RSS

Followers

മമ്മൂട്ടിക്ക് ഒരു തുറന്ന കത്തും കാര്‍ട്ടൂണൂം! "മമ്മൂട്ടീ അങ്ങ് പ്രായത്തെ ഭയക്കുന്നുവോ??"


മമ്മൂട്ടിക്ക് ഒരു തുറന്ന കത്തും കാര്‍ട്ടൂണൂം!
-----------------------------------------
"മമ്മൂട്ടീ അങ്ങ് പ്രായത്തെ ഭയക്കുന്നുവോ??"
-----------------------------------------
മലയാള സിനിമയുടെ അഭിമാനമായ അഭിനയ ചക്രവര്‍ത്തി ശ്രീ.മമ്മൂട്ടിക്ക് ജന്മദിനാ ശംസകളുമായി ഫേസ്ബുക്കിലും മറ്റു സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും നൂറുകണക്കിനു പോസ്റ്ററുകളും കമന്റുകളും തരംഗം തന്നെ സൃഷ്ടിക്കുകയാണന്നങ്ങേക്കറിയാമല്ലോ.
അങ്ങയുടെ ഫാന്‍സും അങ്ങയെ ഇഷ്ടപ്പെടുന്നവരും ഇതൊരാഘോഷമാക്കി മാറ്റുമ്പോള്‍ മമ്മൂട്ടി എന്ന നടനെ ഏറെ ഇഷ്ടപ്പെടുന്ന ഒരു സാധാരണക്കാരന്‍ എന്ന നിലയില്‍ ആണ് അങ്ങയുടെ അറിവിലേക്കായി ഈ എഴുത്ത്.
അങ്ങയുടെ അഭിനപാടവത്തെ വിലയിരുത്താനോ വിമര്‍ശിക്കാനോ ഞാനാളല്ല.
അതൊരവിവേകവും അതിസാഹസികതയുമാണെന്ന് വ്യക്തമായ ബോധവുമുണ്ട്.
അങ്ങയെപ്പോലെ ഉജ്ജ്വലമായ ഒരു പ്രതിഭ ഇനി മലയാള സിനിമയില്‍ അടുത്തെങ്ങും ഉദയം ചെയ്യുമെന്നും എനിക്ക് വ്യാമോഹമില്ല.
എണ്‍പതുകളുടെ തുടക്കത്തില്‍ "നാനാ" സിനിമാ വാരികയില്‍ കൃഷ്ണന്‍ കുട്ടി പരിചയപ്പെടുത്തി എഴുതിയ അരപ്പേജ് കുറിപ്പും ഒപ്പമുള്ള ചിത്രത്തിലെ തുണിയെടുത്ത് അരക്ക് കയ്യും കൊടുത്ത് നില്‍ക്കുന്ന മെലിഞ്ഞ ചെറിയ കണ്ണുകളും കൃത്രിമ ചിരിയുമുള്ള മുഹമ്മദ് കുട്ടി എന്ന നവാഗതനില്‍ നിന്നും പത്തു മുപ്പതുവര്‍ഷത്തിനിപ്പുറം മലയാളത്തിലും അന്യഭാഷാ ചിത്രങ്ങളിലും ഒരുപോലെ കഴിവ് തെളിയിച്ച് ഇന്ത്യയിലെ എണ്ണം പറഞ്ഞ നടന്മാരില്‍ ഒരാളായി അങ്ങ് മാറിയെങ്കില്‍ അത് സ്വ കഠിന പ്രയത്നവും തളരാത്ത കര്‍മ്മ ശേഷിയും പ്രൊഫഷനോടുള്ള നൂറു ശതമാനം സമര്‍പ്പണവും തന്നെയാണെന്ന് ഇന്ന് മലയാളത്തിലെ ഏതൊരു സിനിമാ പ്രേമിക്കുമറിയാം.
ദോഷൈക ദൃക്കുകള്‍ക്ക് പാടിപ്പരിഹസിക്കുന്ന ഇത്തിരിയൊത്തിരി ഗര്‍‌വ്വും കൂളിംഗ് ഗ്ലാസ്സുമല്ല എന്റെ വിഷയം.
ഫാന്‍സുകാര്‍ തമ്മില്‍ മല്‍സരിച്ചിറക്കുന്ന ഫേസ്ബുക്ക് പോസ്റ്ററുകളുമല്ല.
എന്റെ വിഷയം പുതിയ അങ്ങയുടെ സിനിമകള്‍ കാണുമ്പോള്‍ "അങ്ങെന്തിനിങ്ങനെ അഭിനയിക്കുന്നു?" എന്ന ലളിതമായ ഒരഭ്യര്‍ത്ഥന - ചോദ്യം മാത്രമാണ്.

ഏതൊരു പ്രേക്ഷകനും നെഞ്ചിലേറ്റുന്ന ചതിയന്‍ ചന്തുവിനേയും മാടയേയും ബഷീറിനേയും കരുണനേയും പട്ടേലരേയും അംബേഡ്ക്കറേയും തൊട്ട് മലയാളി മറക്കാത്ത ഒട്ടനവധി കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയ അങ്ങ് ഇനിയെങ്കിലും അങ്ങേക്കനുയോജ്യമായ പ്രായത്തിനനുസരിച്ച കഥാപാത്രങ്ങളെ സ്വീകരിക്കണമെന്ന് അപേക്ഷിക്കാനാണ്.
കഴിഞ്ഞ എട്ടുപത്ത് സിനിമകള്‍ പരിശോധിച്ചാല്‍ അങ്ങേക്ക് തന്നെ മനസ്സിലാക്കാവുന്ന കാര്യം തന്നെയാണിത്.അധിക ചമയം സ്വീകരിച്ച് ജന്മനാ സുന്ദരനായ അങ്ങ് കൂടുതല്‍ ചെറുപ്പം കൈവരിക്കുന്നു എന്നത് വ്യഥാ ധാരണ മാത്രമാണ്. അങ്ങ് കോബ്രാ - ഭൂതം പോലുള്ള കോമാളിച്ചിത്രങ്ങളില്‍ അഭിനയിച്ച് കണ്ട് മനം പിരട്ടല്‍ വന്ന ..ഒരു സാദാ പ്രേക്ഷകന്റെ നിലവിളി മാത്രമാണിത്.
ശബ്ദ ഗാംഭീര്യതയിലും ആകാര ഭംഗിയിലും വേഷപ്പകര്‍ച്ചയിലും അനുഗ്രഹീതവും വിസ്മയകരവുമായ സൗഭാഗ്യത്തിന്നുടമയായ താങ്കളുടെ
ഈയ്യിടെ ഇറങ്ങിയ പല സിനിമകളും കാണാന്‍ ആഗ്രഹിച്ച് അര മണിക്കൂര്‍ തികച്ച് കാണാനാവാതെ വന്ന എന്റെ അനുഭവം മറ്റു പലരുടേതും കൂടിയാണ് എന്നു കൂടിപറയട്ടെ!
ഇപ്പോള്‍ ഞങ്ങള്‍ താങ്കളുടെ പഴയ സിനിമകള്‍ വീണ്ടും വീണ്ടും കാണാറാണ് പതിവ്.
നെറ്റിലൂടേയും ടോറന്റിലൂടേയും യൂട്യൂബിലൂടേയുമൊക്കെ ലോകത്തെ ഏറ്റവും മികച്ച സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്ത് കാണുന്ന..അതിനെ നിശിതമായ പഠനത്തിനു വിധേയമാക്കുന്ന ഒരു
തലമുറ കൂടി സമാന്തരമായി വളര്‍ന്നു വരുന്നുണ്ട് എന്ന് കൂടി അങ്ങേക്കറിയാം.
അവരെ ചിലപ്പോള്‍ അങ്ങയുടെ ഫാന്‍സിന്റെ നിരയിലോ കാണില്ല..പക്ഷേ ആ തലമുറയാണ് സിനിമയുടെ ഇന്നത്തേയും നാളത്തെയും പ്രേക്ഷകര്‍ എന്നു മറക്കാനാവില്ല.
കണിശവും വ്യക്തവുമായ ധാരണയും വര്‍ഷങ്ങളുടെ പരിചയ സമ്പത്തും നേടിയിട്ടും അങ്ങയെപ്പോലെ ഒരാള്‍ ഇത്തരം രണ്ടാംകിട സിനിമകള്‍ക്ക് തലവെച്ചതിന്റെ ലോജിക്ക് ഒട്ടും പിടികിട്ടുന്നില്ല എന്നതാണ് അങ്ങയെ ഇഷ്ടപ്പെടുന്ന ഒരു സാദാ പ്രേക്ഷകന്റെ നൊമ്പരം.
കൂളിംഗ് ഗ്ലാസ്സ് വെച്ച് കണ്ണുകാണിക്കാതെ കണ്ണും കണ്ണും....എന്ന ഗാനരംഗം മുഴുവന്‍ ഓടിനടന്നപ്പോഴും രെഞ്ജി പണിക്കരുടെ എവിടെ തുടങ്ങി എവിടെ അവസാനിച്ചു ഒരു പിടിയും കിട്ടാത്ത നെടുങ്കന്‍ ഡയലോഗ് എതിരാളികള്‍ക്കിട്ട് ഛര്‍ദ്ദിച്ച് തീര്‍ക്കുമ്പോഴും ഒക്കെ അങ്ങ്
സിനിമയില്‍ സ്വീകരിക്കാറുള്ള കേവല "സെന്‍സും സെന്‍സിബിലിറ്റിയും" നഷ്ടമായ വെറുമൊരു താരമായി മാറിയതാണ് ഞങ്ങള്‍ കണ്ടത്.
ഫേസ്ബുക്കില്‍ കൊലവിളിയും കൊലവെറിയും നടത്തുന്ന അങ്ങയുടെ ഫാന്‍സ് അല്ല അങ്ങയുടെ ശക്തി എന്നത് അങ്ങേക്ക് തന്നെ നല്ല ബോധ്യമുള്ള കാര്യമാണ്. അവരുടെ തണലില്‍ അല്ല അങ്ങ് വളര്‍ന്നതും ഈ നിലയില്‍ എത്തിയതും. മലയാള സിനിമാ ചരിത്രത്തിലെ അങ്ങയുടെ ഉജ്ജ്വല കഥാപാത്രങ്ങളൊന്നും തന്നെ ഫാന്‍സിന്റെ കീജെയ് വിളിയിലും പാലഭിഷേകത്തിലും വിജയിച്ചവയുമല്ല.
പിന്നെ ആര്‍ക്കുവേണ്ടിയാണ് അങ്ങ് ഈ കോമാളി വേഷം കെട്ടുന്നത്?
വെറും പണം മാത്രമാണോ അങ്ങയെ പ്രലോഭിപ്പിക്കുന്നത്?
കഴിഞ്ഞ ഏതാനും സിനിമകള്‍ അങ്ങയുടെ സമീപകാല നിലപാടിന്റേയും മിഥ്യാ ബോധത്തിന്റേയും നേര്‍ചിത്രമായി വിലയിരുത്താം.
കോടീശ്വരനായ താങ്കള്‍ വെറും കാശിനു വേണ്ടി ഇത്തരം വേഷം കെട്ടി സന്തോഷിപ്പിക്കാന്‍ ശ്രമിച്ചത് ആരെയായിരുന്നു?
ഫാന്‍സിനേയോ?
ഇന്ന നടനെന്ന് വകതിരിവില്ലാതെ നല്ല സിനിമകളേയും കഥാപാത്രങ്ങളേയും ഒരു പോലെ സ്നേഹിക്കുന്ന എന്നെപ്പോലെയുള്ള ബഹുഭൂരിപക്ഷം സാദാ പ്രേക്ഷകനേയോ?
സാറ്റ്ലൈറ്റ് അവകാശത്തുക മുന്നില്‍ കണ്ട് കാശിറക്കുന്ന നിര്‍മ്മാതാവിനേയോ?

ആരെയാണെങ്കിലും ഇവരിലാരും ഒട്ടും സന്തോഷിച്ചില്ല എന്നത് അങ്ങയുടെ നിലപാടിലെ
പാളിച്ച വ്യക്തമാക്കുന്നു.
അങ്ങയെ ഞങ്ങള്‍ ഇഷ്ടപ്പെടുന്നത് അങ്ങയുടെ മേക്കപ്പ് കഴിഞ്ഞ സുന്ദരമായ മുഖത്തെ അല്ലെന്ന് ഓര്‍മ്മപ്പെടുത്താനാണ്.
അങ്ങ് സാദാ വേഷത്തിലും ഭാവത്തിലും വന്നാലും ഞങ്ങള്‍ ഇരു കൈയ്യും നീട്ടി അങ്ങയെ സ്വീകരിക്കും. കാരണം ഞങ്ങള്‍ സ്നേഹിക്കുന്നതും ഇഷ്ടപ്പെടുന്നതും ഞാന്‍ മുകളില്‍ സൂചിപ്പിച്ച "അഴകിയ രാവണന്‍" " ചമഞ്ഞ മമ്മൂട്ടീയെ" അല്ല മറിച്ച് തന്റെ മുഖ സൗന്ദര്യത്തേയും പ്രായാധിക്യത്തേയും കുറിച്ച് വ്യാകുലപ്പെടാത്ത അഭിനയ കുലപതി നടന്‍ മമ്മൂട്ടിയേയാണ്.
മറ്റൊരാള്‍ക്കും അവകാശപ്പെടാന്‍ കഴിയാത്ത അവാര്‍ഡുകളും ജനപിന്തുണയും ആരാധകലക്ഷങ്ങളും ഉള്ള അങ്ങേക്ക് ഇനി പ്രത്യേകിച്ചൊന്നും വെട്ടിപ്പിടിക്കാനില്ലെന്നിരിക്കെ അങ്ങ് ഇനി കാമ്പുള്ള , കഥയുള്ള തിരക്കഥകള്‍ സ്വീകരിക്കാനും വര്‍ഷത്തില്‍ സിനിമകളുടെ എണ്ണം കുറഞ്ഞാലും അവയുടെ നിലവാരം മുകളില്‍ തന്നെയാവണം എന്ന ശാഠ്യം സ്വീകരിക്കാനും കഴിയണം എന്നാഗ്രഹിക്കുന്നു.
വര്‍ഷത്തില്‍ ഒന്നോ രണ്ടോ അത്തരം ചിത്രങ്ങള്‍ ആയാല്‍ പോലും അവയാകും വര്‍ഷാവസാനകണക്കെടുപ്പില്‍ ഞങ്ങള്‍ക്ക് പ്രിയപ്പെട്ടതാക്കുക എന്നതില്‍ സംശയമില്ല.
ലോക സിനിമയിലെ അതികായന്മാരൊക്കെത്തന്നെയും തന്നെ പ്രായാഥിക്യം അഭിനയത്തിനോ കഥാപാത്ര തെരെഞ്ഞെടുപ്പിനോ ഒരു തടസ്സമായി കാണുന്നവരല്ല എന്ന് അങ്ങേക്ക് തന്നെ അറിയാം. ക്ളിന്റ് ഈസ്റ്റ്‌വുഡ് ആയാലും റോബര്‍ട്ട് ഡി നീറോ ആയാലും അവരവര്‍ക്കനുയോജ്യമായ തിരക്കഥകള്‍ രചിക്കപ്പെടുന്നു അത് പ്രേക്ഷകരാല്‍ സ്വീകരിക്കപ്പെടുന്നു എന്ന് വരികില്‍ മലയാളത്തിലും അങ്ങേക്കും മോഹന്‍ലാലിനുമൊക്കെ തങ്ങള്‍ക്കനുയോജ്യമായ കഥാപാത്ര കേന്ദ്രീകൃതമായ കഥകള്‍ രൂപം കൊടുക്കാന്‍ അങ്ങയുടെ കേവലമൊരു തീരുമാനത്തിനു കഴിയുമെന്നും അത് മലയാളത്തില്‍ പുതിയ തരംഗം തന്നെ സൃഷ്ടിക്കുമെന്നും ഞാന്‍ കരുതുന്നു.
ഈ ജന്മദിനാഘോഷ വേളയിലെങ്കിലും മേക്കപ്പിന്റേയും ഗ്രാഫിക്സിന്റേയും പരിധിയില്‍ കവിഞ്ഞ സഹായം ഉപേക്ഷിച്ച് ഞങ്ങള്‍ക്ക് പ്രിയപ്പെട്ട കഥാപാത്രങ്ങളുമായി..കരുത്തുറ്റ വേഷങ്ങളുമായി
കോമാളിത്ത ഭൂഷാദികള്‍ ഒഴിവാക്കി അങ്ങ് വരുമെന്നുള്ള ഒരു ഉറച്ച തീരുമാനമെടുക്കണമെന്ന് അങ്ങയോട് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
ഒരായിരം ജന്മദിനാശംസകളോടെ..
എന്റെ വര.കോം.


12 Responses to "മമ്മൂട്ടിക്ക് ഒരു തുറന്ന കത്തും കാര്‍ട്ടൂണൂം! "മമ്മൂട്ടീ അങ്ങ് പ്രായത്തെ ഭയക്കുന്നുവോ??""
Sadique M Koya said...

well said....നല്ല നിരീക്ഷണം....


Saturday, September 8, 2012 at 12:51:00 PM GMT+3
shameerasi.blogspot.com said...

മമ്മുട്ടി എന്ന,.,.അതുല്യ പ്രതിഭ .,.,ഇന്നു,.,.,ഉയങ്ങളില്‍ നിന്നും ഉയരങ്ങളിലേക്ക് കുതിക്കുമ്പോള്‍ ഫാന്‍സ് എന്ന കോമാളി കൂട്ടതോടൊപ്പം അങ്ങ് അങ്ങയുടെയ്‌ വില കളയരുത് .,.,.,അഭിനന്ദനങ്ങള്‍ നൌഷാദ് ഭായ് .,.ഈ തുറന്ന അവസോരോജിതമായ .,.,കാര്റ്റൊനിം ,.,.,കുറിപ്പിനും ,.,.,


Saturday, September 8, 2012 at 1:41:00 PM GMT+3
Unknown said...

പ്രിയ നൌഷാദ്,സാധാരണ ഒരു കുറിപ്പ് അല്ലങ്കില്‍, ലേഖനം വായിച്ചാല്‍ ഒന്നുകില്‍ വിമര്‍ശനം അല്ലങ്കില്‍ ഒറ്റവാക്കില്‍ അഭിനന്ദനം ഇതാണല്ലോ? വായനക്കാരന്‍റെ അവകാശം.ഞാനിവിടെ മനസ്സില്‍ തട്ടിയ ചില കാര്യങ്ങള്‍ പറയാനാണ് ഉദ്ദേശിക്കുന്നത്.ഏതു കലാരൂപത്തെയും മിതമായ തോതില്‍ ആസ്വദിക്കുന്ന ഒരു സാദാരണ ക്കാരനാണ് ഞാന്‍ ഇക്കൂട്ടത്തില്‍ സിനിമയും വരും.താങ്കളുടെ എല്ലാനിരീക്ഷണങ്ങളോടും ഞാന്‍ സര്‍വ്വാത്മനായോചിക്കുന്നു,ഒരു പക്ഷെ എന്നോ ഞാന്‍ മനസ്സിലെഴുതിയ
ഒരു കുറിപ്പാണിതെന്ന സമാന ചിന്തയാണ് ഇവിടെ പങ്കുവെക്കുന്നത്.ശ്രീ,എം.പി .നാരായണ പിള്ളയുടെ ഒരു ലേഖനം വായിച്ചതോര്‍ക്കുന്നു."തിക്കുറിശ്ശി താരങ്ങള്‍ വായിച്ചു പഠിക്കേണ്ട പുസ്തകം" എന്നോ മറ്റോ ആണ് പേര്.ജീവിത നൌകയില്‍ സൂപ്പര്‍ സ്റ്റാര്‍ ആയിരുന്ന അദ്ദേഹം മരണം വരെ മഹാ നടനായി നില നിന്ന കഥ.താങ്കളുടെ കുറിപ്പ് സന്ദര്‍ഭോചിതം എന്ന് മാത്രമല്ല ധിഷണാ പരവുമായതിനാല്‍ എന്‍റെ ഈ എളിയ എന്നാല്‍ ഹൃദയംഗമമായ അഭിനന്ദനങള്‍ ഏറ്റു വാങ്ങുക.താങ്കള്‍ പലപ്പോഴും കാര്‍ടൂണിസ്റ്റ്.ഫോട്ടൊഗ്രാഫെര്‍,എന്ന എല്ലാ കാന്‍വാസുകളും പൊളിച്ചു കടക്കുമ്പോള്‍ അനുവാചകരുടെ മനസ്സില്‍ സന്തോഷവും അഭിമാനവുമുണ്ടാക്കുന്നു,നന്ദി.


Saturday, September 8, 2012 at 1:43:00 PM GMT+3
Ismail Chemmad said...

ഏതായാലും ഫാന്‍സ്‌ അസോസിയേഷന്‍ കാരെ കരുതിയിരുന്നോ /...


Saturday, September 8, 2012 at 2:07:00 PM GMT+3
ആചാര്യന്‍ said...

ശക്തമായ നിരീക്ഷണം തന്നെ [പക്ഷെ...അഭിനയം നിര്‍ത്തുക എന്നതല്ല സ്വീകരിക്കുന്ന വേഷങ്ങള്‍ മാറ്റുക എന്നതാണ് പ്രധാനം...


Saturday, September 8, 2012 at 2:10:00 PM GMT+3
Shukoor Ahamed said...

മമൂട്ടിയെന്ന നടനില്‍ നിന്നും നമ്മള്‍ ആഗ്രഹിക്കുന്നത് മാടയും, ചന്തുവും പോലുള്ള നല്ല കഥാപാത്രങ്ങള്‍ ആണെങ്കില്‍ നൌഷാദില്‍ നിന്നും പ്രതീക്ഷിക്കുന്നത് ഇതുപോലുള്ള നല്ല വരയും എഴുത്തുമാണ് ........ ഭാവുകങ്ങള്‍.


Saturday, September 8, 2012 at 2:15:00 PM GMT+3
മണ്ടൂസന്‍ said...

ഞാൻ വിശദമായി കമന്റ് ചെയ്യാം, നാളെ ട്ടോ നൗഷാദിക്കാ.


Saturday, September 8, 2012 at 3:49:00 PM GMT+3
പ്രവീണ്‍ ശേഖര്‍ said...
This comment has been removed by the author.
പ്രവീണ്‍ ശേഖര്‍ said...

പൂര്‍ണമായും യോജിക്കുന്നു. ഇക്കാര്യത്തില്‍ മമ്മൂട്ടി മാത്രമല്ല, നമ്മുടെ മറ്റ് ചില മുനിര നായകന്മാരും ഉള്‍പ്പെടുന്നു. ഇതിനൊക്കെ നമ്മള്‍ തമിഴ് സിനിമാ ലോകത്തെ താരങ്ങളെ കണ്ടു പഠിക്കണം ... രജനീകാന്ത് നോക്കൂ, സിനിമയില്‍ മാത്രമേ അദ്ദേഹത്തിനു അത്തരം പരിവേഷങ്ങള്‍ ഉള്ളൂ. പൊതു വേദികളില്‍ അദ്ദേഹം സ്വന്തം രൂപം വെളിപ്പെടുത്തിക്കൊണ്ട്‌ തന്നെ കടന്നു വരുന്നു. അങ്ങിനെ വരാന്‍ ചങ്കൂറ്റം കാണിക്കുന്ന വല്ല സൂപ്പര്‍ നടന്മാരും മലയാളത്തില്‍ ഉണ്ടോ ?

ആശംസകളോടെ ...


Saturday, September 8, 2012 at 4:50:00 PM GMT+3
Arun Kumar Pillai said...

who cares....!

നല്ലത് സ്വീകരിക്കുക, അപ്പോൾ നന്നാകണമെന്ന് തോന്നലുണ്ടാകുന്നവർ താനേ നന്നാവും...


Saturday, September 8, 2012 at 10:11:00 PM GMT+3
Unknown said...

ഒരു പണി വരുന്നുണ്ട് മോനേ നൌഷാദ്ദിക്കാ.,,,,,,,,,,


Sunday, September 9, 2012 at 8:26:00 AM GMT+3
Muralee Mukundan , ബിലാത്തിപട്ടണം said...

നല്ല നിരീക്ഷണങ്ങൾ...


Tuesday, January 15, 2013 at 2:40:00 PM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors