RSS

Followers

സൗദികള്‍ക്ക് ചായ കൊടുക്കരുത് അഥവാ ഒരു പരോപകാരവും പിന്നാലെ വന്ന പൊല്ലാപ്പും.
പത്തു പതിനഞ്ചു വര്‍ഷം മുമ്പാണു..
പുതുതായി ജോലിക്കു അറബി നാട്ടില്‍ എത്തിയതാണു ഞാന്‍.
സൗദി അറേബ്യയിലെ എന്റെ ഓഫീസാണു രംഗം.
പത്തു പന്ത്രണ്ടോളം സൗദികള്‍, അത്രത്തോളം സിറിയക്കാര്‍, രണ്ടു മൂന്നു ഈജിപ്ഷ്യര്‍, സുഡാനി, അള്‍ജീരിയ തുടങ്ങി  വിവിധ രാഷ്ട്രങ്ങളിലെ  പത്തു നാല്പതു പേര്‍ക്കിടയില്‍ ഇന്ത്യാ മഹാരാജ്യത്തിന്റെ ഏകപ്രതിനിധിയായി ഫോട്ടോഷോപ്പില്‍ മുങ്ങിക്കുളിച്ച് ഒരു ക്യാമറയുമായി ഞാനും അവരുടെ കൂടെ.
അന്ന് സൗദികള്‍ക്കിടയില്‍ ഇത്രത്തോലം കംബ്യൂട്ടര്‍ പരിജ്ഞാനം ആയിട്ടില്ല.അതു കൊണ്ട് തന്നെ കംബ്യൂട്ടറെന്ന യന്ത്രത്തിന്റെ മുഹന്ദിസായി (ഇവിടെ ബള്‍ബ് മാറ്റിയിടുന്നവനും മുഹന്ദിസ്-എന്‍‌ജിനീയറാണു)ഇംഗ്ലീഷില്‍ വലിയ പിടിപാടില്ലാത്ത അവര്‍ക്കിടയില്‍ എന്റെ ഓക്സ്ഫോര്‍ഡ്  ഇംഗ്ലീഷുമായി സസുഖം വാഴുന്ന കാലം.
(ഇംഗ്ലീഷറിയാത്തവരോട് ഓക്സ്ഫോര്‍ഡ് ഇംഗ്ലീഷില്‍ വല്ലതും പറയുക എന്നു വെച്ചാല്‍ വലിയ ഹരമുള്ള കാര്യമാണു !)

സൗദികളല്ലാത്ത വിദേശി ജോലിക്കാര്‍ കുത്തിപ്പടിച്ചിരുന്നു പണിയെടുക്കുമ്പോള്‍ സൗദികള്‍ സിഗററ്റ് വലിച്ചും ഫോണ്‍ ചെയ്തും കുശലം പറഞ്ഞും സമയം പോക്കി എങ്ങനെങ്കിലും മാസാവസാനമാക്കുന്ന കാലം.
പണിയെടുക്കാന്‍ "ബഹു" മിടുക്കരായ സൗദി ജോലിക്കാരെ മിക്കവാറും കമ്പനി അവരുടെ ജോലിയിലെ ആത്മാര്‍ത്ഥത കണ്ട് രണ്ട് മൂന്നു മാസം കൊണ്ട് തന്നെ അവരെ പുറത്തേക്കുള്ള വഴിലേക്കു  പ്രമോഷന്‍    കൊടുക്കും.
അതുകൊണ്ടു തന്നെ ചുരുങ്ങിയ കാലയളവില്‍ ഒരു പാടു സൗദികള്‍ വരികയും പോവുകയും
ചെയ്ത് കൊണ്ടിരുന്നു...

അന്നു ആറേഴു ഹാളുകളിലായിട്ടായിരുന്നു ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്.ഏറ്റവും അങ്ങേ അറ്റത്തുള്ള സെക്ഷന്റെ ഒരരുകിലായിട്ടാണു കിച്ചണ്‍.ഓഫീസില്‍ ചായയുണ്ടാക്കി കൊടുക്കാന്‍ ഒരു ബംഗാളി (ബംഗ്ലാദേശ്) പയ്യനുണ്ട്.മലയാളിയുടെ വൃത്തി ബോധത്തിന്റെ അഹംഭാവം തലയില്‍ മുടിയെന്ന പോലെ കൊണ്ടുനടക്കുന്ന ഈയുള്ളവന്‍ വല്ലപ്പോഴും കുടിക്കുന്ന ചായ അവിടെ പോയി സ്വയമുണ്ടാക്കി കുടിക്കാറാണു പതിവ്. അവനൊന്നും തോന്നണ്ട എന്നു കരുതി എന്റെ ചായയുടെ അളവും കാര്യവും ഞാനുണ്ടാക്കിയാലേ ശരിയാവൂ എന്നൊരു ന്യായവും പറയും.

കാടുകേറാതെ വിഷയത്തിലേക്കു വന്നേക്കാം..
ഇല്ലെങ്കി വേറെ ബ്ലോഗു നോക്കി  നിങ്ങ പോകുമെന്നറിയാം..

ഒരുദിവസം കയ്യില്‍ കാലി ഗ്ലാസ്സുമായി ഞാന്‍ ടീ സെക്ഷനിലേക്കു നടക്കുമ്പോള്‍ പുതുതായി ജോലിക്കു കയറിയ ചെറുപ്പക്കാരനായ സൗദി യുവാവു പുറത്ത് നിന്നു പരുങ്ങുന്നതു കണ്ടു.( ഈ പരുങ്ങല്‍ ആദ്യ ദിവസം മാത്രമേ കാണൂ..പിന്നെ നിങ്ങള്‍ വിദേശികള്‍ക്കിവിടെന്തുകാര്യം എന്ന മട്ടിലേക്കു പോവാന്‍ കുറഞ്ഞ ദിവസം മതി.)
സലാം പറഞ്ഞു മുന്നോട്ടു നടന്നപ്പോള്‍
 " യാ മുഹമ്മദ് ..വാഹദ് ശായ്.!"
അയാള്‍ ബാക്കില്‍ നിന്നും വിളിച്ചു പറഞ്ഞു.
അയാള്‍ക്ക് ഒരു ചായ വേണമെന്ന്..
ഹും..ഞാന്‍ ടീ ബോയിയെന്നു അയാള്‍ തെറ്റിദ്ധരിച്ചിരിക്കുന്നു..
ബംഗാളികളെ മൊത്തം പ്രാകിക്കൊണ്ട് (കഷ്ടകാലത്തിനു മിക്ക മലയാളികള്‍ക്കും ബംഗാളി ലുക്കാ..) നല്ല ഇരുണ്ട് സുന്ദരമായ നിറവും മെലിഞ്ഞ് ഊണങ്ങി അങ്ങുമിങ്ങും പൊങ്ങി നില്‍ക്കുന്ന  ശരീരവും പാറിപ്പറന്ന് ഒതുങ്ങി നില്‍ക്കാത്ത മുടിയും ഒക്കെകൂടി അന്നു ഞാന്‍ വളരെ ഗ്ലാമറിലായിരുന്നു..പക്ഷേ അതിന്റെ അഹം‌ഭാവം ഞാന്‍ ആരോടും കാണിച്ചിരുന്നില്ല എന്നതായിരുന്നു സത്യം !
അയാളുടെ ധാരണ മാറ്റേണ്ടത് അത്യാവശ്യമാണെന്നറിയാവുന്നതിനാല്‍ ഞാന്‍ അയാളോടു എന്റെ കൂടെ വരാന്‍ പറഞ്ഞു മുന്നോട്ടു നീങ്ങി.
ചായ സെക്ഷനും അവിടെയുള്ള ബംഗാളി പയ്യനെയും കാണിച്ചു കൊടുത്താല്‍ അയാള്‍ക്കു കാര്യം പിടികിട്ടി സൊല്ല ഒഴിയുമല്ലൊ എന്നും കരുതി.

എന്നാല്‍ ആ സമയത്ത് ബംഗാളി പയ്യന്‍ അവിടെ യുണ്ടായിരുന്നില്ല.
ഞാനേതായാലും ചായ ഉണ്ടാക്കുകയാണു. ഇനി ഇയാള്‍ക്കു കൂടി ഉണ്ടാക്കിയേക്കാം
പുതുതായി വന്നതല്ലേ..ഞാന്‍ നല്ല കൊ ഓപ്പറേറ്റീവാണെന്നു കരുതുകേം ചെയ്തൊട്ടേ എന്ന അതി ഭയങ്കര ഔദാര്യം കാണിച്ച് ഞാന്‍ അയാള്‍ക്കു കൂടി ചായ പകര്‍ന്നു നല്‍കി.

ചായ രുചിച്ചു നോക്കി വളരെ ഇഷ്ടപ്പെട്ട് നാലഞ്ചു ശുക്‌റനും (നന്ദി) അതിന്റെ ഒപ്പം കുറച്ച്
കോയിസ്സും (ഉഷാറായിട്ടുണ്ടെന്ന്) പറഞ്ഞാണു അയാള്‍ പോയത്..
ഞാന്‍ എന്തൊരു മഹാമനസ്കനാണു..എന്നൊക്കെ സ്വയം ചിന്തിച്ച് ഒരു മഹാകാര്യം
ചെയ്ത  സന്തോഷത്തില്‍ ഞാനെന്റെ ക്യാബിനിലേക്കു നടന്നു.

ഒരു അരമുക്കാമണിക്കൂറുകഴിഞ്ഞു ഞാന്‍ പ്രിന്റ് ചെയ്ത ഒരു ഡിസൈനുമായി മുദീറിന്റെ (മാനേജറുടെ) സെക്ഷനില്‍ നിന്നും നിന്നും മടങ്ങി വരുമ്പോള്‍ ആ സൗദി ചെറുപ്പക്കാരന്‍ കയ്യില്‍ ഒരു ഗ്ലാസ്സുമായി എന്നെ കാത്ത് കോറീഡോറില്‍ നില്‍ക്കുന്നുണ്ടായിരുന്നു..
ഞാന്‍ അടുത്തെത്തിയതും അയാള്‍ ഗ്ലാസു നീട്ടിക്കൊണ്ട് അല്പ്പം അധികാരത്തില്‍ പറഞ്ഞു.
"യാ മുഹാമ്മദ്..വാഹദ് ശായ്..സൂറ സൂറാ.."
ഞാന്‍ ഓടിപ്പോയി അയാള്‍ക്കു ചായ കൊണ്ടുകൊടുക്കണമെന്നാണു പറഞ്ഞത്..
സം‌ഗതി അയാള്‍ ഞാനാണു ഓഫീസിലെ ടീ ബോയിയെന്നു തെറ്റിദ്ധരിച്ചു പറഞ്ഞതാണു..
പക്ഷേ പെട്ടന്ന് എനിക്കു വന്ന വികാരം ദേഷ്യമായിരുന്നു.
ഞാനയാള്‍ പറഞ്ഞത് ഗൗനിക്കാതെ എന്റെ സെക്ഷനിലേക്കു നടന്നു.
എന്റെ പെരുമാറ്റത്തില്‍ തെല്ലൊന്നമ്പരന്ന അയാള്‍ നിമിഷങ്ങള്‍ക്കകം
അല്പം ദേഷ്യത്തില്‍ എന്തൊക്കെയോ വിളിച്ച് പറഞ്ഞു എന്റെ പിന്നാലെ വന്നു.
അപ്പുറത്തും ഇപ്പുറത്തുമുള്ള ക്യാബിനില്‍ നിന്നും ഓരോരുത്തര്‍ ബഹളം കേട്ട് എത്തിനോക്കുന്നുണ്ട്.
എന്റെ ക്യാബിനകത്ത് സീറ്റിലിരിക്കുമ്പോഴേക്കും അയാള്‍ വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ടു.
അകത്തേക്കു കടന്നതും  ഉച്ചത്തില്‍ പറഞ്ഞു വന്ന വാക്കുകള്‍ പാതി വഴിയില്‍ നിര്‍ത്തി അയാള്‍ തുറിച്ചു എന്നെ നോക്കി.
രണ്ടു  മൂന്നു കമ്പ്യൂട്ടറും വലിയ പ്ലോട്ടറും പ്രിന്ററും സ്കാനറും മേശപ്പുറത്തെ ക്യാമറയും ട്രൈപോഡും
പേപ്പറും പുസ്തകങ്ങളും മാപ്പുകളും കൂടിക്കുഴഞ്ഞു കിടക്കുന്ന കേബിളുകളൂം എല്ലാം കൂടി
നിറഞ്ഞു ഒരു പരുവത്തിലായ എന്റെ കൊച്ചു ക്യാബിനിലുള്ളിലേക്കും  അതിനിടയില്‍ ഒരു കൊച്ചു എലിക്കുഞ്ഞിനെ പോലെ പതുങ്ങിയിരിക്കുന്ന എന്നേയും അയാള്‍ മാറി മാറി നോക്കി.

അല്പ്പം പതുക്കെയാണെങ്കിലും സംഭവം പിടികിട്ടിയെന്നു തോന്നുന്നു.
അയാള്‍ ഒന്നും മിണ്ടാതെ തിരിച്ചു പോയി.

ഫ്രീയായിട്ട് കുറച്ച് തെറി പോക്കറ്റിലിട്ട് പോന്നതിന്റെ വൈക്ലബ്യവും അയാളോടു തക്ക മറുപടി കൊടുക്കാന്‍
ഭാഷ നേരെ ചൊവ്വേ അറിയാത്തതിലുള്ള മനപ്രയാസവും തലയില്‍ കേറ്റിവെച്ച്
മൂഡൗട്ടായി ഇരിക്കുമ്പോള്‍ ദേ അയാള്‍ വീണ്ടും എന്റെ ക്യാബിനില്‍.

" മൊഹമ്മെദ്..മാലീഷ്..
 വള്ളാഹി അന മാ അദ്രി അന്‍ത ഷുകുല്‍ മുഹന്ദിസ് കമ്പ്യൂത്തര്‍.."

" എന്റെ പൊന്നു ചങ്ങായീ ഇങ്ങള് ഷമിക്കീം..അനക്കീ കംബ്യൂട്ടര്‍ കുന്തത്തീമ്മലാണ് പണിയെന്നു ഞമ്മക്കറീല്ലേയ്ന്നു..ഞമ്മള് ബല്ലതും പറഞ്ഞൂന്ന് കരുതി ഞ്ഞള് അതൊന്നും ഖല്‍ബില് ബെക്കണ്ടാന്നു
അതൊക്കെ മറന്നാളീം " എന്ന് അയാള്‍ ക്ഷമാപണം നടത്തിയതിനെ ശുദ്ധ മലയാളത്തില്‍ വിവര്‍ത്തനം ചെയ്യാം.

അയാള്‍ കയ്യും തന്ന് കാര്യങ്ങളൊക്കെ മനസ്സിലാക്കി ഇനി ആരാന്നും എന്താന്നും ഒക്കെ അറിഞ്ഞിട്ടേ ഇമ്മാതിരി
പണി ചെയ്യൂ എന്നു ശപഥം ചെയ്ത് പോകുമ്പോള്‍
വളരെ നല്ലവനും പരോപകാരിയുമായി മാറിയ ഞാന്‍
മറ്റൊരു ശപഥം എടുക്കുകയായിരുന്നു..

ഇനി മേലില്‍ ഇങ്ങനെത്തെ പരോപകാര പണിക്ക് ഞമ്മള് നിക്കൂലാന്ന ഉഗ്ര ശപഥം.!

(ഹും..അല്ലെങ്കിലും ഞമ്മളാരാ മോന്‍ !)


13 Responses to "സൗദികള്‍ക്ക് ചായ കൊടുക്കരുത് അഥവാ ഒരു പരോപകാരവും പിന്നാലെ വന്ന പൊല്ലാപ്പും."
കൂതറHashimܓ said...

ആരാ മോന്‍ ..???
അയ്യേ ഈ തുക്കടാ കൊമ്പ്യൂട്ടര്‍ കാണിച്ച് അറബിയെ പറ്റിച്ച് വല്യ ആലെ പോലെ അതു ബ്ലോഗുന്നു,
എന്റെ പെങ്ങടെ മോന്‍ (3 വയസ്സ്) എഴുതാനും വായിക്കാനും പടിചോട്ടെ അവനും ബ്ലോഗും C++ ഉം Jaava യെ പറ്റിയും ഒക്കെ

(അവതരണം നന്നായിരിക്കുന്നു :)


Tuesday, March 16, 2010 at 7:34:00 AM GMT+3
തറവാടി said...

:)


Tuesday, March 16, 2010 at 12:59:00 PM GMT+3
നൗഷാദ് അകമ്പാടം said...

@ ഹാഷിം :
വിന്‍ഡോസ് 95 ന്റെ ആരംഭ കാലത്തെ കഥയാണു..
ഇപ്പോ ഈ പറ്റിക്കലും ഒന്നും ഇവിടെ നടക്കൂല്ല..
കൊച്ചു കുട്ടികള്‍ വരെ ലാപ്ട്ടോപ്പും തട്ടിക്കളിച്ചു നടക്കുന്നു...
ഇനി പുതിയ വല്ലതും കണ്ടുപിടിച്ചാലേ വിദേശികള്‍ക്കു രക്ഷയുള്ളൂ.

@ തറവാടി : താങ്കളുടെ :) നു എന്റെ വക :))


Tuesday, March 16, 2010 at 1:33:00 PM GMT+3
OAB/ഒഎബി said...

അത് ശരി നിങ്ങളായിരുന്നു ആ കമ്പ്യൂട്ടര്‍ മുഹന്തിസ് അല്ലെ.
അപ്പൊ ഞാനാ ചായ ഉണ്ടാക്കി തരേണ്ടത്.

പറ്റിത്തം വിഡ്ഡിയതിന് സോറി,,
(ഇ മെയില്‍) :) :)


Tuesday, March 16, 2010 at 10:20:00 PM GMT+3
Sabu Kottotty said...

ഒരു ചായ പോരട്ടെ, കടീം...


Wednesday, March 17, 2010 at 5:23:00 AM GMT+3
Abdul Salim Kochi said...

ഏതായാലും ചായ95 കലക്കി.


Saturday, March 20, 2010 at 10:27:00 PM GMT+3
വിനുവേട്ടന്‍ said...

നൗഷാദ്‌, ഞാന്‍ ആദ്യമായിട്ട്‌ താങ്കളുടെ ബ്ലോഗില്‍ വരുന്നത്‌ കഴിഞ്ഞ പോസ്റ്റിലാണ്‌. തരികിടാനന്ദസ്വാമികളില്‍... അങ്ങനെ താങ്കളുടെ എല്ലാ പോസ്റ്റിലും പോയി. പോസ്റ്റ്‌ ഇട്ട്‌ കമന്റ്‌സ്‌ കാത്തിരിക്കുന്ന കാര്‍ട്ടൂണുകള്‍ കണ്ട്‌ ചിരിച്ചതിന്‌ കണക്കില്ല.

ഇവിടുത്തെ സ്വദേശികള്‍ക്ക്‌ കമ്പ്യൂട്ടര്‍ പരിജ്ഞാനം ലഭിച്ചുവെങ്കിലും മനോഭാവം ഇപ്പോഴും പഴയത്‌ തന്നെ... രണ്ട്‌ മണിക്കൂര്‍ ഫോണില്‍ കുശലം, പിന്നെ ഓരോ മണിക്കൂറിലും ശായ്‌, അങ്ങനെ മറ്റു പലതിനുമിടയില്‍ കൂടി വന്നാല്‍ ഒരു മണിക്കൂര്‍ ജോലി... കൂടെ ജോലി ചെയ്യുന്ന പാവം വിദേശിയുടെ കഷ്ടകാലം എന്നല്ലാതെ എന്ത്‌ പറയാന്‍...

എല്ലാവിധ ആശംസകളും..എല്ലാവിധ ആശംസകളും..


Monday, March 22, 2010 at 8:54:00 PM GMT+3
Akbar said...

നൌഷാദ്. ആദ്യമായാണ്‌ ഇവിടെ. കാണാന്‍ വൈകിയതില്‍ ഖേദിക്കുന്നു. പോസ്റ്റ് നന്നായി. അല്പം സന്മനസ്സു കാണിച്ചാല്‍ ഇതായിരിക്കും അനുഭവം. എന്തായാലും ഒരു "ഷായി" കൊണ്ട് അവസാനിപ്പിചില്ലേ.


Thursday, March 25, 2010 at 8:17:00 AM GMT+3
ബഷീർ said...

നൌഷാദ്, മാലീഷ്...വാഹിദ് ശായ്.. :)

പിന്നെ എന്റെ ഒരു സുഹൃത്ത് (സത്യായിട്ടും ഞാനല്ല) മസ്ബൂത് (ഉഗ്രൻ) എന്നതിനു പകരം ‘മജ്നൂൻ’ (വട്ടൻ ) എന്ന് അറബിയോട് പറഞ്ഞത് ഓർത്തു. അവൻ പ്രമോഷനായി കേട്ടോ..:)


Wednesday, April 21, 2010 at 11:31:00 AM GMT+3
പത്താം ക്ലാസും ഗുസ്തിയും said...

സലീകുമാര്‍ പറഞ്ഞത് ഓര്മ വരുന്നു,
വക്കീലാണ് കാണാന്‍ ലുക്ക്‌ ഇല്ലന്നെ ഉള്ളൂ ....


Tuesday, June 8, 2010 at 2:32:00 PM GMT+3
najeemnilambur said...

സങ്കതി കലക്കി...


Monday, April 11, 2011 at 8:04:00 PM GMT+3
Rakesh KN / Vandipranthan said...

:)


Tuesday, June 21, 2011 at 9:22:00 AM GMT+3
Anonymous said...

വായിച്ചിരിക്കാം ... ബ്ലോഗില്‍ ഒന്നും ഇല്ല എന്നും കൂടി പറയട്ടെ ..


Saturday, January 28, 2012 at 2:54:00 PM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors