RSS

Followers

മദീന നല്‍കുന്ന മധുരം(മലയാളം ന്യൂസില്‍ പ്രസിദ്ധീകരിച്ചത്)


മദീന നല്‍കുന്ന മധുരം
------------------------------------
(വാര്‍ത്തയും ചിത്രങ്ങളും നൗഷാദ് അകമ്പാടം)
ജിദ്ദയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസ് പത്രത്തില്‍ 8-8-2010 നു ഞായറാഴ്ച സണ്‍‌ഡേ പ്ലസ് എഡിഷനില്‍ മുഴുപേജില്‍ പ്രസിദ്ധീകരിച്ചത്. ചിത്രത്തില്‍ ക്ലിക്കിയാല്‍ വലുതായി കാണാം
-----------------------
മദീനയിലിത് ഈത്തപ്പഴത്തിന്റെ വിളവെടുപ്പ് കാലം ..
പട്ടണത്തില്‍ നിന്നധികം അകലെയല്ലാതെ തെക്കു വടക്ക് കിഴക്ക് ഭാഗത്ത് പരന്നുകിടക്കുന്ന ഒട്ടനവധി ചെറുതും വലുതുമായ കാരക്കത്തോട്ടങ്ങള്‍ ഇപ്പോള്‍ വിളവെടുപ്പിന്റെ ഉല്‍സവലഹരിയിലാണു.
ഓരോ ഈന്തപ്പനമരവും ഇളം ചൂടുകാറ്റില്‍ തലയാട്ടിനില്‍ക്കുന്നു.മഞ്ഞപ്പൂക്കുലയേന്തിയ ഈത്തപ്പനത്തോട്ടം ഇപ്പോള്‍ നയനാനന്ദകരമായ കാഴ്ചയുടെ സവിശേഷ വിരുന്നൊരുക്കുന്നു. തോട്ടങ്ങള്‍ നിറയെ നാലും അഞ്ചും സംഘങ്ങളായുള്ള ജോലിക്കാര്‍ ഒരോ പനയിലും ഉച്ചത്തിലുള്ള ആര്‍പ്പുവിളികളോടെ കുട്ടകളില്‍ പഴുത്ത ഈത്തപ്പഴം ശേഖരിക്കുന്നു.
കുറച്ചകലെ മാറി തരം തിരിച്ച കരക്ക തൂക്കി പെട്ടിയിലാക്കുന്ന ജോലിക്കാരേയും കാണാം.
വാഹനത്തില്‍ കയറ്റി ഈത്തപ്പനമരങ്ങള്‍ക്കിടയിലൂടെ കടകളേയും ഫാക്ടറികളെയും ലക്ഷ്യം വെച്ചു നീങ്ങുന്ന പിക്ക് അപ്പുകള്‍..
നഗരം അത്യുഷ്ണത്തിന്റെ ആലസ്യത്തില്‍ മയങ്ങുമ്പോഴും ഓരോ മസ്റയും അതിന്റെ വിളവെടുപ്പിന്റെ ലഹരി അറിഞ്ഞാസ്വദിക്കുകയാണു.
------------------------
പ്രവാചക നഗരിയിലെ മസ്ജിദുന്നബവിയുടെ ചുറ്റും റോഡരുകിലെ താല്‍ക്കാലിക കാരക്ക കച്ചവ ടങ്ങളിലും കാരക്ക ഷോപ്പുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലെ കടകളിലും തൊട്ട് പ്രസിദ്ധ വാണിജ്യ കേന്ദ്രമായ മദീന കാരക്ക മാര്‍ക്കറ്റിലും കാരക്ക വില്പ്പനയിപ്പോള്‍ തകൃതിയിലാണു.
കടകളില്‍ നിറം നോക്കിയും പേരു ചോദിച്ചും വില പേശിയും രുചിച്ചു നോക്കിയുമൊക്കെ കാരക്ക കിലോക്കണക്കിനു വാങ്ങുന്ന പല ദേശങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടക സംഘങ്ങള്‍... മസ്ജിദ് നബവിയിലെ ഓരോ നമസ്ക്കാര ശേഷവും വിശ്വാസികള്‍ കൂട്ടമായും ഒറ്റതിരിഞ്ഞുമൊക്കെ നടന്നും ടാക്സികളിലുമായി മാര്‍ക്കറ്റില്‍ എത്തുന്നു.
----
--------------------
ഇവിടെ..
ഈത്തപ്പഴ കൃഷി ജീവിതവൃതമായെടുത്ത അറബികള്‍..
മധുരം കിനിയുന്ന ഈത്തപ്പഴമേന്തിയ അവരുടെ സ്നേഹവായ്പ്പിന്റെ ഊഷ്മളത..
മദീന ഉഷ്ണത്തില്‍ തപിക്കുമ്പോഴും അതിന്റെ ഹൃദയം ഈത്തപ്പഴത്തിന്റെ മാധുര്യം വാര്‍ത്തെടുക്കുകയാണു.
------------------------
വിശുദ്ധ ഖുര്‍ ആനില്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെട്ട പഴമത്രേ ഈത്തപ്പഴം.
ബീ.സി. 6000 ത്തിനും മുമ്പ് തന്നെ അറേബ്യന്‍ ജീവിതത്തിന്റെ ഭാഗമായ് ഈത്തപ്പഴ കൃഷിയെ ചരിത്രത്തില്‍ കാണുന്നു. പ്രവാചക നഗരം ഈത്തപ്പഴ കൃഷിക്കും ശ്രേഷ്ഠതയാര്‍ന്ന ഈത്തപ്പഴത്തിനും പേരു കേട്ടതാണു.
അറേബ്യന്‍ സംസ്ക്കാരത്തിന്റെ പരിണാമ കാലങ്ങളില്‍ മാറ്റമറിയാതെ നിലനില്‍ക്കുന്ന പ്രത്യക്ഷ ചിഹ്നങ്ങളത്രേ ഒട്ടകവും ഖഹ്‌വയെന്ന വിശിഷ്ട പാനീയവും പിന്നെ ഈത്തപ്പഴവും. പില്‍ക്കാല സമൃദ്ധിയില്‍ മിന്നിത്തിളങ്ങിയ അറബികളുടെ കൊട്ടാര,മണിമാളികകളില്‍ അതിഥികളായെത്തുന്ന വിദേശ ഭരണാധിപന്‍മാര്‍ക്കു തൊട്ട് മണലാരണ്യത്തിലെ ചൂടുകാറ്റിലും മുച്ചൂടും മൂടും മണല്‍ക്കാറ്റിലും മൂക്കും മുഖവും ഷമാഗ് കൊണ്ട് ചുറ്റിക്കെട്ടി തമ്പിനകത്തിരിക്കുന്ന ബദുക്കള്‍ തങ്ങളുടെ അവിചാരിത അതിഥിക്കു വരേ ഇന്നും ആതിഥ്യമരുളുന്നതും കുഞ്ഞു ഗ്ലാസ്സുകളില്‍ വിളമ്പുന്ന ഖഹ്‌വക്കൊപ്പം തേനിറ്റും ഈത്തപ്പഴമാണു.
അറേബ്യന്‍ ചരിത്രത്തിന്റെ ഓരോ നാള്വഴിയിലും ഈത്തപ്പഴം അതിന്റെ സ്ഥാനവും മഹത്വവും ഉറപ്പിച്ചിട്ടുണ്ട്.
------------------------
നോമ്പിന്റെ കാഠിന്യത്തില്‍ ഉദരസംബന്ധിയായ രോഗങ്ങള്‍ക്ക് പ്രത്യൗഷധമായി ഈത്തപ്പഴം കഴിക്കുന്നതിനേക്കാള്‍ മികച്ച മറ്റൊന്നില്ല. അതുകൊണ്ടുതന്നെ ലോക മുസ്ലിം ജനത നോമ്പുതുറക്ക് ഈത്തപ്പഴം ഒരു പ്രധാന വിഭവമാക്കിയതും. റമദാന്‍ കാലത്തു തന്നെയാണു ലോകമാര്‍ക്കറ്റില്‍ ഏറ്റവും കൂടുതല്‍ വ്യാപാരം നടക്കുന്നതും.
കേരളത്തിലും ഈ സമയത്ത് പ്രത്യക്ഷപ്പെടുന്ന താല്‍ക്കാലിക കടകളും വഴിയോരക്കച്ചവടങ്ങളും ധാരാളമായി റമദാനില്‍ കാണാം.
ഒരു കാരക്ക പോലും തിന്നാതെ പോയ ഒരു ദിവസവും തന്റെ ഓര്‍മ്മയിലില്ലെന്ന് പിതാവിന്റെ കാരക്ക ബിസ്നസ്സ് നടത്തുന്ന പ്രമുഖ വ്യാപാരി പറയുന്നു.
കാരക്കയുടെ ഡിമാന്റ് വര്‍ഷം തോറും കൂടുകയാണു എന്നും ഇദ്ദേഹം പറയുന്നു.
------------------------
ഈത്തപ്പഴം അതിന്റെ രൂപത്തിലും നിറത്തിലും മാത്രമല്ല
അതിന്റെ വിശിഷ്ട രുചിഭേദങ്ങളാലും പ്രസിദ്ധമാണു.
വില കൂടിയ അജ്‌വ കറുപ്പ് നിറവും കടുത്ത മധുരവുമാണെങ്കില്‍,ഇളം ഓറഞ്ച് നിറവും തവിട്ട് നിറമുള്ളതുമായ അം‌ബറും സഫാവിയും വായില്‍ അലിഞ്ഞു തീരുന്ന അതിമധുരമാണു. ബയാദ് ഷുക്കരിയാവട്ടെ പച്ചക്ക് തിന്നവുന്നതും നല്ല മധുരവും നാരുകള്‍ ഇല്ലാത്തതുമാണു.
അറബികള്‍ പൊതുവേ ഉപയോഗിക്കുന്നതും റമദാനില്‍ ഏറ്റവും ചെലവുള്ളതുമായ റുതാനയാവട്ടെ ഒരെണ്ണം തിന്നാല്‍ തിന്നു കൊണ്ടേയിരിക്കാന്‍ തോന്നുന്ന മോഹിപ്പിക്കുന്ന മധുരക്കലവറ തന്നെയാണു.ഫിഡ്ജില്‍ വെച്ച് ഇളം തണുപ്പോടുകൂടിയാണു മിക്കവരും നോമ്പ് തുറക്ക് ഈ ഈത്തപ്പഴം ഉപയോഗിക്കാറുള്ളത്.
---
---------------------
മദീനയുടെ ഈത്തപ്പഴ പെരുമയായ "അജ്‌വ" തൊട്ട് മാര്‍ക്കറ്റുകളില്‍ സജീവമായ സഫാവി,അം‌ബര്‍,
റബീഅ,റുത്താന,ലുബാന,ബെര്‍ഹി,ജുബൈല്‍ അലയ്യ,റുഷ്ദിയ്യ,ബേദ്,ബെര്‍ണി മദീന,ഖുദ്രി തുടങ്ങി അന്‍പതോളം ഇനങ്ങള്‍ മദീനയില്‍ ലഭ്യമെന്ന് കാരക്ക കൃഷിയുമായി ജീവബന്ധം പുലര്‍ത്തുന്ന കോഴിക്കോട് കല്ലായി സ്വദേശി അബ്ദുള്‍ ലത്തീഫ് പറയുന്നു.
ഇരുപത് വര്‍ഷത്തിലധികമായി ഒരു മസ്റയുടെ ജീവനാഡിയായി ജോലി ചെയ്യുന്ന അബ്ദുള്‍ ലത്തീഫ് തന്റെ അന്‍പത്തഞ്ചാം വയസ്സിലും ആരോഗ്യവും ഊര്‍ജ്ജസ്വലതയും കാത്തു സൂക്ഷിക്കുന്നത് നിത്യേന കഴിക്കുന്ന കാരക്കയുടെ ഫലമെന്ന് ഉറപ്പിച്ചു പറയുന്നു.
------------------------
ഹിജ്‌റ വര്‍ഷാരംഭത്തില്‍ പൂത്തു തുടങ്ങുന്ന ഈത്തപ്പന മൂന്നാം മാസത്തോടെ ഫലത്തെ വേര്‍തിരിക്കുന്ന ഘട്ടത്തില്‍ എത്തുന്നു.ഒരു കുലയിലെ ഒരു നാമ്പില്‍ നിന്നും പകുതിയിലധികം പതിരു കായ്കളും പറിച്ചു കളയുമത്രേ.ബാക്കി വരുന്ന ഈത്തപ്പഴങ്ങള്‍ക്ക് പൂര്‍ണ്ണവളര്‍ച്ചയെത്താനും വലിപ്പവും രൂപഭംഗിയും ഉണ്ടാവാനാണു ഇത്.
റജബ്-ഷഹ്ബാന്‍ മാസങ്ങളിലെ അത്യുഷ്ണത്തില്‍ പഴുത്ത് പാകമാകുന്ന ഈത്തപ്പഴം പറിച്ചെടുക്കല്‍ ഒരുല്‍സവപ്രതീതിയാണു ഈത്തപ്പഴ കര്‍ഷകരില്‍ സൃഷ്ടിക്കാറ്.
------------------------
സൗദിയിലെ പ്രധാന ഈത്തപ്പ ഴൗ ഉ ല്പ്പാദനകേന്ദ്രങ്ങളായ അല്‍-ഖസീം,ബിഷ,അല്‍‌ഊല,ബുറൈദ തുടങ്ങിയ സ്ഥലങ്ങളിലെ വിവിധയിനം കാരക്കകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണങ്കിലും തുര്‍ക്കി,പാകിസ്ഥാന്‍,മലേഷ്യ,ഇന്തോനേഷ്യ,ഇന്ത്യ,തുടങ്ങി മറ്റു അറബ് രാജ്യങ്ങളില്‍ നിന്നു വരുന്ന തീര്‍ത്ഥാടകര്‍ വരേ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത് മദീനയിലെ ഈത്തപ്പഴമാണു.
അതില്‍ തന്നെ ഏറ്റവും കച്ചവടമുള്ളത് അജ്‌വ (തവീല്‍-മുതവ്വിര്‍),അംബര്‍,സഫാവി എന്നിവക്കാണു.
കൂടുതല്‍ ആവശ്യക്കാര്‍ തുര്‍ക്കികളാണെന്ന് നൂറിലധികം കടകള്‍ പ്രവര്‍ത്തിക്കുന്ന മദീന കാരക്ക മാര്‍ക്കറ്റില്‍ ഇരുപത് വര്‍ഷമായി ജോലി ചെയ്യുന്ന കന്യാകുമാരി സ്വദേശി ഇബ്രാഹിം പറയുന്നു.
----
--------------------
ഈത്തപ്പഴ കൃഷി നല്ല ലാഭമുള്ള ഒന്നാണെന്നും ഹജ്ജ്, ഉം‌റ സീസണില്‍ പലപ്പോഴും വില്പ്പനക്ക് ഈത്തപ്പഴം തികയാതെ വരുന്ന അവസ്ഥയുണ്ടാവാറുണ്ടെന്നും തന്റെ മസ്റയില്‍ അജ്‌വ തൂക്കി പാക്ക് ചെയ്യുന്നതോടൊപ്പം അതിന്റെ ശ്രേഷ്ഠത വിവരിച്ചു കൊണ്ട് ആലപ്പുഴ സ്വദേശി നിസ്സാര്‍ പറയുന്നു.
-------------------------
പല തോട്ടങ്ങളില്‍ നിന്നുമായി ശേഖരിക്കുന്ന വിവിധയിനം കാരക്കകള്‍ ഫാക്റ്ററികളില്‍ വെച്ച് തരം തിരിക്കുന്നു. ഒപ്പം ഗ്രൂപ്പും വലിപ്പവും ക്രോഡീകരിച്ച് മെഷിന്റെ സഹായത്തോടെ അരിച്ചെടുക്കുന്നു.തോട്ടങ്ങളില്‍ നിന്നും പറിക്കുമ്പോഴുണ്ടാകുന്ന ഇലകളും നാരുകളുമൊക്കെ ഒഴിവാകി ശുദ്ധവെള്ളത്തില്‍ ഭംഗിയായി കഴുകി ഉണക്കിയെടുക്കുന്നു. പിന്നീട് കീടവിമുക്തമാക്കിയശേഷം അച്ചിന്റെ സഹായത്തോടെ ചതുരരൂപത്തിലേക്ക് മാറ്റി പ്ലാസ്റ്റിക്ക് കവറില്‍ ആക്കി പാക്ക് ചെയ്ത് മാര്‍ക്കറ്റില്‍ എത്തിക്കുന്നു.
------------------------
കാരക്ക പിഴിഞ്ഞെടുത്ത് സ്ക്വാഷ് രൂപത്തിലും ബദാം, പിസ്ത,കടല തുടങ്ങിയവ ചേര്‍ത്ത് ജാം രൂപത്തിലും കൂടാതെ കേക്ക്,ബിസ്ക്കറ്റ്,ചോക്ക്ലേറ്റ് രൂപങ്ങളിലുമൊക്കെ സുലഭമാണു.
പാലില്‍ ചേര്‍ത്ത് ജ്യൂസടിച്ചാല്‍ ഒന്നാന്തരം പാനീയമെന്നും മൈദ ചേര്‍ത്ത് പൊരിച്ചെടുത്താല്‍ രുചികരമായ പലഹാര മായെന്നും ഒരു വീട്ടമ്മ.
----
--------------------
പോഷകസമ്പുഷ്ടമായ കാരക്കയില്‍ ഇരുമ്പ്,പൊട്ടാസ്യം,കാല്‍സ്യം,ഫോസ്ഫറസ്,വിറ്റാമിന്‍ ബി. ,ഫോലിക് ആസിഡ്,പ്റോട്ടീന്‍സ്,ഷുഗര്‍ തുടങ്ങി ആരോഗ്യമുള്ള മനസ്സിനും ശരീരത്തിനും ആവശ്യമായതൊക്കെ അടങ്ങിയിരിക്കുന്നു.കാന്‍സറിനും ഹൃദയസംബന്ധമായ അസുഖങ്ങല്‍ക്കും ഒരു നല്ല ഔഷധം ആയ ഈത്തപ്പഴത്തിന്റെ ഗുണഗണങ്ങള്‍ അനവധിയാണു.
ഗര്‍ഭിണികള്‍ കാരക്ക സേവിക്കുന്നത് കുഞ്ഞിന്റെ ആരോഗ്യത്തിനും വളര്‍ച്ചക്കും ഗുണം ചെയ്യും.
ധാരാളം കാല്‍സ്യം അടങ്ങിയതിനാല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സ്ത്രീകല്‍ക്കുമെല്ലാം എല്ലിന്റെ വളര്‍ച്ചക്ക് നല്ല ഗുണം ചെയ്യുന്നു.
സംഭാരവും നാരങ്ങവെള്ളവും കരിങ്കാലിവെള്ളവും സ്ക്വാഷും കഴിഞ്ഞ് ഹോര്‍ലിക്സും ടാങ്കും ഒടുവില്‍ കോളകളില്‍ വരേയെത്തിനില്‍ക്കുന്നമലയാളിയുടെ അതിഥി സല്‍ക്കാര പാനീയങ്ങള്‍ക്കിടയില്‍ കാരക്ക ഒരു മാറ്റവുമായി വന്നെത്തുകയാണു.
------------------------
--------------------------------------------------------------------------


5 Responses to "മദീന നല്‍കുന്ന മധുരം(മലയാളം ന്യൂസില്‍ പ്രസിദ്ധീകരിച്ചത്)"
പട്ടേപ്പാടം റാംജി said...

ഈന്തപ്പഴത്തിന്റെ ലഭ്യതയും കൃഷിയും കച്ചവടവും ഒക്കെ പറഞ്ഞെങ്കിലും അതിന്റെ ഔഷദഗുണത്തെക്കുറിച്ച് അല്പം കൂടി വിശദമാക്കായിരുന്നു എന്ന് തോന്നി.
ആശംസകള്‍ നൌഷാദ് ഭായി.


Wednesday, August 11, 2010 at 3:59:00 PM GMT+3
OAB/ഒഎബി said...

സന്തോഷം
മലയാളം ന്യൂസിലൂടെയും സ്വൈര്യം തരൂലാന്ന് സാരം ല്ലെ.

മുമ്പ് കൈരളിയില്‍ ഫാരിസ് അബൂബക്കറുമായി നടന്ന ഒരു ചര്‍ച്ച കണ്ട ഞാന്‍ പറഞ്ഞു ‘കഴിവുള്ളവരൊക്കെ പറയുന്ന വില കൊടുത്ത് ഭൂമി വാങ്ങിയിട്ടോളൂ. എന്തെന്നാല്‍ രണ്ട് കൊല്ലം കൊണ്ട് പത്തിരട്ടി കൂടുതല്‍ വില കിട്ടും. സംഗതി സത്യമായില്ലെ.

അത് പോലെ ഇപ്പോള്‍ പറയുന്നു.
ഈ കാരക്ക സ്ഥിരമായി കഴിച്കാലുള്ള ഗുണങ്ങള്‍ മനസ്സിലാക്കി പ്ണ്ട് മുതലേ വാങ്ങി കഴിക്കാറുള്ള എന്നെ പോലുള്ളവരൊക്കെ, താങ്കളുടെ ഈ ഈ നല്ല ലേഘനം വായിച്ച് അതിന്റെ പിന്നില്‍ കൂടിയാല്‍, ഇനി നാളെ മുതല്‍ മാര്‍ക്കറ്റില്‍ വില കൂടുതല്‍ കൊടുത്ത് വാങേണ്ടതായ ഗതി വരില്ലെ.

അത് കൊണ്ട് ഞാന്‍ ഇതിനെ ശക്തിയുക്തം എതിര്‍ത്ത് ഒരു കത്തെങ്കിലും മലയാള ന്യൂസിലെഴുതും :)


Friday, August 13, 2010 at 2:12:00 PM GMT+3
Noushad Koodaranhi said...

ഹലോ നൗഷാദ് ഭായ്,
ഇന്നലെ,
കാരക്ക,
അമൃതും, നിലക്കാത്ത ജീവിതാഭിനിവേഷത്ത്തിന്റെ
പ്രതീകവുമായിരുന്നു.
കാലം മാറുകയും, കോലം മാറുകയും ചെയ്ത മദീനയില്‍,
കഴിഞ്ഞ ഒന്നര പതിറ്റാണ്ടിന്റെ ഓര്‍മ്മകള്‍ പങ്കു വെച്ച്
താങ്കളോടൊപ്പം ആ മസ്രയിലേക്ക് നടക്കുമ്പോള്‍ ,
സത്യമായും ഓര്‍ത്തില്ല,
ആ അന്ഭവങ്ങള്‍ ഇത്ര സുന്ദരമായി
താങ്കള്‍ അവതരിപ്പിക്കുമെന്ന്.

ഇന്നും,
കാരക്ക,
അറ്റമില്ലാത്ത പ്രത്യാശകളുടെ
ദിവ്യ വെളിപാടുകള്‍ തന്നെയാണ്.

നന്നായിരിക്കുന്നു, വളരെ വളരെ....


Saturday, August 14, 2010 at 10:46:00 AM GMT+3
Unknown said...

മനോഹരമായ വിവരണങ്ങളും ചിത്രങ്ങളും, നന്ദി.


Sunday, August 15, 2010 at 2:48:00 PM GMT+3
Nasar Mahin said...

വളരെ നന്നായിട്ടുണ്ട്. ഒരു ഫുള്‍ പേജ് തന്നെ നീക്കി വെച്ച സ്ഥിതിക്ക് dates നെ കുറിച്ചുള്ള മഹാത്മ്യങ്ങളും വിവരണങ്ങളും ഇനിയും കുറെ എഴുതാമായിരുന്നു. ഒരു ചെറിയ പിശക്‌ ചൂണ്ടി കാണിക്കട്ടെ:

"ഹിജ്‌റ വര്‍ഷാരംഭത്തില്‍ പൂത്തു തുടങ്ങുന്ന ഈത്തപ്പന മൂന്നാം മാസത്തോടെ ഫലത്തെ വേര്‍തിരിക്കുന്ന ഘട്ടത്തില്‍ എത്തുന്നു.
റജബ്-ഷഹ്ബാന്‍ മാസങ്ങളിലെ അത്യുഷ്ണത്തില്‍ പഴുത്ത് പാകമാകുന്ന ഈത്തപ്പഴം പറിച്ചെടുക്കല്‍ ഒരുല്‍സവപ്രതീതിയാണു ഈത്തപ്പഴ കര്‍ഷകരില്‍ സൃഷ്ടിക്കാറ്."

ഹിജ്റ(ചന്ദ്ര)മാസങ്ങള്‍ ഒരിക്കലും ഋതുഭേദങ്ങളുമായി ബന്ധപെട്താന്‍ പറ്റില്ല. ഋതുഭേദങ്ങള്‍ തീര്‍ത്തും കൃസ്തുവര്‍ഷ (സൂര്യ)മാസങ്ങളുമായി ബന്ധപെട്ടു കിടക്കുന്നു. ഈ വര്ഷം നോമ്പ് നല്ല ചൂടുള്ള ഓഗസ്റ്റ്‌ മാസത്തിലാണല്ലോ. ഇനി ഒരു പതിനന്ജ് വര്‍ഷത്തിനു ശേഷം നല്ല തണുപുള്ള Jan/Feb/Mar മാസങ്ങളിലായിരിക്കും നോമ്പ്.

നൗഷാദ്‌.. ഇനിയും നല്ല ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു

നാസര്‍ മാഹിന്‍ മങ്കരതോടി @ ജിദ്ദ
കൂട്ടിലങ്ങാടി
nasarmahin@gmail.com
http://www.facebook.com/nasarmahin


Thursday, August 19, 2010 at 11:46:00 PM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors