RSS

Followers

ശ്രീശാന്തിനു ഒരു തുറന്ന കത്ത്!




  • പ്രിയപ്പെട്ട ശ്രീശാന്ത്,
    ആദ്യമേ പറയട്ടെ..
    ഞാനീ കുറിപ്പെഴുതുന്നത് വാതുവെപ്പ് കേസില്‍ താങ്കളെ അറസ്റ്റു ചെയ്യപ്പെട്ട നാള്‍ മുതല്‍ കേരളത്തിലെ മുഖ്യധാരാ മീഡിയകള്‍ ഫേസ്ബുക്കിലെ യൂസര്‍മാരടക്കം എങ്ങനെ, എന്തുകൊണ്ട് താങ്കള്‍ക്കെതിരായ ശക്തമായ കൊലവെറികള്‍ എടുത്തു എന്ന് ഒരു പുനര്‍ വിചിന്തനം നടത്താനാണ്...
    താങ്കള്‍ക്കറിയുമോ..
    ഫേസ്ബുക്ക് നിറയെ നിങ്ങള്‍ക്കെതിരെയുള്ള പോസ്റ്റുകളും പോസ്റ്ററുകളും കാര്‍ട്ടൂണുകളുമായിരുന്നു..
    എന്തിനധികം നിങ്ങളുടെ അമ്മ എന്റെ മകനു വേണ്ടി പ്രാര്‍ത്ഥിക്കണേ എന്ന് അപേക്ഷയെപ്പോലും
    ചിലര്‍ ചുട്ട മറുപടി നല്‍കി തികഞ്ഞ പരിഹാസത്തോടെയാണ് വരവേറ്റത്..
    അതും മറ്റൊരു പോസ്റ്റായി ജനങ്ങള്‍ ഷെയര്‍ ചെയ്തു ആഘോഷിച്ചു..
    അതൊന്നു മാത്രം വായിച്ചാല്‍ മതി താങ്കള്‍ക്ക് വായനക്കാരുടെ വെറുപ്പിന്റെ ആഴമളക്കാന്‍!
    ഇതിനുമാത്രം ജനങ്ങള്‍ വെറുക്കണമെങ്കില്‍ താങ്കളുടെ കയ്യിലിരിപ്പ് എത്രമാത്രം മോശമായിരിക്കും
    എന്ന് ഏതൊരാളും അല്‍ഭുതപ്പെടും,സംശയമില്ല!

    ആയതിനാല്‍ വിശ്രമനാളുകളില്‍ ജയിലിലെ ഭീകരമായ ഓര്‍മ്മകള്‍ക്കല്പം അയവ് വരുമ്പോള്‍ ഇനിയും ക്രിക്കറ്റ് മൈതാനത്തിലേക്കിറങ്ങും മുമ്പ് താങ്കള്‍ ഒന്നു ചിന്തിക്കണം..ഒന്നുറപ്പിക്കണം..
    അതുപറയാനാണീ കുറിപ്പ്..

    അനുഭവമാണ് ഏറ്റവും വലിയ ഗുരു..
    മുപ്പത് വയസ്സെന്ന കുറഞ്ഞ പ്രായത്തില്‍ തന്നെ കോടികളുടെ സമ്പാദ്യം..
    തിളങ്ങുന്ന പ്രശസ്തിയുടെ വര്‍ണ്ണാഭമായ അടിച്ചുപൊളി ജീവിതം..നിറയെ
    ആരാധകര്‍..ചുറ്റും സുന്ദരിമാര്‍ ...സെലിബ്രൈറ്റികളുടെ കൂട്ടുകെട്ട്..
    പ്രശസ്തി ഒരു ലഹരിയാണ്..
    അത് തലക്ക് പിടിച്ചാല്‍ ഏത് മനുഷ്യനും മറ്റുള്ളവരേക്കാള്‍ ഉയരത്തിലാണ് ഭൂമിയിലൂടെ നടക്കുന്നത് എന്ന മൗഡ്യ ചിന്തയിലേക്കെത്തും...അതു തന്നെയാണ് സംഭവിച്ചതും!
    പക്വതയില്ലാത്ത അഹങ്കാരം നിറഞ്ഞ താങ്കളുടെ പെരുമാറ്റം എത്രമാത്രം ശത്രുക്കളെ സ്വന്തം നാട്ടില്‍ തന്നെ താങ്കളുണ്ടാക്കി എന്ന അല്‍ഭുതപ്പെടുത്തുന്ന കണക്ക് ഇന്ന് ഞങ്ങള്‍ക്കറിയാം
    ഒരു പക്ഷേ താങ്കളുടെ വീട്ടുകാര്‍ക്കും അത് വ്യക്തമായി മനസ്സിലായിക്കാണും...

    കാരണം താങ്കള്‍ ഇത്രകാലവും ജീവിച്ചത് ഈ ജനങ്ങള്‍ക്കിടയിലായിരുന്നില്ല..
    അഹന്തയുടെ..അഹങ്കാരത്തിന്റെ ഏതോ മൂഡ സ്വര്‍ഗ്ഗത്തിലായിരുന്നു...
    ഏത് ജനനേതാവും സെലിബ്രൈറ്റിയും ഉയരുന്നത് ജനങ്ങളുടെ അംഗീകാരം
    കൊണ്ട് തന്നെയാണ്..ഉയരുന്നത് അവരുടെ ചുമലില്‍ ചവിട്ടിയെങ്കില്‍ വീഴുന്നത് അവരുടെ കാല്‍ക്കീഴിലേക്കാണ്....
    കഴിഞ്ഞ ഇരുപത്തിയേഴു ദിവസങ്ങളിലെ അനുഭവം താങ്കള്‍ക്ക് ഒരു പാഠമായിരിക്കട്ടെ
    എന്നാശംസിക്കുന്നു.
    താങ്കള്‍ക്ക് സമയം വൈകിയിട്ടില്ല..ശ്രമിച്ചാല്‍ നിഷ്‌പ്രയാസം വീണ്ടും കേരള ക്രിക്കറ്റ് പ്രേമികളുടെ നെഞ്ചില്‍ കുടിയേറാം..അതിനായ് ഇനിയെങ്കിലും അഹങ്കാരത്തിന്റേയും അഹന്തയുടേയും ആ തലച്ചുമട് ഇറക്കിവെക്കുക..
    നിങ്ങളേക്കാള്‍ ഒട്ടും താഴേയല്ല മറ്റുള്ളവരെന്നും പലത്കൊണ്ടും നിങ്ങളേക്കാള്‍ മുകളിലായിരിക്കും എന്നും തിരിച്ചറിയുക...ഒപ്പം എത്രയൊക്കെ വെറുത്താലും ഒടുവില്‍ നിങ്ങള്‍ക്കെതിരെ "മാക്കോക്ക" ചുമത്തി വലിയൊരു ചതിക്കുഴി തീര്‍ക്കുന്നു എന്നറിഞ്ഞപ്പോള്‍ അതിനെതിരെ എല്ലാം മറന്ന്
    താങ്കള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച ..എന്തൊക്കെ വെറുപ്പും പുച്ഛവും പരിഹാസവും പുറത്ത് കാണിച്ചാലും ശരാശരി മലയാളിയുടെ ഉള്ളില്‍ നിങ്ങളോട് ഇഷ്ടമുണ്ടായിരുന്നു എന്നും തിരിച്ചറിയുക...ആ ഇഷ്ടത്തേയും ആരാധനയേയും ആദരവിനേയും ഇനിയെങ്കിലും താങ്കളായി ചവിട്ടിയരച്ച് കളയാതിരിക്കുക...

    ഒപ്പം മറ്റൊന്ന് കൂടി ഓര്‍മ്മപ്പെടുത്തട്ടെ..
    നിങ്ങള്‍ പണം വാരിയെറിഞ്ഞ് സ്വന്തമാക്കിയ സുന്ദരി ഗേള്‍ഫ്രെണ്ടുകളും
    വിലക്ക് വാങ്ങിയ സൗഹൃദങ്ങളും നിങ്ങളെ തള്ളിപ്പറഞ്ഞത് അറിഞ്ഞില്ലെങ്കില്‍ ഇക്കഴിഞ്ഞ ദിവസങ്ങളിലെ പത്രങ്ങള്‍ എടുത്ത് നോക്കിയാല്‍ മതി....
    അവരാരും നിങ്ങളെ അറിയുക പോലുമില്ലാ എന്നാണ് റിപ്പോര്‍ട്ട്!
    ധനത്തിനും പ്രശസ്തിക്കും ഒട്ടും വിലയില്ലാതാകുന്ന നിമിഷങ്ങളുമുണ്ട് ജീവിതത്തില്‍ എന്ന് തിരിച്ചറിഞ്ഞുവെങ്കില്‍ ഓര്‍ക്കുക...
    ആപത്തുകളില്‍ നിന്നും നമ്മെ കാക്കുന്നത് നമ്മുടെ സദ്കര്‍മ്മങ്ങളാണ്..
    താങ്കള്‍ പാര്‍ട്ടികള്‍ക്കും ആഘോഷങ്ങള്‍ക്കും പൊടിച്ച് കളയുന്ന പണത്തിന്റെ ചെറിയൊരംശം ഇനിയെങ്കിലും നമുക്ക് ചുറ്റുമുള്ള അശരണര്‍ക്കും ആലംബഹീനര്‍ക്കും അനാഥകള്‍ക്കുമായി ചെലവഴിക്കുക..(ഇത് സ്നേഹപൂര്‍‌വ്വമായ ഒരപേക്ഷമാത്രമാണ്..)
    പഠിക്കാന്‍ പാഠപുസ്തകമില്ലാതെ ..സ്കൂളിലേക്ക് യൂനിഫോമില്ലാത്ത കുഞ്ഞുങ്ങള്‍ക്കായി
    ഒരിത്തിരി ധനം ദാനം ചെയ്യുക...
    അവരുടെ പ്രാര്‍ത്ഥന എന്നും നിങ്ങള്‍ക്ക് തണലേകും..
    ആപത്തില്‍ പെടാതിരിക്കാനും പെട്ട ആപത്തുകളില്‍ നിന്നും രക്ഷപ്പെടാനുമൊക്കെ ആ പാവങ്ങളുടെ ഹൃദയം നിറഞ്ഞ . ഒപ്പം കേരളജനതയുടെ മൊത്തം പ്രാര്‍ത്ഥന നിങ്ങള്‍ക്കൊപ്പമുണ്ടാവും..അത് നിങ്ങള്‍ക്ക് കരുത്തേകും...
    പ്രതിസന്ധികളെ നേരിടാനുള്ള ഊര്‍ജ്ജം നല്‍കും...

    ഈ ഇടവേള നിങ്ങള്‍ക്ക് പ്രാക്ടീസിനുള്ളതല്ല...
    ചിലതൊക്കെ സ്വയം ചിന്തിച്ച് തീരുമാനമെടുക്കാനുള്ളതാണ്...
    മലയാളികളുടെ ..ആരാധകരുടെ ഹൃദയത്തിലേക്കുള്ള തിരിച്ചുവരവിനുള്ളതാണ്..

    സര്‍‌വ്വേശ്വരന്‍ നമ്മെ രക്ഷിക്കട്ടെ!
    സസ്നേഹം,
    ഒരു ഫേസ്ബുക്ക് യൂസര്‍.


3 Responses to "ശ്രീശാന്തിനു ഒരു തുറന്ന കത്ത്!"
niDheEsH kRisHnaN @ ~അമൃതംഗമയ~ said...

ഈ ഇടവേള നിങ്ങള്‍ക്ക് പ്രാക്ടീസിനുള്ളതല്ല...
ചിലതൊക്കെ സ്വയം ചിന്തിച്ച് തീരുമാനമെടുക്കാനുള്ളതാണ്...


:)


Friday, June 14, 2013 at 9:37:00 AM GMT+3
ajith said...

അയാള്‍ ഇത് വായിച്ചിരുന്നെങ്കില്‍....!!

ഒരു സാധാരണ കേരളീയന് പറയാനുള്ളതെല്ലാം നൌഷാദ് പറഞ്ഞിരിയ്ക്കുന്നു ഈ കത്തില്‍.


Friday, June 14, 2013 at 11:36:00 AM GMT+3
sujith said...

lokathile ettavum valiya prasnam sreesanthinte ahankaramanu....!!!!!!!!!


Friday, June 14, 2013 at 1:48:00 PM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors