RSS

Followers

ഒരു വിഡ്ഡിയുടെ വരികള്‍ : കവിയുടെ മരണം


പ്രധാനമന്ത്രി :
മലയാള ഭാഷാ കവികളില്‍ വേറിട്ട ശബ്ദത്തോടെ ഒറ്റപ്പെട്ടവന്റെ ആത്മനൊമ്പരം കാത്തുസൂക്ഷിച്ച അതുല്യ കലാകാരനായിരുന്നു ഈ കവി.കവിയുടെ വിയോഗം ദേശാഭാഷാതിരിത്തികള്‍ക്കപ്പുറം തീരാനഷ്ടമാണു നമ്മുടെ രാഷ്ട്രത്തിനു മേല്‍ വരുത്തിവെച്ചിരിക്കുന്നത്.
രാഷ്ട്രത്തിന്റെ ബാഷ്പാഞ്ജലികള്‍ !
------------------
------------------
മുഖ്യമന്ത്രി :
കവിതയുടെ ആത്മാവുറങ്ങുന്നത് മണിമാളികളിലല്ല മറിച്ച് തെരുവില്‍ അന്തിയുറങ്ങുന്നവന്റെ പട്ടിണിയിലും അവന്റെ കഷ്ടപ്പാടുകളിലുമാണെന്ന് തിരിച്ചറിഞ്ഞ്
അവരിലേക്ക് ഇറങ്ങിത്തിരിച്ച മഹാനായ ഈ കലാകാരനെ സാഹിത്യ കേരളം എന്നും ആദരവോടെ ഓര്‍ക്കും എന്ന് സൂചിപ്പിക്കാന്‍ ഞാന്‍ ഈ അവസരം ഉപയോഗപ്പെടുത്തുകയാണു. അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം ഒരു അവാര്‍ഡ് ഏര്‍പ്പെടുത്താന്‍ ഗവണ്മെന്റ് തീരുമാനിച്ചതായും അറിയിക്കുന്നു.
------------------
------------------
പ്രസാധകന്‍ :
ഉശിരന്‍ കവിതകല്ലേ..നല്ല ചൂടപ്പം പോലെ മാര്‍ക്കറ്റീ വിറ്റഴിയുന്നവയാ..
അയാക്കാണെങ്കി റോയല്‍റ്റീടെ കണക്കൊന്നുമില്ലെന്നേ..എപ്പഴെങ്കിലും വരും അന്നേരം കുടിക്കാനുള്ള കാശു വേണം..അത് കൊടുത്താ പ്രശ്നം തീര്‍ന്നു..!
ഇനിയിപ്പം കുറച്ച് കാലം അങ്ങേരുടെ പുസ്തകങ്ങള്‍ക്ക് നല്ല മാര്‍ക്കറ്റായിരിക്കും കെട്ടോ..
ഞാനിത് നേരത്തേ കണ്ട് പുതിയ പതിപ്പുകള്‍ തയ്യാറാക്കി വെച്ചിരിക്കുവാ..!
------------------
------------------
നിരൂപകന്‍ :
പ്രതിഭയുടെ വറ്റാത്ത ഉറവയില്‍ സ്വയം ജ്വലിച്ച് തിളക്കുന്ന ഭാവനയില്‍ അക്ഷരങ്ങളെ ചുട്ടെടുക്കുമ്പോള്‍ പകര്‍ത്താന്‍ തനിക്ക് കടലാസു മതിയാവുന്നില്ലെന്ന് അലറിക്കരഞ്ഞവനായിരുന്നു ഈ കവി.
മദ്യത്തിന്റെ ലഹരിയില്‍ തനിക്ക് അക്ഷരങ്ങളോടുള്ള രതിയാണു തന്റെ കവിതയെന്നു പ്രഖ്യാപിക്കുമ്പോള്‍ ഈ കവി കാലത്തിനു മുകളില്‍ കവിത കൊണ്ട് തന്റെ ചിത്രം വരച്ചിടുകയാണു..
കവിയുടെ നഷ്ടം നമുക്ക് മാത്രമല്ല വരാനിരിക്കുന്ന തലമുറക്ക് കൂടിയുള്ളതതാണല്ലോ എന്നു ഞാന്‍ വിലപിക്കുകയാണു.
------------------
------------------
പരിചയക്കാരന്‍ :
ദു:ഖമുണ്ട്.. ദു:ഖമുണ്ട്..കൂടുതല്‍ പറയാനില്ല.
------------------
------------------
അമ്മ :
എന്റെ മുലപ്പാലിന്റെ കടമുണ്ടവനു...നിങ്ങക്കറിയുമോ..
ഒരിക്കല്‍ പോലും അവനെന്നെ സ്നേഹത്തോടെ അമ്മയെന്നു വിളിച്ചില്ല..
ഒരു മരുന്നോ കുഴമ്പോ വാങ്ങിത്തന്നില്ല..
ഈ വെറും പായയില്‍ ഞാനെന്റെ മാറാ ദീനവുമായി ഇത്രനാള്‍ കിടന്നിട്ടും അവനെന്നെയൊന്നു തിരിഞ്ഞ് നോക്കിയില്ല...
------------------
------------------
ഭാര്യ :
ദയവായി എന്നോടൊന്നും ചോദിക്കരുത്..
കഴിഞ്ഞ പത്തിരുപത് കൊല്ലം ഞാനനുഭവിച്ച വേദന..
ഈ തോര്‍ന്നൊലിക്കുന്ന ചെറ്റക്കുടിലില്‍ കൈക്കുഞ്ഞുങ്ങളുമായി തീ പുകയാത്ത അടുപ്പ് നോക്കി..
ഞാനെത്ര രാത്രികള്‍ തനിച്ചിരുന്നു കരഞ്ഞു..
മദ്യത്തിന്റെ മാലുകേറി ഓവു ചാലില്‍ വീണു കിടക്കുന്ന അപ്പന്റെ മാറില്‍ കേറി വിശന്നു തളര്‍ന്ന ഈ പിഞ്ചു കുഞ്ഞുങ്ങള്‍ കുപ്പായക്കീശ തപ്പിയത് ഒരു നാണയത്തുട്ടെങ്കിലും ബാക്കിയിരിപ്പുണ്ടോ എന്നറിയാനായിരുന്നു..അല്ലാതെ ഈ മുടിഞ്ഞ കവിത കുറിച്ച കടലാസിനല്ല..
------------------
------------------
മകന്‍ :
അപ്പനെ എനിക്ക് പേടിയാ..
അപ്പനെന്നെ എന്നും തല്ലും..
അപ്പനെന്നോട് ഒരു സ്നേഹോല്ല്യ..
എനിക്കപ്പന്‍ മുട്ടായിയും കളിപ്പാട്ടോം ഒന്നും വാങ്ങിത്തന്നില്ല..
എനിക്കിന്നുവരെ ഒരു മുത്തം പോലും തന്നില്ല....
------------------
------------------
കുഞ്ഞ് വീണ്ടും വിശന്ന് കരയാന്‍ തുടങ്ങുന്നു.
------------------
------------------
----------------x------------------
കുത്തുവാക്ക് :
കുത്തിവര വരക്കാനല്ല
വളയാതെ വടിവോടെ വര വരക്കാനാ പാടെന്റെ ചങ്ങാതീ.


18 Responses to "ഒരു വിഡ്ഡിയുടെ വരികള്‍ : കവിയുടെ മരണം"
mayflowers said...

ജനങ്ങള്‍ കവിത ആസ്വദിക്കും
ഭാര്യയും മകനും ദാരിദ്ര്യവും....


Wednesday, October 27, 2010 at 4:36:00 PM GMT+3
faisu madeena said...

നന്നായി ..


Wednesday, October 27, 2010 at 5:05:00 PM GMT+3
Muralee Mukundan , ബിലാത്തിപട്ടണം said...

വളയാതെ വടിവോടെ വരക്കാത്ത ഒരു വരയായിത് ... ചങ്ങാതീ


Wednesday, October 27, 2010 at 5:47:00 PM GMT+3
ആചാര്യന്‍ said...

"എന്‍റെ വര നന്നായാലേ എന്‍റെ നര നന്നാവൂ"


Wednesday, October 27, 2010 at 6:41:00 PM GMT+3
ഹംസ said...

വരക്കാനല്ല
വളയാതെ വടിവോടെ വര വരക്കാനാ പാടെന്റെ ചങ്ങാതീ.


വളവില്ലാതെ വരക്കാന്‍ അറിയാത്ത ഞാന്‍ ഇതാ സ്കൂട്ടായി.


Wednesday, October 27, 2010 at 6:52:00 PM GMT+3
ആളവന്‍താന്‍ said...

ആകെ കണ്ഫ്യൂഷനായി.!!


Thursday, October 28, 2010 at 8:41:00 AM GMT+3
Unknown said...

ദു:ഖമുണ്ട്.. ദു:ഖമുണ്ട്..കൂടുതല്‍ പറയാനില്ല.


Thursday, October 28, 2010 at 11:15:00 AM GMT+3
ഷൈജൻ കാക്കര said...

തെരുവിന്റെ കവിയാണ്‌... തീയിൽ കുരുത്ത വാക്കുകളാണ്‌ കവിതയിലൂടെ പുറത്തു വന്നത്‌... തെരുവിൽ വളർന്നു... തെരുവിൽ മരിച്ചു... സാംസ്കാരിക നായകരുടെ വേഷഭുഷാദികളൊന്നുമില്ല... നാട്യമില്ല... ജാഡകൾ തൊട്ടു നോക്കിയിട്ടില്ല... നമ്മുക്കെല്ലാവർക്കും സ്വന്തം കവി... ഒരു അന്യത ആരും ദർശിച്ചില്ല... ആർക്കും ആരുമാകാൻ സാധ്യമല്ല... അയ്യപ്പന്‌ പകരം അയ്യപ്പൻ മാത്രം...


Thursday, October 28, 2010 at 12:43:00 PM GMT+3
Vayady said...

കവി സമൂഹത്തിന്റെ സ്വത്താണ്‌. പലപ്പോഴും ഇങ്ങിനെയുള്ള വ്യക്തികള്‍ക്ക് കുടും‌ബബന്ധങ്ങളോട് നീതി പുലര്‍ത്താന്‍ കഴിഞ്ഞെന്നു വരില്ല.

കവിയുടെ വിയോഗത്തില്‍ ദു:ഖമുണ്ട്..കൂടുതല്‍ ഒന്നും പറയാനില്ല.


Friday, October 29, 2010 at 5:28:00 AM GMT+3
Elizabeth said...

pretty cool analysis


Friday, October 29, 2010 at 8:04:00 PM GMT+3
Akbar said...

ആദ്യ വായനയില്‍ ഞാന്‍ ആകെ കണ്ഫുഷന്‍ ആയി. ഒരിക്കല്‍ കൂടി വായിച്ചപ്പോള്‍ നോര്‍മല്‍ ആയി. കുത്തിവര ഒടുവില്‍ നേര്‍ വര ആയി എന്നര്‍ത്ഥം.

ദു:ഖമുണ്ട്.. ദു:ഖമുണ്ട്..കൂടുതല്‍ പറയാനില്ല. ഇത് തന്നെ ഞാനും പറയുന്നു.


Monday, November 1, 2010 at 11:44:00 AM GMT+3
മഞ്ജു said...

ദു:ഖമുണ്ട്.. ദു:ഖമുണ്ട്..കൂടുതല്‍ പറയാനില്ല.


Monday, November 1, 2010 at 7:11:00 PM GMT+3
Noushad Kuniyil said...

കവിയുടെ വ്യക്തിത്വത്തിന്റെ വിവിധ വശങ്ങള്‍ നൌഷാദ് ഭായി അതിമനോഹരമായി വരച്ചിട്ടിരിക്കുന്നു. ദന്ത ഗോപുരവാസിയല്ലാത്ത, ഉത്തരാധുനികത എന്തെന്ന ചോദ്യത്തിനു ഉത്തരം പറയാനറിയാത്ത ഒരു പച്ചക്കവിയെ വിലയിരുത്തിയത് വായിക്കുമ്പോള്‍, കണ്ടെത്തിയ നിരീക്ഷണങ്ങളൊക്കെയും യാഥാര്‍ത്യത്തിന്റെ നേര്‍പ്പകര്‍പ്പുകളാണെന്ന് ബോധ്യപ്പെടുമ്പോള്‍ ഇടനെഞ്ചിലെവിടെയോ നൊമ്പരത്തിന്റെ കവിതയുയരുന്നു. ഈ എഴുത്തിനു പുതുമയാര്‍ന്നൊരു ശൈലിയുണ്ട്. നൌഷാദ് ഭായിയുടെ സെന്‍സ് ഓഫ് ഹ്യൂമര്‍ എന്ന മൂട്പടത്തിനപ്പുറം ഒളിപ്പിച്ചു വെക്കപ്പെട്ട അതിവിദഗ്ദമായ നിരീക്ഷണ പാടവവും, അയത്ന ലളിതമായ സംവേദനക്ഷമതയും ഈ രചനയുടെയും പ്രത്യേകതകളില്‍ ഒന്നാണ്.
ഒരിക്കല്‍, അഞ്ചു രൂപ തേടി എം. ടി. യുടെ കീശയില്‍ കയ്യിട്ടു നിരാശനാകേണ്ടി വന്ന അയ്യപ്പന്‍ പറഞ്ഞത്രേ, എം. ടി. വാസുദേവന്‍ നായരല്ല, empty വാസുദേവന്‍ നായരാണെന്ന്. വാക്കുകളുടെ symphony യില്‍ പറയേണ്ടത് മനോഹരമായി പറഞ്ഞ കവിയെ ചുരുങ്ങിയ വാക്കുകള്‍കൊണ്ട് സമഗ്രമായി വിലയിരുത്തിയ നൌഷാദിന് നന്ദി.


Wednesday, November 3, 2010 at 10:17:00 PM GMT+3
വരയും വരിയും : സിബു നൂറനാട് said...

വിലയിരുത്തല്‍ അസ്സല്‍. നന്നായി. നല്ല ചിന്ത.


Thursday, November 4, 2010 at 11:42:00 AM GMT+3
Anonymous said...

നല്ലപോസ്റ്റ്‌


Tuesday, November 9, 2010 at 3:33:00 PM GMT+3
സാബിബാവ said...

ഇത് ഒടുക്കത്തെ തലവര തന്നെ മാഷെ ..ചിന്താ ഗതി അപാരം


Sunday, November 14, 2010 at 5:27:00 PM GMT+3
TPShukooR said...

പിന്നാമ്പുറം എപ്പോഴും ഇങ്ങനെ തന്നെ ആയിരിക്കുമല്ലോ. അല്ലെങ്കിലും ആര്‍ക്കാ പിന്നാമ്പുറം കാണേണ്ടത്.
ചിന്തിപ്പിക്കാന്‍ ഉതകുന്നതു തന്നെ ഈ കുത്തിവര.


Sunday, November 28, 2010 at 4:33:00 PM GMT+3
Anonymous said...

pithavinte vakkukal koodi vendiyirunnille


Monday, May 2, 2011 at 9:05:00 PM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors