RSS

Followers

മസ്ജിദ് നബവിയില്‍ സജീവമാകുന്ന മലയാളി ഇഫ്താര്‍ സുപ്രകള്‍


-----------------------------------------------------
മദീന : റമദാന്‍ അതിന്റെ ആദ്യ പകുതിയോടടുക്കുമ്പോള്‍ വിശിഷ്ട മാസത്തിന്റെ പൊന്‍പ്രഭയില്‍ പുണ്യങ്ങള്‍ വാരിയെടുക്കാന്‍ മനസ്സും ശരീരവും സജ്ജമാക്കിയ വിശ്വാസികളായ പതിനായിരങ്ങള്‍ക്ക് നോമ്പു തുറ ഭക്ഷണം കേവലം ഒരു നോമ്പു തുറക്കല്‍ എന്നതിലുപരി അത് പുണ്യങ്ങള്‍ കൈക്കുംബിളില്‍ ഏറ്റുവാങ്ങുവാനുള്ള സന്മനസ്സിന്റെ ഏറ്റവും മധുരതരമായ അനുഭവവും അനുഭവ സാക്‌ഷ്യവുമാക്കുകയാണു മദീനയുടെ, ചരിത്രത്തിനു പകരം വെക്കാനില്ലാത്ത ഇഫ്താര്‍ സുപ്രകള്‍.
-----------------------------------------------------
മദീനയുടെ മഹത്തായ ആതിഥ്യമര്യാദയുടേയും സ്നേഹ പ്രകടനങ്ങളുടേയും മറ്റൊരു നേര്‍ക്കാഴ്ച്ച തന്നെയായി മാറിയിരിക്കുന്നു മദീനയിലെ ഈ വിരുന്നുകള്‍.
റമദാന്‍ മാസം മുഴുക്കെ നീണ്ടു നില്‍ക്കുന്ന ഈ നോമ്പുതുറ വിരുന്നുകള്‍ക്ക് പിഞ്ചു കുഞ്ഞുങ്ങള്‍ തൊട്ട് പ്രായമേറെ ചെന്ന സ്വദേശികള്‍ വരെ അതിഥികളെ സ്നേഹപൂര്‍‌വ്വം കൈപിടിച്ച് ഹറമിനകത്തെ അവരുടെ സുപ്രയിലേക്ക് ആനയിക്കുമ്പോള്‍ ആദ്യാനുഭവമാകുന്നവര്‍ക്ക് മറക്കാനാവാത്ത ഹൃദയസ്പര്‍ശിയായ ഓര്‍മ്മകളാണു സമ്മാനിക്കുന്നത്.
-----------------------------------------------------
ഹറമിനകത്ത് സംസം,ചായ,ഗഹ്‌വ, വിവിധ തരം ഈത്തപ്പഴങ്ങള്‍,തൈര്‍,അണ്ടിപ്പരിപ്പ്,ബദാം,ഷിറേക്ക്, ഫത്തൂത്ത്,മുന്തിരി.കാരക്കാപ്പൊടി,ദുഗ എന്നറിയപ്പെടുന്ന തൈരില്‍ ലയിപ്പിച്ച് കഴിക്കുന്ന മസാലപ്പൊടി തുടങ്ങിയവ സമൃദ്ധമായി വിളമ്പുമ്പോള്‍ ഹറമിനു മുറ്റത്ത് വിവിധതരം ഭക്ഷണ വിഭവങ്ങളാണു വിശ്വാസികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. കബ്സ,മന്തി,കോഴി,പഴവര്‍ഗ്ഗങ്ങള്‍, ജ്യൂസ്,ചപ്പാത്തി,റൊട്ടി, തുടങ്ങി അല്‍ബൈക്ക് ബ്രോസ്റ്റ് വരെ വിളമ്പുന്നത് കൗതുകമുള്ള കാഴ്ച്ച തന്നെയാണു.
പുണ്യങ്ങള്‍ പവിഴങ്ങള്‍ പോലെ വാരിയെടുക്കാനുള്ള ഈ അസുലഭ ദിനങ്ങളില്‍ മലയാളി സംഘടനകളും സജീവമായി രംഗത്തുണ്ട്. അതിഥിസല്‍ക്കാരത്തില്‍ മദീനയുടെ പാരമ്പര്യത്തിനുതകും വിധം മദീനയിലെ ഒരോ സംഘടനയും ഈ രംഗത്ത് സ്തുത്യര്‍ഹമായ സേവനമാണു വര്‍ഷങ്ങളായി കാഴ്ച്ച വെച്ചുകൊണ്ടിരിക്കുന്നത്.
ഹറമിനകത്തെ മലയാളി സുപ്രകളില്‍ ഇരുപത് വര്‍ഷത്തെ സേവനപാരംബര്യവുമായി മദീന കെ.എം.സി.സി മുന്നിലുണ്ട്.
-----------------------------------------------------
മദീന കെ.എം.സി.സിയുടെ വളര്‍ച്ചയിലും ഉയര്‍ച്ചയിലും പ്രധാനപങ്കുവഹിച്ച മദീനയിലെ പൗരപ്രമുഖരായ
നസീബ് ഉമ്മര്‍,എഞ്ജിനീയര്‍ അബ്ദുള്‍ സത്താര്‍ തുടങ്ങിയവര്‍ തന്നെയാണു ഇപ്പോഴും ഇഫ്താര്‍ സുപ്രക്ക് നേതൃത്ത്വം നല്‍കുന്നത്.
---------------------------------------
" 1992 ല്‍ മുന്നൂറോളം പേര്‍ക്ക് നോമ്പ് തുറക്കുള്ള വിഭവങ്ങള്‍ വിളമ്പി തുടക്കമിട്ട ഈ സം‌രം‌ഭം കഴിഞ്ഞ ഇരുപത് വര്‍ഷങ്ങല്‍ക്കുള്ളില്‍ ആയിരക്കണക്കിനു സത്യവിശ്വാസികള്‍ക്കാണു നോമ്പുതുറക്ക് ഭക്ഷണമൊരുക്കിയത്.ഇന്ത്യ,പാക്കിസ്ഥാന്‍,മലേഷ്യ,ഈജിപ്ത്,ഇന്തോനേഷ്യ,ജോര്‍ദ്ദാന്‍, ,സിറിയ,ബംഗ്ലാദേഷ്,തുര്‍ക്കി തുടങ്ങി വിവിധ രാജ്യങ്ങളിലെ മുസ്ലിം വിശ്വാസികളാണു ഓരോ റമദാനിലും ഈ സുപ്രയില്‍ പങ്കാളികളാവുന്നത്. വൃത്തിയും മികച്ചതുമായ ഭക്ഷണവും ഒന്നാന്തരം പരിചണവും ഒപ്പം നസീബ് ഉമ്മര്‍ക്കാന്റെ കീഴില്‍ തയ്യാറാക്കുന്ന അറേബ്യന്‍ ഖഹ്‌വയും ആരും ഇഷ്ടപ്പെട്ട് പോകും.
ഈ.അഹ്മ്മദ്,കുഞ്ഞാലിക്കുട്ടി,പാണക്കാട് തങ്ങള്‍,ടി.എച്ച്.മുസ്തഫ,ഈ.ടി.മുഹമ്മദ് ബഷീര്‍ തുടങ്ങി പ്രമുഖരായ പലരും ഈ സുപ്രയില്‍ ഇടം തേടിയെത്തിയിട്ടുണ്ട്.
ബാഫക്കി തങ്ങളുടെ മൂത്ത മകന്‍ ഓരോ വര്‍ഷവും മലേഷ്യയില്‍ നിന്നും മദീനയിലെത്തുമ്പോള്‍ തങ്ങളുടെ
സുപ്ര അനേഷിച്ചെത്താറുണ്ടെന്ന് സന്തോഷത്തോടെ എഞ്ജിനീയര്‍ സത്താര്‍ വെളിപ്പെടുത്തി.
ഇരുപത്തിരണ്ടാം വാതിലിലൂടെ അകത്തേക്ക് കടന്ന് നേരെ മുന്നോട്ട് പോയാല്‍ പഴയ ലൈബ്രറിയുടെ അടുത്തായിട്ടുള്ള ഈ സുപ്രയ്ക്ക് മുന്നൂറ്റി അമ്പതോളം റിയാല്‍ ദിനം പ്രതി ചെലവ് വരുന്നുണ്ട്. ഇതിന്റെ സാമ്പത്തിക സ്രോദസ്സ് സന്മനസ്സുകളായ മദീന മലയാളികളുടെ സംഭാവനകളാണു.
-----------------------------------------------------
മലയാളികള്‍ അന്വേഷിച്ചെത്തുന്നതും എപ്പോഴും നിറഞ്ഞിരിക്കുന്നതുമായ മറ്റൊരു സം‌രം‌ഭമാണു ആര്‍.എസ്.സി.-എസ്.വൈ.എസ് മദീന സം‌യുക്തമായി നടത്തുന്ന സുപ്ര.
നൂറിലധികം പേര്‍ക്ക് ഇരിക്കാവുന്ന ഈ സുപ്ര കഴിഞ്ഞ ഏഴു വര്‍ഷങ്ങളായി ഹറമിനകത്ത് വിശ്വാസികള്‍ക്കായി ഭക്ഷണമൊരുക്കുന്നു.സി.എം. മുഹമ്മെദ് ഫൈസി,ബേപ്പൂര്‍ ഖാസി,പൂസോട്ട് തങ്ങള്‍ കൊമ്പന്‍ മുഹമ്മദ് മുസ്ലിയാര്‍ തുടങ്ങിയ പ്രഗല്‍ഭ വ്യക്തികള്‍ ഈ സുപ്രയില്‍ പങ്കാളികളായിട്ടുണ്ട് എന്ന് പ്രധാന സംഘാടകരിലൊരാളായ എം,പി.യൂസഫ് സ‌അദി അറിയിച്ചു. നൂറ്റി അന്‍പതോളാം പേര്‍ക്ക് ഭക്ഷണമൊരുക്കുന്ന ഈ സുപ്രക്കു ദിനം അറുനൂറോളം റിയാല്‍ ചെലവാകുന്നുണ്ട്.
മസ്ജിദ് നബവിയുടെ മുപ്പത്തി ഏഴാം ഗേറ്റിലൂടെ അകത്ത് കടന്നാല്‍ ഇവിടെയെത്താം.
-----------------------------------------------------
കഴിഞ്ഞ ഏഴുവര്‍ഷമായി സജീവമായി രംഗത്തുണ്ട് മദീന കെ.എന്‍.എം. ഗ്രൂപ്പ്. ഹറമിന്റെ പത്തൊമ്പതാം ഡോറിനരികെ തയ്യാര്‍ ചെയ്ത ഈ സുപ്രക്ക് നൂറോളം പേര്‍ക്കിരിക്കാവുന്നതാണു.
ടി.പി.അബ്ദുള്ള കോയ മദനി,എ.വി.അബ്ദുള്‍ഖാദര്‍ മൗലവി,അദ്ബുറഹ്മാന്‍ സലഫി തുടങ്ങിയ പ്രമുഖരെ സ്വീകരിച്ചിട്ടുള്ള ഈ സുപ്രക്ക് ദിനേന മുന്നൂറ്റിഅമ്പതോളം റിയാല്‍ ചെലവ് വരുന്നുണ്‍ടെന്ന് പ്രധാന പ്രവര്‍ത്തകരിലൊരാളായ അബ്ദുസ്സലാം ചാലിയം അറിയിച്ചു.
-----------------------------------------------------
മസ്ജിദുന്നബയുടെ മുപ്പത്തി എട്ടാം ഡോറിനരികിലായാണു കഴിഞ്ഞ പത്തു വര്‍ഷങ്ങളിലെപാരമ്പര്യവുമായി ഇന്ത്യന്‍ പ്രിറ്റേര്‍ണിറ്റി ഫോറം മദീനയുടെ സുപ്ര.
അന്‍പതില്‍ പരം ആളുകളെ ഉള്‍ക്കൊള്ളുന്ന ഈ സുപ്രയില്‍ ബദാമും അണ്ടിപ്പരിപ്പും പ്രത്യേക വിഭവങ്ങളാണു. എസ്.ഡി.പി.ഐ.അഖിലേന്ത്യാ പ്രസിഡന്റ് ഈ. അബൂബക്കര്‍ അടക്കം പലരും തങ്ങളുടെ സുപ്രയില്‍ പങ്കാളികളായിട്ടുണ്ടെന്ന് സജീവപ്രവര്‍ത്തകനായ അഹമ്മദ് കുട്ടി കോഴിക്കോട് അറിയിച്ചു. ദിനം പ്രതി ഇരുന്നൂറോളം റിയാലാണു ഈ സുപ്രയുടെ ചെലവ്.
-----------------------------------------------------
മദീനയിലെ മലയാളികളുടെ സംഭാവനകള്‍ ശേഖരിച്ച മഹനീയമായ രീതിയില്‍ സംഘടനകള്‍ നടത്തുന്ന ഇത്തരം റമദാന്‍ സുപ്രകള്‍ക്ക് പുറമെ സ്വകാര്യവ്യ്ക്തികളുടേയും സ്ഥാപനങ്ങളുടേയും സുപ്രകളും ഹറമിനകത്ത് കാണാം. കൂടാതെ കമ്പനികള്‍ക്ക് വേണ്ടി മലയാളികള്‍ നടത്തുന്ന സുപ്രകളും ധാരാളമായുണ്ട്.
മദീനാ നാഷനല്‍ ഹോസ്പിറ്റലിനു വേണ്ടി കഴിഞ്ഞ പതിമൂന്നു വര്‍ഷമായി അതിഥികളെ സ്വീകരിക്കുന്ന ഉസ്മാന്‍ കോഴിക്കോടിന്റെ നേതൃത്ത്വത്തിലുള്ള മുപ്പത്തി എട്ടാം ഡോറിനടുത്തെ സുപ്ര നൂറ്റി അന്‍പതോളം ആളുകളെ ഉള്‍ക്കൊള്ളുന്നതാണു.
-----------------------------------------------------
വിവിധരാജ്യങ്ങളിലെ ആയിരക്കണക്കിനു തീര്‍ത്ഥാടകര്‍ക്ക് ആതിഥ്യമരുളിയ മലയാളീ സുപ്രകള്‍ സ്വദേശികളെപോലും ആശ്ചര്യപ്പെടുത്തുമാറ് വിഭവ വിതരണത്തിലും അതിഥി പരിചരണത്തിലും സേവനസന്നദ്ധതയിലും മുന്നിട്ട് നില്‍ക്കുന്നതിനാല്‍ ഒരിക്കല്‍ മലയാളീ സുപ്രയില്‍ ഭാഗവാക്കായ ഒരോ തീര്‍ത്ഥാടകനും മദീനയോട് വിട പറയും വരേ ആ സുപ്രയിലേക്ക് തന്നെ മടങ്ങി വരുന്നു എന്ന എഞ്ചിനീയര്‍ അബ്ദുള്‍ സത്താറിന്റെ വാക്കുകള്‍ അക്ഷരം പ്രതി ശരിതന്നെയെന്ന് അനുഭവസ്ഥര്‍ക്ക് തികച്ചും ബോധ്യമാവും ഇത് മലയാളിയുടെ സവിശേഷ മികവിനെ എടുത്ത് കാണിക്കുന്ന ഒന്നത്രേ.
(മലയാളം ന്യൂസില്‍ 20-8-2010 നു പ്രസിദ്ധീകരിച്ചത്. )


6 Responses to "മസ്ജിദ് നബവിയില്‍ സജീവമാകുന്ന മലയാളി ഇഫ്താര്‍ സുപ്രകള്‍"
പട്ടേപ്പാടം റാംജി said...

ഏതു രംഗത്തും മലയാളി കൂട്ടായ്മ ഒരു നിറസന്നിദ്യമാണ്.
അടുക്കും ചിട്ടയും അന്യര്‍ക്ക്‌ കാട്ടിക്കൊടുക്കുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍.
ഇവടെ എല്ലാ വിവരങ്ങളെക്കുറിച്ചും സവിസ്തരം പറഞ്ഞു.
മലയാളി സുപ്രയുടെ പ്രവര്‍ത്തനങ്ങളും ഭക്ഷണവും ചിലവിന്റെ ചില വിവരങ്ങളും എല്ലാം.
എന്നെ സംബന്ധിച്ച് ഇതല്ലാം കുറച്ച് മാത്രമേ അറിയാവു. ഇതിലൂടെ കുറെ വിവരങ്ങള്‍ കൂടി മനസ്സിലാക്കാന്‍ കഴിഞ്ഞു.
ആശംസകള്‍.


Saturday, August 21, 2010 at 3:19:00 PM GMT+3
Anonymous said...

മലയാളിയുടെ ഒത്തൊരുമ!!! . please visit my blog http://shahalb.blogspot.com


Saturday, August 21, 2010 at 8:00:00 PM GMT+3
Akbar said...

മദീനയില്‍ മസ്ജിദ് നബവിയില്‍ പലകുറി നോമ്പ് തുറന്നിട്ടുണ്ട്. ഓരോ തവണയും അതൊരു സുഖമുള്ള ഓര്‍മ്മയായി മനസ്സില്‍ നില്‍ക്കുന്നു. ആദിത്യേയരിലെ ഈ മലയാളീ സാന്നിധ്യം കാണുമ്പോള്‍ സന്തോഷവും കൌതുകവും തോന്നിയിട്ടുണ്ട്. ലേഖനം വളരെ നന്നായി.


Sunday, August 22, 2010 at 1:16:00 PM GMT+3
Muralee Mukundan , ബിലാത്തിപട്ടണം said...

മലയാളികളുടെ നിറവുകളാൽ കനിയപ്പെട്ട ഒരു സുപ്ര....
നമ്മൾ മലയാളികൾക്കഭിമാനിക്കാം അല്ലെ..
ഇത് പരിചയപ്പെടുത്തി തന്നതിനിന് ഭായിക്കും അഭിനന്ദനങ്ങൾ ...കേട്ടൊ


Sunday, August 22, 2010 at 9:46:00 PM GMT+3
Noushad Koodaranhi said...

കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി മദീനയില്‍ തങ്ങുന്ന
എന്നെ പോലുള്ളവരോന്നും തിരിച്ചറിയാത്ത ക്രോടീകരിച്ച വിവരങ്ങള്‍..
നല്ല സംരംഭം.
വിട്ടു പോയ ഒരു കാര്യം, വിവിധ സംഘടനാ പ്രവര്‍ത്തകര്‍ സൗഹൃദം ഊട്ടി ഉറപ്പിക്കുന്നതിന്റെ ഭാഗമായി,
അന്യോന്യം സുപ്രകളില്‍ നോമ്പ് തുറക്കാന്‍ എത്താറുണ്ട്.
മദീനയുടെ മഹത്തായ മറ്റൊരു മാതൃക.
കൂടാതെ കെ എം സി സി സുപ്രയെ പരാമര്‍ശിക്കുമ്പോള്‍ മറക്കാനാവാത്ത പേരുകളാണ്,
ബഷീര്‍ അലനെല്ലൂര്‍, ഹംസ പെരിമ്പലം, സുലൈമാന്‍ പാകടപുരായ തുടങ്ങിയവര്‍..

എന്തായാലും നന്നായി സാഹിബേ...


Tuesday, August 24, 2010 at 10:21:00 AM GMT+3
ഉസ്മാന്‍ പള്ളിക്കരയില്‍ said...

സുപ്രവിശേഷങ്ങൾ ഹ്ര്‌ദ്യം.. റമദാൻ മുബാറക്


Tuesday, August 24, 2010 at 12:19:00 PM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors