RSS

Followers

"നമുക്കെന്തിനു നാവ്? അറുത്ത് മാറ്റണമവ!"


"നമുക്കെന്തിനു നാവ്?
അറുത്ത് മാറ്റണമവ!"
-------------------------

മുപ്പതു മുക്കോടി വോട്ടര്‍മാര്‍ക്കില്ലാത്ത
നാവ് കഥയും കവിതയുമെഴുതുന്നവന്റെ
കൈവശം കൊടുത്ത്
നിങ്ങള്‍ സുഖ നിദ്രപുല്‍കുന്നു.
ചെറ്റകള്‍ !

നിങ്ങള്‍ തെരെഞ്ഞെടുത്ത വിശുദ്ധരുടെ
നെറികേടിനു
കവിതയെഴുന്നവന്റെ
പ്രതികരണവും കാത്തിരിക്കുന്നു.
എമ്പോക്കികള്‍ !

നിങ്ങള്‍ക്കുമുണ്ട്.
എല്ലാവര്‍ക്കുമുണ്ട് ആ നാവ്.
നിങ്ങളൊരുമിച്ചാല്‍
ഇതിനേക്കാള്‍ നല്ലത്

നാവ് സ്വന്തം കീശക്കുള്ളില്‍ ,
അലമാരിയില്‍, ലോക്കറില്‍ ഭദ്രമായി
പൂട്ടിവെച്ച് നിങ്ങള്‍ വാര്‍ത്തകള്‍ക്ക് മുന്നിലില്‍
വാ പൊളിച്ചിരിക്കുന്നു.
നാവ് ഒരനാവശ്യ വസ്തു തന്നെ.

ഹാ എനിക്കും മടുത്തു.
ഞാന്‍ എന്റെ നാവ്
അറുത്തെടുത്ത്
അടച്ചു പൂട്ടി പെട്ടിയിലാക്കി
തട്ടിന്‍പുറത്ത് വെക്കുകയാണ്.

ഞാന്‍ മാത്രമെന്തിനു
അത് എണ്ണയിട്ട് വായില്‍ ചുമന്ന്
ചുമന്ന് ഭാരമായ് കൊണ്ടു നടക്കണം?

ക്വാട്ടേഷന്‍കാരനു ചൂണ്ട്പലകയായ്
ഒരു മരണപത്രവുമായി എന്നെ
ഒറ്റുന്നവന്‍
നിങ്ങള്‍ക്കിടയിലിരുന്നു
മരണവുമായി ചതുരംഗം കളിക്കുന്നില്ലെന്നാരുകണ്ടു?
കൈകോര്‍ത്തിരുന്നു കള്ള് കുടിക്കുന്നില്ലെന്നാരു കണ്ടു?

ഇന്നവനെ തിന്നുന്നവന്‍
നാളെ ഇവന്റെ ബാക്കിയേയും തിന്നന്നട്ടെ..
ക്വാട്ടേഷന്‍കാരനു കാശും അടയാളവും മതി.
മുഖം വേണ്ട.
ആളാരാണെന്നുമറിയേണ്ട.
പേര്‍.ജാതി,കുലം,വംശം,ജോലി,പാര്‍ട്ടി..
ഒന്നുമറിയേണ്ട.
ക്ഷണക്കത്തുമായി നിനക്ക് പിന്നില്‍
അവന്‍ തന്നെ വരും.
കാഴ്ചകള്‍ കാണാതിരിക്കാന്‍
കണ്ണടച്ചിരിക്കാം.

ഞാനെന്റെ മുറിക്കുള്ളില്‍
ധ്യാനം പൂണ്ടിരിക്കാം.

പക്ഷേ പ്രശ്നമതല്ല.
വന്ന് വന്ന് ചോരകൊതിയന്മാര്‍
എന്റെ
അച്ഛനെ.
അമ്മയെ..
മക്കളെ...
ഒടുവില്‍ ....
എന്നേയും
ആര്‍ത്തിപൂണ്ടാര്‍ത്തിപൂണ്ടാര്‍ത്തിപൂണ്ട്
ചോര മണപ്പിച്ചെത്തുമ്പോള്‍

ഞാന്‍ എന്റെ
അടച്ചുപൂട്ടി വെച്ച നാവ്
പുറത്തെടുക്കുമോ
എടുത്ത് തൊടിയില്‍ കളയുമോ?
വാടകക്ക് വാങ്ങുമോ?
അതോ നിങ്ങളോട് ചോദിക്കുമോ

അതോ
അതോ
അതോ
ഞാന്‍ മൗനം പൂണ്ടിരിക്കുമോ?

ചോദ്യം അതുമാത്രമാണ്?!

---------------------------------------------------
(((( വായനക്കാരുടെ നിലവിളിയും
സാംസ്കാരിക നായകരുടെ പ്രതികരണവും വായിച്ചപ്പോള്‍ തോന്നിയത്.))))

©നൗഷാദ് അകമ്പാടം


5 Responses to ""നമുക്കെന്തിനു നാവ്? അറുത്ത് മാറ്റണമവ!""
മണ്ടൂസന്‍ said...

ഞാന്‍ എന്റെ
അടച്ചുപൂട്ടി വെച്ച നാവ്
പുറത്തെടുക്കുമോ
എടുത്ത് തൊടിയില്‍ കളയുമോ?
വാടകക്ക് വാങ്ങുമോ?
അതോ നിങ്ങളോട് ചോദിക്കുമോ

പല്ല് തേക്കുമ്പോൾ നാക്ക് വടിച്ചാൽ നാവിന് മുറിവ് പറ്റുമോ എന്ന് ഭയന്ന് ഞാൻ ടംഗ് ക്ലീനർ കൊണ്ട് നാക്ക് വടിക്കാറ് പോലുമില്ല. അങ്ങനെ ഞാൻ ഭദ്രമായി സൂക്ഷിക്കുന്ന നാവ് വല്ലവർക്കും വന്ന് അരിഞ്ഞ് കൊണ്ടോവാനുള്ളതല്ല. ഞാൻ സൂക്ഷിക്കും എന്നെയും എന്റെ നാവിനേയും ഭദ്രമായി, നിങ്ങളൊക്കെയീ പറയുന്ന പോലെ ഞാനിത്തിരി കഥയെഴുതുന്നുണ്ട് കവിതയെഴുതുന്നുണ്ട് ന്ന് വച്ച്, ഇങ്ങനെ ചുമ്മാ വല്ലവരും തല്ലൂം കൊല്ലൂം ചെയ്യുമ്പോ വല്ലതും വിളിച്ച് പറഞ്ഞ് നഷ്ടപ്പെടുത്താനുള്ളതല്ല എന്റെ നാക്കും ജീവനും.! ഒന്ന് പോ മന്ശന്മാരേ ചുമ്മാ മെനക്കെടുത്താതെ,യ്ക്കേയ് ജീവിക്കണം.

നന്നായി ട്ടോ നൗഷാദിക്കാ, ആശംസകൾ.


Monday, June 4, 2012 at 8:05:00 AM GMT+3
മെഹദ്‌ മഖ്‌ബൂല്‍ said...

സാംസ്‌കാരികനായകന്‍മാര്‍ പ്രതികരിക്കാത്തതെന്ത് എന്ന് വായനക്കാര്‍ ആകാംക്ഷ കാട്ടുന്നത് അവരുടെ പ്രതികരണം കൊണ്ട് ഈ നാട് നന്നാവും എന്ന പ്രതീക്ഷ കൊണ്ടൊന്നും ആയിരിക്കില്ല...

എല്ലാ പ്രശ്‌നത്തിലും ഇടപെടുന്ന അവര്‍ ഇടത്പക്ഷം വേട്ടക്കാരാകുന്ന പ്രശ്‌നങ്ങളില്‍ എന്ത് നിലപാടെടുക്കുന്നു എന്നറിയാനാണ്...

ചില നേരങ്ങളില്‍ അത് ഗുണപരമായി തീരാറുണ്ട് എന്നതും ശ്രദ്ധിക്കേണ്ടതാണ്..
കുഞ്ഞാലിക്കുട്ടിക്കെതിരെ കെടി ജലീല്‍ മല്‍സരിക്കും നേരത്ത് കമലാസുറയ്യ ഇടപെട്ടത് അതിന് ഉദാഹരണം..
ആ പുലിയും സിംഹവുമൊക്കെ കൂടി ആ കുട്ടിയെ കൊല്ലുമോ ആവോ എന്ന സുരയ്യയുയെ വാക്കുകള്‍ അന്ന് വോട്ടര്‍മാരില്‍ ഒട്ടേറെ സ്വാധീനം ചെലുത്തിയിരുന്നു..


Monday, June 4, 2012 at 8:16:00 AM GMT+3
khaadu.. said...

എല്ലാരുടെ നാവും വാടകയ്ക്ക് തന്നെയാണ് ഇന്ന്..
അല്ലതവന്റെ നാവരിഞ്ഞു തള്ളണം...

അതല്ലേ ഇന്നിന്റെ നീതി..


Monday, June 4, 2012 at 6:24:00 PM GMT+3
Anonymous said...

"നിങ്ങള്‍ക്കുമുണ്ട്.
എല്ലാവര്‍ക്കുമുണ്ട് ആ നാവ്.
നിങ്ങളൊരുമിച്ചാല്‍
ഇതിനേക്കാള്‍ നല്ലത്"
സാംസ്കാരികന്മാരുടെ വാ തുറക്കുന്നതും കാത്തു നില്‍ക്കാതെ ..നമുക്കും ചിലത് പറയാനും കേള്‍പ്പിക്കാനുമുണ്ടെന്ന കാര്യം.... അത് കലക്കി ...


Monday, June 4, 2012 at 11:57:00 PM GMT+3
കുഞ്ഞൂസ് (Kunjuss) said...

"നിങ്ങള്‍ക്കുമുണ്ട്.
എല്ലാവര്‍ക്കുമുണ്ട് ആ നാവ്.
നിങ്ങളൊരുമിച്ചാല്‍
ഇതിനേക്കാള്‍ നല്ലത്"

രോഷം നന്നായി നൗഷാദ് ഭായ് ...!


Tuesday, June 5, 2012 at 7:36:00 PM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors