RSS

Followers

<<< എവിടെയോ ഒരമ്മ >>>


------------------------
"ഇതാര് ടേതാ ഇക്കാ ഈ കത്ത്?"
ഓഫീസില്‍ നിന്നും വന്ന് അഴിച്ചിട്ട പാന്റും ഷര്‍ട്ടും അലമാരിയില്‍ തൂക്കുന്നതിനിടയില്‍ ശ്രീമതി വിളിച്ച് ചോദിച്ചപ്പോഴാണു അയാള്‍ക്ക് ആ കത്തിന്റെ കാര്യം ഓര്‍മ്മവന്നത്..
ജോലിത്തിരക്കിനിടയില്‍ കത്ത് പാന്റിന്റെ ബാക്ക് പോക്കറ്റിലിട്ടത് അയാള്‍ മറന്നു പോയിരുന്നു.
------------------------
അയാള്‍ ആ കത്ത് വാങ്ങി ആകാംക്ഷയോടെ നോക്കി.
പരിചയമില്ലാത്ത കയ്യക്ഷരം!
മുന്‍പ് സ്ഥിരമായി കത്തെഴുതിയിരുന്നവള്‍ ഇതാ ഇപ്പോ കൂടെയുണ്ട്..
പിന്നെയുള്ളത് ചങ്ങാതി ബാപ്പുട്ടിയാണു..
അവനും ഗള്‍ഫിലേക്ക് പോന്നതില്‍ പിന്നെ തനിക്ക് കത്തെഴുതാന്‍ കാര്യമായി ആരുമില്ലാതെയായി..
ഇപ്പോള്‍ മൊബൈലും ഇന്റര്‍നെറ്റ് ഫോണും ഒക്കെ വന്നതില്‍ പിന്നെ ഒരു കത്ത് കണ്ട കാലം തന്നെ മറന്നിരിക്കുന്നു..
------------------------
കവര്‍ തിരിച്ചും മറിച്ചും നോക്കി വെറുതേ ഒന്നാലോചിച്ചു..
ആരുടേതാവും ഈ എഴുത്ത്?
പലമുഖങ്ങള്‍ മാറിമറിഞ്ഞ് വന്നപ്പോള്‍ ഒടുവില്‍ എത്തിയത് പഴയ പ്രണയ കഥയിലെ നായികയുടെ മുഖമാണു...
ഒരിക്കല്‍ ഞാന്‍ എല്ലാം തുറന്നെഴുതാമെന്ന ഏറ്റുപറച്ചിലില്‍ വേര്‍പിരിഞ്ഞ..
ന്റെ റബ്ബേ..ഇനി ചിലപ്പോ ഇതവളുടേതാകുമോ!..
എങ്കിലതു മതി ശ്രീമതിക്ക് ഇന്നത്തേക്ക്..!
------------------------
അയാള്‍ തെല്ലൊരു ബേജാറുകലര്‍ന്ന ആകാംക്ഷയോടെ ആ കത്ത് പൊട്ടിച്ച് വായിക്കാന്‍ തുടങ്ങി..
------------------------
ഓരോ വരികള്‍ പിന്നിടുമ്പോഴും
നിറം മങ്ങിയ കടലാസില്‍ വടിവില്ലാത്ത അക്ഷരങ്ങള്‍ക്ക് അയാള്‍ മറന്ന് പോയ ഒരു പാട് ഓര്‍മ്മകള്‍ അടയിരിക്കുന്നതും പതിയെ അവക്കിടയിലൂടെ ഒരു നീല ജാലകം മെല്ലെ മെല്ലെ തുറക്കുന്നതും അയാള്‍ കണ്ടു..
------------------------
* * * * * * * * * * * * * * * * * * * * * * * * *
------------------------
പ്രവാസജീവിതത്തിലെ നാലാണ്ടുകള്‍ പിന്നിട്ട് കഴിഞ്ഞാണു ഏറെ കൊതിച്ചിരുന്ന ഹജ്ജ് ചെയ്യാനുള്ള സന്ദര്‍ഭം അയാള്‍ക്ക് ആദ്യമായി ഒത്തുവന്നത്..
------------------------
മാസങ്ങള്‍ക്കു മുന്‍പ് തന്നെ പുസ്തകങ്ങള്‍ വായിച്ചും ചോദിച്ചറിഞ്ഞുമൊക്കെ
ഹജ്ജ് കര്‍മ്മത്തെക്കുറിച്ചു നല്ല ധാരണ ഉണ്ടാക്കിയെടുത്തിരുന്നു.സഹപ്രവര്‍ത്തകനായ സ്വദേശിപൗരന്‍ വഴി സംഘടിപിച്ച അനുമതി പത്രം കയ്യിലുണ്ടായതിനാല്‍ തടസ്സങ്ങളില്ലാതെ മക്കയിലെത്തി തൂവെള്ള ഇഹ്റാം ധരിച്ച ലക്ഷക്കണക്കിനു വിശ്വാസികള്‍ക്കിടയില്‍ വലിയ ആവേശത്തോടെ തന്നെ അയാള്‍ തന്റെ പരിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളില്‍ മുഴുകി..
------------------------
പ്രായമായവരും കുട്ടികളും പലവര്‍ണ്ണത്തിലും രൂപത്തിലുമുള്ള നൂറില്പരം രാഷ്ട്രങ്ങളിലെ വിശ്വാസികള്‍ ഒത്തൊരുമയോടെ നാവില്‍ "ലബ്ബൈക്കള്ളാഹുമ്മ ലബ്ബൈക്ക്..." എന്ന ത്കബീര്‍ ധ്വനി മുഴക്കി മുന്നോട്ട് നീങ്ങുമ്പോള്‍ അയാളോര്‍ത്തു...
സര്‍‌വ്വ ശക്തനായ നാഥാ..ഈ നിമിഷങ്ങള്‍ക്കെത്ര കൊതിച്ചതാണു ഞാന്‍ !
------------------------
മക്കയില്‍ നിന്നും പുറപ്പെട്ട് ലക്ഷക്കണക്കിനു ടെന്റുകള്‍ നിറഞ്ഞ മിനാ നഗരത്തിലെ രാത്രി താമസത്തിനു ശേഷം അറഫാ എന്ന സ്ഥലത്തേക്ക് പുലര്‍ച്ചേ അയാള്‍ ആ വന്‍ ജനാവലിയോടൊപ്പം യാത്ര തിരിച്ചു.
ശാന്തമായും എന്നാല്‍ താളാത്മകമായ ഒഴുക്കോടെ നീങ്ങുന്ന ഒരു നദി പോലെ ആ ജനലക്ഷങ്ങള്‍ക്കിടയിലൂടെ അയാളും എല്ലാം മറന്ന് തക്ബീര്‍ ധ്വനികള്‍ മുഴക്കി മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു..
------------------------
പെട്ടന്നാണു വഴിയരികില്‍ ഒരു വൃദ്ധയായ മലയാളി ഉമ്മ യാത്രാക്ഷീണത്താല്‍ ഇരുന്നിടത്ത് നിന്നും എഴുന്നേല്‍ക്കുമ്പോള്‍ വീഴാന്‍ പോകുന്നത് അയാള്‍ കണ്ടത്..
അയാള്‍ ധൃതിയില്‍ അവര്‍ക്കരികെ എത്തി എഴുന്നേല്‍ക്കാന്‍ സഹായിച്ചു..
മെല്ലെ അവരെ നടത്തിച്ചു അയാള്‍ സലാം പറഞ്ഞു മുന്നോട്ട് നടക്കുകയും ചെയ്തു.
ഈ യാത്രക്കിടയില്‍ അതു സാധാരണ അനുഭവം തന്നെ..
ഒരു കൈ സഹായിച്ച് അല്ലാഹുവിന്റെ രക്ഷയും ആശംസിച്ച് പിരിയുകയാണു പതിവ്..
------------------------
പക്ഷേ എന്തു കൊണ്ടോ അയാള്‍ക്കധികം പോവാന്‍ കഴിഞ്ഞില്ല..
തിരിഞ്ഞ് നോക്കുമ്പോള്‍ ആ വൃദ്ധയായ ഹജ്ജുമ്മ വളരെ വിഷമത്തോടെ മുന്നോട്ട് നടക്കുന്നത് തിരക്കിനിടയിലൂടെ അയാള്‍കണ്ടു.
അയാള്‍ എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം നടത്തയുടെ വേഗം കുറച്ചു..
അവരുടെ കൂടെ ആരും ഇല്ലേ?
ഏതെങ്കിലും ഗ്രൂപ്പിലാവുമല്ലോ അവര്‍ വന്നത്..
ഇനിയിപ്പോള്‍ ഒറ്റപ്പെട്ട് പോയതാണോ അവര്‍?
------------------------
ഒന്നു സഹായിക്കേണമോ..
------------------------
അയാള്‍ പിന്നെ അമാന്തിച്ചില്ല..അവരുടെ അടുത്തേക്ക് ചെന്നു കൈ പിടിച്ചു.
ജരാനര ബാധിച്ചു തുടങ്ങിയ ആ കൈകള്‍ തൊട്ടപ്പോള്‍ നല്ല പനിയുണ്ടെന്നു മനസ്സിലായി..
നാട്ടില്‍ നിന്നും വന്ന ഹജ്ജ് ഗ്രൂപ്പില്‍ നിന്നും ഒറ്റപ്പെട്ട് പോയ ആ പാവം സ്ത്രീ വല്ലാതെ ചകിതയായിരുന്നു..കയ്യിലെ കടലാസില്‍ നോക്കി ഗ്രൂപ്പിന്റെ അഡ്രസ്സും ഫോണ്‍ നമ്പരും ചികഞ്ഞെടുത്ത അയാള്‍ അവരെ ഉടനേ കണ്ടു പിടിക്കാമെന്ന് അവരെ സമാധാനിപ്പിച്ചു..
മിനായില്‍ ആണു അവരുടെ ഗ്രൂപ്പിന്റെ ടെന്റ് ഉള്ളത്..മിനായില്‍ നിന്നും അറഫായിലേക്ക് പുറപ്പെട്ടാല്‍ പിന്നെ ആ പകല്‍ മുഴുവനും അറഫയിലും രാത്രി മുസ്ദലിഫ എന്ന സ്ഥലത്തും കഴിഞ്ഞ് പിറ്റേന്നേ വീണ്ടും മിനായില്‍ തിരികെ എത്തുകയുള്ളൂ..അതിനിടക്ക് ഗ്രൂപ്പുമായി ബന്ധപ്പെടാന്‍ ബുദ്ധിമുട്ടായിരുന്നു എന്നയാള്‍ക്ക് അറിയാമായിരുന്നു.
------------------------
പലതവണ കയ്യിലുള്ള മൊബൈല്‍ ഫോണില്‍ അവരുടെ അമീറിനെ വിളിച്ചെങ്കിലും നിര്‍ഭാഗ്യവശാല്‍ ആ ഫോണ്‍ ഓഫ് ആയ നിലയിലായിരുന്നു..
അയാള്‍ തല്‍ക്കാലം അവരെ തന്റെ കൂടെ കൂട്ടി..
വഴിയിലെ മെഡിക്കല്‍ സെന്റ്ററില്‍ അവരെ കാണിച്ചു മരുന്നുകളും മറ്റും വാങ്ങിക്കുകയും ചെയ്തു.
------------------------
അറഫായിലെ അതി കഠിനമായ ചൂടില്‍ ദിനം മുഴുക്കേയുള്ള പ്രാര്‍ത്ഥനയിലും ഖുര്‍ ആന്‍ പാരായണത്തിലും തളര്‍ന്നു പോയ അവരെ അയാള്‍ തന്റെ ഭാണ്‍ഡത്തിലെ തുണി ചെടികള്‍ക്കു മുകളില്‍ വിരിച്ച് തണലാക്കി കിടത്തി..
അവരുടെ ചുളിവ് വീണ മുഖത്തേക്ക് നോക്കി കൗതുകത്തോടെ അയാളോര്‍ത്തു..
തന്റെ ഉമ്മയുണ്ടായിരുന്നുവെങ്കില്‍ ഇപ്പോ ഏകദേശം ഇതേ പ്രായവും രൂപവുമൊക്കെയായിരിക്കും.
------------------------
തിരിച്ച് രാത്രി മുസ്ദലിഫയിലും പുലര്‍ച്ചെ മിനായിലേക്കും എത്തിച്ചേര്‍ന്നപ്പോഴേക്കും അവര്‍ക്കിടയില്‍ വാല്‍സല്യപൂര്‍‌വ്വമായ ഒരു ബന്ധം ഉടലെടുത്തിരുന്നു..
അനാഥനായി വളര്‍ന്ന അയാള്‍ തല്‍ക്കാലത്തേക്കെങ്കിലും ഒരുമ്മയെ കിട്ടിയതില്‍ അതിയായി ഉള്ളില്‍ സന്തോഷിച്ചു..
------------------------
യാത്രക്കിടെ അവരുടെ കഥയറിഞ്ഞപ്പോള്‍ അയാള്‍ക്ക് ഉള്ളില്‍ വല്ലാതെ നീറ്റല്‍ അനുഭവപ്പെടു.
------------------------
അത്യാവശ്യം സമ്പത്തുണ്ടായിരുന്ന കുടുംബത്തിലെ നാഥന്‍ മരണപ്പെട്ടതോടെ ഒറ്റപ്പെട്ടു പോവുന്ന വൃദ്ധയായ ഉമ്മ..മക്കള്‍ ഒരാള്‍ കുടുംബവുമായി ഗള്‍ഫില്‍..മറ്റൊരാള്‍ ഭാര്യയുടെ നാട്ടില്‍ കച്ചവടം..ഒരു മകള്‍ ഭര്‍ത്താവിനു കൂടെ കുറച്ചകലെ..
സ്വത്ത് വിറ്റു ഭാഗം വെപ്പുകഴിഞ്ഞതോടെ ഒരോരുത്തര്‍ ഓരൊ വഴിക്കായി..
സ്വന്തം ഓഹരിയുമായി വയസ്സായ ഉമ്മ..
ഉമ്മയുടെ ഓഹരി നല്‍കുമെങ്കില്‍ ഒപ്പം താമസിപ്പിക്കാമെന്ന് മക്കള്‍..
പഴകി ഇടിഞ്ഞ് വീഴാറായ തറവാട്ടില്‍ ആ ഉമ്മ തനിച്ചാവുന്നു..
ഉമ്മ ചെയ്തതാകട്ടെ..തന്റെ ഭാഗം കിട്ടിയ കാശു കൊണ്ട് അവരേറ്റം ആഗ്രഹിച്ച ഹജ്ജ് കര്‍മ്മത്തിനുള്ള അപേക്ഷ കൊടുത്തു..
മക്കള്‍ യാത്രയയപ്പിനു വരാന്‍ പോലും താല്പര്യം കാണിച്ചില്ല..
തിരിച്ച് വീട്ടിലേക്കെത്തുമ്പോള്‍ ആരുസ്വീകരിക്കാന്‍ വരുമെന്നോ അറിയില്ല..
------------------------
ഉമ്മ ഉള്ളത് കഴിച്ച് ഒരു ഭാഗത്ത് ഇരുന്നു കൂടെ..
ആകെയുള്ളതൊക്കെ വിറ്റ് പെറുക്കി വെറുതേ വേണ്ടാത്ത പണിക്ക് പോകണമോ എന്ന ചിന്തയായിരുന്നുവത്രേ മക്കള്‍ക്ക്..
------------------------
ഹജ്ജ് കര്‍മ്മത്തിലായതിനാല്‍ കൂടുതല്‍ കഥ പറയുന്നതും കേള്‍ക്കുന്നതും ഔചിത്യമല്ലാത്തതിനാല്‍ അയാള്‍ സംസാരം അവസാനിപ്പിച്ചു..
പടച്ചവന്‍ നമ്മെയെല്ലാം രക്ഷിക്കട്ടെ!
------------------------
ഒടുവില്‍ അല്പ്പം ബുദ്ധിമുട്ടിയെങ്കിലും ഗ്രൂപ്പിന്റെ ടെന്റ് കണ്ടു പിടിച്ച് അയാള്‍ ഉമ്മയെ അവരുടെ ക്യാമ്പില്‍ എത്തിച്ചു..
അയാള്‍ക്ക് അവരെയും അവര്‍ക്കയാളേയും വേര്‍പിരിയാന്‍ വിഷമം തോന്നി..
പിരിയാന്‍ നേരം ആ ഉമ്മ കണ്ണീരിലൊപ്പിച്ച് അയാളുടെ മൂര്‍ദ്ധാവില്‍ മുത്തി..
------------------------
" മകനേ..നീയെന്റെ വയറ്റില്‍ പിറക്കാതെ പോയല്ലോ..
പടച്ചവന്‍ നിന്നെ രക്ഷിക്കും..
നിനക്ക് വേണ്ടി ഞാനെന്നും പടച്ചവനോട് തേടും..
ഈ പാവം ഉമ്മാക്ക് വേണ്‍ടി നീയും പ്രാര്‍ഥിക്കണം..
എന്റെ മക്കള്‍ക്ക് നല്ല ബുദ്ധി കൊടുക്കാനും ..."
തിരികെ നടക്കുമ്പോള്‍ അയാള്‍ തനിക്കെന്തോ നഷ്ടമായെന്ന് തിരിച്ചറിയുകയായിരുന്നു..
------------------------
ഒരുമ്മ മക്കള്‍ക്ക് ഭാരമായി മാറുന്നതെപ്പോഴാണു?
പ്രായം ചെന്നു വീട്ടു ജോലികള്‍ എടുക്കാന്‍ കഴിയാതെ അവശയാകുമ്പോഴോ..
അതോ പ്രായാധിക്യത്തിന്റെ അസുഖങ്ങളുമായി മല്ലടിച്ച് ആശുപത്രി വരാന്തകള്‍ കയറിയിറങ്ങി തളരുമ്പോഴോ..
അതോ ഭാര്യയുടെ വാക്കുകള്‍ക്ക് ഉമ്മയോടുള്ള സ്നേഹത്തേക്കാള്‍ വില കൂടുതല്‍ കൊടുക്കമ്പോഴോ..
എന്തേ സ്നേഹമയിയായ ഉമ്മേ.. മക്കാളിലാര്‍ക്കും ഉമ്മയുടെ സ്നേഹ വാല്‍സല്യങ്ങള്‍ പകര്‍ന്നു കിട്ടാതെ പോയത്..?
അവര്‍ക്കൊന്നും ശരിയായ മതവിദ്യാഭ്യാസം നല്‍കിയില്ലായിരുന്നുവോ..
സ്നേഹം കൊണ്ടും കൊടുത്തും വളര്‍ത്തിയില്ലായിരുന്നുവോ...
------------------------
അന്ന് എപ്പോഴോ അയാള്‍ അവര്‍ക്ക് അയാളുടെ അഡ്രസ്സ് കൊടുത്തിരുന്നു..
വര്‍ഷങ്ങള്‍ കഴിഞ്ഞ് ആ ഉമ്മയുടെ എഴുത്തായിരുന്നു അയാള്‍ക്ക് കിട്ടിയത്..
------------------------
എഴുത്തിലെ അവസാന വരികള്‍ ഏകദേശം ഇങ്ങനെയായിരുന്നു..
------------------------
മകനേ..
ഞാനിന്ന് തനിച്ചായിപോയ കുറേ മനുഷ്യര്‍ക്കൊപ്പമാണു..
..ആര്‍ക്കും വേണ്ടാതായ ജന്മങ്ങള്‍..
പടി കടന്നെത്തുന്ന ഓരോ വാഹനത്തിന്റെയും മുരള്‍ച്ച കേള്‍ക്കുമ്പോള്‍
അവരുടെ കണ്ണുകളില്‍ ആറിത്തുടങ്ങിയ പ്രതീക്ഷകള്‍ പിന്നെയും ആളിക്കത്തും..
എന്നെ തിരികെ വിളിക്കാന്‍ അവര്‍ വന്നുവോ എന്ന ഒരിക്കലും നശിക്കാത്ത ആശയോടെ
അവര്‍ ജനല്‍ക്കരികിലേക്ക് ഇഴഞ്ഞെത്തും..ആര്‍ത്തിയോടെ പുറത്തേക്ക് നോക്കും..
------------------------
കുപ്പത്തൊട്ടിയിലുപേക്ഷിച്ചു പോയ ചപ്പു ചവറുകള്‍ ആരാണു തിരികെ വന്നെടുത്തുകൊണ്ട് പോവാറ്?
------------------------
ഇവിടെ ഇപ്പോള്‍ ഞങ്ങളെല്ലാം കാണുന്നത് ഒരേ കിനാവാണു..
മക്കളുടെ കൈ പിടിച്ച് ഈ പടികള്‍ ഇറങ്ങിപ്പോകുന്ന ഒരു കിനാവ്..
ഒരിക്കലും അതു സംഭവിക്കില്ലെന്നു അറിയുമ്പോഴും
മനസ്സ് മാറി മടങ്ങിയെത്തുന്ന മക്കളെക്കുറിച്ചുള്ള ആ പാഴ്‌ക്കിനാവാണു പിന്നേയും ഞങ്ങളെ ജീവിപ്പിക്കുന്നത്..
------------------------
എനിക്കാണെങ്കില്‍ ഹജ്ജ് കഴിഞ്ഞതോടെ പ്രായം ഇരട്ടിച്ച പോലെ..
അസുഖങ്ങളും ഒരു പാട്..
എന്റെ ഓര്‍മ്മകള്‍ എല്ലാം പതിയെ പതിയെ എന്നെ വിട്ട് പൊയ്ക്കൊണ്ടിരിക്കുന്നു..
ഇടക്കെപ്പോഴോ ഒരു മിന്നായം പോലെ കടന്നുവരുന്ന
ഓര്‍മ്മയുടെ കാരുണ്യത്തിലാണു ഈ എഴുത്ത്..
ഈ കത്ത് നിനക്ക് കിട്ടുമോ..അഡ്രസ്സ് മാറിപ്പോയോ എന്നൊന്നുമെനിക്കറിയില്ല..
ഒരു പക്ഷേ ഈ കത്തിനുള്ള ആയുസ്സ് പോലും എനിക്കില്ല എന്ന്
ഞാനിന്നലെ ആ ഡോക്റ്ററുടെ കണ്ണില്‍ വായിച്ചു..
------------------------
ഇത് കിട്ടിയെങ്കില്‍ നീ എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം..
എന്റെ ഭര്‍ത്താവിനു വേണ്ടി പ്രാര്‍ത്ഥിക്കണം..
എന്റെ പൊന്നു മക്കള്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കണം..
അവരോടെനിക്ക് പരാതിയില്ലാ....
പക്ഷേ പേടിയുണ്ട് ഉള്ളില്‍..
കാലം കഴിയുമ്പോള്‍ അവര്‍ക്കും എന്റെ ഗതി വരുമോ..
അവരുടെ മക്കളും അവരെ പഴങ്കെട്ട് പോലെ ഏതെങ്കിലും ഇരുട്ടറയില്‍ തള്ളുമോ..
അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്നു ഞാന്‍ സദാ നേരവും പ്രാര്‍ത്ഥിക്കുന്നുണ്ട്..
------------------------
എന്റെ ഓരോ പ്രാര്‍ത്ഥനയിലും എന്റെ മകനേ
ഞാന്‍ നിനക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കുന്നുണ്ടല്ലോ.
------------------------
മകനേ..
അറഫായിലെ മഹത്തായ ആ ദിനം ഞാനിപ്പോള്‍ ഓര്‍ക്കുന്നു..
മക്കയിലെ പരിശുദ്ധ കഹ്ബാലയം ഞാനിപ്പോള്‍ കണ്ണില്‍ കാണുന്നു.
അവിടത്തെ ബാങ്കു വിളി ഞാന്‍ കേള്‍ക്കുകയും ചെയ്യുന്നു..!
------------------------
സര്‍‌വ്വ ശക്തന്‍ നമ്മളെയെല്ലാം കാത്തുരക്ഷിക്കട്ടെ!
------------------------
ആമീന്‍ !
------------------------
* * * * * * * * * * * * * * * * * * * * * * * * *
------------------------
അവസാന വരികളിലേക്കെത്തുമ്പോഴേക്കും പൊടിഞ്ഞു വന്ന കണ്ണീരിനാല്‍ അയാള്‍ക്ക് വായന മുഴുമിപ്പിക്കാനായില്ല..
അയാള്‍ കണ്ണുകള്‍ ഇറുക്കി അടച്ചു എന്തിനേയോ തടയാന്‍ ശ്രമിച്ചു..
കഴിയുന്നില്ല..
വല്ലാത്ത വേദനയോടെ ഒരു തേങ്ങല്‍ ചങ്കില്‍ കുരുങ്ങിക്കിടന്നു പിടക്കുകയാണു..
അധികനേരം പിടിച്ചു നില്‍ക്കാനാവാതെ ഒരു വിതുമ്പലായി അതു പുറത്തേക്കൊഴുകി..
------------------------
"എന്റെ ഉമ്മാ...!"
------------------------
‌‌‌‌‌‌‌-----------------------------


41 Responses to "<<< എവിടെയോ ഒരമ്മ >>>"
HAINA said...

അവസാന വരികളിലേക്കെത്തുമ്പോഴേക്കും പൊടിഞ്ഞു വന്ന കണ്ണീരിനാല്‍ അയാള്‍ക്ക് വായന മുഴുമിപ്പിക്കാനായില്ല..എനിക്കും


Sunday, November 28, 2010 at 11:22:00 AM GMT+3
faisu madeena said...

ഒന്നും എഴുതാന്‍ കഴിയുന്നില്ല ...മനസ്സ് ക്ലിയര്‍ ആയിട്ട് പിന്നെ വരാം ....


Sunday, November 28, 2010 at 12:00:00 PM GMT+3
Muralee Mukundan , ബിലാത്തിപട്ടണം said...

"ഇവിടെ ഇപ്പോള്‍ ഞങ്ങളെല്ലാം കാണുന്നത് ഒരേ കിനാവാണു..
മക്കളുടെ കൈ പിടിച്ച് ഈ പടികള്‍ ഇറങ്ങിപ്പോകുന്ന ഒരു കിനാവ്..
ഒരിക്കലും അതു സംഭവിക്കില്ലെന്നു അറിയുമ്പോഴും
മനസ്സ് മാറി മടങ്ങിയെത്തുന്ന മക്കളെക്കുറിച്ചുള്ള ആ പാഴ്‌ക്കിനാവാണു പിന്നേയും ഞങ്ങളെ ജീവിപ്പിക്കുന്നത്.."
ഈ ഒരൊറ്റ കഥയിലൂടെ ഇത്തരം എത്ര അമ്മമാരുടെ കഥനകഥയാണൂ...പറഞ്ഞിരിക്കുന്നത്...ഓരൊ വായനക്കരന്റെ ഉള്ളിലേക്കും ഒരു ചാട്ടുളി പോലെ കുത്തിയിറങ്ങുന്ന നൊമ്പരം...!

അഭിനന്ദനങ്ങൾ കേട്ടൊ നൌഷാദ്


Sunday, November 28, 2010 at 12:21:00 PM GMT+3
ആചാര്യന്‍ said...

വളരെ നന്നായി ..കണ്ണ് നിറഞ്ഞു പോയി ..വളര്‍ത്തി വലുതാകിയ ഉമ്മയും മറ്റും ഉപേക്ഷിച്ചു പോകാന്‍ എങ്ങനെ മനസ്സ് വരുന്നു

അവരോടെനിക്ക് പരാതിയില്ലാ....
പക്ഷേ പേടിയുണ്ട് ഉള്ളില്‍..
കാലം കഴിയുമ്പോള്‍ അവര്‍ക്കും എന്റെ ഗതി വരുമോ..
അവരുടെ മക്കളും അവരെ പഴങ്കെട്ട് പോലെ ഏതെങ്കിലും ഇരുട്ടറയില്‍ തള്ളുമോ..
അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്നു ഞാന്‍ സദാ നേരവും പ്രാര്‍ത്ഥിക്കുന്നുണ്ട്.

ഒരു ഉമ്മയുടെ മനസ്സ് ഈ വരികളില്‍ നന്നായി കാണാം.. ...--


Sunday, November 28, 2010 at 12:50:00 PM GMT+3
ചാണ്ടിച്ചൻ said...

ഹൃദയത്തെ മഥിച്ച കഥ....വളരെ നന്നായി നൌഷാദ്....


Sunday, November 28, 2010 at 1:04:00 PM GMT+3
Noushad Koodaranhi said...

മക്കയിലെയും മദീനയിലെയും നിസ് സ്വാര്തരായ
ഓരോ സന്നദ്ധ പ്രവര്‍ത്തകനും കടന്നു പോകുന്ന
വല്ലാത്ത നിമിഷങ്ങളുടെ ഓര്‍മ്മകള്‍...
നന്നായിരിക്കുന്നു നൗഷാദ് ഭായ്...


Sunday, November 28, 2010 at 1:28:00 PM GMT+3
റിയാസ് (മിഴിനീര്‍ത്തുള്ളി) said...

അവസാന വരികളിലേക്കെത്തുമ്പോഴേക്കും പൊടിഞ്ഞു വന്ന കണ്ണീരിനാല്‍ അയാള്‍ക്ക് വായന മുഴുമിപ്പിക്കാനായില്ല..
എനിക്കും...ഭായ്...ഒന്നും പറയാനില്ല...മനസ്സില്‍ ആ ഉമ്മയുടെ മുഖം മാത്രം...


Sunday, November 28, 2010 at 2:24:00 PM GMT+3
mayflowers said...

മനസ്സിനെ വല്ലാതെ സ്പര്‍ശിച്ച ഒരു പോസ്റ്റ്‌.
ഹജ്ജ് യാത്രയില്‍ ഇത്തരം അനുഭവങ്ങള്‍ എനിക്കും ഉണ്ടായിരുന്നു.
യാത്ര ഇതാ ഇവിടെ .


Sunday, November 28, 2010 at 2:28:00 PM GMT+3
Sureshkumar Punjhayil said...

Ella Ammamarkkum....!

Manoharam, Ashamsakal...!!!


Sunday, November 28, 2010 at 2:40:00 PM GMT+3
jebin cardiff said...

11379 kilometer sancharichu poi ummane kettipidikkan thonnunnu...katha manasinte ullil thatti....


Sunday, November 28, 2010 at 3:32:00 PM GMT+3
Basheer Vallikkunnu said...

ഉമ്മയെ തിരിച്ചറിയാന്‍ കഴിയാതിരിക്കുക എന്നതാണ് ഈ ഭൂമിയില്‍ ഒരു മനുഷ്യന്‍ മൃഗമായി മാറുന്നതിന്റെ ആദ്യ അടയാളം. അയാളുടെ അവസാന രക്തത്തുള്ളിയും ഒരു കാട്ടുപന്നിയുടെതായി മാറുന്നതോടെ ഉമ്മ പടി കടക്കുന്നു. അത് വൃദ്ധ മന്ദിരത്തില്‍ ആവാം, തെരുവിലാവാം. എവിടെയും.. താങ്കള്‍ കുറിച്ച വരികള്‍ തന്നെ ഞാനും ആവര്‍ത്തിക്കുന്നു.

വല്ലാത്ത വേദനയോടെ ഒരു തേങ്ങല്‍ ചങ്കില്‍ കുരുങ്ങിക്കിടന്നു പിടക്കുകയാണു..
അധികനേരം പിടിച്ചു നില്‍ക്കാനാവാതെ ഒരു വിതുമ്പലായി അതു പുറത്തേക്കൊഴുകി..
------------------------
"എന്റെ ഉമ്മാ...!"


Sunday, November 28, 2010 at 4:03:00 PM GMT+3
സാബിബാവ said...

കണ്ണുകള്‍ തുടച്ച ശേഷമാണ് കമെന്റ് എഴുതുന്നത്‌
അത്രക്കും വേദനിപ്പിച്ചു .കൂടുതല്‍ എന്ത് പറയാന്‍
വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങുന്നു ......


Sunday, November 28, 2010 at 4:06:00 PM GMT+3
Unknown said...

മക്കള്‍ എത്ര ദ്രോഹം ചെയ്താലും അവരുടെ നന്മക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍, അവരെ വേരുക്കാതിരിക്കാന്‍ മതാക്കല്‍ക്കെ കഴിയൂ, അവര്‍ ഭയപ്പെടുന്നപോലെ ഈ മക്കള്‍ക്കും ഒരു കാലത്ത് ഈ ഗതിവരും എന്ന് എന്തെ അവര്‍ ആലോചിക്കുന്നില്ല.

ഹൃദയസ്പര്‍ശിയായി ഈ കഥ.


Sunday, November 28, 2010 at 4:12:00 PM GMT+3
Unknown said...

നൌഷാദ് ഇതു കഥയായിരിക്കാം .പക്ഷെ താങ്കളുടെ മനസ്സില്‍ ഉടലെടുത്ത ഈ നന്മയുടെ ചിന്ത ഒരു ഹജ്ജ് കമര്‍മ്മത്തെക്കാള്‍ പുണ്ണ്യമായതാണ്‌ എന്ന് തോന്നുന്നു.....വയിച്ചപ്പോള്‍ മനസ്സ് നിറഞ്ഞു


Sunday, November 28, 2010 at 5:49:00 PM GMT+3
K@nn(())raan*خلي ولي said...

ഹൃദയം പിടച്ചു. വരികള്‍ക്കിടയില്‍ കണ്ണുനീര്‍ വീണു നനഞ്ഞു. എത്ര പറഞ്ഞാലും പാടിയാലും തീരില്ല 'ഉമ്മ' എന്ന വികാരം. എന്നിട്ടും നമുക്കറിയില്ല മാതൃത്വത്തിന്‍റെ മഹത്വം!


Sunday, November 28, 2010 at 5:59:00 PM GMT+3
കുഞ്ഞൂസ്(Kunjuss) said...

കണ്ണീരോടെയാണ് ഈ അമ്മയെ വായിച്ചത്.ഇന്നത്തെ മക്കള്‍, നാളത്തെ അച്ഛന്മാരും അമ്മമാരും ആണെന്ന് മറന്നു പോകുന്നു.എന്നാലും ആ അമ്മ പ്രാര്‍ത്ഥിക്കുന്നത്‌ പോലെ അവരുടെ മക്കളോട്, കൊച്ചുമക്കള്‍ അങ്ങിനെ ചെയ്യാതിരിക്കട്ടെ!


Sunday, November 28, 2010 at 7:21:00 PM GMT+3
ഷെരീഫ് കൊട്ടാരക്കര said...

പ്രിയ നൌഷാദ്, ഹാര്‍ദ്ദമായ അഭിനന്ദനം. നന്നായിരിക്കുന്നു അനിയാ ഈ കഥ, കൂട്ടത്തില്‍ ഇതു കഥ മാത്രമായിരിക്കണേ എന്ന പ്രാര്‍ഥനയും. ആര്‍ക്കും ഒരിക്കലും ഈ അനുഭവം ഉണ്ടാകാതിരിക്കട്ടെ എന്നു തേടുകയാണു. ഒരിക്കല്‍ കൂടി കഥയുടെ ശില്പ ചാരുതക്കു അഭിനന്ദനങ്ങള്‍.


Sunday, November 28, 2010 at 7:31:00 PM GMT+3
ഹംസ said...

"എന്റെ ഉമ്മാ...!"

നൌഷാദ്ബായ് ഒരു കഥ എന്നതിനേക്കാള്‍ നേരില്‍ കണ്ട ഒരു അനുഭവമായി തോന്നി.
ആ ഉമ്മയുടെ പ്രാര്‍ത്ഥന ..
തന്‍റെ മക്കള്‍ക്ക് ഭാവിയില്‍ വരാന്‍ പോവുന്ന വിധിയെ കുറിച്ചുള്ള ആവലാതി..
അതാണ് ഉമ്മയുടെ മനസ്സ്......


Sunday, November 28, 2010 at 8:00:00 PM GMT+3
സുനില്‍ said...

മനസിനെ വളരെ വേദനിപ്പിച്ചു ....
മനസ്സില്‍ മരിച്ചുപോയ എന്‍റെ അമ്മയുടെ ഓര്‍മ്മകള്‍
ഒരു നിമിഷം ഓടിയെത്തി ..
ഞാന്‍ വല്ലടെ കൊതിച്ചു എന്‍റെ അമ്മയുടെ
അരികില്‍ ഒരുനിമിഷം ഇരിക്കാന്‍...
അമ്മ... ആ സ്നേഹം ..

ഹൃദയത്തെ തൊട്ടു ഉണര്‍ത്തിയ മനോഹരമായ
ആവിഷ്കരണം ...ആശംസകള്‍ ...
സുനില്‍


Sunday, November 28, 2010 at 10:53:00 PM GMT+3
വഴിപോക്കന്‍ | YK said...

പലപ്പോഴും ഇതൊരു നേര്‍ക്കാഴ്ചയാണ് ..
എന്നെങ്കിലും അറിയാവുന്ന ജോലി ചെയ്യാന്‍ ഒരവസരം നാട്ടില്‍ കിട്ടുമ്പോള്‍ തിരിച്ചു പോകണമെന്ന് മനസ്സിനെ ഉണര്‍ത്തുന്ന ഒരു കഥ കൂടി.
വായന സഫലമാവുന്നത് ഇത്തരം കഥകള്‍ വായിക്കുമ്പോഴാണ്


Sunday, November 28, 2010 at 11:26:00 PM GMT+3
Unknown said...

വളരെ നന്നായി ..കണ്ണ് നിറഞ്ഞു പോയി .
അത്രക്കും വേദനിപ്പിച്ചു ..


Monday, November 29, 2010 at 2:08:00 AM GMT+3
ആളവന്‍താന്‍ said...

"കുപ്പത്തൊട്ടിയിലുപേക്ഷിച്ചു പോയ ചപ്പു ചവറുകള്‍ ആരാണു തിരികെ വന്നെടുത്തുകൊണ്ട് പോവാറ്?"
നന്നായി എഴുതി.


Monday, November 29, 2010 at 4:59:00 AM GMT+3
സ്വപ്നസഖി said...

ആ‍ ഉമ്മയുടെ വേദന ഉള്‍ക്കൊണ്ടുകൊണ്ടെഴുതിയതുകൊണ്ടാണ് ഇത്രയും ഹൃദയസ്പര്‍ശിയായത്. ആ കത്തിലെ ഓരോ വരികളും വല്ലാതെ വേദനിപ്പിച്ചു. വളരെ നന്നായി. അഭിനന്ദനങ്ങള്‍ !


Monday, November 29, 2010 at 7:18:00 AM GMT+3
Jishad Cronic said...

കണ്ണ് നിറഞ്ഞു പോയി ഇക്കാ...


Monday, November 29, 2010 at 2:13:00 PM GMT+3
ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഇത് കഥയല്ല അനുഭവമെന്ന പോലെ .
നമുക്ക് ചുറ്റും കാണാതെ കാണുന്ന കാഴ്ചകള്‍ ഒരു കെന്‍വാസില്‍ വരച്ച പോലെ .
ഇതിലെ കഥാപാത്രങ്ങള്‍ പലതും നമ്മോട് പറയുന്ന പോലെ.
നമുക്ക് പലതും ചെയ്യാനുണ്ടെന്നു ആരോ ഓര്‍മ്മിപ്പിക്കുന്നത് പോലെ .....


Monday, November 29, 2010 at 2:37:00 PM GMT+3
Noushad Kuniyil said...

പ്രിയപ്പെട്ട നൌഷാദ്,

ഏതാനും ദിവസങ്ങള്‍ക്ക് മുന്പ് Facebook ല്‍ പലയാളുകള്‍ Share ചെയ്ത ഒരു വീഡിയോ ക്ലിപ്പ് ആയിരുന്നു, മുന്‍ എം.പി. അബ്ദുസ്സമദ് സമദാനി ലോക മാതൃദിനത്തോടനുബന്ധിച്ച് തൃശൂരില്‍ ചെയ്ത ഹൃദയസ്പര്‍ശിയായ പ്രസംഗം. വേദിയിലുണ്ടായിരുന്ന മോഹന്‍ലാല്‍ ഗ്ലിസറിനില്ലാതെ കണ്ണീര്‍ വാര്‍ക്കുന്ന അപൂര്‍വ്വ കാഴ്ചയും ആ YouTube ദൃശ്യത്തില്‍ കണ്ടിരുന്നു. മനോഹരമായ ആ പ്രസംഗത്തിനു ഹൃദയത്തെ സ്പര്‍ശിക്കുവാനായോ എന്നൊരു സന്ദേഹമുണ്ട്.

കൊച്ചുബാവയുടെ 'വൃദ്ധസദന'ത്തിന്റെ വായനയോര്‍മ്മകള്‍ ഇപ്പോഴും അസ്വസ്ഥപ്പെടുത്താരുണ്ട്‌.

നൌഷാദിന്റെ കഥയിലെ ഒന്നിലേറെ സന്ദര്‍ഭങ്ങള്‍ ഹൃദയത്തെ വല്ലാതെ നൊമ്പരപ്പെടുത്തി; അകമ്പാടത്തിന്റെ കഥയില്‍ കണ്ണുനീര്‍ അകമ്പടി സേവിച്ചു.

അനുഗൃഹീത തൂലികാകാരനും, എന്നാല്‍ അതിശയകരമായ നിസ്സംഗതയോടെയും, അപാരമായ മെയ് വഴക്കത്തോടെയും സാധാരണ കമ്മെന്റ്സ് എഴുതാറുള്ള കണ്ണൂരാന്റെ കണ്ണുനീര്‍ ശ്രദ്ധിച്ചില്ലേ? 'ഉരുക്ക് നിര്‍മ്മിതം എന്ന് കരുതപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ യഥാര്‍ത്ഥ വസ്തുത അനാവൃതമാക്കാന്‍ കഴിഞ്ഞു എന്ന ക്രഡിറ്റ് നൌഷാദിന്റെ പേനക്ക് സ്വന്തം!!!

ഒരു അഭിപ്രായമുണ്ട്, നൌഷാദ് ഭായ്,

ആ ഉമ്മ വൃദ്ധസദനത്തില്‍ നിന്നും എഴുതിയ കത്തിലെ വാക്കുകള്‍ക്ക് ഒരു വല്ല്യുമ്മയുടെ വാമൊഴിയുടെ ശൈലി നല്‍കിയിരുന്നുവെങ്കില്‍ ആ കഥാ സന്ദര്‍ഭത്തിനു കൂടുതല്‍ വികാര തീക്ഷ്ണത കൈവരുമായിരുന്നുവെന്നു തോന്നുന്നു.

ഭാവുകങ്ങള്‍ നൌഷാദ് സാബ്.


Monday, November 29, 2010 at 10:54:00 PM GMT+3
Mohamedkutty മുഹമ്മദുകുട്ടി said...

Noushad Kuniyil പറഞ്ഞ ആ വീഡിയോ ഫേസ് ബുക്കില്‍ ഞാന്‍ പരിചയപ്പെടുത്തിയിരുന്നു.http://www.facebook.com/profile.php?id=100000697641703. എന്റെ ഉമ്മയും ഇതു പോലെ പ്രൈവറ്റ് ഗ്രൂപ്പില്‍ ഹജ്ജിനു പോയി കൂട്ടം തെറ്റി ,അവസാനം ആരോ രക്ഷപ്പെടുത്തിയിരുന്നു. ആ സംഭവം എന്റെ ഓര്‍മ്മയില്‍ വന്നു.മാതാവിനെപ്പറ്റി എത്ര പറഞ്ഞാലും ആരു പറഞ്ഞാലും മതി വരില്ല. അതില്ലാതാവുമ്പൊഴേ അതിന്റെ നൊമ്പരം നാമറിയൂ. എന്നാലും മാതാവിന്റെ ഒറ്റ് മകനായി, അവര്‍ക്കു വേണ്ടി കഴിവിന്റെ പരമാവധി എല്ലാ സൌകര്യങ്ങളും ചെയ്തു മരിക്കും വരെ ശുശ്രൂഷിച്ചുവെന്ന ചാരിതാര്‍ത്ഥ്യം എനിക്കുണ്ട്.ഒരിക്കല്‍ കൂടി അതെല്ലാം ഓര്‍ക്കാന്‍ നൌഷാദിന്റെ ഈ പോസ്റ്റ് സഹായിച്ചു.


Wednesday, December 1, 2010 at 6:37:00 PM GMT+3
Vayady said...

വളരെ ഹൃദ്യമായ പോസ്റ്റ്. കണ്ണ് നിറഞ്ഞു പോയി. അമ്മമാര്‍ മക്കളെ സ്നേഹിക്കുന്ന പോലെ ഒരിക്കലും മക്കള്‍ ‌ അമ്മമാരെ തിരിച്ച് സ്നേഹിക്കുന്നുണ്ടാകില്ല. അത് പ്രകൃതി സത്യമാണ്‌. ചെറുപ്പത്തില്‍ നമ്മളെ അവര്‍ കൈപിടിച്ച് നടത്തുന്നു, നമ്മളെ ഊട്ടുന്നു. എന്നിട്ട് വാര്‍‌ദ്ധക്യത്തില്‍ അവര്‍ തളരുമ്പോള്‍ ആ കൈകള്‍ പിടിക്കാന്‍ നമ്മള്‍ അവരുടെ കൂടെ ഉണ്ടാകുന്നുണ്ടോ?
ഉണ്ടാകണം എന്ന് ഈ പോസ്റ്റ് എന്നെ ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തുന്നു. നന്ദി നൗഷാദ്.


Thursday, December 2, 2010 at 12:51:00 AM GMT+3
ഉസ്മാന്‍ പള്ളിക്കരയില്‍ said...

പ്രിയ നൌഷാദ്,
വായിക്കാൻ വൈകി ഈ കഥ (കുറിപ്പ്). പലരുടേയും കമന്റിന്റിൽ കണ്ട പോലെ, കണ്ണീരിന്റെ സാന്നിദ്ധ്യത്തിൽ തന്നെയായിരുന്നു എന്റെയും വായന. പത്തു വർഷങ്ങൾക്ക് മുമ്പ് ഉമ്മയെ നഷ്ടപ്പെട്ട ശേഷം ഉമ്മയെപ്പറ്റിയുള്ള ഓർമ്മകളിൽ ഉള്ളുരുകുകയും പലകാര്യങ്ങളിലും പശ്ചാത്താപവിവശനാ‍കുകയും ചെയ്യാറുള്ള എന്റെ ഉള്ളിലേയ്ക്ക് വേദനയുടെ പുതിയ തരംഗങ്ങൾ...

ആവശ്യമുള്ള പലതും മാതാപിതാക്കൾക്ക് വേണ്ടി അനുഷ്ടിച്ചില്ലെന്ന ബോധം മക്കൾക്ക് ഉള്ളിലുദിക്കാൻ അവരുടെ വിയോഗശേഷം വന്നെത്തുന്ന അരക്ഷണം മതിയല്ലോ.
കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല എന്നു മുഹമ്മത്കുട്ടിക്കാ എഴുതിയത് പ്രത്യക്ഷരം ശെരി.

“ഒരുമ്മ മക്കള്‍ക്ക് ഭാരമായി മാറുന്നതെപ്പോഴാണു?
പ്രായം ചെന്നു വീട്ടു ജോലികള് എടുക്കാന് കഴിയാതെ അവശയാകുമ്പോഴോ..
അതോ പ്രായാധിക്യത്തിന്റെ അസുഖങ്ങളുമായി മല്ലടിച്ച് ആശുപത്രി വരാന്തകള് കയറിയിറങ്ങി തളരുമ്പോഴോ..
അതോ ഭാര്യയുടെ വാക്കുകള്‍ക്ക് ഉമ്മയോടുള്ള സ്നേഹത്തേക്കാള് വില കൂടുതല് കൊടുക്കമ്പോഴോ..
എന്തേ സ്നേഹമയിയായ ഉമ്മേ.. മക്കാളിലാര്‍ക്കും ഉമ്മയുടെ സ്നേഹ വാല്‍സല്യങ്ങള് പകര്‍ന്നു കിട്ടാതെ പോയത്..?
അവര്‍ക്കൊന്നും ശരിയായ മതവിദ്യാഭ്യാസം നല്‍കിയില്ലായിരുന്നുവോ..
സ്നേഹം കൊണ്ടും കൊടുത്തും വളര്‍ത്തിയില്ലായിരുന്നുവോ..“ എന്ന് താങ്കൾ എഴുതി.

നിർഭാഗ്യജന്മങ്ങളായ പല ഉമ്മമാരുടേയും ദുരിതത്തിന്റെ കാരണങ്ങൾ ആ വരികളിൽ എവിടെയൊക്കെയോ പുതഞ്ഞുകിടപ്പുണ്ടാകണം. താങ്കളുടെ ഈ രചന നന്ദികേടിന്റെ പര്യായമായി മാറിയ ഏതെങ്കിലും മക്കളുടെ കണ്ണുതുറപ്പിച്ചെങ്കിൽ താങ്കളുടെ തൂലികയുടെ സുക്ര്‌തം.

നന്ദി.


Friday, December 3, 2010 at 11:31:00 AM GMT+3
rafeeQ നടുവട്ടം said...

അവഗണനയുടെയും പുറന്തള്ളലിന്‍റെയും അവശിഷ്ടമായി ആത്മീയ ഭൂമികയിലെത്തിയ ഒരുമ്മയുടെ ജീവിത കഥ നന്നായി.
എന്നാല്‍ കഥയുടെ ആരംഭഖണ്ഡികകള്‍ സുഖകരമായില്ല; ശീര്‍ഷകവും.


Tuesday, December 7, 2010 at 2:07:00 PM GMT+3
Thanal said...

പ്രിയ മകനെ...............
നീയാണ് ആ ആള്‍ എന്നെനിക്കറിയാം
പക്ഷെ ആ ഉമ്മ.!!!ആരായിരിക്കും?
ഇന്നവര്‍ ജീവിച്ചിരിപ്പുണ്ടാ ?
മാതാ പിതാക്കള്‍ വയസ്സായിട്ടു സ്വര്‍ഗം ലഭിക്കാതവരാണ് ഏറ്റവും ഭാഗ്യ ഹീനര്‍ എന്ന് ഒരു ഹദീസില്‍ വായിച്ചിട്ടുണ്ട്.....
ഉമ്മ എന്ന 2 അക്ഷരം....അതിന്റെ മഹത്വം ആരറിയാന്‍ ?


Tuesday, December 7, 2010 at 6:07:00 PM GMT+3
Thanal said...

എന്‍റെ ഉമ്മ....മരിച്ച ഉടനെയായിരുന്നു എന്‍റെ ഹജ്ജ് .1985
അന്ന് എനിക്ക് ഒരു ഉമ്മാനെ കിട്ടി
അന്ന് nalla സന്തോഷം തോന്നി...എങ്കിലും കഅബ കണ്ടപ്പോള്‍ ആദ്യം പൊട്ടിക്കരഞ്ഞു ചോദിച്ചത് ഉമ്മാക്ക് സ്വര്‍ഗം kodukkanam ennaayirunnu ....
നിന്റെ ഈ കഥ വല്ലാതെ വീര്‍പ്പു muttichu


Tuesday, December 7, 2010 at 6:14:00 PM GMT+3
ഋതുസഞ്ജന said...

sharikkum karayippichu. onnum parayaanilla


Monday, December 20, 2010 at 11:15:00 AM GMT+3
Unknown said...

നൌഷാദ് ഭായ്..ഇപ്പോഴാണ് വായിച്ചത്..കലങ്ങിയ കണ്ണുകള്‍..വായിച്ച എല്ലാവര്ക്കും അതെ അനുഭവം തന്നെ..മനസ്സില്‍ വല്ലാത്ത വീര്‍പ്പുമുട്ടല്‍..


Monday, December 20, 2010 at 11:17:00 AM GMT+3
റാണിപ്രിയ said...

കണ്ണുനീര്‍ ഒരു തുള്ളി അടര്‍ന്നു വീണു ....... അമ്മയുടെ സ്നേഹം..... പറയാന്‍ വാക്കുകള്‍ ഇല്ല ..............


Monday, December 20, 2010 at 12:05:00 PM GMT+3
യുവ ശബ്ദം said...

Very sensitive writing...

അവരോടെനിക്ക് പരാതിയില്ലാ....
പക്ഷേ പേടിയുണ്ട് ഉള്ളില്‍..
കാലം കഴിയുമ്പോള്‍ അവര്‍ക്കും എന്റെ ഗതി വരുമോ..
അവരുടെ മക്കളും അവരെ പഴങ്കെട്ട് പോലെ ഏതെങ്കിലും ഇരുട്ടറയില്‍ തള്ളുമോ..
അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്നു ഞാന്‍ സദാ നേരവും പ്രാര്‍ത്ഥിക്കുന്നുണ്ട്..


Wednesday, December 22, 2010 at 11:27:00 AM GMT+3
Sameer said...
This comment has been removed by the author.
Sameer said...

You Said It!!!!!!!! Really Touching


ഒരുമ്മ മക്കള്‍ക്ക് ഭാരമായി മാറുന്നതെപ്പോഴാണു?
പ്രായം ചെന്നു വീട്ടു ജോലികള്‍ എടുക്കാന്‍ കഴിയാതെ അവശയാകുമ്പോഴോ..
അതോ പ്രായാധിക്യത്തിന്റെ അസുഖങ്ങളുമായി മല്ലടിച്ച് ആശുപത്രി വരാന്തകള്‍ കയറിയിറങ്ങി തളരുമ്പോഴോ..
അതോ ഭാര്യയുടെ വാക്കുകള്‍ക്ക് ഉമ്മയോടുള്ള സ്നേഹത്തേക്കാള്‍ വില കൂടുതല്‍ കൊടുക്കമ്പോഴോ..
എന്തേ സ്നേഹമയിയായ ഉമ്മേ.. മക്കാളിലാര്‍ക്കും ഉമ്മയുടെ സ്നേഹ വാല്‍സല്യങ്ങള്‍ പകര്‍ന്നു കിട്ടാതെ പോയത്..?


Wednesday, December 29, 2010 at 3:03:00 PM GMT+3
ജയിംസ് സണ്ണി പാറ്റൂർ said...

ഹൃദയസ്പര്‍ശിയായ എഴുത്തു്


Sunday, March 20, 2011 at 4:47:00 PM GMT+3
firoo said...

ഞാന്‍ എന്റെ ഉമ്മാക്ക് ഫോണ്‍ ചെയ്തു ഒരുപാട് കരഞ്ഞു ......ഉമ്മാ.....നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ???


Monday, April 25, 2011 at 7:08:00 PM GMT+3
maanu said...

കണ്ണീരോടെയാണ് ഈ അമ്മയെ വായിച്ചത്.ഇന്നത്തെ മക്കള്‍, നാളത്തെ അച്ഛന്മാരും അമ്മമാരും ആണെന്ന് മറന്നു പോകുന്നു.എന്നാലും ആ അമ്മ പ്രാര്‍ത്ഥിക്കുന്നത്‌ പോലെ അവരുടെ മക്കളോട്, കൊച്ചുമക്കള്‍ അങ്ങിനെ ചെയ്യാതിരിക്കട്ടെ!


Sunday, April 22, 2012 at 10:47:00 PM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors