RSS

Followers

"ഞാന്‍ ബ്ലോഗ്ഗ് വകുപ്പ് മന്ത്രിയായാല്‍ ...!"


----------
പ്രിയപ്പെട്ട ബ്ലോഗ്ഗര്‍ സഹോദരങ്ങളേ, അമ്മപെങ്ങന്‍ ബ്ലോഗ്ഗിണികളേ..
അടുത്ത് നടക്കാനിരിക്കുന്ന കേരളാ ബൂലോക നിയസഭാ തെരെഞ്ഞെടുപ്പില്‍
അഞ്ഞൂറു ഫോളോവേഴ്സിനു മുകളിലുള്ള ബ്ലോഗ്ഗര്‍മാര്‍ക്ക് മല്‍സരിക്കുവാന്‍ അവസരമൊരുക്കിയിരിക്കുന്ന വിവരം ഇതിനകം നിങ്ങളെല്ലാം അറിഞ്ഞിട്ടുണ്ടാവുമല്ലോ.
----------
രണ്ടായിരം ഫോളോവേഴ്സ് ഉള്ള ബ്ലോഗ്ഗറെ പുപ്പുലി കാറ്റഗറിയിലും ആയിരത്തിനുമേല്‍ ഉള്ളവരെ പുലി കാറ്റഗറിയിലും അഞ്ഞൂറ് മുതല്‍ക്കുള്ള വരെ ഫുലി വിഭാഗത്തിലുമാണൂ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
അഞ്ഞൂറിനു താഴെ ഫോളോവേഴ്സിനെ സമ്പാദിച്ചവരെ എന്തു പേര്‍ നല്‍കി ഏതു വിഭാഗത്തില്‍ പ്പെടുത്തും എന്ന് ഇലക്ഷന്‍ കമ്മീഷന്‍ ഇനിയും പിടികിട്ടാത്തതിനാല്‍ അവരെക്കുറിച്ച ഗസറ്റ് അറിയിപ്പില്‍ പരാമര്‍ശിച്ചിട്ടില്ല.
ഈ അവസരത്തില്‍ മുന്നൂറിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുന്ന എന്റെ ബ്ലോഗ്ഗിനെ ഫോളോ ചെയ്യാത്ത ബ്ലോഗ്ഗര്‍മാരും ബ്ലോഗ്ഗിണികളും ഈ കനകാവസരം ഉപയോഗപ്പെടുത്തി എത്രയും പെട്ടന്ന് അഞ്ഞൂറ് (കൂടിയാലും വിരോധമില്ല) ഫോളോവേഴ്സ് ആക്കി തന്ന് ഈ ഇലക്ഷനില്‍ മല്‍സരികാന്‍ എനിക്ക് അവസരമൊരുക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
----------
ആയതിലേക്കുള്ള എന്റെ പ്രകടന പത്രികയിലെ പ്രധാന ഭാഗങ്ങള്‍ ഇവിടെ സമര്‍പ്പിക്കുന്നു.
----------
ഞാന്‍ ജയിച്ചാല്‍ എന്റെ ഓരോ ഫോളോവര്‍ക്കും വെറും രണ്ട് രൂപക്ക് ഓരോ ലാപ്പ് ടോപ്പും സൗജന്യ നിരക്കില്‍ ബ്ലോഗ്ഗറുടെ വീട്ടില്‍ ഹൈ സ്പീഡ് ഇന്റര്‍ നെറ്റ് കണക്ഷനും.
----------
തൊഴിലില്ലാത്ത രണ്ടു ലക്ഷം ബ്ലോഗ്ഗര്‍മാക്ക് തൊഴില്‍ (എന്റെ ഓരോ പോസ്റ്റിനും കമന്റ് ചെയ്യുക എന്നതാണു ജോലി)
----------
സ്കൂള്‍ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത ബ്ലോഗ്ഗര്‍മാര്‍ക്ക് മലയാളം എഴുതുവാനുള്ള തറ പറ പുസ്തകം. വ്യാകരണ ഭാഷാ സഹായി,
ഓരോ ബ്ലോഗ്ഗര്‍ക്കും 'തെറ്റില്ലാത്ത മലയാളം' എന്ന പുസ്തകം സൗജന്യമായി നല്‍കും.
മലയാളം നേരേ ചൊവ്വേ എഴുതാന്‍ പഠിക്കനാണിത്.
----------
ബൂലോകത്ത് നിന്നും സൃഷ്ടികള്‍ അടിച്ചു മാറ്റി പ്രസിദ്ധീകരിക്കുന്ന പത്രമാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാനുള്ള സഹായം,
ബ്ലോഗ്ഗറെ കാണുമ്പോള്‍ ആദരവും ബഹുമാനവും കാണിക്കാത്ത മുഖ്യധാരാ സാഹിത്യകാരന്മാരെ തെറിവിളിക്കാനും കയ്യേറ്റം ചെയ്യാനുമുള്ള നിയമ പരിരക്ഷ തുടങ്ങിയവക്കായി ശ്രമിക്കും.
----------
ഭാര്യമാരുടെ തെറി,തൊഴി,പ്രാക്ക് തുടങ്ങിയവ സഹിച്ച് ബ്ലോഗ്ഗെഴുതുന്നവരുടെ കഷ്ടപ്പാടുകള്‍ പരിഗണിച്ച് ചെവിയില്‍ വെക്കാനൂള്ള പഞ്ഞി സൗജന്യമായി ബ്ലോഗ്ഗ് സഹായ സമിതിയുടെ ഓഫീസിലൂടെ വിതരണം ചെയ്യും.
ഒപ്പം മര്‍ദ്ദനമേല്‍ക്കുന്ന ബ്ലോഗ്ഗര്‍മാര്‍ക്കായി പ്രത്യേക മെഡിക്കല്‍ ക്യാമ്പ് നടത്തും.
അതിലൂടെ ഭാര്യമാരുടെ കണ്ണില്‍ പ്പെടാതെ എങ്ങനെ ബ്ലോഗ്ഗിങ്ങില്‍ വിജയിക്കാം എന്നും അപകട സന്ധികളില്‍ തൊഴിയില്‍ നിന്നും എങ്ങനെ ഒഴിഞ്ഞുമാറി രക്ഷപ്പെടാം എന്നും ഈ രംഗത്തെ പരിചയ സമ്പന്നര്‍ ക്ലാസ്സെടുക്കുന്നതായിരിക്കും.
ബ്ലോഗ്ഗിങ് ലഹരിയായി കൊണ്ടു നടക്കുന്ന ബ്ലോഗ്ഗര്‍മാരുടെ വീട്ടില്‍ കണ്ടുവരാന്‍ സാധ്യതയുള്ള പട്ടിണി, പരിവട്ടം, കഷ്ടപ്പാടുകള്‍ പരിഗണിച്ച് സൗജന്യ റേഷന് ശുപാര്‍ശ ചെയ്യും.
ഫുള്‍ടൈം ബ്ലോഗ്ഗെഴുത്തിനുള്ള സാമ്പത്തിക സഹായം, കുഞ്ഞുങ്ങളേയും ബ്ലോഗ്ഗര്‍മാരാക്കുന്നതിനായി പരിശീലന കളരികള്‍ തുടങ്ങും .
----------
ബ്ലോഗ്ഗെഴുത്ത് കുട്ടികളില്‍ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പഠിപ്പില്‍ ഉഴപ്പി
സ്ഥിരമായി പോസ്റ്റുകളെഴുതുന്ന കുട്ടി ബ്ലോഗ്ഗര്‍മാരെ പരീക്ഷക്കിരുത്താതെ ജയിപ്പിക്കനുള്ള നിയമം കൊണ്ടുവരും.
----------
ബ്ലോഗ്ഗര്‍-ബ്ലോഗ്ഗിണി മാര്‍ക്കിടയില്‍ പ്രണയം വിവാഹം പോലുള്ള കാര്യങ്ങളെ പ്രോല്‍സാഹിപ്പിക്കും.
എന്നാല്‍ വായനക്കാരെ വിഡ്ഡികളാക്കി സ്വന്തം പ്രണയലേഖനങ്ങള്‍ പോസ്റ്റെന്ന പേരില്‍ ബ്ലോഗ്ഗില്‍ ഇട്ട് പ്രണയത്തെ വില്പ്പന ചരക്കാക്കുന്നവരുടെ മാതാപിതാക്കള്‍ക്ക് ഒരോ ചമ്മട്ടി ഫ്രീ ആയി നല്‍കും.മക്കളെ അടിച്ചു വളര്‍ത്തനാണത്.
ഓരോ വര്‍ഷവും ബെസ്റ്റ് ബ്ലോഗ്ഗേഴ്സ് ഫാമിലിയെ തെരെഞ്ഞെടുത്ത് അവാര്‍ഡ് നല്‍കും.
----------
സ്വദേശ ബ്ലോഗ്ഗര്‍മാര്‍ക്ക് ജോലിക്കിടയില്‍ ബ്ലോഗ്ഗിങ്ങിനുള്ള നിയമം കൊണ്ടുവരും.
പ്രവാസി ബ്ലോഗ്ഗര്‍മാര്‍ക്ക് ജോലിക്കിടയില്‍ ബ്ലോഗ്ഗിങ്ങ് മൂലം ജോലി നഷ്ടപ്പെടുകയാണെങ്കില്‍ നാട്ടില്‍ വന്നാല്‍ തേരാ പാരാ നടക്കാനുള്ള ഓരോ ജോഡി ഹവായ് ചെരുപ്പ് സൗജന്യമായി നല്‍കും.
----------
തൂലിക പടവാളാക്കി ബ്ലോഗ്ഗെഴുതുന്ന ഈ രംഗത്തെ പ്രഗല്‍ഭര്‍ക്ക് ഓരോ പരിച കൂടി സമ്മാനിക്കും.
ഏറ് വരുന്നത് തടയാന്‍ ഇത് ഉപകരിക്കുമെന്ന പ്രതീക്ഷയിലാണത്.
----------
പുതു ബ്ലോഗ്ഗര്‍മാര്‍ക്ക് കമന്റ് കാണാത്തതിലുള്ള നിരാശ ബോധം, ആരുംതിരിഞ്ഞു നോക്കാത്ത ബ്ലോഗ്ഗര്‍മാര്‍ക്ക് പൊതുവേ കാണപ്പെടുന്ന ആത്മഹത്യാ പ്രവണത തുടങ്ങിയവ ഉണ്ടാവുന്നതിനെതിരെ ഒരോ ഫോളോവേഴ്സിന്റേയും ബ്ലോഗ്ഗുകള്‍ ചെക്ക് ചെയ്ത് അവിടെ പോസ്റ്റ് ഉണ്ടെങ്കിലും ഇല്ലെങ്കിലും കിടിലന്‍ കമന്റുകള്‍ കൊടുക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കും.
----------
അവശബ്ലോഗ്ഗര്‍ എഴുത്തുകാര്‍ക്കായി വൃദ്ധ ബ്ലോഗ്ഗര്‍ സദനങ്ങള്‍ ഓരോ പഞ്ചായത്ത് തോറും തുറക്കും.
കണ്ണിനു കാഴ്ച്ചക്കുറവ്,നടുവേദന,ജീവിതം വെറുതെ തുലച്ചു എന്ന് തോന്നലില്‍ നിന്നുണ്ടായ ജീവിതവിരക്തി, നിരാശാബോധം ഇവക്കൊക്കെ അവിടെ പ്രത്യേക ചികില്‍സ ഉണ്ടായിരിക്കുന്നതാണു.
----------
ബൂലോകത്ത് അവാര്‍ഡുദാനങ്ങള്‍ വര്‍ദ്ധിപ്പിക്കും.
ബെസ്റ്റ് ബ്ലോഗ്ഗര്‍ , ബെസ്റ്റ് കമന്റര്‍ , ബെസ്റ്റ് അനോണി കമന്റര്‍ , ബെസ്റ്റ് പോസ്റ്റ് തസ്ക്കര ബ്ലോഗ്ഗര്‍ തുടങ്ങിയ വിവിധ വിഭാഗങ്ങളില്‍ അവാര്‍ഡ് പ്രഖ്യാപിക്കും. സ്വന്തം വീരഗാഥകള്‍ എഴുതി പോസ്റ്റിട്ട് വായനക്കാരെ ബോറടിപ്പിക്കുന്ന ബ്ലോഗ്ഗര്‍മാര്‍ക്ക് പൊങ്ങച്ചത്തിനുള്ള അവാര്‍ഡായി ഒരോ കുട നല്‍കുന്നതാണു.അര്‍ധരാത്രിക്ക് പിടിക്കാനാണത്.
ഒപ്പം പോസ്റ്റ് വായിക്കതെ മികച്ച കമന്റ് എഴുതുന്നവരെ പരിഗണിച്ച് ജനപ്രീതി അവാര്‍ഡും നല്‍കും.
----------
പല പോസ്റ്റുകളിലും ജാതി വര്‍ഗ്ഗീയ ചിന്തകള്‍ കുത്തിത്തിരുകി കമന്റ് ബോക്സില്‍ അടിയുണ്‍ടാക്കിപ്പിക്കുന്നവര്‍ക്ക് പ്രത്യേക കേഷ് അവാര്‍ഡ് സമ്മാനിക്കും (അടി കിട്ടി ആശുപത്രിയിലാകുമ്പോള്‍ ഈ തുക ഉപകരിക്കും)ഒപ്പം പ്രശസ്ത ശില്പ്പി വെങ്കിടി രൂപകല്പ്പന ചെയ്ത രണ്ടാടുകളെ തമ്മിലടിപ്പിച്ച് ചോരകുടിക്കാനെത്തുന്ന കുറുക്കന്റെ മനോഹരമായ ശിലപവും നല്‍കും.
----------
ആരാന്റെ പോസ്റ്റ് മോഷ്ടിച്ച് സ്വന്തം പേരില്‍ പോസ്റ്റ് ചെയ്ത് കയ്യടി വാങ്ങാന്‍ ശ്രമിക്കുന്ന ദരിദ്രനാരായണന്മാരായ ബ്ലോഗ്ഗര്‍മാര്‍ക്ക് ആദ്യ തവണ അറിയിപ്പും രണ്ടാം തവണ മുന്നറിയിപ്പും
പിന്നേയും ആവര്‍ത്തിച്ചാല്‍ ബ്ലോഗ്ഗ് തസ്ക്കര വീരന്‍ അവാര്‍ഡ്നല്‍കി അഭിനന്ദിക്കുന്നതായിരിക്കും.
ഒരേ കമന്റ് തന്നെ പല ബ്ലോഗ്ഗിലും കോപ്പി & പേസ്റ്റ് ചെയ്യുന്ന കമന്റര്‍മാര്‍ക്ക് പ്രത്യേക പ്രോല്‍സാഹനസമ്മാനവും സ്വന്തം പേര്‍ വെച്ച് അഭിപ്രായം എഴുതാന്‍ കഴിവില്ലാത്ത അനോണി കമന്റേഴ്സിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് അവര്‍ക്കായി സ്റ്റീലില്‍ പണിത നട്ടെല്ലും കേന്ദ്ര സഹായത്തോടെ വിതരണം ചെയ്യും.
----------
ഒപ്പം എന്റെ ബ്ലോഗ്ഗില്‍ കൂടുതല്‍ കമന്റ് എഴുതുന്നവര്‍ക്ക് മികച്ച തൊലിക്കട്ടിക്കുള്ള ക്യാഷ് അവാര്‍ഡ്,
സ്ഥിരം വായനക്കാര്‍ക്ക് ബെസ്റ്റ് സഹന ശക്തിക്കുള്ള അവാര്‍ഡ്,
തുടങ്ങി ഒരോവര്‍ഷാവസാനത്തിലും മികച്ച റേറ്റിംഗ് രേഖപ്പെടുത്തുന്ന കമന്റര്‍ക്ക് ന്യൂ മൂണ്‍ ബില്‍ഡേഴ്സ് സ്പോണ്‍സര്‍ ചെയ്യുന്ന നാലു കോടി രൂപ വില മതിക്കുന്ന ഒരു ഫ്ലാറ്റിന്റെ വര്‍ണ്ണ ചിത്രം സമ്മാനമായി നല്‍കുന്നതാണു.
----------
എന്റെ ബ്ലോഗ്ഗിനെ ഫോളോ ചെയ്യുന്ന ഫോളൊവേഴ്സില്‍നിന്നും തെരഞ്ഞെടുത്ത പത്ത് പേര്‍ക്ക് മലേഷ്യാ, സിംങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും തിരിച്ചും പറക്കുവാനുള്ള വിമാനത്തിന്റെ ഉപയോഗിച്ച ടിക്കറ്റിന്റെ കോപ്പി നല്‍കുന്നതാണു.
----------
ലോക ബ്ലോഗ്ഗിംഗ് രം‌ഗത്ത് മലയാളം നേരെ ചൊവ്വേ എഴുതാനും വായിക്കാനും അറിയാവുന്ന ഒരു ബ്ലോഗ്ഗര്‍ തലമുറയെ വാര്‍ത്തെടുക്കാന്‍ ...
ഗള്‍ഫ് മേഖലകളില്‍ അറബി മുതലാളി മാരെ പറ്റിച്ച് കമ്പനികളില്‍ ജോലി സമയത്ത് ബ്ലൊഗ്ഗിങ്ങിനു കഴിയാതെ കഷ്ടപ്പെടുന്നവര്‍ക്ക് യഥേഷ്ടം ബ്ലോഗ്ഗിംഗ് നടത്തുവാന്‍ കഴിയുന്ന ഒരു സുപ്രഭാതത്തിനായി..
----------
എന്നെ ഫോളോ ചെയ്യൂ...വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കൂ!
----------
ജയ് ബൂലോകം!
ജയ് 'എന്റെ വര...!!'
----------
ഒരു പ്രത്യേക അറിയിപ്പ് :
ഞാന്‍ മലയാള ബൂലോക ബ്ലോഗ് വികസന വകുപ്പിന്റെ മന്ത്രിയായാല്‍ നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള
മുകളില്‍ പറഞ്ഞ എല്ലാ ആനുകൂല്യങ്ങളും ഈ ബ്ലോഗ്ഗിനെ ഫോളോ ചെയ്യുന്ന ബ്ലോഗ്ഗേഴ്സിനു മാത്രമേ ബാധകമാവൂ...ആയതിനാല്‍ പിന്നീട് വകുപ്പ് മന്ത്രി പക്ഷ പാതം കാട്ടി പക്ഷ പാതം കാട്ടി എന്ന് കണകുണ പരാതി പറയാന്‍ ഇടവരാതെ ഇപ്പോള്‍ തന്നെ എന്നെ ഫോളോ ചെയ്ത് മല്‍സരിപ്പിച്ച് വന്‍പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് എല്ലാ വോട്ടര്‍മാരോടും
വിനീതമായി
ഞാന്‍
അഭ്യര്‍ത്ഥിക്കുന്നു,
അപേക്ഷിക്കുന്നു.
----------
*ഫോളോവേഴ്സിന്റെ ആവശ്യങ്ങളും പുതിയ നിര്‍ദ്ദേശങ്ങളും ഉണ്‍ടെങ്കില്‍ കമന്റ് കോളത്തില്‍ എഴുതാവുന്നതാണു. പ്രകടന പത്രിക അപ്ഡേറ്റ് വേര്‍ഷന്‍ ഇറക്കുമ്പോള്‍ അതില്‍ ഉള്‍പ്പെടുത്തുന്നതും മികച്ച നിര്‍ദ്ദേശത്തിനു പാരിതോഷികം നല്‍കുന്നതുമാണു.
----------
*****


64 Responses to ""ഞാന്‍ ബ്ലോഗ്ഗ് വകുപ്പ് മന്ത്രിയായാല്‍ ...!""
അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

അതും കലക്കി ............. ബാക്കി കമ്മന്റ് ഞാന്‍ തെരഞ്ഞെടുപ് കഴിഞു തരാം ..........


Thursday, March 31, 2011 at 7:02:00 AM GMT+3
തൂവലാൻ said...

പ്രവാസികളെ താങ്കൾ ഇത്തവണയും അവഗണിച്ചു.ഭർത്താക്കന്മാരുടെ തല്ലു കൊണ്ട് ബ്ലോഗെഴുതുന്ന ഭാര്യമാരെ കുറിച്ച് താങ്കൾ ഒരു വരി പോലും എഴുതിയില്ല.ഒരു സ്ത്രീയെ പ്രീതിപ്പെടുത്തിയാൽ 2 വോട്ടാ കിട്ടാ...

“കാണണ്ട രീതിയിൽ കണ്ടാൽ എന്റെ വോട്ടും തരാം.മുന്നോട്ട് മുന്നോട്ട്...ലക്ഷം ലക്ഷം പിന്നാലെ”


Thursday, March 31, 2011 at 7:24:00 AM GMT+3
Fousia R said...

ബ്ലോഗര്‍/ബ്ലോഗിണിമര്‍ക്ക് ഒരു റിയാലിറ്റി ഷോ കൂറ്റി വേണം.


Thursday, March 31, 2011 at 7:50:00 AM GMT+3
മൻസൂർ അബ്ദു ചെറുവാടി said...

പ്രചാരണത്തിന് ഹെലികോപ്ടര്‍ ഉപയോഗിക്കാന്‍ പാടില്ല.


Thursday, March 31, 2011 at 8:38:00 AM GMT+3
MOIDEEN ANGADIMUGAR said...

കൊള്ളാം തമാശ കലക്കി.


Thursday, March 31, 2011 at 9:08:00 AM GMT+3
മഹേഷ്‌ വിജയന്‍ said...

-> ബ്ലോഗ്‌ പോസ്റ്റുകളും കമന്റുകളും ടൈപ്പ് ചെയ്യാന്‍ സമയം ഇല്ലാത്ത അല്ലെങ്കില്‍ ബുദ്ധി മുട്ടനുഭവിക്കുന്ന ബ്ലോഗര്‍മാര്‍ക്ക് സ്വന്തമായി ടൈപ്പിസ്റ്റിനെ വെക്കാന്‍ സാമ്പത്തിക സഹായം നല്‍കുക...
-> ബ്ലോഗര്‍മാര്‍ തമ്മിലുള്ള ടെലിഫോണ്‍, മൈബില്‍ കോളുകള്‍ സൌജന്യമായി നല്‍കുക...
-> ബ്ലോഗര്‍മാരുടെ മള്‍ട്ടി കളര്‍ ഡയരക്ട്ടരി ഉണ്ടാക്കുക...
-> ബ്ലോഗ്ഗര്‍മാര്‍ക്ക് വേണ്ടി മാത്രമായി സൌജന്യ മാട്രിമോണിയല്‍ സൈറ്റ് തുടങ്ങുക..
-> ഫോളോവേഴ്സിന്റെ എണ്ണം കൂടുമ്പോള്‍ അവരെ വേണ്ടവിധം കൈകാര്യം ചെയ്യാന്‍ പ്രത്യേക ബ്ലോഗാഫീസു തുടങ്ങാന്‍ ബ്ലോഗ്ഗര്‍ക്ക് വായ്പ നല്‍കുക..
-> ബ്ലോഗര്‍മാര്‍ക്ക് സര്‍ക്കാര്‍ ജോലി ഉള്‍പ്പടെ എല്ലാവിധ മേഖലകളിലും 25% ജോലി സംവരണം ഏര്‍പ്പെടുത്തുക...
-> ബ്ലോഗര്‍മാര്‍ക്ക് വാര്‍ധക്യകാല പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുക...
-> മലയാളത്തിലെ ബ്ലോഗ്‌ പോസ്റ്റുകള്‍ അന്യഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യാനും അനഗ്നെ മലയാളത്തിന്റെ പ്രശസ്തി വര്‍ധിപ്പിക്കാനും നൂറിന കര്‍മ്മ പദ്ധതി നടപ്പിലാക്കുക.. .
-> സ്ഥിരമായി ഒരു ബ്ലോഗിന് കമന്റു ഇട്ടു വരുന്ന ഒരാള്‍ ഒരു സുപ്രഭാതത്തില്‍ അത് നിര്‍ത്തുകയും മറ്റു ബ്ലോഗിലെ പോസ്റ്റുകള്‍ക്ക് കമന്റു ഇടുകയും ചെയ്‌താല്‍ 'അയാള്‍ കൂറ് മാറിയതായി കണക്കാക്കി' ബ്ലോഗ്‌ വിലക്ക് ഏര്‍പ്പെടുത്തുക..
-> ബ്ലോഗാത്മീയതക്ക് പ്രോത്സാഹനം നല്‍കുക.. (ഈ സാധനം എന്തെന്ന് എനിക്ക് പോലും അറിയില്ല)
->കേരളത്തെ സമ്പൂര്‍ണ്ണ ബ്ലോഗ്‌ 'ഗ്രാമമായി' പ്രഖ്യാപിക്കുക..
-> ചുരുങ്ങിയ പക്ഷം നാല് ബ്ലോഗുകളുടെ എങ്കിലും പേരറിയാത്ത എല്ലാവരെയും ശിക്ഷിക്കാന്‍ ഉള്ള നിയമ കൊണ്ട് വരിക...
-> ബ്ലോഗര്‍മാര്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡു ഏര്‍പ്പെടുത്തുക..
-> എല്ലാവര്‍ഷവും രണ്ടു ബ്ലോഗര്‍മാരെ എങ്കിലും 'വാഴ്ത്തപ്പെട്ട ബ്ലോഗര്‍മാരായി' പ്രഖ്യാപിക്കുക..
-> ബ്ലോഗ്മീറ്റുകള്‍ സര്‍ക്കാര്‍ ചിലവില്‍ കൊണ്ടാടുക...

ഒരുപാട് തല്ല് കിട്ടാതിരിക്കാന്‍ ഞാന്‍ തല്‍ക്കാലം ഇവിടെ നിര്ത്തുന്നു...


Thursday, March 31, 2011 at 9:38:00 AM GMT+3
Naushu said...

സംഗതി കൊള്ളാം ....


Thursday, March 31, 2011 at 10:09:00 AM GMT+3
Basheer Vallikkunnu said...

ഓരോ വരിയിലും ഓരോ അമിട്ട്. ശരിക്കും ആസ്വദിച്ചു. ഒരു റിക്വസ്റ്റ്. പുലി കാറ്റഗറിക്ക് മിനിമം ആയിരം ഫോളോവേര്സ് എന്നത് തൊള്ളായിരം ആക്കിക്കൂടെ. ശരിക്കും പുലിയായി ഒന്ന് കുരയ്ക്കാനാ ..


Thursday, March 31, 2011 at 10:16:00 AM GMT+3
Unknown said...

മഹേഷ്‌ വിജയിന്റെ ആവശ്യങ്ങളെ ഞാനും പിന്താങ്ങുന്നു.


Thursday, March 31, 2011 at 10:28:00 AM GMT+3
നൗഷാദ് അകമ്പാടം said...

@ മഹേഷ് വിജയന്‍ : പൊസ്റ്റിനെ വിഴുങ്ങുന്ന കമന്റ് എന്ന് കേട്ടിട്ടേ ഉള്ളൂ..
ദാ ഇപ്പം കണ്ടു!

@ ബഷീര്‍ വള്ളിക്കുന്ന് : തീര്‍ച്ചയായും ശ്രദ്ധേയമായ വിഷയം തന്നെയാണു താങ്കള്‍ ചൂണ്ടിക്കാട്ടിയത്.
ഈ ആവശ്യം നമുക്ക് ബൂലോക ഇലക്ഷന്‍ കമ്മീഷണര്‍ മുന്‍പാകെ നിവേദനമാക്കി ആവശ്യപ്പെടാവുന്നതാണു.
ഒപ്പം മിനിമം അഞ്ഞൂറ് എന്നുള്ളതും കുറക്കണം എന്നാണു എനിക്ക് പറയാനുള്ളത്.
അഞ്ഞൂറിനു മുകളില്‍ ഫോളോവേഴ്സ് വിരലിലെണ്ണാവുന്നവര്‍ക്ക് മാത്രമേ ഉള്ളൂ എന്നതാണു യാഥാര്‍ത്ഥ്യം.
അങ്ങനെ വരുമ്പോള്‍ കുറഞ്ഞ സ്ഥാനാര്‍ത്ഥികളെ മാത്രമേ മല്‍സര രം‌ഗത്ത് പ്രതീക്ഷിക്കാന്‍ കഴിയൂ.

@എല്ലാവര്‍ക്കും : വളരെ നന്ദി കെട്ടോ.


Thursday, March 31, 2011 at 10:54:00 AM GMT+3
Sameer Thikkodi said...

"രണ്ടാടുകളെ തമ്മിലടിപ്പിച്ച് ചോരകുടിക്കാനെത്തുന്ന കുറുക്കന്റെ........"

ചെന്നായ എന്ന പ്രയോഗം തന്നെ ആയിരുന്നു നല്ലത്....

പോസ്റ്റ് വായിച്ചു എന്നു തെളിയിക്കാൻ എന്തെങ്കിലും കോപ്പി & പേസ്റ്റ് ചെയ്തില്ലേൽ സംശയിച്ചാലോ??

അവശ ബ്ലോഗർമാർക്കു വേതനം നൽകുമെങ്കിൽ ഞാൻ ഫോളോ ചെയ്തേക്കാം ....

മന്ത്ര തന്ത്രങ്ങൾ വല്ലതും ഉണ്ടെങ്കിൽ അതും ലഭ്യമാക്കണം...


Thursday, March 31, 2011 at 11:35:00 AM GMT+3
ആചാര്യന്‍ said...

അടിപൊളി ആയിട്ടുണ്ട്‌ കേട്ടാ എന്റെ വരേ.....പിന്നെ ചില നിര്‍ദേശങ്ങള്‍ മഹേഷ്‌ വിജയന്‍ ഭായി പറഞ്ഞതും കൂടി നടപ്പിലാക്കിയാല്‍ വളരെ ഉപകാരം..പിന്നേ എല്ലാ ബ്ലോഗര്‍മാര്‍ക്കും "മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പിലെക്കുള്ള" മൂന്നു രൂപ മെമ്പര്‍ഷിപ്പ് സൌജന്യമാക്കിയാല്‍ കൊള്ളാം എന്തേ....അതെന്നെ


Thursday, March 31, 2011 at 11:37:00 AM GMT+3
അലി said...

ബഹുമാനപ്പെട്ട് മന്ത്രി സമക്ഷം ബ്ലോധിപ്പിക്കുന്ന അപേക്ഷ:

അച്ചടി മഷി വില കുറക്കുക.. അങ്ങിനെ എല്ലാ ബ്ലോഗേഴ്സിന്റെയും രചനകളിൽ അത് പുരട്ടാൻ സൌകര്യമൊരുക്കുക.

പോസ്റ്റ് എഴുതുന്ന ബ്ലോഗേഴ്സും മോഷ്ടിക്കുന്ന ബ്ലോഗേഴ്സും എന്ന വിവേചനം അവസാനിപ്പിക്കുക. മോഷ്ടാക്കളെ ബ്ലോഗ് മീറ്റിൽ പൊന്നാടയണിയിച്ച് ആദരിക്കുക.

ആരാലും ശ്രദ്ധിക്കപ്പെടാതെ ബ്ലോഗ് ക്ലാസിലെ അവസാന ബഞ്ചിലിരിക്കുന്നവർക്ക് മീറ്റ് നടത്തി മുന്നോട്ട് വരാൻ അവസരമൊരുക്കുക.

ആൺ ബ്ലോഗേഴ്സിനു ഒരു ലൈൻ കമന്റും പെൺ ബ്ലോഗേഴ്സിന് പോസ്റ്റിനേക്കാൽ വല്യ കമന്റും എഴുതുന്ന ഞരമ്പുകൾക്ക് മുസ്ലി പവർ എക്സ്ട്രായും വാജി തൈലവും സൌജന്യമായി നൽകുക.

ബ്ലോഗ് കവികളെ അക്ഷരം പഠിപ്പിക്കുന്ന അംഗനവാടികൾ ആരംഭിക്കുക.

ഇത്രയും കാര്യങ്ങൾ നടപ്പിലാക്കി കഴിയുമ്പോൾ പുതിയ ആവശ്യങ്ങളുമായി വരാം.


Thursday, March 31, 2011 at 11:49:00 AM GMT+3
ഷബീര്‍ - തിരിച്ചിലാന്‍ said...

< പ്രവാസി ബ്ലോഗ്ഗര്‍മാര്‍ക്ക് ജോലിക്കിടയില്‍ ബ്ലോഗ്ഗിങ്ങ് മൂലം ജോലി നഷ്ടപ്പെടുകയാണെങ്കില്‍ നാട്ടില്‍ വന്നാല്‍ തേരാ പാരാ നടക്കാനുള്ള ഓരോ ജോഡി ഹവായ് ചെരുപ്പ് സൗജന്യമായി നല്‍കും. >

ഈ ഹവായ് ചെരുപ്പ് VKC ആക്കണം എന്ന് ഒരപേക്ഷയുണ്ട്. കുറച്ച് കൂടുതല്‍ നടക്കാനുള്ളതല്ലേ...

< സ്ഥിരം വായനക്കാര്‍ക്ക് ബെസ്റ്റ് സഹന ശക്തിക്കുള്ള അവാര്‍ഡ് > ആ അവാര്‍ഡിന് ഞാന്‍ അര്‍ഹനാണെങ്കിലും അത് വാങ്ങിക്കുന്നത് വരെ ഞാന്‍ ജീവിച്ചിരിക്കും എന്ന് തോന്നുന്നില്ല.


Thursday, March 31, 2011 at 12:42:00 PM GMT+3
ഐക്കരപ്പടിയന്‍ said...

ഇത് ഭയൻകര ചതിയായിപ്പോയി...ഇപ്രാവശ്യം എനിക്ക് സീറ്റ് തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു ഞാൻ ഉണ്ടാക്കിയ എന്റെ സ്വന്തം പ്രകടന പത്രിക അടിച്ചുമാറ്റി ഇവിടെ പ്രസിദ്ധീകരിച്ചിരിക്കുന്നു..അതിനാൽ ഇവിടെ വായിച്ച കാര്യങ്ങൾ നിറവേറ്റാന് എനിക്ക് കണ്ണട ചിഹ്നത്തിൽ വോട്ട് ചെയ്യുക...എന്റെ ബ്ലോഗ് ഫോളൊ ചെയ്യുക.
കലക്കീന്നു പറഞ്ഞാൽ കലക്കി...!


Thursday, March 31, 2011 at 12:49:00 PM GMT+3
ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

- ജോലിസമയത്ത് ബ്ലോഗാന്‍ സമയം നല്‍കാത്ത മാനേജര്‍മാര്‍ക്ക് ചായയില്‍ കലക്കിക്കൊടുക്കാന്‍ എലിവിഷം സൌജന്യമായി ബ്ലോഗര്‍മാര്‍ക്ക് വിതരണം ചെയ്യുക.

- എല്ലാ പോസ്റ്റുകളിലും- കിടിലന്‍, സൂപ്പര്‍ , നന്നായിട്ടുണ്ട് , കൊള്ളാം, അടിപൊളി , നന്നായി, കടുകുവറുത്തു ..എന്നിങ്ങനെ മാത്രം കമന്റുന്ന ബ്ലോഗര്‍മാര്‍ക്ക് ഒരു കുപ്പി നല്ലെണ്ണ സൌജന്യമായി നല്കുക

- ഓരോ അഞ്ചു കമന്റിനും പിട്ടിനു തേങ്ങാപോലെ ഓരോ നന്ദിപ്രകടനകമന്റ് ഇട്ടു കമന്റിന്റെ എണ്ണം കൂട്ടുന്ന ബ്ലോഗര്‍മാര്‍ക്ക് ആഴ്ചയിലൊരിക്കല്‍ ഒരുകുറ്റി പിട്ടും പപ്പടവും പാര്‍സലായി എത്തിക്കുക.

- ഫോല്ലോവറിന്റെ എണ്ണം കൂട്ടാന്‍ വേണ്ടി ഇത്തരം ഒരു സൃഗാലബുദ്ധി ഉപയോഗിച്ച് പോസ്റ്റ്‌ ഇട്ട 'എന്റെ വര' എന്ന ബ്ലോഗറെ fox of the year അവാര്‍ഡ്‌ നല്‍കി ആദരിക്കുക.


Thursday, March 31, 2011 at 12:58:00 PM GMT+3
കാന്താരി said...

.ith kallakaliyaa,ente theme adichu mattiyalle....hmm....ente voting koodiyappol athil asooya poonda ethirvargathinte(male) thikachum paishachikamaaya ee karuneekathe njan shakathamaayi ethirkunnu....oppam aarum ithram goodalochanayil pettupovaathe thudarnnum ente bloginu thanne vote cheyth enne puliyaakumennu viswasikunnu
http://bayangarabittugal.blogspot.com/2011/03/blog-post_28.html

(chummathaa...post kalakeetund)


Thursday, March 31, 2011 at 1:10:00 PM GMT+3
Raees hidaya said...

സഖാക്കളെ ഇത് ചതിയാന്‍ വീണു പോവരുത് ....


Thursday, March 31, 2011 at 1:23:00 PM GMT+3
കൂതറHashimܓ said...

പോസ്റ്റ് ഇത്തിരി(മാത്രം) ഇഷ്ട്ടായി

ഫോളൊവേര്‍സിന്റെ എണ്ണം ബ്ലോഗിലെ വലിയ സംഭവമാണെന്നും അതിനായി മാത്രേ എന്തെങ്കിലും ചെയ്യാവൂ എന്ന ഫീലിഗ് തുടക്കത്തിലും ഒടുക്കത്തിലും കണ്ടു.

ഫോളൊവെര്‍സിന്റെ എണ്ണത്തിലാണ് ബ്ലോഗറുടെ ഗുമ്മെന്നും അതാണ് പോസ്റ്റുകളുടെ നിലവാരം നിര്‍ണ്ണയിക്കുന്നതെന്നും വരുത്തിത്തീര്‍ക്കത്തക്ക വിധത്തിലുള്ള പോസ്റ്റ്.

ഇത്തിരി ഒഴിവ് സമയവും ചാറ്റും സൌഹൃദവും കൂട്ടിനുണ്ടെങ്കില്‍ ഒപ്പിക്കാവുന്നതല്ലേ ഈ ഫോളോവേര്‍സ്. എന്നെ ഫോളോചെയ്യൂ ഫോളോ ചെയ്യൂ എന്ന് പറഞ്ഞ് കരഞ്ഞ് ഓടി നടക്കുന്ന ബ്ലോഗര്‍മാരെ ഇന്നും കാണാം
(അയ്യേ ഷെയിം ഷെയിം...)
ഫോളോവേഴ്സിനെ ഒരിക്കലും ചെറുതയിക്കാണുന്നില്ലാ.. അതുപോലെ അതുമാത്രമാണ് ബ്ലോഗെന്ന് വിശ്വസിക്കാനും മനസ്സില്ലാ

ഫോളോവറെ പരാമര്‍ശിക്കാതെ പറഞ്ഞിരുന്നെങ്കില്‍ ഇത്തിരി കൂടെ എനിക്കീ പോസ്റ്റ് ഇഷ്ട്ടാവുമായിരുന്നു.


Thursday, March 31, 2011 at 1:34:00 PM GMT+3
ജയലക്ഷ്മി said...

എന്തായാലും പ്രചാരണത്തിന് വരാന്‍ തന്നെ തീരുമാനിച്ചു. (അബദ്ധത്തിലെങ്ങാന്‍ ജയിച്ചു പോയാല്‍ പിന്നെ ഈ ഒരു ബ്ലോഗ്‌ പൂട്ടുമല്ലോ. ജയിച്ചാല്‍ പിന്നെ നിയോജക മണ്ഡലം കാണുന്ന സ്ഥാനാര്‍ഥികളോ!!!! ഒരു ശത്രു കുറയും.)
പിന്നെ വേദനയോടെ അറിയിക്കട്ടെ, ഞാന്‍ ഒരു തവണ ഈ ചതിക്കുഴിയില്‍(ബ്ലോഗ്‌) വീണു പോയതുകൊണ്ട് ഇനി ഫോളോ ചെയ്യാന്‍ പറ്റില്ല(പറ്റിയിരുന്നെങ്കില്‍ ഞാന്‍ ആനുകൂല്യങ്ങള്‍ രണ്ടു തവണ വാങ്ങിയേനെ).

നൌഷാദ് ചേട്ടാ, എന്നത്തെയും പോലെ...കലക്കി.


Thursday, March 31, 2011 at 1:38:00 PM GMT+3
Unknown said...

ഫോളോ ചെയ്തു. ഏതാ മണ്ഡലം. ?


Thursday, March 31, 2011 at 3:23:00 PM GMT+3
ഋതുസഞ്ജന said...

Inganeyum marketing cheyyam alle! Chettan entha jayalalithakk padikkukayano:) election aduthappol ath upayogich blog ne promote cheyukayanalle! Hmmm nadakkatte! Post enik ishtamayi tto


Thursday, March 31, 2011 at 3:50:00 PM GMT+3
റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഇതു പറ്റിക്കല്‍സാണ്..
വോട്ട് ചെയ്ത് ജയിപ്പിച്ചാല്‍ പിന്നെയീ കക്ഷിയെ ബൂലോകത്തെന്നല്ല ഭൂലോകത്ത് പോലും കാണില്ല...ആളു മുങ്ങും, പിന്നെ അടുത്ത ഇലക്ഷന്റെ സമയത്തേ പൊങ്ങൂ...


ഹി ഹി ഭായ്..സംഭവം തകര്‍ത്തൂട്ടാ...


Thursday, March 31, 2011 at 4:00:00 PM GMT+3
ദീപുപ്രദീപ്‌ said...

കിടു പോസ്റ്റ്.....
നമ്മള്‍ ബ്ലോഗര്‍മാരും ഒരു വോട്ടുബാങ്കാണെന്ന് അധികം താമസിയാതെ ഇവിടുത്തെ രാഷ്ട്രീയക്കാര്‍ക്കു മനസ്സിലാവും. പിന്നെ നമ്മളൊക്കെ ആരാ!!
ഹോ, ഓര്‍ക്കുമ്പൊതന്നെ രോമാഞ്ചം!

ഈ ബ്ലോഗില്‍ സ്ഥിരമായി കമെന്റ് ഇടുന്ന എനിക്ക് , സഹനശക്തിക്കുള്ള അവാര്‍ഡ് കിട്ടുമെന്ന് ഉറപ്പാണ്‌. എന്നാല്‍ എല്ലാരും ഞെട്ടിക്കോ......"ഞാന്‍ ഈ അവാര്‍ഡ് നിരസിക്കുന്നു".
ഇക്ക മന്ത്രിയായാല്‍ എന്നെ പി.എ ആക്കാമെന്നു പറഞ്ഞിട്ടുണ്ട്.
പിന്നെന്തിനാ അവാര്‍ഡ്?


Thursday, March 31, 2011 at 5:19:00 PM GMT+3
അപ്പൂട്ടൻ said...

കഴിഞ്ഞ ഇലക്ഷന് തന്ന വാഗ്ദാനങ്ങളുടെ അവസ്ഥ എന്തായീ?
സ്വന്തമായി ഡൊമൈൻ ഇല്ലാത്തവർക്ക് ഏഎസ്എസ് ഡൊമൈൻ പദ്ധതി പ്രകാരം ഡൊമൈൻ വെച്ചുകൊടുക്കും.
NCB (നോ കമന്റ് ബ്ലോഗർ) ക്കാർക്ക് സൗജന്യനിരക്കിൽ കമന്റ് ഏർപ്പെടുത്തിക്കൊടുക്കും.
മലയാളബ്ലോഗ് സമ്പൂർണ്ണ കീമാൻവൽകൃതമാക്കും.
റിട്ടയേർഡ് ബ്ലോഗർമാർക്ക് പെൻഷൻ (ഇപ്പോൾ കിട്ടുന്നത് ടെൻഷൻ)
ഇതൊക്കെ വാഗ്ദാനിച്ച് മുങ്ങീതാ…. കശ്മൾസ്….
എന്നിട്ടിപ്പൊ വന്നിരിക്കുന്നു പുതുക്കിയ പ്രകടനവുമായി….. ഗൾസ്
എന്റെ വര…. തലേവര…. 


Thursday, March 31, 2011 at 6:34:00 PM GMT+3
Umesh Pilicode said...

പ്രിയപ്പെട്ടവരേ.. ഇനിയിം 500 ഫോളോവേഴ്സ് ഇല്ലാത്തതിനാല്‍ ഇയാളുടെ പത്രിക തള്ളിയതായി ബൂലോക ഇലക്ഷന്‍ കമ്മീഷന് വേണ്ടി അറിയിക്കുന്നു. ഇനി ഫോളോ ചെയ്യുന്നവരുടെ വോട്ടുകള്‍ അസാധുവാകുന്നതാണ് !!


Thursday, March 31, 2011 at 7:03:00 PM GMT+3
Mohamedkutty മുഹമ്മദുകുട്ടി said...

തുടര്‍ച്ചയായി പല ബ്ലോഗുകളിലും കമന്റ് ബോക്സില്‍ സ്മൈലിയിടുന്ന ഒന്നു രണ്ടു വിരുതന്മാരെ കണ്ടിട്ടുണ്ട്. അതു പോലെ പോസ്റ്റ് വായിക്കുന്നതിനു മുമ്പു കമന്റും തേങ്ങയും വെച്ചു പിന്നെ വരാമെന്നു പറയുന്നവരെയും. ഇത്തരക്കാര്‍ക്കും ഓരോ അവാര്‍ഡുകള്‍ കൊടുക്കുന്നത് നന്നായിരിക്കും.


Thursday, March 31, 2011 at 7:28:00 PM GMT+3
Unknown said...
This comment has been removed by the author.
Gopakumar V S (ഗോപന്‍ ) said...

നൌഷാദിന് എന്റെ വോട്ട് തരാം...
മഹേഷ് വിജയന് എല്ലാ പിന്തുണയും...”ബ്ലോഗര്‍മാര്‍ക്കായി സൌജന്യ മാട്രിമോണിയല്‍ സൈറ്റ് തുടങ്ങുക..“, അതാണ് ഇഷ്ടപ്പെട്ടത്....എന്നിട്ടുവേണം ഒരു കല്യാണം കഴിക്കാന്‍


Thursday, March 31, 2011 at 8:56:00 PM GMT+3
TPShukooR said...

ഞാന്‍ മത്സരിക്കാനൊരുങ്ങിയിരിക്കുംപോഴാണ് ഇങ്ങനെയൊരു പോസ്റ്റ്‌ കണ്ടത്‌. ഏതായാലും ഇനി മത്സരിക്കുന്നില്ല. തുല്യ ശക്തരോടല്ലേ മത്സരിക്കെണ്ടതുള്ളൂ!

പോസ്റ്റ്‌ നന്നായിട്ടുണ്ട്.


Thursday, March 31, 2011 at 10:22:00 PM GMT+3
ശ്രീജിത് കൊണ്ടോട്ടി. said...

താങ്കള്‍ക്ക് ഈ തെരഞ്ഞുടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിച്ച് ബ്ലോഗ്‌ വകുപ്പ്‌ മന്ത്രി ആകാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു..മന്ത്രിയായിട്ട് അവസാനം, ഞങ്ങള്‍ ഈ പാവം ഫോളോവേഴ്സ്-നെ മറന്നുകളയരുത്..


Thursday, March 31, 2011 at 10:33:00 PM GMT+3
വഴിപോക്കന്‍ | YK said...

ഞാനും ഫോളോ ചെയ്തു , ഇനി അഥവാ ബിരിയാണി കൊടുക്കുന്നുന്ടെങ്കിലോ ....
+++
ഇഷ്ടപ്പെടാത്ത കമന്റ് ഇല്ലാതാക്കുക, അവരെ തെറി വിളിക്കുക, പെരുമാറുക തുടങ്ങിയവ സ്ഥിരമായി ചെയ്യുന്ന ബ്ലോഗര്‍മാരെ "ജയരാജശ്രീ" അവാര്‍ഡ് നല്‍കി ആദരിക്കണമെന്ന് മന്ത്രിയോട് വിനീതമായി അപേക്ഷിക്കുന്നു.

സസ്നേഹം
വഴിപോക്കന്‍


Friday, April 1, 2011 at 1:17:00 AM GMT+3
Jefu Jailaf said...

നൗഷാദ്ക്കാക്ക് വാക്കോവർ ..എങ്കിലും രണ്ടു ഫ്ളെക്സ് എന്റെ വക..


Friday, April 1, 2011 at 1:27:00 AM GMT+3
ishaqh ഇസ്‌ഹാക് said...

ഇങ്കുലാബ് സിന്താബാദ്..


Friday, April 1, 2011 at 2:29:00 AM GMT+3
Kadalass said...

നൌഷാദ് സാബ് പ്രകടന പത്രിക കൊള്ളാം....
ഞാൻ പ്രകടനപത്രികയിൽ ഒന്നുമില്ലാത്ത ‘കള്ളികൾ’ തിരയുകയായിരുന്നു. ഇപ്പോ അതാ പ്രകടന പത്രികയിലെ ഫാഷൻ...
എന്തായാലും കലക്കി.


Friday, April 1, 2011 at 3:48:00 AM GMT+3
pallikkarayil said...

:))


Friday, April 1, 2011 at 5:04:00 AM GMT+3
റാണിപ്രിയ said...

എന്റെ വോട്ട് ഈ ‘വല്ലാത്ത വര’ ക്കു തന്നെ....
ഒരു അവാര്‍ഡ് മോഹിച്ചിട്ടാണു കെട്ടോ.....

കിടിലന്‍ പോസ്റ്റ്!!!


Friday, April 1, 2011 at 5:13:00 AM GMT+3
mayflowers said...

"ഒപ്പം പോസ്റ്റ് വായിക്കതെ മികച്ച കമന്റ് എഴുതുന്നവരെ പരിഗണിച്ച് ജനപ്രീതി അവാര്‍ഡും നല്‍കും."
നന്നായി.


Friday, April 1, 2011 at 5:39:00 AM GMT+3
Areekkodan | അരീക്കോടന്‍ said...

ബ്ലോഗിണിമാരെ മൊത്തമായും ചില്ലറയായും ഈ പ്രകടന പത്രികയില്‍ പരാമര്‍ശിക്കാത്തതില്‍ ല് പ്രതിഷേധിച്ച് ഫോളൊവേഴ്സ് ആയ ബ്ലോഗിണിമാര്‍ അപ്പണി നിര്‍ത്താന്‍ മണിയറയില്‍ അല്ല അണിയറയില്‍ യോഗം ചേരുന്നു!


Friday, April 1, 2011 at 7:55:00 AM GMT+3
Unknown said...

എന്റെ വോട്ട് നിങ്ങക്ക് തന്നെ...!!


Friday, April 1, 2011 at 7:56:00 AM GMT+3
ഷമീര്‍ തളിക്കുളം said...

ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രമാണു ഈ പ്രകടനപത്രിക - പ്രതിപക്ഷനേതാവ്.

എന്റെ വോട്ട് നിങ്ങള്‍ക്കുതന്നെ.


Saturday, April 2, 2011 at 12:01:00 AM GMT+3
Unknown said...

ഒരു കമെന്റെഴുതിയിരുന്നു.ഒന്നുകൂടി വായിച്ചിട്ടാകാം എന്ന് കരുതി അത് ഡിലീറ്റ്‌ ചെയ്തു.
ഇപ്പോള്‍ വീണ്ടും വായിച്ചപ്പോള്‍ എന്‍റെ എഴുത്ത് ഉടനെ നിര്‍ത്തേണ്ടി വരുമോ എന്ന സന്ദേഹത്തിലാണ് ഞാനിപ്പോള്‍.
മനസാവാചാ..ഇങ്ങനെയൊന്നും ഞാന്‍ ധരിച്ചിട്ടില്ലെങ്കിലും എന്‍റെ വായനക്കാരുടെ ധാരണ എന്താണെന്ന് എനിക്കറിയില്ലല്ലോ..
'ഈ കുട അവാര്‍ഡ്‌' എനിക്കായിരിക്കുമോ ലഭിക്കുക എന്ന സന്ദേഹത്താല്‍ എന്‍റെ പോസ്റ്റ് തുടരണോ വേണ്ടയോ എന്ന അവസ്ഥയിലാണ് ഞാനിപ്പോള്‍.
അതുകൊണ്ട് ഇതിന്‍റെ സത്യാവസ്ഥ എത്രയും പെട്ടെന്ന് എന്നെ അറിയിച്ച് എന്‍റെ പോസ്റ്റ്‌ തുടരാന്‍ എനിക്ക് അവസരം തരാത്ത പക്ഷം എന്‍റെ വോട്ട് താങ്കള്‍ക്കു തരുന്നകാര്യവും താങ്കളെ ഫോളോ ചെയ്തത് പിന്‍വലിക്കുന്ന കാര്യവും ഉറക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു എന്ന കാര്യം ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു.(എന്നെ രക്ഷിക്കണം..ഇതൊന്നുമല്ലാതെ എന്‍റെ കയ്യില്‍ മറ്റൊന്നും എഴുതാനില്ല)

>>> സ്വന്തം വീരഗാഥകള്‍ എഴുതി പോസ്റ്റിട്ട് വായനക്കാരെ ബോറടിപ്പിക്കുന്ന ബ്ലോഗ്ഗര്‍മാര്‍ക്ക് പൊങ്ങച്ചത്തിനുള്ള അവാര്‍ഡായി ഒരോ കുട നല്‍കുന്നതാണു.അര്‍ധരാത്രിക്ക് പിടിക്കാനാണത്.<<<


Sunday, April 3, 2011 at 9:22:00 PM GMT+3
Mohamedkutty മുഹമ്മദുകുട്ടി said...

~ex-pravasini* -ഒട്ടും പേടിക്കേണ്ട, ഞമ്മളും അജ്ജാതി ബ്ലോഗറാ..കുട ഒന്നിങ്ങോട്ടും പോരട്ടെ.കിട്ടിയാല്‍ പകലും ചൂടാമല്ലോ!


Sunday, April 3, 2011 at 9:43:00 PM GMT+3
anwaranchampura said...
This comment has been removed by the author.
anwaranchampura said...

പീഡനക്കാര്‍ക്കുള്ള കയ്യാമം കയ്യിലുണ്ടോ ???


Sunday, April 3, 2011 at 10:33:00 PM GMT+3
Muralee Mukundan , ബിലാത്തിപട്ടണം said...

ഹായ്...
അപ്പോൾ എനിക്ക് ഒരു അവാർഡ് ഉറച്ചു...!


Monday, April 4, 2011 at 1:55:00 AM GMT+3
Sulfikar Manalvayal said...

പ്രകടന പത്രിക കൊള്ളാം.
എന്‍റെ വോട്ട് ഉറപ്പിച്ചോ?
"ഒരു പാലം ഇട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും എന്നാ"
"അതോ പാലം കടക്കുവോളും നാരായണ, പാലം കടന്നപ്പോള്‍ കൂരായണ" എന്നാവുമൊ?


Monday, April 4, 2011 at 7:29:00 AM GMT+3
Jabir Muhammed Malabari said...

welll


Monday, April 4, 2011 at 10:08:00 AM GMT+3
Unknown said...

thanks kuttikka,
appo thudaraam lle..
samaadaanaayi..

: )


Monday, April 4, 2011 at 1:37:00 PM GMT+3
Vayady said...

ഹും! ജയിക്കാതെ തന്നെ ഞങ്ങടെയൊക്കെ തല വര മാറ്റി വരച്ച ആളാണ്‌. ഇനി കഷ്ടകാലത്തിനു എങ്ങാനും ജയിച്ച് പോയാല്‍ ഞങ്ങളുടെ കാര്യം കട്ടപ്പൊകയായതു തന്നെ. വേണ്ട... വേണ്ട. ഞാനീ റിസ്ക്ക് എടുക്കുന്നില്ല.

പോസ്റ്റ് ഇഷ്ടമായി. കുറേ ചിരിച്ചു.


Monday, April 4, 2011 at 10:53:00 PM GMT+3
OAB/ഒഎബി said...

ഭാര്യമാരുടെ തെറി,തൊഴി,പ്രാക്ക് തുടങ്ങിയവ സഹിച്ച് ബ്ലോഗ്ഗെഴുതുന്നവരുടെ....
ഞാന്‍ ഇല്ല മത്സരിക്കാനും ഫോളോ ചെയ്യാനും എങ്കിലും ഈ ക്ലാസില്‍ എന്നെയും ഇരുത്താന്‍ ദയവുണ്ടാകണം.


Friday, April 8, 2011 at 5:50:00 PM GMT+3
ജയരാജ്‌മുരുക്കുംപുഴ said...

aashamsakal.......


Sunday, April 10, 2011 at 12:40:00 PM GMT+3
MT Manaf said...

ഞാന്‍ വോട്ടു ചെയ്യൂലാ.........................
ഹ ഹ ഹ


Thursday, April 14, 2011 at 10:37:00 AM GMT+3
sm sadique said...

മത്സരിക്കാനും പരാജയപ്പെടാനും ഞാനില്ല. ആയിരവും രണ്ടായിരവും ഫോളോവേഴ്സുള്ള ബ്ലോഗർമാർക്കിടയിൽ (പുലികൾക്കിടയിൽ ) ഞാനെരു മുയലായി പാത്ത്-പതുങ്ങി കഴിഞ്ഞോട്ടെ.
എങ്കിലും,
എന്റെ ‘തലവര’യിൽ കൈ വെച്ച് , ഞാൻ നൌഷാദ് അകമ്പാടത്തിനു വിജയപാതയൊരുക്കാം.
മത്സരിക്കൂ……. ബ്ലോഗ് മന്ത്രിയാകു.


Thursday, April 14, 2011 at 11:18:00 AM GMT+3
Akbar said...

ജയ് ബൂലോകം!
ജയ് 'എന്റെ വര...!!'
----------


Friday, April 15, 2011 at 11:54:00 PM GMT+3
അനുഗാമി said...

പത്തില്‍ താഴെ മാത്രം ഫോളോവേഴ്സ് ഉള്ള ബ്ലോഗര്‍മാരെ BPL ലിസ്റ്റില്‍ ഉള്‍പ്പെടുത്തി അവര്‍ക്ക് 2 രൂപക്ക് ഫോളോവെഴ്സിനെ എത്തിക്കണം.
(അങ്ങനെ ഒരു വകുപ്പ് ഉണ്ടാക്കിക്കഴിഞ്ഞാല്‍ ഒരു BPL കാര്‍ഡ്‌ എനിക്കും...)


Tuesday, May 17, 2011 at 7:43:00 PM GMT+3
ചെമ്മരന്‍ said...

ഏറ്റവും മികച്ച കുട്ടി ബ്ലോഗ്ഗര്‍ക്കും വേണം അവാര്‍ഡ്!


Monday, May 23, 2011 at 11:43:00 AM GMT+3
നവാസ് said...

ആനുകൂല്യങ്ങള്‍ പെരുമഴ പോലെ വരട്ടെ..വായിച്ച ഉടനെ ഞാന്‍ അനുഗമിക്കാന്‍ തുടങ്ങി...പക്ഷപാതം കാണിക്കണം..കാണിച്ചേ പറ്റൂ...


Tuesday, June 28, 2011 at 1:00:00 AM GMT+3
anamika said...

നൂറില്‍ താഴെ മാത്രം ഫോളോവേര്സുള്ള ഞങ്ങളെ പോലുള്ള പട്ടിണി ബ്ലോഗ്ഗേര്‍സിനു പ്രത്യേകം ബി.പി.എല്‍ കാര്‍ഡ്‌ തരണമെന്നും... സംവരണത്തിന് അര്‍ഹരാമാക്കി തൊഴിലില്ലായ്മ വേദനം എല്ലാം മാസം ഒന്നാം തീയ്യതി വീട്ടില്‍ കൊണ്ട് തരാനുള്ള തീര്‍പ്പാക്കണം.. പിന്നെ റേഷന്‍ കടയില്‍ നിന്ന് പ്രത്യേകം അരിയും പഞ്ചസാരയും മാത്രമല്ലാതെ കുറച്ചു ഫോളോവേര്സിനേം കമന്റ്സും കൂടെ നല്‍കണം... എങ്കില്‍ താങ്കളെ ജയിപ്പിക്കുന്ന കാര്യം ഞങ്ങളേറ്റു


Friday, January 27, 2012 at 1:49:00 PM GMT+3
anamika said...

ഈ വഴി വന്നിട്ടില്ലെന്ന് തോന്നുന്നു കമന്റുകള്‍ മൊത്തമായും ചില്ലറയായും വില്‍ക്കപ്പെടും!!!

എന്റെ പൊട്ടത്തരങ്ങള്‍


Friday, January 27, 2012 at 2:00:00 PM GMT+3
ദേവന്‍ said...

എനിക്ക് വോട്ടില്ല!!


Friday, January 27, 2012 at 3:45:00 PM GMT+3
ഉമ്മു അമ്മാര്‍ said...

ബ്ലോഗു മന്ത്രിയായാല്‍ ഇതൊക്കെ നടപ്പാക്കുമെന്ന് ഉറപ്പു തരാമെന്കില്‍ എന്റെ വരയെ ജയിപ്പിക്കാന്‍ ഒരു വോട്ട് നല്‍കാം ..എന്നിട്ടും വാക്ക് പാലിച്ചില്ലെങ്കില്‍ ഞങ്ങടെ തലേ വര എന്ന് കരുതാം അല്ലാതെന്തു ചെയ്യും..പൊതു ജനം കഴുതകള്‍ ..പൊതു ബ്ലോഗര് ആരാണെന്ന് അപ്പൊ പറയാം /...പോസ്റ്റ്‌ നര്‍മ്മത്തില്‍ കലാശിച്ചു ...ആശംസകള്‍..


Friday, January 27, 2012 at 4:27:00 PM GMT+3
Elayoden said...

എന്റെ വരയ്ക്കു വിജയാശംസകള്‍, ഒപ്പം പട്ടിണി ബ്ലോഗേര്‍സിന് പ്രത്യേക സംവരണം ഉറപ്പു വരുത്തും എന്നും റേഷന്‍ ഷാപ്പ്‌ വഴി കമെന്റുകള്‍ നല്‍കുമെന്നും കൂട്ടി ചേര്‍ക്കുമല്ലോ.........

ആശംസകളോടെ


Saturday, January 28, 2012 at 9:30:00 AM GMT+3
ഗിരീഷ്‌ മൂഴിപ്പാടം കാര്‍ട്ടൂണിസ്റ്റ് said...

കലക്കി...ഈ ചെറിയ കാര്‍ട്ടൂണ്‍ ബ്ലോഗിലക്ക് തക്ള്‍ക്ക് സുസോഗതം http://gireeshmoozhipadam.blogspot.in/


Thursday, April 11, 2013 at 8:54:00 AM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors