന്ന് വരികില്‍
ഒരു മുഖ്യ ധാരാ പത്രത്തിന്റെ വിശ്വാസ്യത പിന്നെ എന്താണ്?
ദിനവും എത്ര അശ്രദ്ധകള്‍ അവര്‍ ആവര്‍ത്തിക്കുന്നുണ്ടാവും!
ഷെയിം ഷെയിം!!
Thursday, January 12, 2012 at 7:04:00 PM GMT+3
അത് അച്ചടിതെറ്റാകാം എന്നേ ഞാന്‍ പറഞ്ഞുള്ളൂ. എന്നാല്‍ കൌമുദി ഗ്രൂപ്പിന്റെ അശ്രദ്ധയെ കുറിച്ച് പ്രത്യേകം പറയാനുണ്ടോ? ലൌ ജിഹാദ്, പുല്‍മേട് ദുരന്തം തുടങ്ങിയ വിഷയങ്ങളില്‍ വര്‍ഗീയ മുതലെടുപ്പ് നടത്താന്‍ അവര്‍ മനപൂര്‍വം അശ്രദ്ധ കാണിച്ചവരാണല്ലൊ. ഇല്ലാത്ത ലൌ ജിഹാദിന് വേണ്ടി കലാകൌമുദി വാരിക ഒരു ലക്കത്തില്‍ 30 പേജാണ് മാറ്റിവെച്ചത്. വലിയൊരു അശ്രദ്ധക്ക് 84ല്‍ 30 പേജ്!!!
Thursday, January 12, 2012 at 9:15:00 PM GMT+3
nannayi paranju............
Wednesday, January 18, 2012 at 10:48:00 AM GMT+3
നല്ല ഭാഷയിൽ, പത്രക്കാരെപോലെ തരം താഴാതെ നൗഷാദിക്ക പറയാനുള്ളത് മുഴുവൻ വ്യക്തമായും ശക്തമായും പറഞ്ഞു. ഇങ്ങനേയൊരു മഹാ സംഭവം നടക്കുന്നുണ്ട് ഇതിനിടയിലൂടെ എന്ന് ഞാൻ വളരെ വൈകി ഇത് വായിച്ചപ്പോഴാണ് മനസ്സിലാക്കുന്നത്. എന്തായാലും നല്ല വെടിപ്പുള്ള ഭാഷയിൽ നൗഷാദിക്ക നയം വ്യക്തമാക്കിയല്ലോ ? കാർട്ടൂൺ അടിപൊളിയായിട്ടുണ്ട്, അതിന് പ്രത്യേകം അഭിനന്ദനങ്ങൾ.
Friday, January 20, 2012 at 7:15:00 AM GMT+3
ഹ ഹ ഹ ....ഇങ്ങനെ വരയിലൂടെ പണി കൊടുത്തു ഞാന്‍ ആദ്യമായിട്ട് കാണുകയാ....
Friday, January 20, 2012 at 3:11:00 PM GMT+3
നൗഷാദിനോട് ചോദിക്കാതെ എടുത്ത് ഉപയോഗിച്ചിരിക്കുന്നത് പത്രമാണു. അതായത് കോമേർഴ്സൽ പർപ്പസിനായി ഉപയോഗിച്ചിരിക്കുന്നു. ഈ ബ്ലോഗിൽ അതിനുള്ള അനുവാദം കൊടുത്തിട്ടില്ലാത്തതിനാൽ ഒരിക്കലും പത്രങ്ങൾ അങ്ങിനെ ചെയ്യരുത്. ഇത് മനസ്സിലാക്കുവാൻ കഴിവില്ലാത്ത നജിമുമാരല്ലേ പത്രങ്ങളിലൊക്കെയുള്ളത് ;) ആരെങ്കിലും നിയമ നടപടിക്ക് പോകുമ്പോൾ നജീമുമാരുടെ വീരവാദമൊക്കെ അന്നേരവും കണ്ടാൽ മതിയായിരുന്നു ;)
ഇവരെയൊക്കെ ചന്തിക്ക് നല്ല തല്ല് കൊടുത്ത് കോപ്പി റൈറ്റ് ക്ലാസ്സിൽ പറഞ്ഞ് വിടണം ;))
Friday, January 27, 2012 at 4:51:00 AM GMT+3
നൗഷാദ annan YOUTUBEil Ettirikkunna Videos Okkee Copyright Permission Ullataanu ennu vishwasikkunnu...
Friday, March 9, 2012 at 6:50:00 PM GMT+3
ഞാന്‍ എന്റെ യൂട്യൂബ് വീഡിയോ ചാനലില്‍ ഇട്ടിരിക്കുന്ന എല്ലാ വീഡിയോസും എന്റെ സ്വന്തം സൃഷ്ടികള്‍ ആണ്. അവയുടെ കോപ്പി റൈറ്റ് എന്നില്‍ നിക്ഷിപ്തവുമാണ്.
Saturday, March 10, 2012 at 6:02:00 PM GMT+3
നൗഷാദ് അകമ്പടത്തില്‍ നിന്നും പുറം പാടത്തേക്ക് ചാടുന്നത് എന്നാ????????
Tuesday, May 15, 2012 at 12:26:00 AM GMT+3
Post a Comment